Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അപകടങ്ങൾ ദുരിതത്തിലാക്കിയ മലയാളികളുടെ പച്ചപ്പനന്തത്തയ്ക്ക് സഹായവുമായി ഫേസ്‌ബുക്ക് കൂട്ടായ്മ; മച്ചാട്ട് വാസന്തിയുടെ ഓപ്പറേഷന് ആവശ്യമായ 75000 രൂപ കൈമാറി; പിന്നാലെ ധനസഹായവുമായി മമ്മൂട്ടിയും; ഇനിയും പാട്ടുപാടി കൊതി തീരാതെ പ്രിയഗായിക

അപകടങ്ങൾ ദുരിതത്തിലാക്കിയ മലയാളികളുടെ പച്ചപ്പനന്തത്തയ്ക്ക് സഹായവുമായി ഫേസ്‌ബുക്ക് കൂട്ടായ്മ; മച്ചാട്ട് വാസന്തിയുടെ ഓപ്പറേഷന്  ആവശ്യമായ 75000 രൂപ കൈമാറി; പിന്നാലെ ധനസഹായവുമായി മമ്മൂട്ടിയും; ഇനിയും പാട്ടുപാടി കൊതി തീരാതെ പ്രിയഗായിക

തിരുവനന്തപുരം: എം എസ് ബാബുരാജിന്റെ പ്രിയ ഗായികയായിരുന്നു മച്ചാട്ട് വാസന്തി. മലയാളത്തിന്റെ പ്രിയ ഗായികയുടെ ദുരിത ജീവിതം ഏതാനും ദിവസങ്ങളായി വാർത്തകളിൽ നിറയുന്നുണ്ട്. ഇനിയും പാടി കൊതിതീരാത്ത മലയാളത്തിന്റെ ഈ പ്രിയ ഗായികയുടെ ദുരിതം അറിഞ്ഞതോടെ സഹായഹസ്തവുമായി സംഗീതപ്രേമികൾ രംഗത്തെത്തി. അപകടത്തിൽ പെട്ട് ശസ്ത്രക്രിയ ചെയ്യുന്നതിന് വേണ്ട പണം കണ്ടെത്താനാവാതെ വിഷമിക്കുന്ന അവർക്ക് സഹായം നൽകി രംഗത്തെത്തിയത് മലയാളം മൂവി ആൻഡ് മ്യൂസിക് ഡാറ്റാബേസ് എന്ന് ഫേസ്‌ബുക്ക് കൂട്ടായ്മയാണ്.

ഈ ഫേസ്‌ബുക്ക് കൂട്ടായ്മ പിരിച്ചെടുത്ത 75000 രൂപ മച്ചാട്ട് വാസന്തിക്ക് കൈമാറി. കോഴിക്കോട് ഫാറൂഖ് കോളേജിനടുത്ത് സംഗീതാലയം എന്ന വീട്ടിൽ കാലൊടിഞ്ഞ് ഓപ്പറേഷന് 50000 രൂപ കണ്ടെത്താനാവാതെ വിഷമിച്ചിരുന്ന മുൻകാല സിനിമാ പിന്നണി ഗായിക മച്ചാട്ട് വാസന്തിയുടെ വാർത്ത ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മ്യൂസിക് ഡാറ്റാബേസ് ഫേസ്‌ബുക്ക് അഅംഗങ്ങൾ പിരിച്ചെടുത്ത 75000 രൂപയാണ് അഡ്‌മിന്മാരിൽ ഒരാളായ രാഗേഷ് കെ.പി ഇവർക്ക് കൈമാറിയത്. ഇതിന് പിന്നാലെ മമ്മൂട്ടി ചെയർമാനായ കെയർ ആൻഡ് ഷെയർ ഇന്റർനാഷനലിന്റെ ധനസഹായവും വാസന്തിക്ക് ലഭിച്ചു.

എം.എസ് ബാബുരാജിന്റെ പ്രിയ ഗായികയായിരുന്ന വാസന്തിയെ കഴിഞ്ഞ നാലു വർഷമായി അപകടങ്ങൾ വിടാതെ പിന്തുടരുകയാണ്. നാല് വർഷം മുൻപ് ഒരു സംഗീത പരിപാടി കഴിഞ്ഞു വരവേ വീട്ടിലേക്കുള്ള വഴിയിൽ കാൽ തെറ്റി വീണ് വലതുകൈ ഒടിഞ്ഞതോടെയാണ് അപകട പരമ്പര തുടങ്ങുന്നത്. മാസങ്ങളുടെ ചികിത്സയിലൂടെ വലതു കൈ ശരിയായി വീണ്ടും പഴയ ഗാനങ്ങളുടെ സംഗീത പരിപാടിയിൽ സ്വന്തം പാട്ടുകളുമായി സജീവമായി വരവെയാണ് വീണ്ടും വീഴുന്നത്. ഇത്തവണ ഇടതു കൈ ആയിരുന്നു ഒടിഞ്ഞത്. ഇതിന്റെ പരാധീനതകളുമായി മാസങ്ങളോളം വീട്ടിൽ കിടപ്പിലായിരുന്നു ഇവർ.

രണ്ടു വർഷം മുൻപ് കോഴിക്കോട് ടാഗോർ ഹാളിൽ ഒരു പരിപാടി അവതരിപ്പിച്ച് മടങ്ങി വരവേ മാങ്കാവിൽ വച്ച് ഇവർ സഞ്ചരിച്ചിരുന്ന ഓട്ടോ മറിഞ്ഞു ഇടുപ്പെല്ല് പൊട്ടിയതായിരുന്നു മൂന്നാമത്തെ അപകടം. ഇതോടെ ഇനി ഓട്ടോയിൽ യാത്ര ചെയ്യരുതെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചതിനെ തുടർന്ന് നഗരത്തിലെ പഴയ പാട്ടുകളുടെ ഗാനമേളകൾക്ക് പോകാൻ പറ്റാതെയായി. ഫാറൂഖ് കോളേജിന് സമീപം തിരിചിലങ്ങാടി പാലക്കോട് ദേവീ ക്ഷേത്രത്തിന് സമീപമുള്ള വീട്ടിൽ പരാധീനതകളുമായി കഴിഞ്ഞു വരവെയാണ് കഴിഞ്ഞ ദിവസം ചെറുവണ്ണൂരിൽ താമസിക്കുന്ന അനുജൻ വത്സരാജൻ മരിച്ചത്. മരണവീട്ടിൽ പോയി വരുന്ന വഴിയിൽ വീണു വലതു കാൽ ഒടിഞ്ഞു കിടപ്പിലാണ് വാസന്തി ഇപ്പോൾ. കോഴിക്കോട് മെഡിക്കൽ കോളേജിൽ വച് നടത്താൻ ഉദ്ദേശിക്കുന്ന ശസ്ത്രക്രിയക്ക് ഉദ്ദേശം 50000 രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

ചുവപ്പൻ കേരളത്തിന്റെ സാംസ്കാരികാന്തരീക്ഷത്തിൽ മച്ചാട്ട് വാസന്തി ഒരു വിപ്ലവ ഗായിക മാത്രമായിരുന്നില്ല. മലയാള നാടകവേദിയിലെ അതികായന്മാരോടൊപ്പം അരങ്ങു തകർത്ത അഭിനേത്രി കൂടിയായിരുന്നു. മലബാറിന്റെ വിപ്ലവ നാടക സംഗീത രംഗത്തെ വേറിട്ട പ്രതിഭ. മലബാറിന്റെ രാഷ്ട്രീയ നാടകങ്ങളുടെ ചരിത്രം വാസന്തിയുടെ ഗാനങ്ങളുടെ ചരിത്രം കൂടിയാണ്. മാറാരോഗം വന്ന് തൊണ്ടയിൽ കുരുക്കിടുമ്പോഴും മച്ചാടു വാസന്തിയെന്ന പഴയ തലമുറയിലെ ആ പാട്ടുകാരി പറയുന്നു, 'എനിക്കിനിയും പാടണം. പാടിയേ മതിയാവൂ.

വിപ്ലവ ഗാനങ്ങളുമായി കമ്യൂണിസ്റ്റ് പാർട്ടിക്കൊപ്പം നടന്ന ടെയ്‌ലർ മച്ചാട്ട് കൃഷ്ണന്റെ മകൾക്ക് സംഗീതം പാരമ്പര്യമായി കിട്ടിയതാണ്. അച്ഛന്റെ തോളിലേറി മകളും പാർട്ടി സമ്മേളനത്തിലെത്തും. കണ്ണൂരിൽ ഒരു പാർട്ടി സമ്മേളനം നടക്കുമ്പോൾ നായനാരാണ് ആദ്യമായി കൊച്ചു വാസന്തിയെ എടുത്തു വേദിയിലേക്കു കയറ്റിയത്. 'പൊട്ടിക്കൂ പാശം' 'സമരാവേശം' എന്നു പാടിയ കൊച്ചു ഗായികയുടെ ശബ്ദം കേട്ട് ജനം ഇരമ്പിയാർത്തു.

പാടിയ പാട്ടുകളുടെ എണ്ണം നോക്കിയാൽ നാടകവും സിനിമയും ആകാശവാണിയുമൊക്കെയായി പതിനായിരത്തിലേറെ വരും. പക്ഷെ, 'ഓളവും തീരവും' സിനിമയിൽ യേശുദാസിനൊപ്പം മച്ചാട്ട് വാസന്തി പാടിയ പാട്ട് എക്കാലത്തെയും ഹിറ്റ് ഗാനങ്ങളുടെ കൂട്ടത്തിൽ പെടുന്നു. പി. ഭാസ്‌കരൻബാബുരാജ് ടീം ഒരുക്കിയ ഈ ഗാനത്തിൽ പാടാൻ അവസരം ഒരുക്കിയത് ചിത്രത്തിന്റെ തിരക്കഥാകൃത്തായ എം ടി. വാസുദേവൻനായരാണെന്ന്. വാസന്തി നന്ദിപൂർവം ഓർക്കുന്നു.സിനിമയിൽ വാസന്തിയുടെ സ്വരമാധുരി ഏറെ ശ്രദ്ധിക്കപ്പെട്ടത് 1970ൽ ഇറങ്ങിയ ഈ സിനിമകൊണ്ടാണെങ്കിലും ഒൻപതാം വയസ്സ് മുതൽ നാടകവേദിയിലെ താരമായിരുന്നു ഈ കൊച്ചു ഗായിക.

നാടകത്തിലാണെങ്കിൽ പൊൻകുന്നം ദാമോദരനെഴുതി ബാബുരാജ് ഈണമിട്ട നമ്മളൊന്നിലെ 'പച്ചപ്പനംതത്തേ, പുന്നാര പൂമുത്തെ പുന്നെല്ലിൻ പൊൻകതിരേ...' എന്ന ഗാനം. ഈ ഗാനം പിന്നീട് നോട്ടമെന്ന സിനിമിലേക്ക് എം.ജയചന്ദ്രൻ പുതിയ ഗായികയെ വച്ച് പരീക്ഷിച്ചപ്പോൾ വാസന്തിയെ മറന്നുപോയെങ്കിലും പച്ചപ്പനന്തത്തയെ ഇപ്പോഴും മലയാളികളോർക്കുന്നത് വാസന്തിയുടെ ശബ്ദത്തിൽ തന്നെ.

ഇ.എം.എസ്., എ.കെ.ജി., കെ.പി.ആർ., ഇമ്പിച്ചിബാവ തുടങ്ങിയ നേതാക്കളുടെ സമ്മേളനങ്ങൾക്കു മുമ്പ് പാട്ടുകൾ പാടി.പിന്നീട് കെ.പി.എ.സി. നാടകസംഘത്തിൽ ഗായികയായി. നാടകത്തിന്റെ ഇടവേളയിൽ ഒ.എൻ.വി.യുടെ 'പുത്തരിച്ചോറുണ്ണാനെത്തും തത്തമ്മേ' എന്ന പാട്ട് പാടുന്നതുകൊച്ചു വാസന്തിയാണ്. മൈക്കിനൊപ്പം ഉയരമില്ലാത്തിനാൽ സ്റ്റൂളിൽ കയറിനിന്നാണ് പാടുക. 'ബലികുടീരങ്ങളേ' അവതരണഗാനം പാടുമ്പോഴും കൂടെയുണ്ടാകും. ഇന്ത്യ മുഴുവൻ നാടകസംഘത്തോടൊപ്പം യാത്ര ചെയ്തു. മഴക്കാലത്ത് പുതിയ നാടകത്തിന്റെ റിഹേഴ്‌സൽ. അതുവരെ നാടകത്തിന് ബുക്കിങ് ഉണ്ടായിരുന്നു.

അച്ഛനോടൊപ്പം വിപ്ലവഗാനങ്ങൾ ആലപിച്ചു നടന്ന കാലത്ത് തന്നെ ഒട്ടേറെ നാടകങ്ങളിലും വാസന്തി പാടുകയും അഭിനയിക്കുകയും ചെയ്തു.നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി'യിൽ അപ്രതീക്ഷിതമാണ് അഭിനയിക്കേണ്ടി വന്നത്. ബാലതാരമായ വിജയകുമാരിക്ക് അസുഖമായതിനാൽ പകരം തോപ്പിൽ ഭാസിയാണ് സ്റ്റേജിൽ കയറ്റിയത്. പിന്നീട്. പി.ജെ. ആന്റണിയുടെ 'ഉഴവുചാൽ' നാടകത്തിൽ മൂന്നു വർഷം പ്രവർത്തിച്ചു. ബാലൻ കെ. നായരും നെല്ലിക്കോട് ഭാസ്‌കരനുമെല്ലാം ആ ട്രൂപ്പിലുണ്ടായിരുന്നു. പിന്നീട് നെല്ലിക്കോടൻ 'തിളയ്ക്കുന്ന കടൽ' നാടകം അവതരിപ്പിച്ചപ്പോഴും വാസന്തി ആ ട്രൂപ്പിലുണ്ടായിരുന്നു. 'കറുത്ത പെണ്ണി'ൽ കുതിരവട്ടം പപ്പുവിനൊപ്പം അഭിനയിച്ചു. ഈഡിപ്പസ്, ബല്ലാത്ത പഹയൻ നാടകങ്ങളിൽ അഭിനയിക്കുകയും പാടുകയും ചെയ്തു. ഒട്ടേറെ സിനിമകളിലും മുഖം കാണിച്ചിട്ടുണ്ട്.

നെല്ലിക്കോട് ഭാസ്‌ക്കരന്റെ തിളക്കുന്ന കടലിലെ ശാന്തടീച്ചർ, ബാലൻ കെ.നായർ, കുഞ്ഞാണ്ടി ടീം ചേർന്നൊരുക്കിയ ഈഡിപ്പസ് നാടകത്തിലെ ജെക്ക്വേസ്റ്റ, പി.ജെ.ആന്റണിയുടെ ഉഴവുചാലിലെ വിലാസിനി, തിക്കോടിയന്റെ പരകായപ്രവേശത്തിലെ അഞ്ഞ്ജലി, കുതിരവട്ടം പപ്പു, കെ.പി.ഉമ്മർ തുടങ്ങിയവർ ഒരുക്കിയ കറുത്ത പെണ്ണിലെ ആമിന, ബഹദൂറിന്റെ ബല്ലാത്ത പഹയനിലെ സൽമയെന്ന കഥാപാത്രം, കണ്ടം ബെച്ച കോട്ടിലെ കുഞ്ഞീബി തുടങ്ങി ഒട്ടേറെ നാടകങ്ങളിൽ വാസന്തി അരങ്ങ് നിറഞ്ഞാടി.

ഇതിനിടയ്ക്ക് വാസന്തിയുടെ കുടുംബം കണ്ണൂരിൽ നിന്ന് കോഴിക്കോട്ടേക്ക് താമസം മാറി. ഇക്കാലം മുതൽ ആകാശവാണിയിൽ പാടാനും അഭിനയിക്കാനും തുടങ്ങിയിരുന്നു. പതിമൂന്നാമത്തെ വയസ്സിലാണ് വാസന്തി ആദ്യമായി സിനിമക്കു വേണ്ടി പാടിയത്. പി ഭാസ്‌കരൻ ന്റെ രചനയിൽ എംഎസ് ബാബുരാജ് സംഗീത സംവിധാനം നിർവഹിച്ച 1957ൽ മിന്നാമിനുങ്ങ് എന്ന ചിത്രത്തിലെ ആരു ചൊല്ലിടും എന്ന ഗാനം ആലപിച്ചാണ് മച്ചാട് വാസന്തി സിനിമാ സംഗീത ലോകത്തേക്ക് കടന്നു വരുന്നത്. അവസാനമായി മലയാളത്തിൽ ആലപിച്ചത് 2006 ൽ പുറത്തിറങ്ങിയ വടക്കും നാഥൻ എന്ന ചിത്രത്തിലെ ഗരീഷ് പുത്തൻ ചേരിയുടെ തചനയിൽ രവീന്ദ്രൻ മാസ്റ്റർ ഈണം നൽകിയ തത്തക തത്തക എന്നു തുടങ്ങുന്ന ഗാനമാണ്.

എംഎസ് ബാബുരാജിന്റെ സംഗിത സംവിധാനത്തിലാണ് വാസന്തി കൂടുതൽ ഗാനങ്ങളും ആലപിച്ചത്. ആകെ 9 ഗാനങ്ങളാണ് മച്ചാട്ട് വാസന്തി ആലപിച്ചത്. ചലച്ചിത്ര രംഗത്ത് വാസന്തിക്ക് പാടാനുള്ള അവസരമുണ്ടാക്കി കൊടുത്തത് പ്രസിദ്ധ സംഗീതജ്ഞ്ഞൻ എം.എസ്. ബാബുരാജായിരുന്നു. രാമു കാര്യാട്ടിന്റെ ആദ്യചിത്രമായ 'മിന്നാമിനുങ്ങി'ൽ തുടങ്ങി അമ്മു, കുട്ട്യേടത്തി, ഓളവും തീരവും തുടങ്ങിയ ചിത്രങ്ങളിൽ പാടാനുള്ള അവസരം വാസന്തിക്ക് ലഭിച്ചു.

സിനിമയേക്കാളും ജനം നാടകത്തെ സ്വീകരിച്ചിരുന്ന കാലത്തായിരുന്നു നമ്മളൊന്ന് എന്ന നാടകത്തിനു വേണ്ടി വാസന്തി 'പച്ചപ്പനംതത്തെ..' പാടുന്നത്. ആ പാട്ട് പിന്നീട് എത്ര വേദികളിൽ പാടിയെന്ന് വാസന്തിക്കുപോലും ഓർമയില്ല. ഒരായിരമോ പതിനായിരമോ വരുമെന്ന് അവർ. നാടകം പാട്ടിനപ്പുറത്ത് അഭിനയത്തിന്റെ കൂടി വേദിയായി വാസന്തിക്ക്. നെല്ലിക്കോട് ഭാസ്‌കരന്റെ തിളയ്ക്കുന്ന കടൽ, ദേശപോഷണിയുടെ ഈഡിപ്പസ്, ബഹുദൂർ സംവിധാനം ചെയ്ത വല്ലാത്ത പഹയൻ, പി.ജെ ആന്റണിയുടെ ഉഴുവുചാൽ, കുതിരവട്ടം പപ്പുവിനൊപ്പം രാജാ തീയേറ്റേഴ്‌സിന്റെ കറുത്ത പെണ്ണ്, കെപിഎസിയുടെ നിങ്ങളെ ന്നെ കമ്യൂണിസ്റ്റാക്കി, തിക്കോടിയന്റെ നിരവധി നാടകങ്ങൾ...ഇതെല്ലാം വാസന്തി നായികയും ഗായികയുമായ നാടകങ്ങളിൽ ചിലതുമാത്രം.

സംഗീതത്തിൽ തിളങ്ങി നിൽക്കുമ്പോൾ 21ാം വയസ്സിലായിരുന്നു കലാസാഗർ മ്യൂസിക് ക്ലബ് സെക്രട്ടറിയായിരുന്ന പി.കെ. ബാലകൃഷ്ണനുമായുള്ള വിവാഹം. സിനിമ പ്രൊജക്ടർ ഉണ്ടാക്കുന്ന ഇൻഡസ്ട്രിയൽ ബാലകൃഷ്ണൻ നടത്തിയിരുന്നു. വിവാഹത്തിന് മുമ്പ് അച്ഛനൊപ്പം നാടാകെ ചുറ്റി പാടിയെങ്കിലും വിവാഹത്തിനുശേഷം മദ്രാസിലും മറ്റും പോയി പാടാൻ ഭർത്താവ് അനുവാദം നൽകിയിരുന്നില്ല. കോഴിക്കോട് കുടുംബത്തിനൊപ്പം നിന്ന് കിട്ടാവുന്ന നാടകങ്ങളിൽ പാടിക്കൊള്ളാനാണ് ഭർത്താവ് ബാലകൃഷ്ണൻ നൽകിയ അനുമതി. കുടുംബം വിട്ട് ദൂരെ പോകേണ്ടിവരുന്നതുകൊണ്ടല്ലാതെ അദ്ദേഹം പാട്ടിന് എതിരൊന്നുമായിരുന്നില്ല. പാടാനൊന്നുമറിയില്ലെങ്കിലും സിനിമയുമായി അടുത്ത ബന്ധമുള്ളയാളായിരുന്നു ബാലകൃഷ്ണൻ.

സിനിമാ പ്രൊജെക്ടർ കേരളത്തിൽ ആദ്യമായി പരിചയപ്പെടുത്തിയത് ബാലകൃഷ്ണനായിരുന്നുവെന്ന് വാസന്തി പറയുന്നു. സ്വന്തമായി ചെറുവണ്ണൂരിൽ ഒരു ഫാക്ടറി തുടങ്ങി സിനിമാ പ്രൊജക്ടറുകളുണ്ടാക്കിയ അദ്ദേഹം ധാരളിയായി ജീവിച്ചു. അമിതമായ മദ്യപാനം കാരണം ഒടുക്കം 48ആം വയസിൽ ഭർത്താവ് മരിക്കുമ്പോൾ വാസന്തിക്കു മിച്ചം കിട്ടിയത് അദ്ദേഹം ബാക്കിവച്ച എട്ടുലക്ഷം രൂപയുടെ കടമായിരുന്നു. പിന്നീടിങ്ങോട്ടാണ് ജീവിക്കാൻവേണ്ടി വാസന്തി പാടിത്തുടങ്ങിയത്. കിട്ടുന്ന നാടകങ്ങളിലും ഗാനമേളകളിലുമെല്ലാം ഓടി നടന്ന് വാസന്തി പാടി. അതിനിടെ കുറച്ച് സിനിമകളിൽ മുഖം കാണിച്ചെങ്കിലും പാടൊനൊന്നും അവസരം ചോദിച്ച് പോയില്ല. പിന്നെ ഇങ്ങോട്ട് വിളിച്ച് അവസരം തരാൻ ബാബുക്കയെപ്പോലെ അടുപ്പമുള്ളവർ ആരും ഉണ്ടായിരുന്നില്ലെന്നും വേദനയോടെ വാസന്തി ഓർക്കുന്നു.

സാമ്പത്തിക പ്രശ്‌നവും 2014 ലെ വാഹനാപകടവും ഈ ഗായികയെ ഏറെ പ്രതിസന്ധിയിലാക്കി. 2013 വരെ സജീവമായി കോഴിക്കോടിന്റെ സംഗീതവഴിതകളിൽ വാസന്തി ഉണ്ടായിരുന്നു. ഇപ്പോൾ ഈ ദുരിത വഴിയിൽ നാടകവും സിനിമയുമൊന്നുമില്ലെങ്കിലും കോഴിക്കോട്ടൊരു ഗാനമേളയുണ്ടെങ്കിൽ അതിലൊരു പാട്ടെങ്കിലും വാസന്തിക്കുവേണ്ടി സംഘാടകർ നീക്കിവച്ചിരുന്നൊരു കാലമുണ്ടായിരുന്നു.

ഒരു കാലത്ത് ആസ്വാദകരെ വിസ്മയിപ്പിച്ചശേഷം അരങ്ങൊഴിയേണ്ടി വന്ന ഈ കലാകാരി മലയാളിക്ക് സമ്മാനിച്ച നിത്യഹരിത ഗാനങ്ങളുടെ അലയൊലികൾ നിലയ്ക്കാതെ തുടരുന്നു. എങ്കിലും വാന്തിയുടെ പാട്ടിനും ശബ്ദത്തിനുമെല്ലാം ഇപ്പോൾ എവിടെയോ ഒരു വിഷാദ ഭാവം കടന്നു വരുന്നു. അതിൽ കണ്ണീരിന്റെയും കഷ്ടപ്പാടിന്റേയും നിഴലുകളും.

വാസന്തി ആലപിച്ച മലയാള സിനിമാ ഗാനങ്ങൾ...

ആരു ചൊല്ലിടും ... മിന്നാമിനുങ്ങ് (1957)
കൊല്ലത്തു നിന്നൊരു ... മിന്നാമിനുങ്ങ് (1957)
തത്തമ്മേ തത്തമ്മേ ... മിന്നാമിനുങ്ങ് (1957)
കുഞ്ഞിപ്പെണ്ണിനു ... അമ്മു (1965)
മണിമാരൻ തന്നത് ... ഓളവും തീരവും(1970)ു
ചിത്രലേഖേ പ്രിയംവദേ ...കുട്ട്യേടത്തി(1971)
അലർശര പരിതാപം ... കുട്ട്യേടത്തി
പത്തിരി ചുട്ടു ... മീശ മാധവൻ(2002)
തത്തക തത്തക ... വടക്കും നാഥൻ(2006)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP