Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ലൈംഗിക പീഡനം ആരോപിച്ച് വനിതാ നേതാവ് ആദ്യം പരാതിപ്പെട്ടത് ജില്ലാ സെക്രട്ടറിക്ക്; അനക്കം ഇല്ലാതെ വന്നപ്പോൾ കോടിയേരിക്ക് പരാതി നൽകി; എന്നിട്ടും ഗൗനിക്കാതെ വന്നപ്പോൾ വനിതാ പോളിറ്റ് ബ്യൂറോ അംഗമെന്ന നിലയിൽ വൃന്ദാ കാരാട്ടിന് പരാതി നൽകി; ആ പരാതിയും മുക്കിയപ്പോൾ യെച്ചൂരിക്ക് ഇമെയിൽ അയച്ചു; കന്യാസ്ത്രീയുടെ പരാതിയുടെ പേരിൽ മാർ ആലഞ്ചേരിയെ ചോദ്യം ചെയ്യാൻ അരമന കയറിയ പൊലീസുകാർ നേതാക്കളെ ചോദ്യം ചെയ്യാൻ എകെജി സെന്ററിലേക്ക് ചെല്ലുമോ?

ലൈംഗിക പീഡനം ആരോപിച്ച് വനിതാ നേതാവ് ആദ്യം പരാതിപ്പെട്ടത് ജില്ലാ സെക്രട്ടറിക്ക്; അനക്കം ഇല്ലാതെ വന്നപ്പോൾ കോടിയേരിക്ക് പരാതി നൽകി; എന്നിട്ടും ഗൗനിക്കാതെ വന്നപ്പോൾ വനിതാ പോളിറ്റ് ബ്യൂറോ അംഗമെന്ന നിലയിൽ വൃന്ദാ കാരാട്ടിന് പരാതി നൽകി; ആ പരാതിയും മുക്കിയപ്പോൾ യെച്ചൂരിക്ക് ഇമെയിൽ അയച്ചു; കന്യാസ്ത്രീയുടെ പരാതിയുടെ പേരിൽ മാർ ആലഞ്ചേരിയെ ചോദ്യം ചെയ്യാൻ അരമന കയറിയ പൊലീസുകാർ നേതാക്കളെ ചോദ്യം ചെയ്യാൻ എകെജി സെന്ററിലേക്ക് ചെല്ലുമോ?

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കന്യാസ്ത്രീ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ നൽകിയ ബലാത്സംഗ പീഡന പരാതിയിൽ ചർച്ചകൾ ഇപ്പോഴും തുടരുകയാണ്. ഈ കേസിൽ കർദിനാൾ മാർ ആലഞ്ചേരിയെ പോലും പൊലീസ് ചോദ്യം ചെയ്തു. ബിഷപ്പിനെതിരെ കർദിനാളിന് കന്യാസ്ത്രീ പരാതി നൽകിയിരുന്നു. പൊലീസിന് ലഭിച്ച പരാതിയിലെ ഈ പരമാർശമായിരുന്നു കർദിനാളിനെ ചോദ്യം ചെയ്യാൻ പൊലീസിനെ എത്തിച്ചത്. സമാനമായ ആരോപണമാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പോളിറ്റ് ബ്യൂറോ അംഗം വൃന്ദാകാരാട്ടിനും എതിരെ ഉയരുന്നത്. വനിതാ നേതാവിന്റെ പരാതിയിൽ പികെ ശശിക്കെതിരെ ഇരുവരും മൗനം തുടർന്നു. പരാതി ഗൗരവത്തോടെ എടുത്തില്ല. ഒതുക്കി തീർക്കാൻ ശ്രമിച്ചു. ഇത് മനസ്സിലാക്കി നേതാവ് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് കത്തയച്ചു. ഇതോടെ സംഭവം പുറം ലോകത്ത് എത്തി. ഇനി യെച്ചൂരി ഈ പരാതി പൊലീസിന് നൽകുമോ എന്നതാണ് ഉയരുന്ന ചോദ്യം.

ഷൊർണ്ണൂരിലെ എംഎൽഎ ഔദ്യോഗിക പക്ഷത്തിന്റെ വിശ്വസ്തനും സ്വന്തക്കാരനുമാണ്. ഇതുകൊണ്ടാണ് പരാതിയെ കേരളത്തിൽ മുക്കിയതെന്നാണ് ആരോപണം. പിണറായി പക്ഷത്തോട് അടുത്ത് നിൽക്കുന്നവരാണ് പ്രകാശ് കാരാട്ടും വൃന്ദാകാരട്ടും. അവരും അതുകൊണ്ട് തന്നെ പരാതി മുക്കി. ഇങ്ങനെ ശശി രക്ഷിച്ചെടുക്കാൻ ശ്രമിച്ചത് ഗുരുതരമായ ക്രിമിനൽ കുറ്റമാണ്. കന്യാസ്ത്രീയുടെ പരാതി ലഭിച്ചപ്പോൾ പൊലീസിനെ സമീപിക്കണമെന്നായിരുന്നു കർദിനാൾ നൽകിയ ഉപദേശം. അതിനുസരിച്ച് കന്യാസ്ത്രീ പ്രവർത്തിക്കുകയും ചെയ്തു. എന്നിട്ടും കർദിനാളിനെതിരെ കേസെടുക്കാൻ പോലും ബാഹ്യസമ്മർദ്ദത്തിന്റെ ഫലമായി പൊലീസ് ശ്രമിച്ചു. ഇവിടെ പികെ ശശിക്കെതിരായ കേസിൽ പരാതി മുക്കിയെന്നത് വ്യക്തമാണ്. യുവതി പരാതിയുമായി പൊലീസിൽ എത്തിയാൽ കോടിയേരിയേയും വൃന്ദാകാരാട്ടിനേയും പാലക്കാട് ജില്ലാ സെക്രട്ടറിയേയും പൊലീസിന് ചോദ്യം ചെയ്യേണ്ടി വരും. ഇതിന് സിപിഎം പാർട്ടി ഓഫീസുകളിലേക്ക് കയറാൻ പൊലീസ് തയ്യാറാകുമോ എന്നതാണ് ഉയരുന്ന ചോദ്യം.

മണ്ണാർക്കാട്ടെ പാർട്ടി ഓഫിസിൽ വച്ച് എംഎൽഎ തനിക്കെതിരെ അതിക്രമത്തിനു ശ്രമിച്ചെന്നും ഫോണിൽ അശ്ലീല സംഭാഷണം നടത്തിയെന്നുമാണ് ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി അംഗം കൂടിയായ വനിതാ നേതാവ് സിപിഎം ദേശീയ നേതൃത്വത്തിനു പരാതി നൽകിയത്. പരാതിക്കൊപ്പം ഫോൺ സംഭാഷണത്തിന്റെ രേഖകളും പാർട്ടി നേതൃത്വത്തിനു നൽകിയിട്ടുണ്ട്. ഈ ഫോൺ സംഭാഷണങ്ങൾ സിപിഎം ജില്ലാ-സംസ്ഥാന നേതൃത്വങ്ങൾക്കും നൽകിയിരുന്നതായാണ് സൂചന. പരാതി സിപിഎം സംസ്ഥാന നേതാക്കൾക്കെല്ലാം കൊടുത്തിരുന്നു. മുഖ്യമന്ത്രിയേയും അറിയിച്ചിരുന്നുവെന്നും യെച്ചൂരിക്ക് കിട്ടിയ പരാതിയിൽ ഉണ്ടെന്നാണ് സൂചന. ഇതാണ് സിപിഎം നേതൃത്വത്തെ വെട്ടിലാക്കുന്നത്. ഈ പരാതി പൊലീസിൽ യെച്ചൂരി കൈമാറുമോ എന്ന ഭയവും സിപിഎം സംസ്ഥാന നേതൃത്വത്തിനുണ്ട്. അതു സംഭവിച്ചിൽ വലിയ പ്രതിസന്ധിയിലേക്ക് പാർട്ടി കടക്കും. ഇത് യെച്ചൂരിക്കും അറിയാം. അതുകൊണ്ട് തന്നെ മതിയായ കരുതൽ ഈ വിഷയത്തിൽ യെച്ചൂരി എടുക്കാനാണ് സാധ്യത.

കോൺഗ്രസ് എംഎൽഎയായിരുന്ന എം വിൻസന്റിനെതിരേയും സമാനമായ ആരോപണമാണ് ഉയർന്നത്. അന്ന് വിൻസന്റിനെ ഉടനടി പൊലീസ് അറസ്റ്റ് ചെയ്തു. സിപിഎമ്മുകാർ വലിയ കടന്നാക്രമണമാണ് വിൻസന്റിനെതിരെ നടത്തിയത്. ഇവിടെ സിപിഎം എംഎൽഎയ്‌ക്കെതിരെ പരാതി കിട്ടയപ്പോൾ മുക്കുകയും ചെയ്തു. വൃന്ദാകാരാട്ടിനെ പോലൊരു നേതാവും ഇതിന് കൂട്ടു നിന്നുവെന്നത് ഏറെ ചർച്ചകൾക്കും വഴി വയ്ക്കും. ഈ വിഷയത്തിൽ പരസ്യ പ്രതികരണം നേതാക്കളാരും തൽകാലം നടത്തില്ല. അതിനിടെ പരാതി കിട്ടിയില്ലെന്ന് പാലക്കാട് ജില്ലാ നേതൃത്വം അറിയിച്ചിട്ടുണ്ട്. ജില്ലാ കമ്മറ്റിക്ക് പരാതി കിട്ടിയില്ലെന്നാണ് ജില്ലാ സെക്രട്ടറി സികെ രാജേന്ദ്രന്റെ പക്ഷം. അതുകൊണ്ട് തന്നെ യെച്ചൂരിക്കെതിരായ പരാതിയിലെ പരാമർശങ്ങൾക്ക് ഏറെ പ്രസക്തിയും ഉണ്ട്. പരസ്യമായി ഇക്കാര്യങ്ങൾ പറയാൻ വനിതാ നേതാവ് തയ്യാറായാൽ അത് പാർട്ടിയെ തീർത്തും പ്രതിരോധത്തിലാക്കും.

പരാതി ലഭിച്ചതോടെ അന്വേഷിച്ച് നടപടിയെടുക്കാൻ പാർട്ടി കേന്ദ്ര നേതൃത്വം സംസ്ഥാന നേതൃത്വത്തിന് നിർദ്ദേശം നൽകി. രണ്ടാഴ്ച മുമ്പാണ് യുവതി എംഎൽഎ ക്കെതിരെ പരാതി നൽകിയത്. ബൃന്ദാ കാരാട്ടിനെ കൂടാതെ ചില സംസ്ഥാന നേതാക്കൾക്കും ജില്ലാ നേതാക്കൾക്കും പരാതി നൽകിയിരുന്നു. തനിക്ക് പരാതി ലഭിച്ച കാര്യം വൃന്ദാ കാരാട്ട് അവൈലബിൾ പോളിറ്റ്ബ്യൂറോ അറിയിക്കുകയും ചെയ്തിരുന്നു. തുടർന്നാണ് പരാതി വിശദമായി അന്വേഷിച്ച് നടപടിയെടുക്കാൻ കേന്ദ്ര നേതൃത്വം നിർദ്ദേശം നൽകിയത്. ജനറൽ സെക്രട്ടറി സീതാറം യെച്ചൂരിക്കും ഇ-മെയിലായി പരാതി ലഭിച്ചതോടെ കാര്യങ്ങൾ കൈവിട്ട് പോയി. രണ്ടംഗ സംസ്ഥാന സെക്രട്ടറിയേറ്റ് ഉപസമിതി അന്വേഷിക്കണമെന്നാണ് നിർദ്ദേശം. സമിതിയിൽ ഒരു വനിതാ അംഗത്തെ ഉൾപ്പെടുത്തണമെന്നും നിർദ്ദേശമുണ്ട്. ഇന്ന് ചേരുന്ന പാലക്കാട് ജില്ലാ കമ്മറ്റി യോഗം വിഷയം ചർച്ച ചെയ്തേക്കുമെന്നും റിപ്പോർട്ടുണ്ട്. എംഎൽഎയോട് വിശദീകരണം ചോദിക്കാനാണ് സാധ്യത. എംഎൽഎയ്‌ക്കെതിരെ പത്ര വാർത്തകളുടെ അടിസ്ഥാനത്തിൽ നടപടി എടുക്കാനും സാധ്യതയുണ്ട്.

അതിനിടെ തനിക്കെതിരെയുള്ള ലൈംഗിക പീഡന പരാതിയിൽ ഏത് അന്വേഷണവും നേരിടാൻ തയ്യാറാണെന്ന് പി.കെ.ശശി പ്രതികരിച്ചിട്ടുണ്ട്. പരാതിയെക്കുറിച്ച് ഞാൻ അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണ്. തന്നെ തകർക്കാനുള്ള രാഷ്ട്രീയ ഗൂഢാലോചനയാണിതെന്നും ശശി പ്രതികരിച്ചു. എന്റെ വ്യക്തിത്വത്തെ ചോദ്യം ചെയ്യാൻ നാളിതുവരെ ആർക്കും സാധിച്ചിട്ടില്ല. എന്നെ രാഷ്ട്രീയമായി തകർക്കാൻ നിരവധി ആളുകൾ ആഗ്രഹിക്കുന്നുണ്ട്. അവർ അതിനീചമായ ചില നീക്കങ്ങൾ നടത്തിയിട്ടുണ്ടാകാം. രാഷ്ട്രീയ ജീവിതത്തിനിടയിൽ നിരവധി തവണ പരീക്ഷണങ്ങൾ നേരിട്ടുണ്ട്. ഇതാദ്യമായിട്ടല്ല. പാർട്ടി എന്നോട് ഒന്നും പറഞ്ഞിട്ടില്ല. ഇനി അന്വേഷണം വന്നാൽ തന്നെ ഉത്തമ കമ്മ്യൂണിസ്റ്റുകാരൻ എന്ന ബോധ്യത്തോടെ അതിനെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം തനിക്ക് പരാതി ലഭിച്ചിട്ടില്ലെന്ന് പാലക്കാട് ജില്ലാ സെക്രട്ടറി പി.കെ.രാജേന്ദ്രൻ പറഞ്ഞു. പരാതി ലഭിക്കാതെ ജില്ലാ കമ്മറ്റിയിൽ ചർച്ച ചെയ്യാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ ലൈംഗിക പീഡന പരാതിയിൽ സിപിഎം അന്വേഷിക്കുമെന്നതാണ് ലഭിക്കുന്ന വിവരം. അന്വേഷണത്തിന് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങൾ ഉൾപ്പെട്ട സമിതിക്ക് രൂപം നൽകാൻ കഴിഞ്ഞ ദിവസം ചേർന്ന അവൈലബിൾ പോളിറ്റ് ബ്യുറോ നിർദ്ദേശിച്ചിട്ടുണ്ട്. ഇത് തള്ളിക്കളയാൻ സിപിഎമ്മിന് കഴിയില്ല. പരാതിയെ കുറിച്ച് അന്വേഷണം നടത്താനും ശശിയിൽ നിന്ന് വിശദീകരണം തേടാനും സിപിഐഎം കേന്ദ്ര നേതൃത്വം തീരുമാനിച്ചു. അന്വേഷണം സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങൾ ഉൾപ്പെട്ട സമിതിയാകും നടത്തുക. അന്വേഷണ സമിതിയിൽ ഒരു വനിത അംഗം ഉണ്ടായിരിക്കണം എന്നും സിപിഎം ജനറൽ സെക്രട്ടറി സംസ്ഥാന നേതൃത്വത്തോട് നിർദ്ദേശിച്ചിട്ടുണ്ട്. അന്വേഷണ റിപ്പോർട്ട് ലഭിച്ചാൽ ഉടൻ നടപടി ഉണ്ടാകും എന്ന് സിപിഎം കേന്ദ്ര നേതാക്കൾ വ്യക്തമാക്കി.

മണ്ണാർക്കാട് പാർട്ടി ഓഫീസിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചു എന്നാണ് ഡിവൈഎഫ്ഐ വനിതാ നേതാവ് സിപിഐഎം പോളിറ്റ് ബ്യുറോ അംഗം ബൃന്ദാ കാരാട്ടിന് നൽകിയ പരാതിയിൽ ആരോപിച്ചിരിക്കുന്നത്. ഓഗസ്റ്റ് 14 നാണ് പരാതി ബൃന്ദയ്ക്ക് കൈമാറിയത്. ഈ പരാതിയിൽ തീരുമാനം ഉണ്ടാകാത്തതിനെ തുടർന്ന് കഴിഞ്ഞ ദിവസം നിയമ വിദ്യാർത്ഥി കൂടി ആയ പെൺകുട്ടി സിപിഎം ജനറൽ സെക്രട്ടറിക്ക് ഇ മെയിലിലൂടെ പരാതി അയക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP