Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പാർട്ടിക്കാർ ശിപാർശയുമായി ചെന്നാൽ പുല്ലുവില; ബിനീഷ് കോടിയേരിയുടെ സുഹൃത്തിനെ കൊണ്ട് പൊറുതിമുട്ടി പത്തനംതിട്ടയിലെ സിപിഎമ്മുകാർ; നളിനി നെറ്റോയുടെ സൂക്ഷ്മപരിശോധന കൊണ്ടും കാര്യമുണ്ടായില്ല; പരിധിവിടുന്ന എസ് പിമാർക്കെതിരേ സിപിഎമ്മിൽ കലാപം

പാർട്ടിക്കാർ ശിപാർശയുമായി ചെന്നാൽ പുല്ലുവില; ബിനീഷ് കോടിയേരിയുടെ സുഹൃത്തിനെ കൊണ്ട് പൊറുതിമുട്ടി പത്തനംതിട്ടയിലെ സിപിഎമ്മുകാർ; നളിനി നെറ്റോയുടെ സൂക്ഷ്മപരിശോധന കൊണ്ടും കാര്യമുണ്ടായില്ല; പരിധിവിടുന്ന എസ് പിമാർക്കെതിരേ സിപിഎമ്മിൽ കലാപം

ശ്രീലാൽ വാസുദേവൻ

കോട്ടയം: എന്തൊരു ബഹളമായിരുന്നു പിണറായി തന്നെ പൊലീസ് വകുപ്പ് എടുത്തപ്പോൾ! ഏതൊക്കെ ഉദ്യോഗസ്ഥരെ എവിടെയൊക്കെ നിയമിക്കണമെന്ന സിപിഐ(എം)ജില്ലാ കമ്മിറ്റി നൽകിയ പട്ടിക സൂക്ഷ്മപരിശോധന നടത്താൻ നളിനി നെറ്റോയെ ഏൽപിക്കുന്നു. നളിനി അത് വിജിലൻസിനും ഇന്റലിജൻസിനും കൈമാറുന്നു. കളങ്കിതരെ ലോക്കൽ പോസ്റ്റിങ്ങിൽനിന്ന് ഒഴിവാക്കുമെന്നു വാർത്ത വരുന്നു.... ഒടുവിൽ ഓരോരുത്തരുടെയായി പോസ്റ്റിങ്ങ് ലിസ്റ്റ് പുറത്തു വരുന്നു. അതാത് ജില്ലാ കമ്മറ്റികൾ നൽകിയ ലിസ്റ്റ് അതേപടി അംഗീകരിച്ചിരിക്കുന്നു. കളങ്കിതർ തന്നെ പ്രധാന സ്റ്റേഷനുകളിൽ വിലസുന്നു. അങ്ങനെ പവനായി ശവമായി.

പിണറായി സ്വന്തം ഇഷ്ടപ്രകാരം നിയമിച്ച ജില്ലാ, റൂറൽ എസ്‌പിമാർ അദ്ദേഹത്തിന് തന്നെ തലവേദനയായിക്കൊണ്ടിരിക്കുന്നു. കോഴിക്കോട് റൂറൽ, പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിമാർക്കെതിരേ പാർട്ടിയിൽ കലാപക്കൊടി ഉയർന്നു കഴിഞ്ഞു. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ഹരിശങ്കർ ഒറ്റയൊരു പാർട്ടിക്കാരനെയും അംഗീകരിക്കുന്നില്ല. സിപിഐ(എം) ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു, രാജു ഏബ്രഹാം എംഎ‍ൽഎ എന്നിവരെ എസ്‌പി ഓഫീസിൽനിന്ന് അപമാനിച്ചു വിട്ടു. പാർട്ടിക്കാരെന്നു പറഞ്ഞ് ഒരു സ്റ്റേഷനിലും കയറാൻ വയ്യാത്ത അവസ്ഥയാണ്.

സിപിഐ(എം)ക്കാർക്ക് ഒരു സ്റ്റേഷനിലും ഒരു പരിഗണനയുമില്ല. പാർട്ടിക്കാർ ആരെങ്കിലും ശിപാർശയുമായി ചെന്നാൽ അക്കാര്യം നടക്കില്ല. എസ്‌പിക്കെതിരേ ഫേസ്‌ബുക്ക് പ്രചാരണവുമായി എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ നേതാക്കൾ രംഗത്തിറങ്ങിക്കഴിഞ്ഞു. തലസ്ഥാനത്തെ പ്രമുഖ കൺസ്ട്രക്ഷൻസ് കമ്പനിയുടെ മരുമകനാണ് എസ്‌പിയെന്നും ആ കളി ഇവിടെ വേണ്ടെന്നുമാണ് ഇവരുടെ മുന്നറിയിപ്പ്. ഒരു സംഘം സിപിഐ-എം നേതാക്കൾ എസ്‌പിയെ മാറ്റണമെന്ന ആവശ്യവുമായി കോടിയേരിയെയും പിണറായിയെയും നേരിൽ കണ്ടിട്ടും കാര്യമുണ്ടായില്ല. ബിനീഷ് കോടിയേരിയുടെ അടുത്ത സുഹൃത്താണ് ഹരിശങ്കർ എന്നൊരു ന്യൂസും പ്രചരിക്കുന്നുണ്ട്. സിപിഐ(എം) ഏരിയാ കമ്മറ്റി നൽകിയ എസ്‌ഐമാരുടെ പോസ്റ്റിങ്ങ് ലിസ്റ്റും ഹരിശങ്കർ മൈൻഡ് ചെയ്തിട്ടില്ല. ഇദ്ദേഹത്തിന്റെ ഗുഡ്ബുക്കിലുള്ള എസ്.ഐമാരെയാണ് വിവിധ സ്റ്റേഷനുകളിൽ ഹരിശങ്കർ നിയമിച്ചത്.

മറ്റു പല ജില്ലകളിലെയും പൊലീസ് മേധാവികളും പാർട്ടിയുടെ കണ്ണിൽ കരടായിട്ടുണ്ട്. കോഴിക്കോട് റൂറൽ എസ്‌പിക്കെതിരേ പാർട്ടിക്കാർ കൊടിയും പിടിച്ച് രംഗത്തു വന്നുകഴിഞ്ഞു. ഡിവൈ.എസ്‌പിമാരുടെ പോസ്റ്റിങ്ങും വിവാദത്തിലാണ്. ഫോർട്ട് സ്റ്റേഷനിലെ ഉരുട്ടിക്കൊലക്കേസിൽ പ്രതിയായ അജിത്കുമാറിനെ ആറ്റിങ്ങൽ ഡിവൈ.എസ്‌പിയാക്കി നിയമിച്ചിരിക്കുകയാണ്. ഇദ്ദേഹത്തിന് ലോക്കൽ പോസ്റ്റിങ്ങ് നൽകരുതെന്ന് ഉത്തരവുണ്ടായിരുന്നു.

പത്തനംതിട്ട ജില്ലയിൽ വരവ് കൂടുതലുള്ള സബ് ഡിവിഷനുകളിൽ പോസ്റ്റിങ്ങിനായി പാർട്ടിയിലെ ചില നേതാക്കൾ കോഴ വാങ്ങിയെന്നും ശ്രുതിയുണ്ട്. മൂന്നു സബ്ഡിവിഷനുകളാണ് ജില്ലയിൽ ഉള്ളത്. ഇതിൽ രണ്ടിടത്താണ് പോസ്റ്റിങ്ങ് നടന്നിട്ടുള്ളത്. സിഐമാരുടെ ലിസ്റ്റിലും കളങ്കിതർ കടന്നു കൂടിയിട്ടുണ്ട്. കോട്ടയം ജില്ലയിൽ മണിമല, പൊൻകുന്നം എന്നിവിടങ്ങളിലാണ് പീഡനത്തിന് നടപടി നേരിട്ടവരെ പോസ്റ്റ് ചെയ്തിട്ടുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP