Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പോപ്പുലർ ഫ്രണ്ട് , എസ്.ഡി.പി.ഐ പ്രവർത്തകർ ഐ.എസ് ക്യാമ്പിലെത്തിയതിന് സ്ഥിരീകരണം; സിറിയയിലേക്ക് പോകുന്നതിനിടെ തുർക്കിയിൽ പിടിയിലായ കണ്ണൂർ കാഞ്ഞിരോട് സ്വദേശി ഷാജഹാൻ ഇക്കാര്യം എൻ ഐ എയ്ക്ക് മൊഴി നല്കി; 17 മലയാളികൾ കൂടി ഐ.എസിൽ ചേർന്നതായും ഇവർ ഇറാഖ്, സിറിയ, അഫ്ഗാൻ ഭാഗങ്ങളിലാണെന്നും മുൻ തേജസ് ജീവനക്കാരന്റെ മൊഴി; സംഘടന മതിയാകാതെ വരുന്നവർക്ക് അവരവരുടെ വഴിയെന്ന് എളമരം നസിറുദ്ദീൻ

പോപ്പുലർ ഫ്രണ്ട് , എസ്.ഡി.പി.ഐ പ്രവർത്തകർ ഐ.എസ് ക്യാമ്പിലെത്തിയതിന് സ്ഥിരീകരണം; സിറിയയിലേക്ക് പോകുന്നതിനിടെ തുർക്കിയിൽ പിടിയിലായ കണ്ണൂർ കാഞ്ഞിരോട് സ്വദേശി ഷാജഹാൻ ഇക്കാര്യം എൻ ഐ എയ്ക്ക് മൊഴി നല്കി; 17 മലയാളികൾ കൂടി ഐ.എസിൽ ചേർന്നതായും ഇവർ ഇറാഖ്, സിറിയ, അഫ്ഗാൻ ഭാഗങ്ങളിലാണെന്നും മുൻ തേജസ് ജീവനക്കാരന്റെ മൊഴി; സംഘടന മതിയാകാതെ വരുന്നവർക്ക് അവരവരുടെ വഴിയെന്ന് എളമരം നസിറുദ്ദീൻ

എം പി റാഫി

കോഴിക്കോട്:  പോപ്പുലർ ഫ്രണ്ട് (പി.എഫ്.ഐ), എസ്.ഡി.പി.ഐ പ്രവർത്തകർ പല ഘട്ടങ്ങളിലായി ഭീകര സംഘടനയായ ഐ.എസിൽ (ഇസ്ലാമിക് സ്റ്റേറ്റ് ) ചേരാൻ പോയതായും ഇതിൽ മൂന്ന് പേർ സിറിയയിൽ ഐ.എസ് ക്യാമ്പിലെത്തിയതായും വെളിപ്പെടുത്തൽ. 

കഴിഞ്ഞ മാസം ഐ.എസിൽ ചേരുന്നതിന് സിറിയയിലേക്ക് പോകുന്നതിനിടെ തുർക്കിയിൽ വെച്ച് പിടിയിലായ കണ്ണൂർ കാഞ്ഞിരോട് സ്വദേശിയും പി.എഫ്.ഐ, എസ്.ഡി.പി.ഐ പ്രവർത്തകനുമായ വല്ലുക്കണ്ടി ഷാജഹാൻ(32)നെ എൻ.ഐ.എ ചോദ്യം ചെയ്തപ്പോഴാണ് പുതിയ വിവരങ്ങൾ ലഭിച്ചത്. ഇക്കാര്യം ദേശീയ ദിനപത്രമായ ടൈംസ് ഓഫ് ഇന്ത്യ, ഡൽഹി ബ്യൂറോയാണ് റിപ്പോർട്ട് ചെയ്തത്. 17 മലയാളികൾ കൂടി ഐ.എസിൽ ചേർന്നതായും ഇവർ ഇറാഖ്, സിറിയ, അഫ്ഗാൻ ഭാഗങ്ങളിലാണെന്നും റിപ്പോർട്ടിൽ പറയുന്നു.

പത്തോളം പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ഐ.എസിൽ ചേരാൻ പോയതായും ഇതിൽ പലരും സിറിയയിൽ എത്തിയതായും കേരളത്തിലെ ഇന്റലിജൻസ്, എൻ.ഐ.എ വൃത്തങ്ങൾ സ്ഥിരീകരിക്കുന്നുണ്ട്. ഇതിൽ ചിലർ തിരിച്ചെത്തി നാട്ടിൽ കഴിയുന്നവരാണെന്നും ഇവർ നിരീക്ഷണത്തിലാണെന്നും ബന്ധപ്പെട്ട സുരക്ഷാ ഏജൻസികൾ വ്യക്തമാക്കി. ജൂലൈ ആദ്യ വാരത്തിൽ തുർക്കിയിൽ നിന്ന് കയറ്റിവിട്ട ഷാജഹാനെ ഡൽഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ വെച്ച് ഡൽഹി പൊലീസാണ് അറസ്റ്റ് ചെയ്തത്. ഇയാൾ സജീവ പോപ്പുലർ ഫ്രണ്ട്, എസ്.ഡി.പി.ഐ പ്രവർത്തകനായിരുന്നു. റൈറ്റ് തിങ്കേഴ്‌സ് അടക്കമുള്ള ചില സോഷ്യൽ മീഡിയ ഗ്രൂപ്പുകളിലും ഷാജഹാൻ സജീവമായിരുന്നു. ഷാജഹാന്റെ അതിതീവ്രമായ പല സോഷ്യൽ മീഡിയാ പോസ്റ്റുകളും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. പല പോസ്റ്റുകളും നിലവിൽ ഡിലീറ്റ് ചെയ്ത നിലയിലാണ്.

ഷാജഹാനുമായി അടുത്ത ബന്ധമുള്ള കണ്ണൂർ സ്വദേശികളായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ് ഐ.എസിൽ എത്തിയിട്ടുള്ളത്. ഇതിൽ ഏതാനും പേർ സിറിയൻ അതിർത്തിയിലെത്തി തിരിച്ചു വന്നവരാണെന്നും ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ടിൽ പറയുന്നു. മിദ്‌ലാജ്, റാഷിദ്, അബ്ദുൽ റസാഖ്, അബ്ദുൽ ഖയ്യൂം, റിഷാൽ എന്നിവർ സിറിയയിലേക്ക് കടക്കാൻ ശ്രമിച്ചിരുന്നതായി ഇന്റലിജൻസ് വൃത്തങ്ങളും പറയുന്നു. ഇവരെ കൂടാതെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ മനാഫ്, സമീർ, ഷജിൽ എന്നിവർ സിറിയയിൽ എത്തിയതായും ഷാജഹാൻ ചോദ്യം ചെയ്യലിൽ പറഞ്ഞു.

ഇതിൽ സമീർ കൊല്ലപ്പെട്ടതായും സംശയിക്കുന്നു. മറ്റ് രണ്ടു പേർ സിറിയയിലുണ്ടെന്നാണ് നിഗമനം. ഐ.എസിൽ എത്തിയ മനാഫിന്റെ നിർദ്ദേശം അനുസരിച്ചായിരുന്നു ഷാജഹാൻ അടക്കമുള്ളവർ സിറിയയിലേക്ക് പോകാൻ ശ്രമിച്ചത്. കഴിഞ്ഞ ഒക്ടോബർ രണ്ടിന് കനകമലയിൽ നിന്നും എൻ.ഐ.എ അറസ്റ്റ് ചെയ്ത തിരൂർ വൈലത്തൂർ സ്വദേശി സഫുവാനുമായുള്ള പരിചയത്തിലാണ് ഷാജഹാൻ എൻ.ഡി.എഫ് , പോപ്പുലർ ഫ്രണ്ട് പ്രവർത്തകനാകുന്നത്. ഇരുവരും തേജസ് ദിനപത്രത്തിൽ ജീവനക്കാരായിരുന്നു. രണ്ടാം തവണയാണ് കഴിഞ്ഞ മാസം ഷാജഹാൻ തുർക്കി വഴി സിറിയയിലെ ഐസിസ് ക്യാമ്പിലേക്ക് പോകാൻ ശ്രമിച്ചത്. തുർക്കി, ഇറാൻ വിസ ലഭിക്കുന്നതിനും അന്വേഷിക്കുന്നതിനുമായി 2016ൽ ഷാജഹാൻ മലേഷ്യയിൽ പോയിരുന്നു. ഇവിടെ നിന്നും മടങ്ങിയെത്തി, ദുബായി വഴി കടക്കാനുള്ള ആലോചനയും ഇടക്ക് നടത്തി. പിന്നീട് മനാഫിന്റെ നിർദ്ദേശ പ്രകാരം ഈ വർഷം ഫെബ്രുവരിയിലാണ് ഷാജഹാനും ഭാര്യയും തുർക്കിയിലേക്ക് ആദ്യം പോയത്. ശേഷം സിറിയയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ അവിടെ വെച്ച് പിടികൂടി നാട്ടിലേക്ക് കയറ്റി വിടുകയായിരുന്നു. വിവിധ സുരക്ഷാ ഏജൻസികൾ ഷാജഹാനെ ചോദ്യം ചെയ്‌തെങ്കിലും ടൂറിസ്റ്റായി എത്തിയതാണെന്നാണ് പറഞ്ഞിരുന്നത്. ഇതിനാൽ കേസ് ചാർജ് ചെയ്തിരുന്നില്ല. അതേ സമയം ഷാജഹാൻ സുരക്ഷാ ഏജൻസികളുടെ നിരീക്ഷണ വലയത്തിലായിരുന്നു. ഷാജഹാൻ പോകുന്ന സ്ഥലങ്ങളും സോഷ്യൽ മീഡിയയിൽ ബന്ധപ്പെട്ടിരുന്നവരുമെല്ലാം നിരീക്ഷണ പരിതിയിലുണ്ടായിരുന്നു. മാത്രമല്ല, കൊച്ചിയിലെ എൻ.ഐ.എ ഓഫീസിൽ എത്തി ആഴ്ചതോറും ഒപ്പിടണമെന്ന നിർദ്ദേശവുമുണ്ടായിരുന്നു.

ആദ്യമൊക്കെ ഒപ്പ് ഇടാൻ പതിവായി എത്തിയിരുന്നെങ്കിലും പീന്നീട് ഇയാൾ വരാതെയായി. ഇതിനിടെ രണ്ടാമതും സിറിയയിലേക്ക് കടക്കാനുള്ള ശ്രമം നടത്തി. വ്യാജ പാസ്‌പോർട്ട് തരപ്പെടുത്തിയായിരുന്നു ഷാജഹാന്റെ ശ്രമം. എന്നാൽ സിറിയൻ അതിർത്തിയിൽ വെച്ച് ഷാജഹാൻ പിടിക്കപ്പെടുകയായിരുന്നു. തുടർന്ന് ഇന്ത്യൻ ഏജൻസികൾ നാട്ടിലെത്തിച്ചു. നിലവിൽ ഷാജഹാൻ ജുഡീഷ്യൽ കസ്റ്റഡിയിലാണുള്ളത്. സിറിയയിലേക്ക് കടക്കാനായി തുർക്കിയിലെത്തിയപ്പോൾ ഷാജഹാനോടൊപ്പം അബ്ദുൽ ഖയ്യൂം, റസാഖ്, ഷജിൽ എന്നിവരും ഉണ്ടായിരുന്നു. സംഘം അതിർത്തിയിൽ ഫ്‌ളാറ്റിൽ താമസിച്ചു. ഇവിടെയുണ്ടായ ആക്രമണത്തിൽ നി്ന്ന് ഇവർ രക്ഷപ്പെടുകയായിരുന്നു.

ഈ സംഘത്തിൽ സജിലിന് മാത്രമാണ് സിറിയയിൽ കടക്കാൻ സാധിച്ചത്. മനാഫ്, സമീർ എന്നിവർ നേരത്തേ സിറിയയിൽ എത്തിയവരാണ്.പോപ്പുലർഫ്രണ്ട് കാഞ്ഞിരോട് ഏരിയാ ഭാരവാഹി ആയിരുന്നു ഷാജഹാൻ. മറ്റുള്ളവരും പി.എഫ്.ഐയുടെ സജീവ പ്രവർത്തകരും പ്രദേശിക നേതാക്കളുമായിരുന്നു. എന്നാൽ ഇവർ ഇപ്പോൾ സംഘടനയിൽ പ്രവർത്തിക്കുന്നില്ലെന്നാണ് പി.എഫ്.ഐ നേതാക്കൾ നൽകുന്ന വിശദീകരണം.

പോപ്പുലർ ഫ്രണ്ട് പ്രവർത്തകരും ഇവരുമായി ബന്ധമുള്ളവരുമായ മൂന്ന് പേർക്കെതിരെ നേരത്തേ കേരളത്തിൽ ഐ.എസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ കണ്ണൂർ സ്വദേശി മൻസീദ്, മലപ്പുറം വൈലത്തൂർ സ്വദേശി സഫുവാൻ എന്നിവർ കനക മലയിൽ നിന്ന് എൻ.ഐ.എ അറസ്റ്റ് ചെയ്തവരാണ്. പിന്നീട് ഇരുവരെയും സംഘടനയിൽ നിന്ന് നേതൃത്വം പുറത്താക്കിയിരുന്നു. മറ്റൊന്ന് കൊല്ലപ്പെട്ട കോഴിക്കോട് മൂഴിക്കൽ സ്വദേശി സജീർ അബ്ദുള്ളയാണ്. തീവ്ര സലഫി ആശയക്കാരനായ സജീർ പി.എഫ്.ഐ, എസ്.ഡി.പി.ഐ അനുഭാവിയായിരുന്നു. ഇതു കൂടാതെ പാലക്കാട് നിന്നും അൽ ഖാഇദയിൽ ചേർന്ന അബൂത്വാഹിർ തേജസ് ജീവനക്കാരനും എൻ.ഡി.എഫ്, പി.എഫ്.ഐ പ്രവർത്തകനുമായിരുന്നു.


അറസ്റ്റിലായ ഷാജഹാനിൽ നിന്നും നിർണായക വിവരങ്ങൾ ലഭിച്ചതായാണ് സൂചന. ഇതിന്റെ അടിസ്ഥാനത്തിൽ നേരത്തേ നാട്ടിൽ തിരിച്ചെത്തിയ പി.എഫ്.ഐ പ്രവർത്തകരെ അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്തതായാണ് വിവരം. കേരളത്തിൽ നിന്ന് ഇസ്ലാമിക് സ്റ്റേറ്റിലെത്തിയ മിക്കവരും തീവ്ര സലഫി ആശയ പശ്ചാത്തലമുള്ളവരായിരുന്നു. എന്നാൽ പത്തിൽ അധികം എൻ.ഡി.എഫ് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ ഐ എസ് തീവ്രവാദ ബന്ധമാണ് പുറത്തായിരിക്കുന്നത്.

വിഷയവുമായി ബന്ധപ്പെട്ട് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് നസറുദ്ദീൻ എളമരം മറുനാടൻ മലയാളിയോട് പ്രതികരിച്ചതിങ്ങനെ: 'ഇത്തരത്തിലുള്ള വാർത്തകൾ വന്നു എന്നല്ലാതെ പൂർണമായൊരു വിവരം കയ്യിൽ ഇല്ല. ഞങ്ങൾ ഇന്ത്യാ രാജ്യത്ത് പ്രവർത്തിക്കുന്ന സംഘടനാ എന്ന നിലക്ക് ഇവിടെ തന്നെ ധാരാളം പ്രവർത്തനങ്ങൾ ഉണ്ട്. ഇത്തരം വിഷയങ്ങളിൽ വ്യക്തമായ നിലപാട് എടുത്തിട്ടുണ്ട്. സംഘടന മതിയാകാതെ വരുന്നവർക്ക് അവരവരുടെ വഴി എന്നല്ലാതെ, ഈ സംഘടനയിൽ നിന്ന് കൊണ്ട് ഇത്തരത്തിലുള്ള കാര്യങ്ങൾ പാടില്ല. അത് അനുവദിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യില്ല. സംഘടനാ ചട്ടക്കൂടിൽ നിൽക്കാൻ പറ്റാത്തവരാണ് മറ്റ് പലതും തേടി പോകുന്നത്. ഖുർആനും ഹദീസും പഠിച്ച് ഇസ്ലാമിനെ മനസിലാക്കുന്നതിന് പകരം ഇത്തരക്കാർ ഇന്റർനെറ്റിലൂടെയാണ് ഇസ്ലാമിനെ പഠിക്കുന്നത്. ഇതിനെതിരെ, സംഘടന ഇതുവരെ കൊടുത്ത ബോധവൽക്കരണങ്ങൾ ശക്തിപ്പെടുത്തും' - നസറുദ്ദീൻ എളമരം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP