Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പോപ്പുലർ ഫ്രണ്ട് പ്രവർത്തിക്കുന്നത് ഐസിസുമായി ചേർന്ന്; നക്‌സൽ-മാവോയിസ്റ്റ് സംഘടനകളുമായി അടുപ്പം; എല്ലാ അന്താരാഷ്ട്ര ഭീകര സംഘടനകളേയും പോലെ തീവ്ര സലഫിധാര പിന്തുടരുന്നു; നിരോധിക്കാൻ എൻഐഎ കേന്ദ്രത്തിന് നൽകിയ റിപ്പോർട്ടിൽ കടുത്ത പരാമർശങ്ങൾ; ലക്ഷങ്ങളെ അണിനിരത്തി ഇറങ്ങിയത് നിരോധനം ഉറപ്പായപ്പോൾ

പോപ്പുലർ ഫ്രണ്ട് പ്രവർത്തിക്കുന്നത് ഐസിസുമായി ചേർന്ന്; നക്‌സൽ-മാവോയിസ്റ്റ് സംഘടനകളുമായി അടുപ്പം; എല്ലാ അന്താരാഷ്ട്ര ഭീകര സംഘടനകളേയും പോലെ തീവ്ര സലഫിധാര പിന്തുടരുന്നു; നിരോധിക്കാൻ എൻഐഎ കേന്ദ്രത്തിന് നൽകിയ റിപ്പോർട്ടിൽ കടുത്ത പരാമർശങ്ങൾ; ലക്ഷങ്ങളെ അണിനിരത്തി ഇറങ്ങിയത് നിരോധനം ഉറപ്പായപ്പോൾ

എംപി റാഫി

കോഴിക്കോട്: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പി.എഫ്.ഐ)രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് കാണിച്ച് എൻ.ഐ.എ കേന്ദ്രത്തിന് സമർപ്പിച്ച റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സംഘടനയെ നിരോധിക്കാനുറച്ച് കേന്ദ്ര സർക്കാർ. ആഗോള ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റു(ഐ.എസ്)മായും രാജ്യത്തിനകത്തെ നക്സൽ, മവോയിസ്റ്റ് സംഘങ്ങളുമായും ചേർന്ന് പി.എഫ്.ഐ പ്രവർത്തിക്കുന്നതായാണ് എൻ.ഐ.എ കണ്ടെത്തൽ. രാജ്യസുരക്ഷയ്ക്ക് ഏറെ ഭീഷണിയായ 'ജിഹാദി' ആശയങ്ങളിൽ ഊന്നിയുള്ള പ്രവർത്തനമാണ് പോപ്പുലർഫ്രണ്ടിന്റേതെന്നും കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാനുള്ള നടപടികൾ കേന്ദ്രം ഊർജിതമാക്കിയിരിക്കുന്നത്.

ആറ് മാസത്തിനകം പോപ്പുലർ ഫ്രണ്ടിനെതിരെയുള്ള തെളിവുകൾ പ്രത്യേക ട്രിബ്യൂണലിനു മുന്നിൽ കേന്ദ്രം സമർപ്പിക്കുമെന്നാണ് സൂചന. എന്നാൽ നിരോധനം മുന്നിൽകണ്ട് പ്രതിസന്ധി മറികടക്കാനുള്ള തിരക്കിട്ട നീക്കവും പോപ്പുലർ ഫ്രണ്ട് നേതൃത്വം തുടങ്ങിയിട്ടുണ്ട്. രാജ്യത്തെ ഏറ്റവും ഉയർന്ന അഭിഭാഷകരെ ഇറക്കി സുപ്രീംകോടതിയിലും ട്രിബ്യൂണലിലും സമീപിക്കാനാണ് പി.എഫ്.ഐ നേതൃത്വത്തിന്റെ തീരുമാനം. നിരോധനത്തിനെതിരെ നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്നും പോപ്പുലർഫ്രണ്ട് എന്നത് ഒരു ആശയമാണെന്നും നിരോധിച്ചാലും ഇല്ലാതാക്കാൻ പറ്റില്ലെന്നും സംസ്ഥാന പ്രസിഡന്റ് നസറുദ്ദീൻ എളമരം മറുനാടൻ മലയാളിയോടു പറഞ്ഞു.

നിലവിൽ എൻ.ഐ.എ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ കരുതലോടെയാണ് പോപ്പുലർ ഫ്രണ്ട് നേതൃത്വം കരുക്കൾ നീക്കുന്നത്. കഴിഞ്ഞ ആഴ്ച കോഴിക്കോട് ചേർന്ന ദേശീയ എക്സിക്യൂട്ടീവ് യോഗത്തിലും ഈ വിഷയം സജീവ ചർച്ചയായി. ഉന്നത അഭിഭാഷകരെ ഇറക്കി നിയമ പോരാട്ടം നടത്തുകയെന്നതാണ് തീരുമാനം. നിലവിലുള്ള പേര് മാറ്റി പുതിയൊരു സംഘടന രൂപീകരിക്കാനും ആലോചനയുണ്ട്. പോപ്പുലർ ഫ്രണ്ടിന് കീഴിൽ വിദ്യാർത്ഥികൾക്കായി കാമ്പസ് ഫ്രണ്ട്, സ്ത്രീകൾക്കായി നാഷണൽ വിമൺസ് ഫ്രണ്ട്, ദളിത്-പിന്നോക്ക വിഭാഗങ്ങളെ അണിനിരത്തിയുള്ള രാഷ്ട്രീയ പാർട്ടി എസ്.ഡി.പി.ഐ എന്നിവയും ദേശീയാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നുണ്ട്.

എൻ.ഐ.എ കേന്ദ്ര സർക്കാറിന് കൈമാറിയ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ പോപ്പുലർഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് നസറുദ്ദീൻ എളമരം മറുനാടൻ മലയാളിയോട് പ്രതികരിച്ചതിങ്ങനെ: ' ആശയപരമായി ഒന്നിനെ ഇവിടെ നിരോധിക്കാൻ ആർക്കാണ് കഴിയുക. സംഘടനയെ നിരോധിക്കുകയാണെങ്കിലും ആശയത്തെ മനസിൽ നിന്ന് നിരോധിക്കാൻ പറ്റില്ലല്ലോ..ഒരു സംഘടനയുടെ നിരോധനം ഞങ്ങൾ നിയമപരമായി നേരിടും. ആർ.എസ്.എസിനെതിരെയുള്ള ആശയത്തെ ഞങ്ങൾ മരിക്കോളും കൊണ്ട് നടക്കുകയും ചെയ്യും. പോപ്പുലർഫ്രണ്ട് ഒരു സംഘടന എന്നതിലുപരി ഒരു ആശയമാണ്, ആ ആശയത്തെ ഞങ്ങൾ കൊണ്ട് നടക്കും. അത് ആർക്കും അറുത്ത് മാറ്റാൻ കഴിയില്ല. ആർഎസ്എസ് ഇന്ത്യയുടെ ശത്രുവാണെന്നത് ഒരു വസ്തുതയാണ്. അതിനെതിരെ ഞങ്ങൾ ഇവിടെ നിലകൊള്ളും.

ഈ മൂവർണകൊടി അവസാനം കഫൻപുടയായി മരിക്കേണ്ടി വന്നാലും ഇതു തന്നെയാണ് ഞങ്ങളുടെ നിലപാട്. ഒരു സംഘടനയുടെ പേര് എന്നത് തിരിച്ചറിയാനുള്ള സംവിധാനം മാത്രമാണ്, അത് ഖുർആൻ തന്നെ പറയുന്നുണ്ട് 'നിങ്ങൾ പരസ്പരം തിരിച്ചറിയാൻ വേണ്ടിയാണ് ഗോത്രങ്ങളും വർഗങ്ങളുമാക്കിയത്'യെന്ന്. അത്തരത്തിൽ ഒരു പേര് ഇല്ലാതിരിക്കുമ്പോൾ ആ ആശയത്തെ തിരിച്ചറിയാൻ ബുദ്ധിമുട്ടുണ്ടാകുമെന്നേയുള്ളൂ.. എന്നാൽ ഈ ആശയം ഇവിടെ നിലനിൽക്കും. നിയമപരമായി ഞങ്ങൾ ഏതറ്റം വരെയും പോകും. ഈ കാലയളവിൽ ഞങ്ങളെ പലരും ഇല്ലാതാക്കാൻ നോക്കിയിട്ടുണ്ട്. അതിനെയെല്ലാം ഞങ്ങൾ നിയമപരമായി തന്നെയാണ് നേരിട്ടിട്ടുള്ളത്. രാജ്യത്തിന്റെ ഭരണഘടനാ പരമായ അവകാശങ്ങൾ എല്ലാവർക്കും ഒരുപോലെ ലഭിക്കേണ്ടതുണ്ട്. അതിനായി നിയമ വ്യവസ്ഥക്ക് ഉള്ളിൽ നിന്നുകൊണ്ട് പോരാടും.'- നസറുദ്ദീൻ എളമരം പറയുന്നു.

എൻ.ഐ.എ റിപ്പോർട്ട് പോപ്പുലർ ഫ്രണ്ടിനെ അക്ഷരാർത്ഥത്തിൽ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഇത് മറികടക്കാനുള്ള സജീവ നീക്കങ്ങൾ നടക്കുന്നതോടൊപ്പം, അണികളിൽ സന്ദേശമെത്തിക്കാനുമാണ് തീരുമാനം. ഇതിന്റെ ഭാഗമായി 'ഞങ്ങൾക്കും പറയാനുണ്ട്' എന്ന പ്രമേയമുയർത്തി പോപ്പുലർഫ്രണ്ട് ഇന്ന് തിരുവനന്തപുരത്ത് റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചിച്ചു. കാശ്മീർ പോരാട്ടം മുതൽ, പോരാട്ടം സംഘടനയുമായി ചേർന്നുള്ള പ്രവർത്തനങ്ങൾ വരെ എൻ.ഐ.എ റിപ്പോർട്ടിൽ പരാമർശമുണ്ട്. കഴിഞ്ഞ ഒന്നര വർഷത്തിനിടെ പത്തിലധികം പോപ്പുലർഫ്രണ്ട്, എസ്.ഡി.പി.ഐ പ്രവർത്തകർ ഐ.എസിലേക്ക് പോയതായുള്ള റിപ്പോർട്ടും ഐ.എസ് ബന്ധത്തിന്റെ പേരിലുള്ള അറസ്റ്റും പി.എഫ്.ഐയെ പ്രതിരോധത്തിലാക്കുന്നു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വിഘടനവാദവും വിദ്വേഷവും വളർത്താൻ പി.എഫ്.ഐ ആസൂത്രിത നീക്കം നടത്തിയതായും റിപ്പോർട്ടിൽ പറയുന്നു. കാലങ്ങളായി നടക്കുന്ന കാശ്മീർ പോരാട്ടങ്ങൾക്ക് ശക്തി പകരാൻ എൻ.ഡി.എഫും പോപ്പുലർ ഫ്രണ്ടും രഹസ്യ പിന്തുണ നൽകിയിരുന്നതായും കണ്ടെത്തലുണ്ട്. കാശ്മീരിൽ സൈന്യവുമായി ഏറ്റു മുട്ടി കൊല്ലപ്പെട്ട മലയാളികളുടെ കാര്യവും സൂചിപ്പിക്കുന്നു. മാവോയിസ്റ്റ്, നക്സൽ ഗ്രൂപ്പുമായുള്ള പോപ്പുലർഫ്രണ്ടിന്റെ കൂട്ടും ഏറെ ഗൗരവത്തോടെയാണ് ദേശീയ അന്വേഷണ ഏജൻസി കാണുന്നത്. ഏറെ വിദൂരമല്ലാത്ത കാലത്ത്, ഇന്ത്യ കീഴടക്കുമെന്നാണ് ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രഖ്യാപനം. 5 മുതൽ 25 വർഷത്തിനുള്ളിൽ കീഴടക്കി ഖിലാഫത്ത് സ്ഥാപിക്കേണ്ട രാജ്യങ്ങളുടെ ലിസ്റ്റ് തന്നെ ഐ.എസ് പുറത്ത് വിട്ടിരുന്നു. എന്നാൽ ഇതിനു സമാനമായ വാദം മാവോയിസ്റ്റ് ഗ്രൂപ്പുകൾക്കും ഉണ്ടെന്ന് എൻ.ഐ.എ, ഇന്റലിജൻസ് വൃത്തങ്ങൾ പറയുന്നു. 2030ഓടെ രാജ്യത്തെ പ്രധാന ശക്തിയാകുമെന്നും രാജ്യം കീഴടക്കുമെന്നുമാണ് ഇവരുടെ വാദം.

ആഗോള തലത്തിൽ പ്രവർത്തിക്കുന്ന തീവ്രവാദ ഗ്രൂപ്പുകളെല്ലാം പിൻതുടരുന്ന തീവ്ര സലഫി ധാരയാണ് പോപ്പുലർഫ്രണ്ടും പിൻതുടർന്ന് വരുന്നത്. ഇവരുടെ തർബിയത്ത് ക്ലാസുകളിലെല്ലാം സലഫി ധാരയെ മാത്രമാണ് പഠിപ്പിക്കുന്നത്. ഐ.എസ് അടക്കുമുള്ള തീവ്ര സംഘങ്ങൾക്ക് ആശയവും വളവും നൽകിയ സലഫി പണ്ഡിതന്മാരെ മാത്രമാണ് ഇവർ ക്ലാസുകളിൽ പരിചയപ്പെടുത്തുന്നത്. ആശയ തീവ്രതയും ഇതിന്മേലുള്ള സംഘടിതമായ നീക്കവും രാജ്യത്തിന് ഭീഷണിയാണെന്നാണ് റിപ്പോർട്ട് അടിവരയിടുന്നത്. കഴിഞ്ഞ കാലങ്ങളിലെ പ്രവർത്തനങ്ങളും നടത്തിയ ക്രൈമുകളും കേസുകളും എൻ.ഐ.എ റിപ്പോർട്ടിൽ വിശദമാക്കുന്നുണ്ട്. 15അംഗ നിർവാഹക സമിതിയുടെ നേതൃത്വത്തിലാണ് കേരളത്തിലെ പ്രവർത്തനം. തീവ്രവാദ വേരുകളുടെ കോപ്പുകൂട്ടൽ ഇടം കേരളമാണെന്നും അതിന് വളക്കൂറുണ്ടാക്കുന്നത് പോപ്പുലർഫ്രണ്ട് വഴിയാണെന്നുമാണ് നിരീക്ഷണം.

മാറാട് കലാപത്തിൽ എൻ.ഡി.എഫ് പങ്ക് അന്നത്തെ കമ്മീഷൻ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ഇന്ത്യയിൽ പ്രവർത്തിച്ചിരുന്ന അൽ ഉമ്മ എന്ന ഭീകര സംഘടനയുമായും എൻ.ഡി.എഫ് പ്രവർത്തകർക്ക് ബന്ധമുണ്ടായിരുന്നു. അൽ ഉമ്മയുടെ നേതൃത്വത്തിൽ നടത്തിയ കോയമ്പത്തൂർ സ്ഫോടന കേസിൽ കോഴിക്കോട് സ്വദേശിയും എൻ.ഡി.എഫ് പ്രവർത്തകനുമായ സുബൈർ അറസ്റ്റിലായിരുന്നു. ഐ.എസ് ബന്ധത്തിന്റെ പേരിൽ കനകമലയിൽ നിന്ന് അറസ്റ്റ് ചെയ്തവരിൽ രണ്ട് പേർ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP