Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നിങ്ങളുടെ മുന്നിൽ വരുന്ന ഓരോ ഫയലും ഓരോ ജീവിതമാണ് എന്ന് അധികാരത്തിൽ ഏറിയപ്പോൾ ഉദ്യോഗസ്ഥരെ ഓർമ്മപ്പെടുത്തിയ മുഖ്യമന്ത്രി പിണറായി ഇത് കാണുന്നുണ്ടോ? ധനമന്ത്രാലയം പണം നൽകാതെ തപാലുകൾ മുടങ്ങി സെക്രട്ടേറിയറ്റിൽ കെട്ടിക്കിടക്കുന്നത് ഇത്തരത്തിൽ ആയിരക്കണക്കിന് ജീവിതങ്ങൾ; ക്രിസ്മസിന് ശേഷം ചികിത്സാ-സാമ്പത്തിക സഹായങ്ങളുടെ ഉൾപ്പെടെ സഹായങ്ങളുടെ അറിയിപ്പുകളും മുടങ്ങി; പണം കിട്ടാതായതോടെ ഒരു അറിയിപ്പും പുറത്തുപോകാതെ ഒരുമാസം പിന്നിട്ട് ഭരണസിരാകേന്ദ്രം

നിങ്ങളുടെ മുന്നിൽ വരുന്ന ഓരോ ഫയലും ഓരോ ജീവിതമാണ് എന്ന് അധികാരത്തിൽ ഏറിയപ്പോൾ ഉദ്യോഗസ്ഥരെ ഓർമ്മപ്പെടുത്തിയ മുഖ്യമന്ത്രി പിണറായി ഇത് കാണുന്നുണ്ടോ? ധനമന്ത്രാലയം പണം നൽകാതെ തപാലുകൾ മുടങ്ങി സെക്രട്ടേറിയറ്റിൽ കെട്ടിക്കിടക്കുന്നത് ഇത്തരത്തിൽ ആയിരക്കണക്കിന് ജീവിതങ്ങൾ; ക്രിസ്മസിന് ശേഷം ചികിത്സാ-സാമ്പത്തിക സഹായങ്ങളുടെ ഉൾപ്പെടെ സഹായങ്ങളുടെ അറിയിപ്പുകളും മുടങ്ങി; പണം കിട്ടാതായതോടെ ഒരു അറിയിപ്പും പുറത്തുപോകാതെ ഒരുമാസം പിന്നിട്ട് ഭരണസിരാകേന്ദ്രം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: നിങ്ങളുടെ മുന്നിൽ എത്തുന്ന ഓരോ ഫയലും ഓരോ ജീവിതമാണെന്ന് ഓർമിപ്പിച്ചായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ അധികാരമേറ്റതിന് പിന്നാലെ ആദ്യമായി സെക്രട്ടേറിയറ്റ് ജീവനക്കാരെ അഭിസംബോധന ചെയ്തത്. അതിനാൽ കൃത്യസമയത്ത് ജോലിക്ക് എത്തണമെന്നും ഓരോ ഫയലുകളിലും അപേക്ഷകളിലും പരമാവധി വേഗത്തിൽ തീർപ്പുകൽപിക്കണമെന്നും അദ്ദേഹം സംസ്ഥാനത്തെ ജീവനക്കാരെ ഓർമിപ്പിക്കുകയും ചെയ്തു. ഇതിന് പിന്നാലെ സെക്രട്ടേറിയറ്റിൽ പഞ്ചിങ് ഉൾപ്പെടെ കർക്കശമാക്കി ജീവനക്കാർ പരമാവധി സമയം ജോലി ചെയ്യുന്നുവെന്ന് ഉറപ്പാക്കി.

എന്നാൽ എന്തുകാര്യമെന്നാണ് ഇപ്പോൾ സെക്രട്ടേറിയറ്റ് ജീവനക്കാർ ചോദിക്കുന്നത്. ഇത്തരത്തിൽ പാവപ്പെട്ടവരുടെ ചികിത്സാസഹായത്തിന് അനുമതി നൽകിയതുൾപ്പെടെ ആയിരക്കണക്കിന് തപാലുകൾ സെക്രട്ടേറിയറ്റിൽ കെട്ടിക്കിടക്കുകയാണ്. ധനമന്ത്രി തോമസ് ഐസകിന്റെ മന്ത്രാലയത്തിൽ നിന്ന് പണം നൽകാത്തതിനെ തുടർന്നാണ് ഒരു മാസത്തിലേറെയായി ഭരണസിരാകേന്ദ്രത്തിൽ നിന്ന് തപാലുകൾ അയക്കാൻ കഴിയാത്ത സ്ഥിതി ഉണ്ടായിരിക്കുന്നത്. പാവപ്പെട്ട ജനങ്ങളുടെ ധനസഹായത്തെക്കുറിച്ചും ചികിൽസാപദ്ധതികളെക്കുറിച്ചും ഉള്ള അറിയിപ്പുകൾ ഉൾപ്പെടെ ഇത്തരത്തിൽ ഓരോ ഓഫീസുകളിലേക്കും ജനങ്ങൾക്കും എത്തിക്കേണ്ട അറിയിപ്പുകളാണ് മുടങ്ങിയത്.

ക്രിസ്മസിനു ശേഷം ജനങ്ങൾക്കും അതോടൊപ്പം വിവിധ ഡയറക്ടറേറ്റുകളിലേക്കും അയക്കേണ്ട അറിയിപ്പുകൾ ഒന്നും അയച്ചിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം. തപാലുകളിൽ ഉത്തരവ് ലഭിച്ചാലെ പലർക്കും സഹായം വാങ്ങാനാകൂ. അത് കിട്ടാത്തതിനാൽ പണം ലഭിക്കാതെ വിഷമിക്കുകയാണ് നിരവധി രോഗികളും മറ്റും. സമാന സ്ഥിതിയാണ് പല വകുപ്പുകളുടെ ഡയറക്ടറേറ്റുകളിലേക്കും മറ്റും പോകേണ്ട അറിയിപ്പുകളും. അവ ലഭിക്കാതെ ഓരോ വിഷയങ്ങളിൽ അന്തിമ തീർപ്പുകൽപിക്കാൻ ആവാത്ത സ്ഥിതിയാണ്. നിയമന-പ്രൊമോഷൻ വിഷയങ്ങളിലെ അറിയിപ്പുകളും ഉത്തരവുകളും ഉൾപ്പെടെ സെക്രട്ടേറിയറ്റിൽ കുന്നുകൂടുന്നുവെന്ന് മനോരമ റിപ്പോർട്ട് ചെയ്യുന്നു.

മന്ത്രിമാരുടെ ഓഫിസുകളിലെ ഫയലുകളെ സംബന്ധിച്ച വിവരം, ധനസഹായ- ചികിൽസാപദ്ധതികൾ, വിവരാവകാശം തുടങ്ങി സർക്കാരിൽനിന്നുള്ള എല്ലാവിധ അറിയിപ്പുകളും ജനങ്ങളിലേക്കും വിവിധ ഡയറക്ടറേറ്റുകളിലേക്കും ജില്ലാ ഭരണകൂടങ്ങളിലേക്കും കൈമാറുന്നത് പൊതുഭരണ വകുപ്പിലെ തപാൽ വിഭാഗത്തിൽനിന്നാണ്. ധനവകുപ്പ് പണം കൈമാറാത്തതിനെത്തുടർന്ന് ഡിസംബർ 25ന് ശേഷം ഒരു തപാൽപോലും സെക്രട്ടേറിയറ്റിൽനിന്ന് പോയിട്ടില്ല. പണം ഇല്ലെന്നാണ് ധനവകുപ്പ് പറയുന്നത്. ഇതുമൂലം വിവിധ വകുപ്പുകളുടെ സ്റ്റോർ റൂമിൽ തപാലുകൾ കെട്ടിക്കിടക്കുകയാണ്. ഇനി ഒരുമിച്ച് പണമടയ്ക്കാൻ സർക്കാർ തീരുമാനിച്ചാലും തപാൽ നീക്കം സുഗമമാകാൻ മാസങ്ങൾ വേണ്ടിവരും. കെട്ടിക്കിടക്കുന്ന ഉരുപ്പടികൾ ഒന്നിച്ച് സ്റ്റാംപ് ചെയ്തു നീക്കാൻ തപാൽ വകുപ്പ് തയാറാകില്ല. ഈ സാഹചര്യത്തിൽ പ്രതിസന്ധി രൂക്ഷമാകും.

നടപടിക്രമങ്ങൾ ഇങ്ങനെ

ധനം, നിയമം, വിദ്യാഭ്യാസം, ആരോഗ്യം എന്നീ വകുപ്പുകളുടേതൊഴികെ എല്ലാ വകുപ്പുകളുടേയും തപാലുകൾ കൈകാര്യം ചെയ്യുന്നത് പൊതുഭരണവകുപ്പിൽനിന്നാണ്. ഒരു ദിവസം നൂറുകണക്കിനു തപാൽ കൈകാര്യം ചെയ്യേണ്ടതിനാൽ ഭാരം നോക്കി സ്റ്റാംപ് പതിപ്പിക്കാൻ 'ഫ്രാങ്കിങ് മെഷിൻ' ഉപയോഗിക്കുന്നുണ്ട്. പൊതുഭരണ വകുപ്പ് അക്കൗണ്ട്സ് (എ)യിൽ നിന്നാണ് തപാൽ വിഭാഗത്തിലേക്ക് പണം അനുവദിക്കുന്നത്. (എ)യിൽനിന്ന് അക്കൗണ്ട്സ് (കെ)യിലേക്ക് പണം കൈമാറും.

ഫണ്ട് അനുവദിച്ചു കൊണ്ടുള്ള സർക്കാർ ഉത്തരവ് തപാൽ വിഭാഗം ട്രഷറിക്ക് കൈമാറും. ട്രഷറിയിൽനിന്ന് ഫണ്ട് ആർബിഐ (റിസർവ് ബാങ്ക് ഓഫ് ഇന്ത്യ) അക്കൗണ്ടിലേക്ക് മാറ്റും. ആർബിഐ അത് പോസ്റ്റ് ഓഫിസിലേക്ക് മാറ്റും. നടപടിക്രമങ്ങൾ പൂർത്തിയാക്കുമ്പോൾ പോസ്റ്റ് ഓഫിസിൽനിന്ന് തപാൽ വിഭാഗത്തിലേക്ക് സന്ദേശമെത്തും. ആ സന്ദേശം പോസ്റ്റ് ഓഫിസിലെത്തിച്ച് പരിശോധിച്ച് മെഷിൻ നമ്പർ അടിസ്ഥാനമാക്കി നെറ്റുവഴി പണം കൈമാറും. മുൻപ് പണം കൈമാറുന്നതിന് 48 മണിക്കൂർ വേണമായിരുന്നു. ഇപ്പോൾ 24 മണിക്കൂറിനകം പണം കൈമാറാം.

പൊതുഭരണ വകുപ്പിൽ നാല് യന്ത്രങ്ങളാണുള്ളത്. മറ്റു വകുപ്പുകളിൽ ഓരോ യന്ത്രം വീതം. ഓരോ വകുപ്പും യന്ത്രങ്ങളിൽ വ്യത്യസ്ഥ തുകയാണ് ആവശ്യപ്പെടാറുള്ളത്. പൊതുഭരണവകുപ്പിന് 12,500 മുതൽ 15,000 രൂപവരെ ഒരു ദിവസം സ്റ്റാംപ് പതിപ്പിക്കാൻ ചെലവാകുന്നുണ്ട്. ഈ തുക ഓരോ വകുപ്പിലും വ്യത്യാസപ്പെടാം. ഫ്രാങ്കിങ് മെഷിനീലേക്ക് തപാലുകൾ വച്ചാൽ അതിന്റെ ഭാരത്തിനനുസരിച്ച് സ്റ്റാംപ് പതിച്ച് പുറത്തെത്തും.

തപാൽ വിഭാഗം മുൻകൂട്ടി പണം ആവശ്യപ്പെട്ടിരുന്നെങ്കിലും പണമില്ലെന്ന മറുപടിയാണ് ധനകാര്യവിഭാഗത്തിൽനിന്ന് ലഭിച്ചത്. സ്റ്റാംപ് വാങ്ങാൻ പണമില്ലാത്തതിനാൽ ഡിസംബർ 25 മുതലുള്ള തപാൽ വിതരണം മുടങ്ങുന്ന്ത അങ്ങനെയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP