Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മലയാളികളുടെ ഓണക്കാല ഇത്തവണയും വിഷമയം തന്നെ! ഓണക്കാലത്ത് പിടിച്ചെടുത്ത ഭക്ഷ്യവസ്തുക്കൾക്ക് പിഴയിട്ടത് ഒരു കോടി രൂപ; പിടിച്ചെടുത്തതിന്റെ നൂറിരട്ടി വിഷഭക്ഷ്യവസ്തുക്കൾ കേരളത്തിലേക്കൊഴുകി; പൂക്കളിൽ വരെ വിഷം, ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുടെ പരിശോധനകളെല്ലാം പ്രഹസനം

മലയാളികളുടെ ഓണക്കാല ഇത്തവണയും വിഷമയം തന്നെ! ഓണക്കാലത്ത് പിടിച്ചെടുത്ത ഭക്ഷ്യവസ്തുക്കൾക്ക് പിഴയിട്ടത് ഒരു കോടി രൂപ; പിടിച്ചെടുത്തതിന്റെ നൂറിരട്ടി വിഷഭക്ഷ്യവസ്തുക്കൾ കേരളത്തിലേക്കൊഴുകി; പൂക്കളിൽ വരെ വിഷം, ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുടെ പരിശോധനകളെല്ലാം പ്രഹസനം

എം പി റാഫി

കോഴിക്കോട്: വിഷം ഭക്ഷിക്കാൻ മാത്രം വിധിക്കപ്പെട്ടവരാണ് എന്നും മലയാളികൾ. കേരളത്തിലേക്കെത്തുന്ന മായം കലർത്തിയ ഭക്ഷ്യവസ്തുക്കൾ തടയാൻ ഈ ഓണക്കാലത്തും അധികൃതർക്ക് സാധിച്ചില്ല. അന്യസംസ്ഥാനങ്ങളിൽനിന്നു കേരളത്തിലേക്കെത്തുന്നതു വൻതോതിൽ വിഷമടങ്ങിയ പച്ചക്കറികളും പഴവർഗങ്ങളുമാണെന്നത് അറിയാത്തവരാരുമില്ല. എന്നിട്ടും പേരിനെങ്കിലും നിയന്ത്രിക്കാൻ നമ്മുടെ ഭക്ഷ്യസുരക്ഷാവകുപ്പിനായില്ല.

ഓഗസ്റ്റ്് മാസം അവസാനത്തോടെ ഭക്ഷ്യസുരക്ഷാ വകുപ്പ് മുൻകരുതൽ ആരംഭിച്ചെങ്കിലും ഒന്നും കാര്യക്ഷമമായിരുന്നില്ല. ഓണക്കാലത്തും മലയാളിയെ തേടിയെത്തിയ മായം കലർത്തിയ ഭക്ഷ്യവസ്തുക്കൾക്ക് യാതൊരു അറുതിയുമുണ്ടായില്ലെന്ന് ചുരുക്കം. ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്നതിനു മാത്രമുള്ള പരിശോധനയായി മാറിയിരിക്കുകയാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നടപടികൾ. വിവിധ ചെക്ക് പോസ്റ്റുകളിൽ പരിശോധന കർശനമാക്കിയിരുന്നെങ്കിലും വിപണനകേന്ദ്രങ്ങളിൽ മായവും വിഷവും കലർന്ന ഭക്ഷവസ്തുക്കൾ സുലഭമായിരുന്നു.

ഭക്ഷ്യസുരക്ഷാ വകുപ്പിലെ ഉദ്യോഗസ്ഥരുടെ പരിമിതിയാണ് ബന്ധപ്പെട്ടവർ ചൂണ്ടിക്കാട്ടുന്നത്. സംസ്ഥാനത്തെ വിവിധ യൂണിറ്റുകളിൽ വേണ്ടത്ര ഉദ്യോഗസ്ഥരില്ലെന്നതാണ് പരിശോധന കാര്യക്ഷമമാക്കാൻ സാധിക്കാതെ വരുന്നതെന്ന് ഇവർ പറയുന്നു. ഇത് മുതലെടുത്ത് വൻതോതിൽ മായം കലർന്ന പച്ചക്കറിയും മറ്റു ഭക്ഷ്യപദാർത്ഥങ്ങളും വിപണന കേന്ദ്രങ്ങളിൽ എത്തുകയാണ്. ഈ ഓണം-ബക്രീദ് കാലത്ത് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ പിടിച്ചെടുത്ത മായം കലർത്തിയ ഭക്ഷ്യവസ്തുക്കൾക്ക് ഒരു കോടി രൂപയിൽ അധികം പിഴ ഈടാക്കിയിരുന്നു. നാമമാത്രമായ ഉദ്യോഗസ്ഥർ നടത്തിയ സാമ്പിൾ പരിശോധനയിൽ മാത്രമാണ് ഇത്രയേറെ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തത്. എന്നാൽ ഇതിന്റെ നൂറിരട്ടി വിഷഭക്ഷ്യവസ്തുക്കൾ കേരളത്തിലെ വിപണികളിൽ എത്തുന്നതായി ഈ രംഗത്തുള്ളവർ വെളിപ്പെടുത്തുന്നു.

മലബാറിൽ ഏറ്റവും കൂടുതൽ മായം കലർത്തിയ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തത് വയനാട്, കോഴിക്കോട് ജില്ലകളിൽ നിന്നായിരുന്നു. ഭക്ഷ്യവസ്തുക്കൾക്കു പുറമെ ഓണവിപണി ലക്ഷ്യമിട്ട് അന്യസംസ്ഥാനത്ത്‌നിന്നും എത്തിയ പൂക്കളിൽ വരെ മാരകവിഷം അടങ്ങിയിരുന്നതായാണ് കണ്ടെത്തൽ. സംസ്ഥാനത്ത് 17 സ്‌പെഷൽ സ്‌ക്വാഡുകൾ രൂപവൽക്കരിച്ചായിരുന്നു പരിശോധന നടത്തിയത്. കോഴിക്കോട് ഫുഡ് ആൻഡ് സേഫ്റ്റി കമ്മീഷണറുടെ നേതൃത്വത്തിൽ നാല് സ്‌ക്വാഡുകളായാണ് മലബാറിൽ പരിശോധന നടത്തിയത്. ചെക്ക്‌പോസ്റ്റുകൾ, വിപണന കേന്ദ്രങ്ങൾ, ഉൽപാദന കേന്ദ്രങ്ങൾ, ഹോട്ടൽ, റസ്‌റ്റോറന്റ്, കാന്റീനുകൾ എന്നിവിടങ്ങളിലെല്ലാം ഉദ്യോഗസ്ഥർ പരിശോധന നടത്തി. 350ൽ അധികം സ്ഥാപനങ്ങളിൽ പരിശോധന നടത്തിയതായി നേതൃത്വം നൽകിയ ഉദ്യോഗസ്ഥർ പറഞ്ഞു. വയനാട് ജില്ലയിൽ രണ്ട് ബേക്കറി നിർമ്മാണ കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിൽ അളവിൽ കൂടുതൽ മായം ചേർക്കുന്നതായി കണ്ടെത്തി. വിവിധ ജില്ലകളിൽ നിന്നും കൂടുതൽ കണ്ടെത്തിയത് പച്ചക്കറികളായിരുന്നു.

മായം ചേർത്ത ഭക്ഷ്യവസ്തുക്കളുമായി പിടിക്കപ്പെടുന്നവർ നിയമത്തിന്റെ പഴുതിലൂടെ രക്ഷപ്പെടുകയാണ് പതിവ്. പരിശോധനാ ലബോറട്ടറികളുടെ പരിമിതികളും രക്ഷപ്പെടാൻ കാരണമാണ്. കീടനാശനികളുടെ പരമാവധി അളവ് ഫുഡ് ആൻഡ് സേഫ്്റ്റി സ്റ്റാന്റേർഡ് അഥോറിറ്റി ഓഫ് ഇന്ത്യ നിശ്ചയിച്ചിട്ടില്ല. ഇതിനാൽ പിടിച്ചെടുക്കുന്ന ഭക്ഷ്യവസ്തുക്കളിൽ നിയമനടപടിയെടുക്കാൻ സാധിക്കാതെ വരുന്നു. കൂടാതെ കറിപ്പൗഡറുകളിൽ നിന്നും മായം കണ്ടെത്തിയാൽ തന്നെ ഇതേ ബാച്ചിലുള്ള പാക്കറ്റുകൾ ഉണ്ടെങ്കിൽ മാത്രമെ തുടർനടപടിയെടുക്കാനാകൂ. കഴിഞ്ഞ കാലങ്ങളിൽ പിടിച്ചെടുത്ത കറിപ്പൗഡറുകളിൽ നിയമനടപടിക്ക് വിധേയമായത് ചുരുക്കം കമ്പനികൾ മാത്രമായിരുന്നു.

ഇത്തരത്തിൽ നിയമനടപടിക്ക് വിധേയമാകാതെ രക്ഷപ്പെടുന്നവരാണ് പിടിക്കപ്പെടുന്നവരിൽ മിക്കവരും. എന്നാൽ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് ഇവർ രക്ഷപ്പെടുന്നതെന്ന ആക്ഷേപവും ശക്തമാണ്. ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുടെ പരിശോധനകൾ സീസണുകളിൽ മാത്രം ഒതുങ്ങുകയാണ്. നടത്തുന്ന പരിശോധനകളിലാകട്ടെ തുടർനടപടികളുമില്ല. നടപടികളെല്ലാം പ്രഹസനമായിമാറുകയാണ്. ഇത് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ലക്ഷ്യവും ഗുണവും ജനങ്ങൾക്ക് ലഭിക്കാതെയാവുകയും വിഷവും മായവും ഭക്ഷിക്കാൻ മലയാളി വീണ്ടും വീണ്ടും നിർബന്ധിതരാവുകയുമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP