Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മലയാളി പാസ്റ്റർ ഓടിച്ച കാറിൽ നിന്ന് വിശ്വാസിയായ യുവതി തെറിച്ചു വീണത് ഹൈവേ പൊലീസിന്റെ മുന്നിലേക്ക്; പണം കടം നൽകിയത് മടക്കി ചോദിച്ചപ്പോൾ കയ്യേറ്റ ശ്രമമെന്ന് ലിവർപൂളിലെ യുവതി; കാറിൽ നിന്ന് വീഴുന്നത് നേരിൽ കണ്ട പൊലീസ് പരാതി ഇല്ലാതെ തന്നെ അന്വേഷണം തുടങ്ങി; കുടുങ്ങുന്നത് ഒഴിവാക്കാൻ കരുനീക്കവുമായി പാസ്റ്ററും സിൽബന്തികളും

മലയാളി പാസ്റ്റർ ഓടിച്ച കാറിൽ നിന്ന് വിശ്വാസിയായ യുവതി തെറിച്ചു വീണത് ഹൈവേ പൊലീസിന്റെ മുന്നിലേക്ക്; പണം കടം നൽകിയത് മടക്കി ചോദിച്ചപ്പോൾ കയ്യേറ്റ ശ്രമമെന്ന് ലിവർപൂളിലെ യുവതി; കാറിൽ നിന്ന് വീഴുന്നത് നേരിൽ കണ്ട പൊലീസ് പരാതി ഇല്ലാതെ തന്നെ അന്വേഷണം തുടങ്ങി; കുടുങ്ങുന്നത് ഒഴിവാക്കാൻ കരുനീക്കവുമായി പാസ്റ്ററും സിൽബന്തികളും

പ്രത്യേക ലേഖകൻ

ലണ്ടൻ : പെന്തക്കോസ്ത് വിശ്വാസ സമൂഹത്തിൽ പാസ്റ്റർ ആയി അവരോധിതനായ റെജി വർഗീസിനെതിരെ ലിവർപൂൾ നിവാസിയായ മലയാളി യുവതിയുടെ പരാതി. കടംകൊടുത്ത പണം മടക്കിച്ചോദിച്ചതിനെ തുടർന്നുള്ള വഴക്കാണ് യുവതി കാറിൽ നിന്ന് തെറിച്ചുവീഴാൻ ഇടയാക്കിയ സംഭവമെന്നാണ് വിവരം. പെന്തക്കോസ്ത് വിശ്വാസ പ്രചാരണത്തിനൊപ്പം ബിസിനസ് രംഗത്തും സജീവമായ ഇയാൾ യുവതിയിൽ നിന്നും കടം വാങ്ങിയ 4000 ലേറെ പൗണ്ട് മടക്കി നൽകുന്നതുമായ ബന്ധപ്പെട്ട തർക്കമാണ് ഇത്തരമൊരു സംഭവത്തിൽ കലാശിച്ചത്. ഓടിക്കൊണ്ടിരുന്ന കാറിൽ നിന്നും യുവതി റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. സംഭവം മാഞ്ചസ്റ്റർ പൊലീസ് അന്വേഷിക്കുകയാണ് ഇപ്പോൾ.

റെജിയുടെ കറുത്ത ജാഗ്വർ എക്‌സ് എഫ് കാറിൽ ഇരുവരും തമ്മിൽ വാക്കേറ്റവും പിടിവലിയും കണ്ടതോടെ ഭാര്യാ ഭർത്താക്കന്മാർ തമ്മിൽ ഉള്ള കശപിശയായിരിക്കും എന്ന് കരുതിയാണ് ഹൈവേ മൈന്റൻസ് വിഭാഗം ഉദ്യോഗസ്ഥർ പിന്തുടർന്നത്. എന്നാൽ റെജിയുമായി പണമിടപാട് സംബന്ധിച്ച മെസേജുകളും മറ്റും ഫോണിൽ ഉണ്ടായിരുന്നതിനാൽ ഫോൺ നശിപ്പിക്കാൻ വേണ്ടി യുവതിയിൽ നിന്നും ഫോൺ റോഡിലേക്കു വലിച്ചെറിഞ്ഞതിനെ തുടർന്ന് യുവതി കാർ നിർത്താൻ ആവശ്യപ്പെടുകയും സിഗ്‌നലിൽ കാർ സ്ലോ ചെയ്തപ്പോൾ തനിക്കു വേണ്ടി നിർത്തുകയാണെന്ന ധാരണയിൽ യുവതി ഡോർ തുറന്ന നിമിഷം തന്നെ റെജി കാർ മുന്നോട്ട് എടുക്കുകയായിരുന്നു എന്നുമാണ് ലഭ്യമായ വിവരം.

പിന്നീട് റെജി കാർ നിർത്താതെ ഓടിച്ചു പോയപ്പോൾ പിന്നാലെ ഉണ്ടായിരുന്ന ഹൈവേ മൈന്റൻസ് പൊലീസ് തന്നെയാണ് ആംബുലൻസ് വിളിച്ചു വരുത്തി യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ യുവതി തെറിച്ചു വീണപ്പോൾ സൈഡ് റോഡിൽ കാർ ഒതുക്കി നിർത്തിയ റെജി സംഭവ സ്ഥലത്തേക്ക് തിരികെ വന്നപ്പോൾ ഭർത്താവല്ലാത്തതിനാൽ അടുത്ത് വരുന്നത് പൊലീസ് വിലക്കുക ആയിരുന്നു.

തുടക്കത്തിൽ കൂടെ ഉണ്ടായിരുന്നത് ഭർത്താവ് അല്ലെന്നും പള്ളിയിലെ പാസ്റ്റർ ആണെന്നും പൊലീസിനെ അറിയിച്ച യുവതി റെജിയെ അറസ്റ്റ് ചെയ്യുന്നത് മാനസിക വ്യഥ സൃഷ്ട്ടിക്കും എന്നാണ് ആദ്യം മൊഴി നൽകിയത്. എന്നാൽ സംഭവത്തെ തുടർന്ന് തന്റെ കൂട്ടാളികൾക്കൊപ്പം ചേർന്ന് യുവതിയെ പള്ളിയിൽ നിന്നും പാസ്റ്റർ വിലക്കി. റെജിയുടെ തനിനിറം വക്തമായതോടെ സംഭവത്തിൽ തനിക്കു പരാതി ഉണ്ടെന്നും പാസ്റ്ററെ അറസറ്റ് ചെയ്യുന്നതിൽ വിരോധം ഇല്ലെന്നും പൊലീസിനെ അറിയിച്ചിരിക്കുകയാണ് യുവതി. എന്നാൽ വിശദമായ അന്വേഷണത്തെ തുടർന്ന് മറ്റു നിയമ നടപടികൾ ആരംഭിക്കാം എന്നാണ് പൊലീസ് ഇപ്പോൾ വക്തമാക്കുന്നത്.

അതിനിടെ റെജി പാസ്റ്റർക്കെതിരെ ആരോപണം ഉയർന്നതിനെ തുടർന്നു കഴിഞ്ഞ ദിവസം മാഞ്ചസ്റ്റർ മലയാളം ക്രിസ്ത്യൻ ചർച്ചിന്റെ എക്‌സിക്യൂട്ടീവ് അടിയന്തിര യോഗം ചേർന്ന് നടപടികൾ ആലോചിച്ചതായി റിപോർട്ടുകളുണ്ട് . ഏകദേശം 24 ലേറെ കുടുംബങ്ങൾ ഉള്ള പെന്തക്കോസ്ത് ചർച്ചിൽ ഏകപക്ഷീയമായി തീരുമാനങ്ങൾ കൈക്കൊണ്ടിരുന്നത് റെജി വർഗീസ് ആണെന്ന് പള്ളിയിലെ അംഗങ്ങൾ ചൂണ്ടിക്കാട്ടുന്നു. തന്റെ ആജ്ഞാനുവർത്തികളായ ഏഴുപേരെ ചേർത്ത് രൂപീകരിച്ച എക്‌സിക്യൂട്ടീവ് കമ്മിറ്റി പേരിനു വേണ്ടി മാത്രമാണ് പ്രവർത്തിക്കുന്നതെന്നും ആക്ഷേപമുണ്ട്. ഇപ്പോൾ കാര്യങ്ങൾ കൈവിട്ടു പോകുന്ന നിലയിൽ ആയതോടെ ലിവർപൂളിലെ യുവതിക്ക് പണം മടക്കി നൽകാമെന്ന ധാരണയാണ് എക്‌സിക്യൂട്ടീവ് കൈക്കൊണ്ടിരിക്കുന്നത്. ഇത് പക്ഷെ അംഗങ്ങളിൽ നിന്ന് എടുക്കാതെ റെജി വർഗീസ് തന്നെ നൽകേണ്ടി വരും. പക്ഷെ അതുണ്ടാകുമോ എന്ന കാര്യത്തിൽ യുവതിയും സംശയം പ്രകടിപ്പിക്കുന്നു.

എന്നാൽ കേസും നടപടികളുമായി മുന്നോട്ടു പോയാൽ യുവതിയുടെയും കുടുംബത്തിന്റെയും പെർമനന്റ് റെസിഡൻസി അപേക്ഷയേ എതിരായി ബാധിക്കും എന്ന സമ്മർദ്ദ തന്ത്രവും റെജിയുടെ അനുയായികൾ പുറത്തെടുക്കുന്നുണ്ട്. വഞ്ചിക്കപ്പെട്ട വിവരം പൊലീസ് കേസായാൽ പിആർ അപേക്ഷക്കു കൂടുതൽ സാധ്യതയാണ് യുകെയിൽ നിലനിൽക്കുന്നത്. ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ളവർ ആരുടെയെങ്കിലും ഭീഷണിയുടെ വിവരം ചേർത്താണ് പി ആർ അപേക്ഷക്കു കൂടുതൽ സാംഗത്യം നൽകുന്നത് എന്നത് റെജി വർഗീസിന് വേണ്ടി രംഗത്ത് എത്തിയവർക്ക് അറിവില്ലാത്തതു കൊണ്ടോ യുവതിയെ അതിവേഗം സമ്മർദ്ദത്തിലാക്കാം എന്നതുകൊണ്ടോ ആകാം എന്നും സംശയിക്കപ്പെടുന്നു. അതേസമയം, നിയമ നടപടികളുമായി മുന്നോട്ടു പോകുവാൻ തന്നെയാണ് യുവതിയുടെ ഭർത്താവിന്റെയും തീരുമാനം എന്നാണ് ലിവർപൂളിൽ നിന്നും ലഭിക്കുന്ന വിവരം. അമേരിക്കയിൽ നിന്നുള്ള വെബ് പോർട്ടലുകളാണ് മാഞ്ചസ്റ്റർ സംഭവം ആദ്യമായി റിപ്പോർട്ട് ചെയ്തത് .

മുൻപും യുവതിയെ പലതരത്തിൽ നിയമത്തിനു മുന്നിൽ കുടുക്കാൻ റെജി ശ്രമിച്ചതായും വിവരമുണ്ട്. ഏതാനും വർഷം മുൻപ് റെജിയുടെ ഭാര്യയ്ക്ക് അതിവേഗ ഡ്രൈവിങ്ങിനു പെനാൽറ്റി നോട്ടീസ് ലഭിച്ചപ്പോൾ അത് ലിവർപൂളിലെ യുവതിയുടെ തലയിൽ കെട്ടി വയ്ക്കാൻ ആയിരുന്നു റെജിയുടെ ശ്രമം. ക്യാമറയിൽ വാഹനം പതിഞ്ഞ സമയം കാർ ഓടിച്ചത് ലിവർപൂളിലെ യുവതിയാണെന്നാണ് റെജി ഡിവിഎൽഎയെ അറിയിച്ചത്. തുടർന്ന് ഡിവിഎൽഎ നോട്ടീസ് ലഭിച്ചപ്പോൾ പ്രൊവിഷണൽ ലൈസൻസ് പോലുമില്ലാത്ത തനിക്കു വാഹനം ഓടിച്ചു ഒരു പരിചയവും ഇല്ലെന്നു ഡിവിഎൽഎക്കു കത്തെഴുതിയതോടെ യുവതി രക്ഷപ്പെട്ടു. മറ്റൊരു അവസരത്തിൽ യുവതിയുടെ ഭർത്താവിന്റെ പേരിൽ പാസ്‌പോർ്ട്ട് കോപ്പികളും മറ്റും ഉപയോഗിച്ച് ബാങ്ക് അക്കൗണ്ട് ഓപ്പൺ ചെയ്തു സാമ്പത്തിക ക്രയവിക്രയം നടത്തിയ കാര്യവും ഇപ്പോൾ പുറത്തു വരുന്നുണ്ട്.

ഇപ്പോഴത്തെ സംഭവത്തെ തുടർന്ന് പൊലീസ് അന്വേഷണം ഉണ്ടാകുന്ന മുറക്ക് ഇത്തരം കാര്യങ്ങൾ കൂടി പൊലീസിൽ അറിയിക്കാൻ തയ്യാറെടുക്കുകയാണ് മാഞ്ചസ്റ്ററിൽ ഇയാളോട് എതിർപ്പുള്ള ഒരു വിഭാഗം. ഇയാളുടെ തന്നിഷ്ടവും ധാർഷ്ട്യവും സഹിക്കാതെ പള്ളി വിട്ടുപോയത് പത്തിലേറെ കുടുംബങ്ങൾ ആണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കൊള്ളരുതായ്മ ചൂണ്ടിക്കാണിക്കുമ്പോൾ അവരെ പള്ളിയിൽ നിന്നും വിലക്കുന്ന സമീപനമാണ് ഇയാൾ സ്വീകരിക്കുതെന്നും ആക്ഷേപമുണ്ട്.

ഇതേ തുടർന്ന് മഹനീയം, ബർണേജിലെ ടോം ചർച്ച . ഹിന്ദിക്കാരനായ സാമുവൽ നടത്തുന്ന പെന്തക്കോസ്ത് വിഭാഗം എന്നിവിടങ്ങളിലേക്ക് റെജിയുടെ പക്ഷത്തു നിന്നും ചേക്കേറുകയാണ് കൂടുതൽ കുടുംബങ്ങളും. ബൈബിൾ ആയുധമാക്കി തട്ടിപ്പും വഞ്ചനയും നടത്തി അധികകാലം ആർക്കും പിടിച്ചു നില്ക്കാൻ കഴിയില്ല എന്നാണ് ഇയാളുടെ തനിനിറം ബോധ്യപ്പെട്ടു ഗ്രൂപ്പ് വിട്ടവരുടെ നിലപാട്. അതിനിടെ യുകെയിൽ പലഭാഗത്തും ഇത്തരത്തിൽ ആളുകളെ വഞ്ചിക്കുന്ന പാസ്റ്റർമാർ അവതരിച്ചിട്ടുണ്ട് എന്നും റിപ്പോർട്ടുകളുണ്ട്. ചെറിയ ഗ്രൂപ്പുകളിൽ ആളെക്കൂട്ടി സാമ്പത്തിക നില മെച്ചപ്പെടുത്തി ആൾദൈവങ്ങൾ ആയി സ്വയം ചമയുന്ന പാസ്റ്റർമാർ നിസ്വാർത്ഥരായ ആളുകളുടെ വിശ്വാസത്തെ മുതലെടുക്കുകയാണ് . മാസംതോറും ശമ്പളത്തിൽ നിന്നും ദശാംശം എന്ന പേരിൽ നൂറു മുതൽ മുന്നൂറു പൗണ്ട് വരെ പാസ്റ്ററുടെ അക്കൗണ്ടിൽ ലഭിക്കുമ്പോൾ ഇതിലും മികച്ചൊരു ബിസിനസ് വേറെയില്ല എന്നതാണ് യാഥാർഥ്യവും.

(മാഞ്ചസ്റ്റർ സംഭവത്തിൽ യുവതി എടുത്ത ഫോട്ടോയും അവർ നിലത്തു വീണതിനെ തുടർന്നു സംഭവസ്ഥലത്ത് എത്തിയ മലയാളികൾ എടുത്ത ചിത്രങ്ങളും ലഭിച്ചിട്ടുണ്ടെകിലും യുവതിയുടെ അഭ്യർത്ഥനയെ തുടർന്ന് അവ പ്രസിദ്ധീകരിക്കുന്നില്ല)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP