Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എതിരാളികളെ അക്രമിക്കാൻ സർജിക്കൽ ബ്ലേഡ്; മതസ്പർദ്ദ വളർത്താനും തീവ്രവാദ പ്രവർത്തനത്തിനും ആയുധ പരിശീലനം; ആയുധമെടുത്ത് സംഘടനാ പ്രവർത്തനം നടത്തുന്ന പ്രസ്ഥാനമാണ് എസ് ഡി പി ഐയെന്ന് എൻഐഎ വിലയിരുത്തൽ; നാറാത്ത് പരിശീലന ക്യാമ്പ് മുതൽ അഭിമന്യു വധം വരെ ചർച്ചയാക്കി അന്വേഷണം; പോപ്പുലർ ഫ്രണ്ട് പരിശീലനങ്ങൾ നിരീക്ഷണത്തിൽ

എതിരാളികളെ അക്രമിക്കാൻ സർജിക്കൽ ബ്ലേഡ്; മതസ്പർദ്ദ വളർത്താനും തീവ്രവാദ പ്രവർത്തനത്തിനും ആയുധ പരിശീലനം; ആയുധമെടുത്ത് സംഘടനാ പ്രവർത്തനം നടത്തുന്ന പ്രസ്ഥാനമാണ് എസ് ഡി പി ഐയെന്ന് എൻഐഎ വിലയിരുത്തൽ; നാറാത്ത് പരിശീലന ക്യാമ്പ് മുതൽ അഭിമന്യു വധം വരെ ചർച്ചയാക്കി അന്വേഷണം; പോപ്പുലർ ഫ്രണ്ട് പരിശീലനങ്ങൾ നിരീക്ഷണത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: സംസ്ഥാനത്ത് ആയുധമെടുത്ത് സംഘടനാ പ്രവർത്തനം നടത്തുന്ന പ്രസ്ഥാനമാണ് എസ് ഡി പി ഐയെന്ന് റിപ്പോർട്ട്. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഭാഗമാണ് എസ് ഡി പി ഐയും. ഇതാണ് ആയുധ പരിശീലനത്തിലേക്ക് കാര്യങ്ങളെത്തിക്കുന്നത്.

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ സംഘടനാ സംവിധാനത്തിൽ ആയുധ പരിശീലനം അനിവാര്യമാണ്. 2013 ഏപ്രിൽ 23 ന് കണ്ണൂർ ജില്ലയിലെ നാറാത്ത് നടന്ന പരിശീലന ക്യാമ്പ് തന്നെ അതിനുള്ള തെളിവാണ്. തണൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ കെട്ടിടത്തിൽ പോപ്പുലർ ഫ്രണ്ടിന്റേയും എസ്.ഡി.പി .ഐ.യുടേയും പ്രവർത്തകരെ മയ്യിൽ പൊലീസ് അറസ്റ്റ് ചെയ്തതോടെയാണ് സംസ്ഥാനത്ത് ആദ്യമായി സംഘടിതമായി പോപ്പുലർ ഫ്രണ്ട് ആയുധ പരിശീലനം നടത്തുന്നതിന്റെ വിവരം പുറത്ത് വന്നത്.

22 പേരെയാണ് മയ്യിൽ പൊലീസ് അന്ന് അറസ്റ്റ് ചെയ്തത്. അതോടൊപ്പം നടത്തിയ പരിശോധനയിൽ നിരവധി വടിവാളുകളും മഴു തുടങ്ങിയ ആയുധങ്ങളും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. തുടർന്ന് ഈ കേസിൽ എൻ.ഐ. എ. ഏറ്റെടുത്തതോടെ കമ്പിൽ ടൗണിലെ ഒരു ബാങ്കിൽ വിദേശ പണം വരുന്ന വിവരം ലഭ്യമായി. പൊലീസ് അറസ്റ്റിനിടെ ഒളിവിൽ പോയ അസറുദ്ദീൻ എന്ന 24 കാരന്റെ പേരിലായിരുന്നു പണം എത്തിയിരുന്നത്. പിന്നീട് അസറുദ്ദീനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

എതിരാളികളെ അക്രമിക്കാൻ പോപ്പുലർ ഫ്രണ്ടും എസ്.ഡി.പി.ഐ.യും ഉപയോഗിക്കുന്നത് ഇപ്പോൾ സർജിക്കൽ ബ്ലേഡ് ആണെന്ന് അന്വേഷണ ഏജൻസികൾക്ക് വിവരം ലഭിച്ചിട്ടുണ്ട്. നാറാത്തെ ആയുധ പരിശീലനം നടത്തി പിടിയിലായ സംഭവത്തിൽ പോപ്പുലർ ഫ്രണ്ടിനെതിരെ മുസ്ലിം ലീഗ് പരസ്യമായി രംഗത്ത് വന്നിരുന്നു. തങ്ങളെ ഒറ്റു കൊടുത്തത് കെ.എം. ഷാജി എംഎ‍ൽഎ. ആണെന്ന് അവർ പരസ്യമായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ തന്റെ നിയോജക മണ്ഡലത്തിൽ ഇങ്ങിനെയൊരു സംഭവം ഉണ്ടായെന്ന് അറിഞ്ഞിരുന്നെങ്കിൽ പടച്ചവനാണെ ഞാൻ പൊലീസിന് വിവരമറിയിക്കുമെന്നായിരുന്നു ഷാജിയുടെ മറുപടി. അദ്ദേഹം ഇങ്ങിനെ കൂടി പറഞ്ഞു. ഒരു മുസ്ലിം ലീഗ് പ്രവർത്തകൻ തന്നെയാണ് ആയുധ പരിശീലന വിവരം അധികാരികളെ അറിയിച്ചത്.

എൻ.ഐ.എയുടെ അന്വേഷണത്തിൽ മതസ്പർദ്ദ വളർത്താനും തീവ്രവാദ പ്രവർത്തനത്തിന് ആയുധ പരിശീലനം നടത്തിയെന്നുമായിരുന്നു കണ്ടെത്തിയത്. ഇക്കാര്യം കീഴ്ക്കോടതി ശരിവെക്കുകയും കമറുദ്ദീൻ എന്ന ഒരാളെ ഒഴിവാക്കി മറ്റുള്ള 22 പേർക്കും യു.എ. പി. എ ചുമത്തുകയും അഞ്ച് വർഷം കഠിന തടവിന് ശിക്ഷിക്കുകയും ചെയ്തു. എന്നാൽ ഹൈക്കോടതിയിൽ പ്രതികൾ അപ്പീൽ പോവുകയായിരുന്നു. കീഴ്ക്കോടതി വിധിച്ച യു.എ. പി.എ. ഹൈക്കോടതി റദ്ദാക്കി. മത സ്പർദ്ദ വളർത്താൻ പ്രവർത്തിച്ചു എന്ന വകുപ്പും റദ്ദാക്കപ്പെട്ടു. എന്നാൽ ശിക്ഷാ കാലാവധി അഞ്ച് വർഷത്തിൽ നിന്നും ആറ് വർഷമായി ഉയർത്തി. ഈ കേസിലെ പ്രതികൾ ഇപ്പോൾ കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുകയാണ്.

ഈ സംഭവത്തിന് ശേഷം തൊടുപുഴ ന്യൂമാൻസ് കോളേജിലെ അദ്ധ്യാപകൻ പ്രൊഫ. ടി.ജെ.ജോസഫിന്റെ വീട്ടിൽ അധിക്രമിച്ചു കയറി കൈപ്പത്തി വെട്ടി മാറ്റിയ സംഭവവുമുണ്ടായി. ഇതിലുള്ള പത്ത് പ്രതികളും പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവർത്തകരാണ്. വിചാരണ വേളയിൽ 96 സാക്ഷികൾ കൂറുമാറിയെങ്കിലും തീവ്രവാദ സ്വഭാവം ആരോപിക്കപ്പെട്ട ഈ കേസിൽ പത്ത് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ കോടതി എട്ട് വർഷം വീതം കഠിന തടവിന് ശിക്ഷിക്കുകയുണ്ടായി. സംസ്ഥാനത്ത് ആയുധമെടുത്ത് സംഘടനാ പ്രവർത്തനം നടത്തുന്ന പ്രസ്ഥാനം എന്നതിന് ഒരിക്കൽ കൂടി തെളിയിക്കപ്പെട്ടതാണ് തൊടുപുഴ സംഭവം. അതിനിടെ കണ്ണൂരിലെ എടക്കാടും അഴീക്കോടും മുസ്ലിം ലീഗിലേയും സിപിഎമ്മിലേയും ബിജെപി.യിലേയും പ്രവർത്തകന്മാർ പോപ്പുലർ ഫ്രണ്ടുകാരുടെ അക്രമത്തിന് ഇരയായിട്ടുണ്ട്.

ഏറ്റവും ഒടുവിൽ കൊച്ചി മഹാരാജാസ് കോളേജിലെ വിദ്യാർത്ഥിയായ അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരും പോപ്പുലർ ഫ്രണ്ടും ക്യാമ്പസ് ഫ്രണ്ടുമായി നേരിട്ട് ബന്ധമുള്ളവരാണ്. അഭിമന്യുവിനെ മാത്രമല്ല മറ്റ് ചിലരെ കൂടി കൊലയാളി സംഘം ലക്ഷ്യമിട്ടിരുന്നുവെന്നും പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. പി.എഫ്.ഐ. നടത്തുന്ന ക്യാമ്പുകളിൽ പരിശോധന നടത്താൻ അന്വേഷണ ഏജൻസികൾ തയ്യാറായിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP