Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തിരസ്‌കരിക്കപ്പെട്ട സമൂഹത്തിന്റെ വേദന അവഗണിക്കാൻ കഴിയാതെ വന്നപ്പോൾ ഉന്നത വിദ്യാഭ്യാസം കഴിഞ്ഞ അജിത മാവോയിസ്റ്റായി; ഒരു കേസ് പോലും ചാർജ്ജ് ചെയ്യപ്പെടാതിരുന്നിട്ടും വെടി വച്ചു കൊന്നു; കാവേരി എന്ന അജിതയുടെ കൊലപാതകം മനസ്സിൽ നാണം സൂക്ഷിക്കുന്നവർക്കെല്ലാം സഹിക്കാനാവത്ത ദുരന്തം

തിരസ്‌കരിക്കപ്പെട്ട സമൂഹത്തിന്റെ വേദന അവഗണിക്കാൻ കഴിയാതെ വന്നപ്പോൾ ഉന്നത വിദ്യാഭ്യാസം കഴിഞ്ഞ അജിത മാവോയിസ്റ്റായി; ഒരു കേസ് പോലും ചാർജ്ജ് ചെയ്യപ്പെടാതിരുന്നിട്ടും വെടി വച്ചു കൊന്നു; കാവേരി എന്ന അജിതയുടെ കൊലപാതകം മനസ്സിൽ നാണം സൂക്ഷിക്കുന്നവർക്കെല്ലാം സഹിക്കാനാവത്ത ദുരന്തം

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: നിലമ്പൂർ കരുളായി വനമേഖലയിൽ വ്യാഴാഴ്ച പൊലീസ് നിഷ്ഠൂരമായി വെടിവച്ചു കൊന്ന രണ്ടു മാവോവാദികളിൽ ഒരാളായ അജിത എന്ന കാവേരി ഇതു വരെ ഒരു കേസിലും പ്രതിയല്ല. ഉന്നത വിദ്യാഭ്യാസത്തിന് ഉടമയായ അവർ തിരസ്‌കരിക്കപ്പെട്ട സമൂഹത്തിന്റെ അവകാശപോരാട്ടത്തിനായി മാവോ വാദിയാവുകയായിരുന്നു. ചെന്നൈയ്ക്ക് സമീപം അമ്പത്തൂർ സ്വദേശിനിയാണ് നാൽപ്പത്തിയഞ്ചുകാരിയായ അജിത.

ചെന്നൈയിലെ പ്രശസ്തമായ വനിതാകോളേജിലാണ് ഇവർ ഉന്നതവിദ്യാഭ്യാസം പൂർത്തിയാക്കിയത്. തുടർന്ന് മാവോവാദത്തിൽ ആകൃഷ്ടയായി കർണാടക വനമേഖലയിലേക്ക് പോകുകയായിരുന്നു. കാവേരിയും ഒപ്പം കൊല്ലപ്പെട്ട കൃഷ്ണഗിരി സ്വദേശി കുപ്പുസ്വാമി എന്ന ദേവരാജും ആദിവാസികളുടെയും ദളിതരുടെയും ഉന്നമനത്തിനായി കർണാടകയുടെ വനമേഖലയിൽ പ്രവർത്തിച്ചു വരികയായിരുന്നു. ഇവരെയാണ് തണ്ടർ ബോൾട്ട് കാട്ടിനുള്ളിൽ വച്ച് വെടിവച്ച് കൊന്നത്. അക്രമം ഒന്നും നടന്നില്ലെന്നും പതിയിരുന്ന് ആക്രമിക്കുകയായിരുന്നുവെന്നുമാണ് പുറത്തു വരുന്ന സൂചനകൾ.

2009ൽ കേരള കർണാടക, തമിഴ്‌നാട് സംസ്ഥാനങ്ങൾ കേന്ദ്രമാക്കി പ്രവർത്തിക്കുന്നതിനായി രൂപീകരിച്ച പശ്ചിമഘട്ട പ്രത്യേക മേഖലയിലെ നാടുകാണി ദളത്തിലെ നേതാക്കളായിരുന്നു അജിത. അജിത അഞ്ചുവർഷം മുമ്പാണ് നേതൃത്വത്തിലേക്ക് ഉയരുന്നത്. ഝാർഖണ്ഡിൽനിന്നും ഛത്തീസ്‌ഗഡിൽനിന്നും അജിത ആയുധപ്രയോഗങ്ങളിൽ വിദഗ്ധ പരിശീലനം നേടി. ദേവരാജനും അജിതയും ഉൾപ്പെടുന്ന മാവോവാദി സംഘത്തെ ഉറങ്ങിക്കിടക്കുമ്പോഴാണ് തണ്ടർബോൾട്ടും തീവ്രവാദ വിരുദ്ധ സേനയും അക്രമിച്ചതെന്ന സംശയം സജീവമാണ്. മൊബൈൽ ഫോൺ ഉപയോഗിച്ചതാണ് ദേവരാജനും അജിതയ്ക്കും സംഘത്തിനും വിനയായത്. മറ്റു സഖാക്കൾക്കും ഉത്തരേന്ത്യയിൽ പഠിക്കുന്ന മകൾക്കും ഫോണിൽ ഇദ്ദേഹം സന്ദേശങ്ങൾ കൈമാറിയിരുന്നു. ഇതാണ് കുരുക്കായത്.

സംഘടനയുടെ കേന്ദ്ര സമിതിയിലെ ഏറ്റവും തലമുതിർന്ന നേതാവായിരുന്നു കുപ്പു ദേവരാജ്. 65 വയസ്സുള്ള ഇദ്ദേഹം എൻജിനീയറിങ് പ്രഫഷനലാണ്. ബാംഗ്ലൂരിലെ സ്വകാര്യ കമ്പനിയിൽ ടെക്നിക്കൽ ഓഫിസറായിട്ടാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യ ടെലികോം ഓഫിസറാണ്. കർണാടകയിലെ പിപ്പിൾസ് വാർ ഗ്രൂപ്പിൽ റെയ്ച്ചൂർ ആയിരുന്നു ആദ്യ പ്രവർത്തനം. പിന്നീട് ആന്ധ്രയിലും ഛത്തീസ്‌ഗഡിലും പ്രവർത്തിച്ചു. 2009ൽ ദക്ഷിണേന്ത്യയിലെത്തി. രണ്ട് ദശാബ്ദമായി സുരക്ഷാ സേനകളുടെ കണ്ണ് വെട്ടിച്ച് വനമേഖല കേന്ദ്രമാക്കിയായിരുന്നു പ്രവർത്തനം. ഊന്നുവടിയുടെ സഹായത്തോടെ സഞ്ചരിക്കുന്ന കുപ്പു വിവിധ പേരുകളിലാണ് അറിയപ്പെട്ടിരുന്നത്. കേരളത്തിൽ ശങ്കറും കർണാടകയിൽ മഞ്ജുവും ആന്ധ്രയിൽ ശേഷയ്യയെന്നുമാണ് അറിയപ്പെട്ടത്.

എട്ടുതവണ പൊലീസിന്റെ തോക്കിന്മുനയിൽനിന്നും തലനാരിഴ വ്യത്യാസത്തിലാണ് ഇദ്ദേഹം രക്ഷപ്പെട്ടിരുന്നത്. ഝാർഖണ്ഡിലും ഛത്തീസ്‌ഗഡിലും തമിഴ്‌നാട്ടിലും കർണാടകയിലും ദേവരാജിനെതിരേ 52ഓളം കേസുകളുണ്ട്. ഇരുപതോളം പൊലീസുകാരെ വധിച്ച കേസുകളുമുണ്ട്. ജാർഖണ്ഡ് സർക്കാർ ദേവരാജിന്റെ തലയ്ക്ക് 10 ലക്ഷവും ഛത്തീസ്‌ഗഡ് സർക്കാർ ഏഴുലക്ഷം രൂപയും ഇനാം പ്രഖ്യാപിച്ചിരുന്നു. ഈ വെല്ലുവളിയെല്ലാം അതിജീവിച്ചായിരുന്നു കുപ്പുസ്വാമി പോരാട്ട പാതിയിലായിരുന്നു. ഒരുമാസം മുമ്പ് കർണാടക ക്യൂ ബ്രാഞ്ച് ഇദ്ദേഹത്തിന്റെ നമ്പർ മനസ്സിലാക്കുകയും അതിലേക്കുവരുന്ന സന്ദേശങ്ങൾ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് താവളം ആക്രമിച്ചതെന്നാണ് സൂചന.

കുന്നിന് മുകളിലായിരുന്ന മാവോയിസ്റ്റുസംഘം കാട്ടിൽ തിരച്ചിൽ നടത്തുകയായിരുന്ന തണ്ടർബോൾട്ട് സംഘത്തിനെതിരെയാണ് ആദ്യം വെടിവച്ചതെന്നാണ് പ്രാഥമിക റിപ്പോർട്ട്. തുടർന്ന് കുന്നിന്റെ താഴെ ഭാഗത്തുണ്ടായിരുന്ന പൊലീസ് തിരിച്ചടിച്ചു. ഒരുമണിക്കൂർ വെടിവെപ്പ് നടന്നെന്നാണ് ലഭിക്കുന്ന വിവരം. എത്ര റൗണ്ട് വെടിവച്ചുവെന്ന് പറയാൻ അധികൃതർ തയാറായില്ല. ഷെഡുകളിലെ പരിശോധനയും ഇൻക്വസ്റ്റ് ഉൾപ്പെടെയുള്ളവ പൂർത്തിയാക്കി ഇന്നലെ സന്ധ്യയോടെയാണ് മൃതദ്ദേഹങ്ങൾ വനത്തിന് പുറത്തെത്തിച്ചത്. പിന്നീട് മൃതദ്ദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇതിനിടെ ഇവരുടെ ചിത്രങ്ങൾ പുറത്തുവന്നു. ഇതിൽ നിന്നാണ് ഏറ്റുമുട്ടലല്ല, ഏകപക്ഷീയമായ കൊലപാതകമാണ് നടന്നതെന്ന് സൂചനകൾ പുറത്തു വന്നത്. ഇത് നിഷേധിക്കാൻ പൊലീസും ന്യായങ്ങളുമായി എത്തിയില്ലെന്നത് ശ്രദ്ധേയമാണ്.

കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാക്കളുടെ മൃതദേഹം ഏറ്റെടുക്കാമെന്ന് മുൻനക്സലൈറ്റും എസ്ഡിപിഐയുടെ പോഷകസംഘടന എസ്ഡിടിയുവിന്റെ സംസ്ഥാന പ്രസിഡന്റുമായ ഗ്രോവാസു കോഴിക്കോട്ട് അറിയിച്ചു. ഈ വിവരം മലപ്പുറം എസ്‌പിയെ അറിയിച്ചിട്ടുണ്ടെന്നും ഗ്രോവാസു മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. നടന്നത് ഏകപക്ഷീയമായ ആക്രമണമാണെന്നും സംഭവത്തെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം വേണമെന്നും വാസു കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP