Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കഴക്കൂട്ടം മാസ്റ്റർ പ്ലാൻ വീണ്ടും പൊക്കിയെടുത്തത് ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയതന്ത്രം; വെട്ടിൽ വീണപ്പോൾ ഉണർന്നെണീറ്റ സിപിഐ(എം) തിരിച്ചടിച്ചു; അടുത്ത ഊഴം ബിജെപിയുടേത്: കേന്ദ്ര ആഭ്യന്തര വകുപ്പ് റിപ്പോർട്ട് തേടി; സിപിഐ(എം) നേതാക്കളെ ഓടിച്ചിട്ടു പിടികൂടാൻ ആഭ്യന്തര വകുപ്പിന് നിർദ്ദേശം

കഴക്കൂട്ടം മാസ്റ്റർ പ്ലാൻ വീണ്ടും പൊക്കിയെടുത്തത് ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയതന്ത്രം; വെട്ടിൽ വീണപ്പോൾ ഉണർന്നെണീറ്റ സിപിഐ(എം) തിരിച്ചടിച്ചു; അടുത്ത ഊഴം ബിജെപിയുടേത്: കേന്ദ്ര ആഭ്യന്തര വകുപ്പ് റിപ്പോർട്ട് തേടി; സിപിഐ(എം) നേതാക്കളെ ഓടിച്ചിട്ടു പിടികൂടാൻ ആഭ്യന്തര വകുപ്പിന് നിർദ്ദേശം

തിരുവനന്തപുരം: രണ്ടുവർഷം മുമ്പ് മരവിപ്പിച്ച കഴക്കൂട്ടം മാസ്റ്റർ പ്ലാൻ പെട്ടെന്നൊരു യോഗത്തിൽ സർക്കാർ വീണ്ടും കുത്തിപ്പൊക്കിയതല്ലെന്നും കരുതിക്കൂട്ടി ഇറക്കിയ തെരഞ്ഞെടുപ്പ് തന്ത്രമാണെന്നും തെളിയുന്നു. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും തമ്മിൽ നടന്ന ചർച്ചയ്ക്കുശേഷം മന്ത്രിസഭയിൽ കഴക്കൂട്ടം മാസ്റ്റർ പ്ലാൻ നടപ്പാക്കൽ ഉത്തരവ് വീണ്ടും പുറപ്പെടുവിക്കാൻ തീരുമാനിക്കുകയായിരുന്നു. പ്രശ്‌നത്തിന്റെ പേരിൽ സിപിഐ -എമ്മും ബിജെപിയും തമ്മിലടിക്കുമെന്നും ഇരുകൂട്ടരുടേയും അക്രമകഥകൾ പറഞ്ഞ് വോട്ട് നേടാമെന്നുമായിരുന്നു സർക്കാരിന്റെ പദ്ധതി. എന്നാൽ സർക്കാരിന്റെ തന്ത്രത്തിൽ അടിതെറ്റി വീണ സിപിഐ- എം അടുത്ത നിമിഷത്തിൽ തിരിച്ചടിച്ച് ജനങ്ങളെ കൈയിലെടുത്തു. ഇത്തവണ അമളിപറ്റിയ ബിജെപി കേന്ദ്രസർക്കാരിനെ ഉപയോഗിച്ച് വിഷയം കത്തിക്കാനുള്ള തീരുമാനത്തിലാണ്.

രണ്ടുവർഷം മുമ്പ് ഇതേ മാസ്റ്റർ പ്ലാൻ സർക്കാർ പുറപ്പെടുവിച്ചപ്പോൾ, അതിനെ എതിർക്കാതെ കൂടുതൽ പഠനത്തിനെന്നു പറഞ്ഞ് നഗരസഭാ ഭരണസമിതി കാത്തിരുന്നു. ഈ അവസരം മുതലാക്കി ബിജെപി കഴക്കൂട്ടത്തെ ജനങ്ങളെ സംഘടിപ്പിച്ചു. ജനങ്ങളുടെ ഭൂമി നഷ്ടപ്പെടുമെന്നും യുഡിഎഫ്- എൽഡിഎഫ് കച്ചവടത്തിനെതിരേ ഒന്നിക്കണമെന്നും പ്രചരിപ്പിച്ച് ബിജെപി രംഗത്തെത്തി. റിയൽ എസ്റ്റേറ്റ് ബ്രോക്കർമാരായ പ്രമുഖ സിപിഐ എം -ഡിവൈഎഫ്‌ഐ നേതാക്കൾ ഈ സമരത്തിൽ ബിജെപിയെ പിന്തുണച്ച് ഭൂസംരക്ഷണ സമിതിയുണ്ടാക്കി. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിലും നഗരസഭാ തെരഞ്ഞെടുപ്പിലും എൽഡിഎഫിന് അഞ്ചോളം വാർഡുകളിൽ വോട്ട് ചോരുകയും ബിജെപി ഇവിടങ്ങളിൽ ശക്തമായ മുന്നേറ്റം ഉണ്ടാക്കുകയും ചെയ്തു. ഇതേ സമയം കഴക്കൂട്ടത്തിന്റെ സമഗ്രവികസനത്തിനുള്ള പദ്ധതിക്ക് ബിജെപിയും എൽഡിഎഫും എതിര് നിൽക്കുന്നുവെന്നു പ്രചരിപ്പിച്ച് സ്ഥലം എംഎൽഎ മുതലെടുക്കുകയും ചെയ്തു.

എന്നാൽ ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഈ തുറുപ്പ് ചീട്ട് വീണ്ടുമിറക്കി. ആദ്യദിവസം അദ്ദേഹത്തിന്റെ ബുദ്ധി ഫലിച്ചു. സിപിഐ -എമ്മും ബിജെപിയും യുദ്ധത്തിനായി തെരുവിലിറങ്ങി. ബിജെപിയുടെ നിരവധി പ്രവർത്തകർ ആശുപത്രിയിലാകുകയും ചെയ്തു. പക്ഷേ അടുത്തദിവസം രാവിലെ മുതൽ മുഖ്യമന്ത്രിയുടേയും സർക്കാരിന്റെയും തന്ത്രത്തിന് സിപിഐ -എം തിരിച്ചടി കൊടുത്തു. 'നഗരസഭ ഭരിക്കുന്നത് എൽഡിഎഫ് ആണെങ്കിൽ ഈ മാസ്റ്റർ പ്ലാൻ നടപ്പാക്കില്ല' എന്ന് മേയർ അഡ്വ.വി കെ പ്രശാന്തിനെക്കൊണ്ട് പറഞ്ഞ് കൈയടി നേടിയ സിപിഐ- എം മേയറെ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് പറഞ്ഞു വിട്ടു.

മേയറും കൗൺസിലർമാരും മുഖ്യമന്ത്രിയുടെ ഓഫീസിനു മുന്നിൽ കുത്തിയിരുപ്പ് സത്യാഗ്രഹം ആരംഭിച്ചതോടെ സർക്കാർ വെട്ടിലായി. മുഖ്യമന്ത്രിക്ക് ഓഫീസിൽ കയറാൻപോലും കഴിയാത്ത സ്ഥിതിയായപ്പോൾ നഗരകാര്യ മന്ത്രി മഞ്ഞളാംകുഴി അലിക്ക് 'കഴക്കൂട്ടം മാസ്റ്റർ പ്ലാൻ നടപ്പാക്കില്ല' എന്ന് മേയറുടെ കൈയിൽ രേഖാമൂലം എഴുതി ഒപ്പിട്ടു കൊടുക്കേണ്ടി വന്നു. കഴക്കൂട്ടം മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി വീണ്ടുമെത്തുന്ന സിപിഐ -എം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്റേതായിരുന്നു ഇതിനു പിന്നിൽ പ്രവർത്തിച്ച ബുദ്ധി.

മാസ്റ്റർ പ്ലാൻ നടപ്പാക്കില്ലെന്ന് തീരുമാനിച്ച നഗരസഭയ്ക്കും മേയർക്കുമെതിരേ സമരം ചെയ്യുന്ന ബിജെപി യുഡിഎഫിന് കൂട്ടുനിൽക്കുകയാണെന്ന് പ്രചരിപ്പിക്കാനും കഴിഞ്ഞതോടെ സിപിഐ- എം ഏറെ മുന്നിലുമെത്തി. വെളുക്കാൻ തേച്ചത് പാണ്ടാകുമെന്ന അവസ്ഥയിലായപ്പോൾ ബിജെപി സംസ്ഥാന നേതൃത്വം വീണ്ടും കേന്ദ്രത്തിന്റെ സഹായം തേടി. കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനിയും രാജീവ് പ്രതാപ് റൂഡിയും ചേർന്ന് കഴക്കൂട്ടം വിഷയത്തിലും കേരളത്തിലെ അക്രമത്തിലും സിപിഐ- എമ്മിനെതിരേ നടത്തിയ പത്രസമ്മേളനത്തോടെ ബിജെപി കളിയിലേക്ക് തിരിച്ചുവന്നു.

അടുത്ത ഘട്ടം കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിന്റേതായിരുന്നു. അടുത്തദിവസംതന്നെ അദ്ദേഹം സംസ്ഥാന ആഭ്യന്തര സെക്രട്ടറിയോട് വിശദീകരണം ചോദിച്ചു. തൊട്ടടുത്ത മണിക്കൂറിൽ ഒമ്പത് സിപിഐ -എം പ്രവർത്തകർ അകത്തായി. അതോടെ കളിയിൽ മുന്നിലായിരുന്ന സിപിഐ- എം മൂന്നാംസ്ഥാനത്ത് പോയി. സിപിഐ എം അക്രമ രാഷ്ട്രീയത്തിന്റെ വക്താക്കളാണെന്ന പ്രചരണവുമായി സെക്രട്ടറിയറ്റ് പടിക്കൽ ദേശീയ നേതാക്കളെ അണിനിരത്തിയ സമരംകൂടിയായപ്പോൾ മിണ്ടാൻ കഴിയാത്ത അവസ്ഥയിലായി സിപിഐ- എം.

കാട്ടായിക്കോണം സംഘർഷത്തിൽ തലയ്ക്ക് അടിയേറ്റ ആലപ്പുഴ സ്വദേശിയായ ബിജെപി പ്രവർത്തകൻ അമൽ കൃഷ്ണയുടെ നില അതീവ ഗുരുതരമാണെന്നും ജീവിക്കാൻ സാധ്യതയില്ലെന്നുമാണ് ബിജെപി ഇപ്പോൾ പ്രചരിപ്പിക്കുന്നത്. അമലിന് മസ്തിഷ്‌ക മരണം സംഭവിച്ചുവെന്നും അമിത്ഷാ ഉൾപ്പെടെയുള്ള ദേശീയ നേതാക്കൾ എത്തിയ ശേഷം മരണം പ്രഖ്യാപിക്കുമെന്നുമുള്ള പ്രചരണവും ശക്തമാണ്. എന്നാൽ തിരുവനന്തപുരം കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന അമലിനെ ബുധനാഴ്ച ഉച്ചയ്ക്ക് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. അമൽ അപകടനില തരണം ചെയ്യണമെന്ന് ബിജെപിക്കാരേക്കാൾ ആഗ്രഹിക്കുന്നത് സിപിഐ എമ്മുകാരാണ്. അല്ലെങ്കിൽ ഈ ഒരു കാരണത്താൽ ബിജെപി വോട്ട് പിടിക്കും.

അതേസമയം കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ ഇടപെടൽ സമ്മർദത്തിലാക്കുന്നത് പൊലീസ് ഉദ്യോഗസ്ഥരെയാണ്. അക്രമത്തിന് നേതൃത്വം കൊടുത്തതിന്റെ പേരിൽ വി മുരളീധരൻ ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾക്കെതിരേ കേസെടുക്കാനായിരുന്നു ആദ്യ നീക്കം. എന്നാൽ സിപിഐ- എം പ്രവർത്തകരെ അറസ്റ്റ് ചെയ്യാനാണ് സംസ്ഥാന ആഭ്യന്തര വകുപ്പ് ഇപ്പോൾ അവർക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. തങ്ങളുടെ പ്രവർത്തകരുടെ വീടുകളിലെത്തി പൊലീസ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പിടിച്ചുകൊണ്ടുപോകുകയാണെന്ന് സിപിഐ- എം ആരോപിക്കുന്നു. കണ്ണൂർ, കോഴിക്കോട്, കാസർഗോഡ് ജില്ലകളിൽനിന്നെത്തിയ ബിജെപി, ആർഎസ്എസ് പ്രവർത്തകരാണ് അക്രമം നടത്തിയതെന്നും ആശുപത്രിയിലായവരിലധികവും കഴക്കൂട്ടം മണ്ഡലത്തിന് പുറത്തുള്ളവരാണെന്നും സിപിഐ -എം ആരോപിക്കുന്നു. അക്രമത്തിൽ പങ്കെടുത്ത ബിജെപി പ്രവർത്തകരെ പിടികൂടാതെ തങ്ങളുടെ പ്രവർത്തകരെ മാത്രം പിടികൂടിയത് കോൺഗ്രസും ബിജെപിയും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമാണെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രൻ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP