Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേരളാപൊലീസിന്റെ ഡേറ്റാബേസിലെ മുഴുവൻ വിവരങ്ങളും ഊരാളുങ്കൽ സൈാസൈറ്റിക്ക് മുന്നിൽ തുറന്നു കൊടുത്തതിൽ കള്ളക്കളി; 35 ലക്ഷം നൽകാനും ഉത്തരവിട്ട നടപടി വിവാദത്തിൽ; പാസ്പോർട്ട് പരിശോധന പോലെയുള്ള പൊലീസിന്റെ സുപ്രധാനജോലികൾ സൊസൈറ്റിയുടെ ആപ്പു വഴിയാകുന്നത് വിവര ചോർച്ചക്ക് വഴിവെക്കുമെന്ന് ആരോപണം; വഴിവിട്ട നീക്കത്തിലൂടെയുള്ള ഡാറ്റാബേസ് കൈമാറ്റത്തെ എതിർത്ത് പ്രതിപക്ഷം; ഊരാളുങ്കലിന്റെ സാങ്കേതിക വിദ്യ പ്രായോഗികം അല്ലെന്ന വിദഗ്ധ സമിതിയുടെ കണ്ടെത്തലും തള്ളി

കേരളാപൊലീസിന്റെ ഡേറ്റാബേസിലെ മുഴുവൻ വിവരങ്ങളും ഊരാളുങ്കൽ സൈാസൈറ്റിക്ക് മുന്നിൽ തുറന്നു കൊടുത്തതിൽ കള്ളക്കളി; 35 ലക്ഷം നൽകാനും ഉത്തരവിട്ട നടപടി വിവാദത്തിൽ; പാസ്പോർട്ട് പരിശോധന പോലെയുള്ള പൊലീസിന്റെ സുപ്രധാനജോലികൾ സൊസൈറ്റിയുടെ ആപ്പു വഴിയാകുന്നത് വിവര ചോർച്ചക്ക് വഴിവെക്കുമെന്ന് ആരോപണം; വഴിവിട്ട നീക്കത്തിലൂടെയുള്ള ഡാറ്റാബേസ് കൈമാറ്റത്തെ എതിർത്ത് പ്രതിപക്ഷം; ഊരാളുങ്കലിന്റെ സാങ്കേതിക വിദ്യ പ്രായോഗികം അല്ലെന്ന വിദഗ്ധ സമിതിയുടെ കണ്ടെത്തലും തള്ളി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാന പൊലീസിന്റെ ഡാറ്റാ ബേസ് കോഴിക്കോട്ടെ സിപിഎം നിയന്ത്രണത്തിലുള്ള ഊരാളുങ്കൽ സൊസൈറ്റിക്ക് തുറന്നുകൊടുക്കാനുള്ള നീക്കം വിവാദത്തിൽ. വഴിവിട്ട നീക്കത്തിലൂടെയാണ് പൊലീസിന്റെ ഡാറ്റാ ബേസ് ഊരാളുങ്കൽ സൊസൈറ്റിക്ക് തുറന്നു കൊടുത്തത്. അനുമതി നൽകുന്നതിനെ രണ്ട് വിദഗ്ധ സമിതികൾ എതിർത്തിരുന്നു. ഇത് അവഗണിച്ചാണ് ഡാറ്റാ ബേസ് ഊരാളുങ്കൽ സൊസൈറ്റിക്ക് തുറന്നുകൊടുത്തത്. ഊരാളുങ്കലിന്റെ സാങ്കേതിക വിദ്യ പ്രായോഗികമല്ലെന്നായിരുന്നു വിദഗ്ധ സമിതിയുടെ കണ്ടെത്തലും തള്ളുകയായിരുന്നു. സോഫ്റ്റ് വെയറിനായി ഊരാളുങ്കൽ നൽകിയത് നാല് കോടിയുടെ പദ്ധതിയാണ്. ആദ്യപടിയായി കേന്ദ്രഫണ്ടിൽ നിന്ന് 35 ലക്ഷം അനുവദിക്കുകയും ചെയ്തു. എന്നാൽ ഊരാളുങ്കലിന് ഒരു തുകയും നൽകിയിട്ടില്ലെന്ന് ഡിജിപി ലോകനാഥ് ബെഹ്‌റ അറിയിച്ചു.

അതേസമയം പൊലീസിന്റെ പാസ്പോർട്ട് പരിശോധന അടക്കമുള്ള സുപ്രധാന ജോലികൾ നിർവ്വഹിക്കാൻവേണ്ടിയാണ് ഡേറ്റാബേസ് തുറന്നു കൊടുത്തത്. ഇത് വിവര ചോർച്ചക്ക് വഴിവെക്കുമെന്ന ആക്ഷേപം ശക്തമാണ്. പാസ്പോർട്ട് പരിശോധന പോലെയുള്ള കാര്യങ്ങൾ എളുപ്പമാക്കാൻ വേണ്ടി സൊസൈറ്റി വികസിപ്പിച്ച ആപ്പിന് വേണ്ടി പൊലീസ് ഡേറ്റാബേസ് ഉപയോഗിക്കാൻ നൽകുന്ന അനുമതി സംസ്ഥാനത്തെ മുഴൂവൻ പൊലീസ് വിവരങ്ങളും സിപിഎം നിയന്ത്രിക്കുന്ന സൊസൈറ്റിയുടെ പക്കലെത്തുമെന്നാണ് വിമർശനം.

പാസ്പോർട്ട് പരിശോധന പോലെയുള്ള പൊലീസിന്റെ സുപ്രധാനജോലികൾ സൊസൈറ്റിയുടെ ആപ്പു വഴിയാകും. ഇതോടെ പൊലീസിന്റെ സൈബർ സുരക്ഷാ മുൻകരുതൽ മറികടന്ന് അതീവ പ്രധാന്യമുള്ള ക്രൈം ആൻഡ് ക്രിമിനൽ ട്രാക്കിങ് നെറ്റ്‌വർക് സിസ്റ്റത്തിലെ മുഴുവൻ വിവരങ്ങളും പരിശോധിക്കാനുള്ള സ്വതന്ത്രാനുമതിയാണ് സൊസൈറ്റിക്ക് കയ്യിൽ വരിക. ഒക്ടോബർ 29 നായിരുന്നു പൊലീസ് ഡേറ്റാബേസ് ഊരാളുങ്കൽ സൊസൈറ്റിക്ക് തുറന്നു കൊടുക്കാൻ ഡിജിപി ലോക്നാഥ് ബെഹ്റ ഉത്തരവിട്ടത്.

ഡേറ്റാബേസിൽ പാസ്പോർട്ടുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് മാത്രമാണ് അനുമതിയെന്നാണ് ഡിജിപി പറയുന്നത്. എന്നാൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ മുതൽ കുറ്റവാളികൾ വരെയുള്ളവരുടെ മുഴൂവൻ വിശദാംശങ്ങളും സൊസൈറ്റിയുടെ സോഫ്റ്റ്‌വേർ നിർമ്മാണ യൂണിറ്റിന് ലഭിക്കും. അതീവ രഹസ്യഫയലുകൾ അടക്കം കൈകാര്യം ചെയ്യുന്ന ഡേറ്റാബേസിൽ കയറാൻ നൽകുന്ന സമ്പൂർണ്ണ സ്വാതന്ത്ര്യം സുരക്ഷാവീഴ്ചയാണെന്ന് സൈബർ വിദഗ്ദ്ധർ കണക്കാക്കുന്നുണ്ട്.

ഒക്ടോബർ 25 നായിരുന്നു ഡേറ്റാബേസിൽ കയറാൻ അനുമതിക്കായി സൊസൈറ്റി അപേക്ഷ നൽകിയത്. നാലു ദിവസത്തിനുള്ളിൽ കയറാൻ ഡിജിപി അനുമതി നൽകുകയും ചെയ്തു. അതിന് ശേഷമാണ് പദ്ധതിയെക്കുറിച്ച് പഠിക്കാൻ പ്രത്യേക സമിതിയെ നിയോഗിച്ചത് പോലും. അതേസമയം തന്നെ 2017 ൽ പൊലീസിലെ തന്നെ സാങ്കേതിക വിദഗ്ദ്ധർ വികസിപ്പിച്ച ഇ-വിഐപി വെർഷൻ 1.0 എന്ന തൃശൂർ ജില്ലയിൽ തുടങ്ങുകയും പിന്നീട് 19 പൊലീസ് ജില്ലകളിലേക്ക് മാറ്റുകയും ചെയ്ത ആപ്പ് ഊരാളുങ്കലിന് കരാർ നൽകാൻ ചവിട്ടിത്താഴ്‌ത്തുകയും ചെയ്തു. ഊരാളുങ്കലിന്റെ ആപ്പാകട്ടെ ഈ ആപ്പിന്റെ നവീകരിച്ച രൂപമാണ് താനും.

പാസ്പോർട്ട് അപേക്ഷകളിലെ പരിശോധനാ മികവിന് കേരളാ പൊലീസിനു വിദേശ മന്ത്രാലയത്തിന്റെ അംഗീകാരം നേടിക്കൊടുത്ത ആപ്പ് മുക്കിയാണ് ഊരാളുങ്കൽ സൊസൈറ്റി വികസിപ്പിച്ച ആപ്പിന് അംഗീകാരം നൽകിയത്. എറണാകുളത്തെ 1000 പേരുടെ പരിശോധന പൂർത്തിയാക്കിയ ഊരാളുങ്കൽ ആപ്പ് മറ്റ് ജില്ലകളിലേക്ക് വ്യാപിപ്പിക്കാൻ നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ട്. എന്നിരുന്നാലും ടെൻഡർ പോലും വിളിക്കാതെ സർക്കാർ ഊരാളുങ്കൽ ലേബർ കോൺട്രാക്ടേഴ്സിന് പാസ്പോർട്ട് പരിശോധനാ ജോലികൾ പോലെ കോടികളുടെ ഇടപാട് കൈമാറിയതിൽ പൊലീസിലെ തന്നെ ഒരു വിഭാഗത്തിന് കടുത്ത എതിർപ്പുമുണ്ട്.

മാത്രമല്ല, സംസ്ഥാന പൊലീസിന്റെ സൈബർ സുരക്ഷാ മുൻകരുതൽ മറികടന്ന് ഡാറ്റാ ബേസിൽ പ്രവേശിക്കാനുള്ള അനുവാദവുമുണ്ട്. സംസ്ഥാനത്തെ മുഴുവൻ പൊലീസ് വിവരങ്ങളും ഊരാളുങ്കൽ സൊസൈറ്റിക്ക് ഞൊടിയിടയിൽ കിട്ടുന്ന വിധത്തിലാണ് അനുമതി നൽകിയിരിക്കുന്നത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ മുതൽ കുറ്റവാളികൾ വരെയുള്ളവരുടെ മുഴുവൻ വിശദാംശങ്ങളും ഊരാളുങ്കൽ സൊസൈറ്റിയുടെ സോഫ്ട് വെയർ നിർമ്മാണ യൂണിറ്റിന് ലഭിക്കും. സാധാരണ ഗതിയിൽ സാമ്പിൾ ഡാറ്റ ഉപയോഗിച്ച് സ്വകാര്യ കമ്പനികൾ സോറ്റ്‌വെയറുകൾ നിർമ്മിക്കുമ്പോഴാണ് ഊരാളുങ്കലിനായി ഈ നീക്കം.

സംസ്ഥാന പൊലീസിന്റെ ഡേറ്റാ ബേസ് ഊരാളുങ്കൽ സൊസൈറ്റിക്കായി ആഭ്യന്തര വകുപ്പു തുറന്നുകൊടുത്തതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തിയിട്ടുണ്ട്. ഊരാളുങ്കൽ സൊസൈറ്റിക്ക് പൊലീസിന്റെ ഡേറ്റാ ബാങ്ക് നൽകരുത്. നടപടി തെറ്റെന്നും സർക്കാർ പുനഃപരിശോധിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. സംസ്ഥാന സുരക്ഷയെ സംബന്ധിക്കുന്നതാണ് വിഷയം. പ്രതിപക്ഷം ഇതിനെതിരാണെന്നും ചെന്നിത്തല പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP