Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ആതിരയേയും അഖിലയേയും ഇസ്‌ളാമിലേക്ക് മതംമാറ്റിയതിൽ പോപ്പുലർ ഫ്രണ്ടിന് നിർണായക പങ്ക്; രണ്ടിലും സത്യസരണിയുടെ റോൾ വ്യക്തമായിട്ടും നടപടിയെടുക്കാത്തത് പൊലീസിന് തിരിച്ചടിയായി; ഇസ്‌ളാംമതം സ്വീകരിച്ച പെൺകുട്ടിയുടെ വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധി വ്യാപക ചർച്ചയാവുന്നു; പരിവർത്തന സംഘങ്ങളെപ്പറ്റിയുള്ള അന്വേഷണം ഐസിസ് റിക്രൂട്ട്‌മെന്റിനും തടയിടും

ആതിരയേയും അഖിലയേയും ഇസ്‌ളാമിലേക്ക് മതംമാറ്റിയതിൽ പോപ്പുലർ ഫ്രണ്ടിന് നിർണായക പങ്ക്; രണ്ടിലും സത്യസരണിയുടെ റോൾ വ്യക്തമായിട്ടും നടപടിയെടുക്കാത്തത് പൊലീസിന് തിരിച്ചടിയായി; ഇസ്‌ളാംമതം സ്വീകരിച്ച പെൺകുട്ടിയുടെ വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധി വ്യാപക ചർച്ചയാവുന്നു;  പരിവർത്തന സംഘങ്ങളെപ്പറ്റിയുള്ള അന്വേഷണം ഐസിസ് റിക്രൂട്ട്‌മെന്റിനും തടയിടും

എംപി റാഫി

മലപ്പുറം: ഇസ്ലാം മതം സ്വീകരിച്ച പെൺകുട്ടിയുടെ വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധി ഇന്നലെ പുറത്തുവന്നതോടെ ഉത്തരവ് സംബന്ധിച്ച വാദപ്രവതിവാദങ്ങൾക്കും ചൂടുപിടിച്ചിരിക്കുകയാണ്. ഇസ്ലാം മതം സ്വീകരിച്ച കോട്ടയം വൈക്കം സ്വദേശി അഖില എന്ന ഹാദിയയുടെ പിതാവ് അശോകൻ നൽകിയ ഹർജിയിലായിരുന്നു കോടതി വിധി.

അഖിലയുടെ കേസുമായി ഏറെ സാമ്യങ്ങളുള്ള മറ്റൊരു കേസായിരുന്നു പാലക്കാട് ചെർപ്പുളശ്ശേരിയിലെ ആതിരയുടേതും. ആതിരയുടെ കേസിൽ മതപരിവർത്തനം നടത്തിയവർക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ അഖില കേസ് അന്വേഷിച്ച പെരിന്തൽമണ്ണ ഡിവൈഎസ്‌പി കോടതിയിൽ നൽകിയ റിപ്പോർട്ടും അന്വേഷണ റിപ്പോർട്ടും തമ്മിലുള്ള വൈരുദ്ധ്യമായിരുന്നു അന്വേഷണ ഉദ്യോഗസ്ഥനടക്കും തിരിച്ചടിയായ വിധി ഉണ്ടായിരിക്കുന്നത്.

പെൺകുട്ടി സ്വന്തം താൽപര്യ പ്രകാരം മതം മാറിയതാണെന്നായിരുന്നു കോടതിയിൽ സമർപ്പിച്ച കേസ് റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ അഖിലയുടെ മതം മാറ്റവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചവരേയും സംരക്ഷണം നൽകിയവരേയും സംബന്ധിച്ച് റിപ്പോർട്ടിൽ പ്രതിപാദിക്കുന്നുമുണ്ട്. മഞ്ചേരി സത്യസരണിക്കും ആതിരയുടെ മതംമാറ്റലിനു പിന്നിൽ പ്രവർത്തിച്ച ചിലർക്കും അഖിലയുടെ കേസുമായും ബന്ധമുണ്ട്. എന്നാൽ അഖില പ്രേരണ കൂടാതെയാണ് മതം മാറിയതെന്ന റിപ്പോർട്ട് നൽകിയ സാഹചര്യത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥനെതിരെ വകുപ്പ്തല അന്വേഷണത്തിനും മതംമാറ്റ സംഘങ്ങളെ കുറിച്ച് ഡിജിപി അന്വേഷിക്കാനും കോടതി ഉത്തരവിട്ടിരിക്കുന്നത്.

അഖിലും കൊല്ലം സ്വദേശി ഷെഫിൻ ജഹാനും തമ്മിലുള്ള വിവാഹം റദ്ദാക്കിയ കോടതി പുറപ്പെടുവിച്ച വിധി വ്യാപക ചർച്ചകൾക്കും ഇടയാക്കിയിരിക്കുകയാണ്. കഴിഞ്ഞ വർഷം കേരളം ഏറെ ചർച്ച ചെയ്യപ്പെട്ട വിഷയമായിരുന്നു മതംമാറ്റവും മതംമാറ്റി വിദേശത്തേക്ക് കടത്തുന്ന സംഭവങ്ങളും. എന്നാൽ അഖില ഹാദിയയുടെ കേസിൽ കോടതി ഉത്തരവ് വന്നതോടെ മതംമാറ്റ സംഭവങ്ങളും മതംമാറ്റ കേന്ദ്രങ്ങളും വീണ്ടും ചർച്ചയായി. സംസ്ഥാനത്തെ മതംമാറ്റ സംഘങ്ങളെ കുറിച്ചും കേന്ദ്രങ്ങളെകുറിച്ചും ഡിജിപി അന്വേഷിക്കാനും ഹൈക്കോടതി ഉത്തരവിൽ പറയുന്നുണ്ട്. അഖില ഹാദിയ കേസിന് സമാനമായ ആതിര കേസ് കഴിഞ്ഞ വർഷം മറുനാടൻ മലയാളിയായിരുന്നു പുറത്ത് വിട്ടത്. ഈ കേസിൽ പെൺകുട്ടി മതം മാറിയത് പ്രേരണപ്രകാരമായിരുന്നെന്നും ഇതനുസരിച്ച് പെൺകുട്ടിയുടെ താൽപര്യവും കണക്കിലെടുത്ത് കോടതി വീട്ടുകാർക്കൊപ്പം പോകാൻ അനുവദിക്കുകയായിരുന്നു.

ഈ രണ്ട് മതം മാറ്റ കേസുകൾക്കും സാമ്യങ്ങൾ ഏറെയാണ്. ഇരുവരെയും മതംമാറ്റുന്നതിനായി കൊണ്ടുവന്നത് മഞ്ചേരിയിലെ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സത്യസരണി എന്ന സ്ഥാപനത്തിലേക്കായിരുന്നു. പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായിരുന്നു മതം മാറ്റിയ ഇരുവർക്കും സംരക്ഷണം നൽകിയിരുന്നത്. മതം മാറ്റത്തിന് വിധേയമായ രണ്ടു പെൺകുട്ടികളുമായും പോപ്പുലർ ഫ്രണ്ട് വനിതാ വിഭാഗം ദേശീയ നേതാവ് എ.എസ് സൈനബ ടീച്ചർ അടക്കമുള്ളവർ ബന്ധപ്പെട്ടിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.

നേരത്തേ ആതിരയുടെ കേസിൽ അറസ്റ്റിലായവരിൽ നാലു പേരും പോപ്പുലർ ഫ്രണ്ട്, എസ്.ഡി.പി.ഐ പ്രവർത്തകരാണ്. ഈ കേസിൽ സത്യ സരണി മാനേജറും അറസ്റ്റിലായിരുന്നു. ആതിരയുടെ മതംമാറ്റ കേസിൽ ഒന്നാം പ്രതിയായ പട്ടിക്കാട് സ്വദേശി നൗഫൽ കുരിക്കളെ ഇതുവരെ പിടികൂടിയിട്ടില്ല. വിദേശത്തുള്ള ഇയാൾക്കായി പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. എം.എം അക്‌ബർ നേതൃത്വം കൊടുക്കുന്ന നീച്ച് ഓഫ് ട്രൂത്ത് സംഘടനയുടെ സജീവ പ്രവർത്തകനായ നൗഫൽ വേറെയും മതപരിവർത്തന കേസുകളിൽ പ്രതിയാണ്.

മതം മാറി വിദേശത്തേക്കു പോയ പെരിന്തൽമണ്ണ സ്വദേശി അഖിൽ അബ്ദുള്ളയുടെ മതം മാറ്റത്തിനു പിന്നിലും നൗഫൽ പ്രവർത്തിച്ചിരുന്നതായി നേരത്തേ പൊലീസ് കണ്ടെത്തിയിരുന്നു. 2016 ജൂൺ 15ന് ചെർപുളശേരി പൊലീസിൽ ആതിരയുടെ അഛൻ അപ്പുണ്ണി നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണമാണ് മഞ്ചേരി സത്യ സരണിയിലും പോപ്പുലർഫ്രണ്ട്, എസ്.ഡി.പി.ഐ പ്രവർത്തകരിലേക്കും എത്തിയത്.

ആതിര മതംമാറിയത് പ്രേരണയുടെ അടിസ്ഥാനത്തിലാണെന്ന് ചെർപുളശേരി പൊലീസ് നൽകിയ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ഇതനുസരിച്ചായിരുന്നു തുടർനടപടിയും നിർബന്ധിച്ച് മതപരിവർത്തനം നത്തിയതിന് കേസെടുക്കുകയും ചെയ്തത്. പെരിന്തൽമണ്ണയിലെ ഒരു സ്ഥാപനത്തിൽ ജോലി ചെയ്യുന്നതിനിടെയാണ് ആതിര നൗഫലിനെ പരിചയപ്പെടുന്നത്. പിന്നീട് സത്യസരണിയിൽ എത്തിച്ച് മതപരിവർത്തനം നടത്തുകയായിരുന്നു.

പിതാവ് പരാതി നൽകിയതോടെ പെൺകുട്ടിയെ ഒളിവിൽ താമസിപ്പിച്ചിരുന്നത് എസ്.ഡി.പി.ഐ നേതാവ് സീന ഫർസാനയുടെ വീട്ടിലായിരുന്നു. തുടർന്ന് ആതിരയുടെ പിതാവ് ഹേർബിയസ് കോർപ്പസ് ഹരജി ഫയൽ ചെയ്തെങ്കിലും ആതിര വീട്ടുകാർക്കൊപ്പം പോയിരുന്നില്ല. വീണ്ടും കോടതിയിൽ ഹരജി സമർപ്പിച്ചിരുന്നു. തുടർന്ന് ആതിര വീട്ടുകാർക്കൊപ്പം പോകുകയായിരുന്നു. ആതിരയെ ഒളിവിൽ പാർപ്പിച്ച സമയത്ത് വിവാഹം കഴിപ്പിക്കാനുള്ള നീക്കവും നടത്തിയിരുന്നു.

ചിലരെ കൊണ്ട് പെണ്ണ് കാണിക്കൽ വരെ നടന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. മാത്രമല്ല, ഇതിനിടെ തിരക്കിട്ട് ആതിരക്ക് പാസ്പോർട്ട് തരപ്പെടുത്തുകയും ചെയ്തു. വിവാഹം ശേഷം ആതിരയെ വിദേശത്തേക്ക് കയറ്റുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യമെന്ന് പൊലീസ് പറഞ്ഞു. ഈ സാഹചര്യത്തിലായിരുന്നു ആതിര വീട്ടുകാർക്കൊപ്പം പോയത്. വീട്ടുകാരോടൊപ്പം പോയ ആതിരക്ക് പൊലീസിന്റെ സംരക്ഷണം നൽകാനും കോടതി ഉത്തരവിട്ടിരുന്നു.

തൃപ്പൂണിത്തറയിൽ ഹിന്ദുമതവിഭാഗത്തിനു കീഴിലുള്ള ഒരു സ്ഥാപനത്തിൽ താമസിച്ച് പഠിക്കുകയാണിപ്പോൾ 21 കാരി ആതിര. പൊലീസ് സംരക്ഷണം വേണ്ടെന്ന് കാണിച്ച് ഹൈക്കോടതിയിൽ പിതാവ് സമർപ്പിച്ച ഹരജി കണക്കിലെടുത്ത് പൊലീസിനെ പിൻവലിക്കാൻ രണ്ട് മാസം മുമ്പ് കോടതി ഉത്തരവിറക്കി. അതേസമയം ആതിരയുടെ പാസ്പോർട്ട് ഇപ്പോഴും പൊലീസ് കസ്റ്റഡിയിലാണെന്നും വിദേശ യാത്രകൾ സംബന്ധിച്ച കാര്യത്തിൽ നിരീക്ഷണങ്ങളുണ്ടാകുമെന്നും അന്വേഷ ഉദ്യോഗസ്ഥൻ മറുനാടൻ മലയാളിയോടു പറഞ്ഞു. ആതിരയുടെ മതം മാറ്റ കേസിൽ ഉൾപ്പെട്ട സ്ഥാപനവും വ്യക്തികളും അഖിലയുടെ മതപരിവർത്തനത്തിനു പിന്നിലും പ്രവർത്തിച്ചു എന്നതാണ് രണ്ട് കേസുകളും തമ്മിലുള്ള സാമ്യം.

ഹോമിയോ ഡോക്ടറായ അഖില ഹാദിയ പഠന ശേഷം താമസിച്ചിരുന്നത് സൈനബ ടീച്ചറുടെ സംരക്ഷണത്തിലായിരുന്നു. കോട്ടക്കൽ പുത്തൂരിലെ ഇവരുടെ വീട്ടിലായിരുന്നു താമസം. പുത്തൂർ പള്ളി ഇമാം സൈനബയുടെ വീട്ടിൽ വെച്ച് 2016 ഡിസംബർ 19നായിരുന്നു നിക്കാഹ് ചെയ്തു കൊടുത്തത്. തുടർന്ന് രണ്ട് ദിവസം ഒരുമിച്ചു താമസിച്ചപ്പോഴേക്കും അഖിലയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കോടതിൽ ഹാജരാകേണ്ടി വന്നു. പിന്നീട് കോടതിയുടെ നിർദ്ദേശ പ്രകാരം എറണാകുളം എസ്.എൻ.വി സദനത്തിൽ അഖിലയെ തടവിൽ പാർപ്പിക്കുകയായിരുന്നു.

അഖില ഹാദിയയുടെയും ഷെഫിൻ ജഹാന്റേയും വിവാഹം റദ്ദാക്കിയ കോടതി വിധിയോട് അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണങ്ങളും വ്യാപകമായി ഉയർന്നിട്ടുണ്ട്. ഇഷ്ടമുള്ള മതം സ്വീകരിക്കാനും ഇഷ്ടമുള്ള ആളോടൊപ്പം ജീവിക്കാനും ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്നുണ്ടെന്നും ഇതിനു വിരുദ്ധമാണ് ഇന്നലെയുണ്ടായ കോടതി വിധിയെന്നുമാണ് പ്രധാന വിമർശനം.

മതം മാറ്റത്തെയും മതം മാറിയുള്ള വിവാഹത്തേയും തീവ്രവാദവുമായി ബന്ധപ്പെടുത്തുന്നതിനെതിരേയും സോഷ്യൽ മീഡിയയിൽ വ്യാപകമായ പ്രതികരണങ്ങൾ ഉയർന്നു. മതം മാറ്റ വിഷയത്തിൽ വിശദമായ പൊലീസ് അന്വേഷണത്തിന് കോടതി ഉത്തരവിട്ടിട്ടുണ്ട്. ഇതോടെ ഈ കേസുകളിൽ വ്യക്തത വരുത്താനാൻ ആകുമെന്നാണ് വിലയിരുത്തൽ. അതേസമയം, വരൻ ഷെഹിൻ ജഹാനും കുടുംബവും ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നാണ് അറിയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP