Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആഗോള കത്തോലിക്കാ സഭയിലും പുരോഹിതരുടെ ലൈംഗിക ചൂഷണം ശക്തം! പുറം ലോകമറിയാത്ത 'ഫ്രാങ്കോ മുളയ്ക്കന്മാർ'ക്കെതിരെ ആഞ്ഞടിച്ച് മാർപാപ്പ; ലൈംഗിക ആരോപണങ്ങൾ വിശ്വാസികളെ സഭയിൽ നിന്നും അകറ്റുന്നു; സഭ കാലത്തിനൊത്ത് മാറുകയും ഭാവി തലമുറയെ ചേർത്ത് നിറുത്തുകയും വേണമെന്ന് ആഹ്വാനം; പീഡനകേസ് ഇരകൾക്ക് നഷ്ടപരിഹാരം നൽകാൻ യൂറോപ്പിൽ പള്ളികൾ വിൽക്കുന്ന കാലത്ത് അനിവാര്യ മാറ്റത്തിലേക്ക് വിരൽചൂണ്ടി പോപ്പ് ഫ്രാൻസിസ്

ആഗോള കത്തോലിക്കാ സഭയിലും പുരോഹിതരുടെ ലൈംഗിക ചൂഷണം ശക്തം! പുറം ലോകമറിയാത്ത 'ഫ്രാങ്കോ മുളയ്ക്കന്മാർ'ക്കെതിരെ ആഞ്ഞടിച്ച് മാർപാപ്പ; ലൈംഗിക ആരോപണങ്ങൾ വിശ്വാസികളെ സഭയിൽ നിന്നും അകറ്റുന്നു; സഭ കാലത്തിനൊത്ത് മാറുകയും ഭാവി തലമുറയെ ചേർത്ത് നിറുത്തുകയും വേണമെന്ന് ആഹ്വാനം; പീഡനകേസ് ഇരകൾക്ക് നഷ്ടപരിഹാരം നൽകാൻ യൂറോപ്പിൽ പള്ളികൾ വിൽക്കുന്ന കാലത്ത് അനിവാര്യ മാറ്റത്തിലേക്ക് വിരൽചൂണ്ടി പോപ്പ് ഫ്രാൻസിസ്

മറുനാടൻ ഡെസ്‌ക്ക്

എസ്റ്റോണിയ: യൂറോപ്പിലും ഫ്രാങ്കോ മുളയ്ക്കന്മാരുണ്ടെന്ന സൂചനകൾ ലഭിക്കുന്ന തരത്തിലുള്ള വാർത്തയാണ് ഇപ്പോൾ വത്തിക്കാനിൽ നിന്ന് വരുന്നത്. അതിനിടെയാണ് മാറ്റത്തിനുള്ള ആഹ്വാനവുമായി ഫ്രാൻസിസ് മാർപാപ്പ രംഗത്തെത്തിയത്. ലൈംഗികാരോപണങ്ങൾ വിശ്വാസികളെ സഭയിൽ നിന്നും അകറ്റുന്നുവെന്നും ഭാവി തലമുറയെ സഭയ്‌ക്കൊപ്പം ചേർത്ത് നിറുത്തണമെന്നും മാർപ്പാപ്പ പറഞ്ഞു. എസ്റ്റോണിയയിൽ വിശ്വാസികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സഭ കാലത്തിനൊത്ത് മാറണമെന്നും മാർപാപ്പ കൂട്ടിച്ചേർത്തു.

വൈദികരുൾപ്പെട്ട ലൈംഗികപീഡനക്കേസുകൾ വർധിച്ച് വരുന്ന സാഹചര്യത്തിൽ പ്രശ്നം ചർച്ച ചെയ്യാൻ ഫ്രാൻസിസ് മാർപാപ്പ മുതിർന്ന ബിഷപ്പുമാരുടെ സമ്മേളനം വിളിച്ചിരുന്നു.വത്തിക്കാനിൽ അടുത്ത വർഷം ഫെബ്രുവരി 21 മുതൽ 24 വരെയാണ് സമ്മേളനം നടക്കുകയെന്നാണ് റിപ്പോർട്ടുകൾ. കർദിനാൾ സംഘത്തിന്റെ ഉപദേശപ്രകാരമാണ് തീരുമാനം.

ഒൻപത് കർദിനാൾമാർ ഉൾപെട്ട സംഘം കഴിഞ്ഞ കുറച്ച് ദിവസം വത്തിക്കാനിൽ നടത്തിയ പ്രത്യേക യോഗത്തിനു ശേഷമാണ് ബിഷപ്പുമാരുടെ സമ്മേളനം വിളിക്കണമെന്ന് മാർപാപ്പയോട് ആവശ്യപ്പെട്ടത്.അമേരിക്ക, ജർമനി ചിലി, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ വൈദികർ ഉൾപ്പെട്ട പീഡനക്കേസുകൾ നിരവധിയാണ്. ലൈംഗിക പീഡനക്കേസുകൾ സഭയക്ക് വലിയ പ്രതിസന്ധി സൃഷ്ടിച്ച സാഹചര്യത്തിലാണ് അടിയന്തര സമ്മേളനം വിളിച്ച് ചേർക്കാൻ തീരുമാനിച്ചത്.

അതേസമയം വൈദികരുൾെപ്പട്ട ലൈംഗികപീഡനക്കേസുകൾ സംബന്ധിച്ച ജർമൻ മെത്രാൻ സമിതിയുടെ റിപ്പോർട്ട് ഏതാരം ദിവസം മുൻപ് പുറത്തു വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് യോഗം വിളിച്ച് ചേർക്കാൻ മാർപ്പാപ്പ തീരുമാനിച്ചത്.കഴിഞ്ഞ 70 വർഷത്തിനിടെ ജർമനിയിൽ പ്രായപൂർത്തിയാകാത്ത 3677 പേർ വൈദികരുടെ പീഡനത്തിന് ഇരയായെന്നാണ് റിപ്പോർട്ട്.

ഇതിൽ 1670 വൈദികരാണ് പ്രതിസ്ഥാനത്തുള്ളത്. അമേരിക്കയിലെ പെൻസിൽവാനിയയിൽ 301 വൈദികർ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിരുന്നു.വാഷിങ്ടൺ കർദിനാൾ തിയോഡോർ മക്കാറികിനെതിരായ പരാതികളിൽ നടപടി വൈകിപ്പിച്ചെന്ന് ആരോപിച്ച് ഇറ്റാലിയൻ ആർച്ച് ബിഷപ് മാർപാപ്പയുടെ രാജി ആവശ്യപ്പെട്ടതും പ്രതിസന്ധി വർധിപ്പിച്ചുവെന്നാണ് റിപ്പോർട്ടുകൾ.

സഭയെ പൊറുതി മുട്ടിക്കുന്നത് പുരോഹിതർക്കെതിരായ പീഡന കേസുകൾ

പെൻസിൽവേനിയയിൽ പുരോഹിതർ ബാലലൈംഗികപീഡനം നടത്തുന്നുവെന്ന റിപ്പോർട്ടുകൾ 2002-ൽ പുറത്തുവന്നതോടെ യു.എസ്. കത്തോലിക്കാ സഭ പ്രതിസന്ധിയിലായിരുന്നു. വാഷിങ്ടൺ ആർച്ച് ബിഷപ്പായിരുന്ന കർദിനാൾ തിയോഡോർ മക്കാരിക്കിന്റെ പേരിൽ 2013-ൽ ഉയർന്ന ലൈംഗികാരോപണവും തുടർന്നുണ്ടായ രാജിയും സഭയെ കൂടുതൽ കുരുക്കിലാക്കിയിട്ടുണ്ട്. 1970-കളിൽ ന്യൂയോർക്കിൽ പുരോഹിതനായിരിക്കുമ്പോൾ കൗമാരക്കാരനെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് മക്കാരിക്കിന്റെ പേരിലുള്ള ആരോപണം.

പെൻസിൽവേനിയയിൽ പുരോഹിതർ 70 വർഷത്തിനിടെ പീഡിപ്പിച്ചത് ആയിരത്തോളം കുഞ്ഞുങ്ങളെയെന്ന റിപ്പോർട്ട് സഭയിലെ ബാലലൈംഗിക പീഡനങ്ങളെക്കുറിച്ചന്വേഷിച്ച ഗ്രാൻഡ് ജൂറി ഓഗസ്റ്റിൽ പുറത്തുവിട്ടിരുന്നു. യു.എസിൽ 1950-നും 2015-നുമിടെ 6721 പുരോഹിതന്മാരുടെ പേരിൽ ലൈംഗികാരോപണങ്ങളുണ്ടായിട്ടുണ്ടെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. 18,500 പേർ പുരോഹിതരുടെ പീഡനത്തിനിരയായി. ചിലി, ഓസ്ട്രേലിയ, അയർലൻഡ്, ജർമനി എന്നിവിടങ്ങളിലും പുരോഹിതർക്കുനേരെ കടുത്ത ആരോപണങ്ങളുയർന്നിട്ടുണ്ട്. യൂറോപ്പ്യൻ രാജ്യങ്ങളിൽ പുരോഹിതരുടെ പീഡന കേസുകളിൽ നഷ്ടപരിഹാരം നൽകാൻ പള്ളികൾ വിൽപ്പന നടത്തുന്ന സംഭവം പോലും ഉണ്ടായിട്ടുണ്ട്. പലയിടത്തും പള്ളികൾ ഹോട്ടലുകൾക്ക് വിൽക്കുന്ന സംഭവവും ഉണ്ടായിട്ടുണ്ട്.

അമേരിക്കയിൽ ബിഷപ്പിന്റെ രാജി

ലൈംഗികാരോപണം നേരിടുന്ന വെസ്റ്റ് വിർജീനിയ ബിഷപ്പ് മൈക്കൽ ജെ. ബ്രൻസ്ഫീൽഡിന്റെ രാജി മാർപാപ്പ വ്യാഴാഴ്ച സ്വീകരിച്ചു. ബ്രൻസ്ഫീൽഡിനെതിരേ അന്വേഷണം നടത്താനും ഉത്തരവിട്ടു. 2012-ൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ചുവെന്ന കേസിലാണ് നടപടി. കഴിഞ്ഞയാഴ്ച ബ്രൻസ്ഫീൽഡ് മാർപാപ്പയ്ക്ക് രാജിക്കത്ത് നൽകിയിരുന്നു.

മാർപാപ്പയുടെ ജനപ്രീതിക്ക് മങ്ങലെന്ന് സർവേ

യു.എസിൽ ഫ്രാൻസിസ് മാർപാപ്പയ്ക്കുള്ള ജനപ്രീതിയിൽ വലിയ കുറവെന്ന് സർവേ. യു.എസ്. വാർത്താ ചാനലായ സി.എൻ.എൻ. നടത്തിയ സർവേയിൽ ജനപ്രീതി 48 ശതമാനം മാത്രമാണെന്നാണ് കണ്ടെത്തൽ. കത്തോലിക്കക്കാർക്കിടയിലും പാപ്പയുടെ ജനപ്രീതി ഇടിയുകയാണ്. 18 മാസത്തിനുള്ളിൽ പാപ്പയുടെ ജനസമ്മിതി 83 ശതമാനത്തിൽനിന്ന് 63-ലെത്തി. കർദിനാൾ മക്കാരിക്കിനെതിരേയുള്ള ആരോപണങ്ങൾ മാർപാപ്പ മൂടിവയ്ക്കാൻ ശ്രമിക്കുന്നുവെന്നും യു.എസിൽ ആരോപണം ഉയർന്നിരുന്നു. 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP