Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലോക്ക്ഡൗൺ നിലനിൽക്കേ പ്ലാന്റേഷനുകൾക്ക് വേണ്ടി ഉത്തരവിറക്കി സംസ്ഥാന സർക്കാർ; കൊളുന്തു നുള്ളാനും ഏലവും കാപ്പിയും പറിക്കാനും ഫാക്ടറികളിൽ ജോലി ചെയ്യാനും തൊഴിലാളികളെ ജോലിക്കെത്തിക്കാമെന്ന് നിർദ്ദേശം; മൂന്നാറിലെ കണ്ണൻ ദേവൻ കമ്പനിയുടെ തേയിലതോട്ടങ്ങളിൽ അടക്കം ഒറ്റദിവസം കൊണ്ട് പണിക്കിറങ്ങിയത് ആറായിരത്തോളം തൊഴിലാളികൾ

ലോക്ക്ഡൗൺ നിലനിൽക്കേ പ്ലാന്റേഷനുകൾക്ക് വേണ്ടി ഉത്തരവിറക്കി സംസ്ഥാന സർക്കാർ; കൊളുന്തു നുള്ളാനും ഏലവും കാപ്പിയും പറിക്കാനും ഫാക്ടറികളിൽ ജോലി ചെയ്യാനും തൊഴിലാളികളെ ജോലിക്കെത്തിക്കാമെന്ന് നിർദ്ദേശം; മൂന്നാറിലെ കണ്ണൻ ദേവൻ കമ്പനിയുടെ തേയിലതോട്ടങ്ങളിൽ അടക്കം ഒറ്റദിവസം കൊണ്ട് പണിക്കിറങ്ങിയത് ആറായിരത്തോളം തൊഴിലാളികൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: രാജ്യം മുഴുവൻ ലോക്ക്ഡൗൺ പ്രഖ്യാപിച്ചപ്പോഴും കേരളത്തിൽ ബീവറേജസ് കോർപ്പറേഷൻ ഔട്ട്‌ലറ്റുകൾ എങ്ങനെ തുറക്കാം എന്ന ചിന്തയിലായിരുന്നു കേരള സർക്കാർ. കോടതിയും ഡോക്ടർമാരും ഉടക്കുവെച്ചതുകൊണ്ടു മാത്രമാണ് ഇത് നടപ്പാകാതെ പോയത്. എന്നാൽ, ഇപ്പോൾ സർക്കാർ കണ്ണൻ ദേവൻ പ്ലാന്റേഷൻ അടക്കമുള്ള വൻകിട പ്ലാന്റേഷൻകാരെ സഹായിക്കാൻ വേണ്ടി പുതിയ ഉത്തരവ് പുറപ്പെടുവിച്ചു കൊണ്ടു രംഗത്തെത്തി. വിളവെടുപ്പു കാലമായതിനാൽ പ്ലാന്റേഷനുകളിൽ വിളവെടുപ്പു നടത്താൻ വേണ്ടിയാണ് സർക്കാർ തൊഴിലാളികളെ ജോലിക്ക് എത്തിക്കാൻ ഉത്തരവ് പുറപ്പെടുവിച്ചത്. സാധാരണക്കാരനായ കർഷകർക്ക് പറമ്പിൽ ആളെ കൂട്ടി ജോലി ചെയ്യാൻ സാധിക്കാത്ത സാഹചര്യം നിലനിൽക്കേയാണ് സർക്കാർ വൻകിടക്കാർക്ക് വേണ്ടി ഉത്തരവുമായി രംഗത്തെത്തിയത്.

ഇന്നലെ കേരള സർക്കാർ പുറത്തിറക്കിയ ഉത്തരവിന്റെ അടിസ്ഥാനത്തിൽ കണ്ണൻ ദേവൻ കമ്പനിയുടെ മൂന്നാറിലെ വിവിധ തേയില തോട്ടങ്ങളിൽ ഒറ്റ ദിവസം പനിക്കിറങ്ങിയത് ആറായിരത്തിൽ പരം തൊഴിലാളികളാണ്. കൊളുന്തു നുള്ളുന്ന അര ഏക്കർസ്ഥലത്ത് ഒരു തൊഴിലാളിയേ പാടുള്ളൂ എന്നതാണ് സർക്കാർ ഉത്തരവിൽ നൽകിയ നിർദ്ദേശം. എന്നാൽ, പലപ്പോഴും ഇതൊന്നും പാലിക്കപ്പെടാറില്ലെന്ന ആക്ഷേപവും ഉയർന്നു. സാമൂഹിക അകലം പാലിച്ചു കൊണ്ടുവേണം ജോലി ചെയ്യാൻ എന്നായിരുന്നു സർക്കാർ ഉത്തരവ്. എന്നൽ. ഇതഇ പാലിക്കപ്പെടുന്നില്ലെന്ന ആക്ഷേപം ഉയർന്നു കഴിഞ്ഞു.

പ്ലാന്റേഷനു പുറമേ ഫാക്ടറികളിലും തൊഴിലാളികൾ ജോലി നോക്കേണ്ടി വരുന്നുണ്ട്. രാജ്യത്തെ ഫാക്ടറികൾ അടഞ്ഞു കിടക്കുമ്പോഴാണ് മുന്നാറിൽ ഫാക്ടറികൾ തുറന്നു വെച്ചിരിക്കുന്നത് എന്നതും ശ്രദ്ദേയമാണ്. ലയങ്ങളിൽ ഉള്ളവർ മാത്രം ജോലിക്കെത്തിയാൽ മതിയെന്ന് നിർദ്ദേശമുണ്ട്. എന്നാൽ, ജോലി തുടങ്ങി എന്നറിഞ്ഞാൽ തമിഴ്‌നാട്ടിൽ നിന്നടക്കം ആളുകൾ ജോലി ചെയ്യാനായി പ്ലാന്റേഷനുകളിലേക്ക് എത്തുന്ന അവസ്ഥയാണുള്ളത്. അതിനിടെ ലയങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ മക്കൾ പഠിക്കുന്നത് തമിഴ്‌നാട്ടിലാണ്. ഇവരെല്ലാരും തന്നെ ലോക് ഡൗൺ തുടങ്ങിയതിന് ശേഷമാണ് ഇവിടെ എത്തിയത്. മാതാപിതാക്കൾ തമിഴ്‌നാട്ടിലെത്തിയാണ് ഇവരെ കൂട്ടി കൊണ്ടു വന്നത്.

ഇതരസംസ്ഥാനങ്ങളിൽ യാത്ര ചെയ്തവർ നിർബന്ധമായും നിരീക്ഷണത്തിൽ കഴിയണമെന്ന നിർദ്ദേശം നില നിൽക്കുമ്പോഴാണ് ഇങ്ങനെ ഒരു അവസ്ഥ മൂന്നാറിൽ സംഭവിക്കുന്നത്. ഇതിനെല്ലാം പുറമെ തോട്ടങ്ങളിൽ ജോലി തുടങ്ങിയതോടെ ലോക്ക് ഡൗണിൽ തമിഴ്‌നാട്ടിലെ അതിർത്തി പ്രദേശങ്ങളായ തേനി , ബേഡി എന്നിവിടങ്ങളിൽ കുടുങ്ങിയ തൊഴിലാളികൾ കാൽനടയായി എത്തി തുടങ്ങിയതായി റിപ്പോർട്ടുകളുണ്ട്. പരമ്പരാഗത കാനന പാതയായ കൊരങ്കണി വനമേഖലയിലൂടെ ടോപ്പ് സ്റ്റേഷൻ വഴി എല്ലപ്പെട്ടിയിൽ എത്തും. തുടർന്ന് ചില ജീപ്പുകളിലാണ് ഇവർ മൂന്നാറിലേക്ക് എത്തുന്നത്.

അതേസമയം മുന്നാറിനോട് അടുത്ത കിടക്കുന്ന തേനിയിൽ 20 പേർക്ക് കോവിഡ് കൂടി റിപ്പോർട്ടു ചെയ്തിട്ടുണ്ട്. ഇതും തോട്ടം തൊഴിലാളികൾക്ക് ആശങ്കയ്ക്ക് ഇടയാക്കുന്നു. നിസാമുദ്ദീനിലെ തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങിയെത്തിയ തേനി ജില്ലയിലെ 20 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ പതിമൂന്ന് പേർ കേരളത്തോട് ചേർന്ന് കിടക്കുന്ന ബോഡിനായ്ക്കന്നൂരിൽ നിന്നുള്ളവരാണ്. അതുകൊണ്ട് തന്നെ ഇടുക്കിയിലെ കുമളിയടക്കമുള്ള പ്രദേശങ്ങൾ അതീവജാഗ്രതയിലാണ്. തമിഴ്‌നാട്ടിൽ നിന്ന് ചരക്കുമായി വരുന്ന വാഹനങ്ങൾ അണുനാശിനി തളിച്ചും ആളുകളെ കർശനമായി പരിശോധിച്ചശേഷവും മാത്രമാണ് കേരളത്തിലേക്ക് കടത്തിവിടുന്നത്.

നിസാമുദ്ദീനിലെ തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങിയെത്തിയ തേനി ജില്ലയിലെ 20 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ പതിമൂന്ന് പേർ കേരളത്തോട് ചേർന്ന് കിടക്കുന്ന ബോഡിനായ്ക്കന്നൂരിൽ നിന്നുള്ളവരാണ്. പച്ചക്കറി അടക്കമുള്ള അവശ്യസാധനങ്ങൾക്കായി ഇടുക്കിക്കാർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് തേനിയേയും ബോഡിനായക്കന്നൂരിനേയുമാണ്.

ഈ സാഹചര്യത്തിൽ കുമളി,കമ്പംമേട്ട്,ബോഡിമേട്ട് ചെക്ക്‌പോസ്റ്റുകളിൽ പരിശോധന ശക്തമാക്കിയിരിക്കുകയാണ്. ലോഡുമായി വരുന്ന വാഹനങ്ങളിൽ അണുനാശിനി തളിക്കും. യാത്രക്കാരെ കർശനപരിശോധനക്ക് വിധേയരാക്കും. വിലക്ക് മറികടന്ന് തമിഴ്‌നാട്ടിൽ നിന്നുള്ള തോട്ടം തൊഴിലാളികൾ സമാന്തരപാതകളിലൂടെ ഇപ്പോഴും കേരളത്തിലേക്ക് വരുന്നുണ്ട്. ഇവരെ തടയാൻ വനംവകുപ്പിന്റെ സഹായത്തോടെ പരിശോധന ശക്തമാക്കിയിട്ടുണ്ട്. ഡ്രോണടക്കമുള്ള സംവിധാനങ്ങൾ ഉപയോഗിച്ചാണ് പരിശോധന.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP