Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജാമ്യമുള്ള വകുപ്പിലാണ് കേസെങ്കിലും സഖാക്കൾ പറഞ്ഞാൽ അർദ്ധരാത്രിയിലും കതക് ചവിട്ടി തുറന്ന് ആരേയും അറസ്റ്റ് ചെയ്യുന്ന പിണറായി പൊലീസ്! മുഖ്യമന്ത്രിയെ ശിഖണ്ഡിയായി ചിത്രീകരിച്ച പോസ്റ്റർ എഫ് ബിയിൽ ഷെയർ ചെയ്ത യുവമോർച്ചാ നേതാവിനെ കസ്റ്റഡിയിൽ എടുത്തതു ഭീകരനെ പോലെ; അപകീർത്തിക്കേസിൽ അർദ്ധരാത്രി എന്തിനു അറസ്റ്റെന്ന ചോദ്യത്തിന് ഉത്തരമില്ല; അധികാരത്തിന്റെ ഗർവ്വിലെ പോത്തൻകോട്ടെ രാഷ്ട്രീയ പ്രതികാരം തിരിഞ്ഞു കുത്തുമ്പോൾ

ജാമ്യമുള്ള വകുപ്പിലാണ് കേസെങ്കിലും സഖാക്കൾ പറഞ്ഞാൽ അർദ്ധരാത്രിയിലും കതക് ചവിട്ടി തുറന്ന് ആരേയും അറസ്റ്റ് ചെയ്യുന്ന പിണറായി പൊലീസ്! മുഖ്യമന്ത്രിയെ ശിഖണ്ഡിയായി ചിത്രീകരിച്ച പോസ്റ്റർ എഫ് ബിയിൽ ഷെയർ ചെയ്ത യുവമോർച്ചാ നേതാവിനെ കസ്റ്റഡിയിൽ എടുത്തതു ഭീകരനെ പോലെ; അപകീർത്തിക്കേസിൽ അർദ്ധരാത്രി എന്തിനു അറസ്റ്റെന്ന ചോദ്യത്തിന് ഉത്തരമില്ല; അധികാരത്തിന്റെ ഗർവ്വിലെ പോത്തൻകോട്ടെ രാഷ്ട്രീയ പ്രതികാരം തിരിഞ്ഞു കുത്തുമ്പോൾ

എം മനോജ് കുമാർ

തിരുവനന്തപുരം: യുവമോർച്ചാ കഴക്കൂട്ടം ജനറൽ സെക്രട്ടറി വി.ജയദേവന്റെ അറസ്റ്റിനു പിന്നിൽ സിപിഎമ്മിന്റെ രാഷ്ട്രീയ വിരോധമെന്ന ആരോപണം ശക്തം. നിയമപരമായി കേസെടുക്കാൻ കഴിയാത്ത വിഷയത്തിലാണ് ജയദേവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. മുഖ്യമന്ത്രി പിണറായി വിജയനെ സോഷ്യൽ മീഡിയ വഴി അപകീർത്തിപ്പെടുത്തി എന്നാരോപിച്ചാണ് തിങ്കൾ അർദ്ധരാത്രി ജയദേവിനെ പോത്തൻകോട് പൊലീസ് അറസ്റ്റ് ചെയ്തത്. മുഖ്യമന്ത്രിയെ ശിഖണ്ഡിയായി ചിത്രീകരിക്കുന്ന ഒരു പോസ്റ്റർ ഫെയ്സ് ബുക്കിൽ ഷെയർ ചെയ്തതിന്റെ പേരിലാണ് അറസ്റ്റ്. തനിക്ക് വന്ന പോസ്റ്റ് ഷെയർ ചെയ്യുക മാത്രമാണ് ജയദേവ് ചെയ്തത്. അർദ്ധരാത്രി രണ്ടു മണിക്ക് ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് ജയദേവിനെ അറസ്റ്റ് ചെയ്തത്.

മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തിയതിന്റെ പേരിൽ ഐപിസി 294 ബി, 153, 500,കേരളാ പൊലീസ് ആക്ട് 124 എന്നീ വകുപ്പുകൾ പ്രകാരമാണ് അറസ്റ്റ് ചെയ്തത്. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമുള്ളതല്ല ഈ കേസ്. മുഖ്യമന്ത്രിയെ അപമാനിക്കുന്ന രീതിയിലുള്ള പോസ്റ്റാണ് എന്ന് ബോധ്യമായതിന്റെ അടിസ്ഥാനത്തിലാണ് കേസ് ചാർജ് ചെയ്തതെന്ന് പോത്തൻകോട് പൊലീസ് പറഞ്ഞു. അപകീർത്തികരമായ പോസ്റ്റിൽ കേസെടുക്കാൻ പൊലീസിന് നിയമപരമായി കഴിയില്ല. കോടതിയുടെ ഇടപെടൽ ഇതിന് ആവശ്യമാണ്. ഇതൊന്നും കണക്കിലെടുക്കാതെയാണ് അറസ്റ്റ്. അത് വാദം എന്ന നിലയിൽ പരിഗണിക്കാവുന്നതാണെന്നും ഈ വാദം കോടതിയിൽ പ്രതിഭാഗത്തിന്റ ഭാഗത്തു നിന്ന് വരേണ്ടതാണെന്നും അത് പ്രതിഭാഗം കോടതിയിൽ ഉന്നയിക്കട്ടെയെന്നുമാണ് പോത്തൻകോട് പൊലീസ് മറുനാടനോട് പ്രതികരിച്ചത്.

ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് ജയദേവനെ അറസ്റ്റ് ചെയ്തത്. മുട്ടുകേട്ട് അർധരാത്രി വീട്ടുകാർ പുറത്തിറങ്ങിയപ്പോൾ കണ്ടത് പോത്തൻകോട് പൊലീസിനെ. മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തിയതിന്റെ പേരിൽ കേസ് ഉണ്ടെന്നും ജയദേവിനെ അറസ്റ്റ് ചെയ്യേണ്ടതുണ്ടെന്നുമാണ് പൊലീസ് വീട്ടുകാരോട് പറഞ്ഞത്. നടുങ്ങിപ്പോയ വീട്ടുകാരെ സാക്ഷിനിർത്തി അറസ്റ്റ് എന്ന പേരിൽ ജയദേവിനെ പോത്തൻകോട് പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. സിപിഎം നേതൃത്വത്തിന്റെ നേരിട്ടുള്ള നിർദ്ദേശപ്രകാരം ഡിവൈഎഫ്‌ഐ പ്രാദേശിക നേതാക്കളാണ് ജയദേവിനെതിരെ മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തി എന്ന പേരിൽ പരാതി നൽകിയത്. ഈ പരാതിയുടെ പേരിലാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരമുള്ള കേസ് പോലും ചാർജ് ചെയ്യാതെ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ജയദേവിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

ജാമ്യമില്ലാ വകുപ്പ് പ്രകാരമുള്ള കേസുകളിൽ അകപ്പെട്ട മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും പുറത്ത് വിലസി നടക്കുമ്പോഴാണ് ഒരു ഫെയ്സ് ബുക്ക് പോസ്റ്റ് ഷെയർ ചെയ്ത് എന്ന പരാതിയുടെ പേരിൽ പൊലീസ് അർദ്ധരാത്രി ജയദേവിനെ എടുത്ത് അകത്തിട്ടത്. അറസ്റ്റ് ചെയ്ത് ആറ്റിങ്ങൽ കോടതിൽ ഹാജരാക്കിയെങ്കിലും കോടതി ജയദേവന് ജാമ്യം അനുവദിച്ചു. രാഷ്ട്രീയ വൈരാഗ്യം തീർക്കാൻ എന്നോണം ജയദേവന്റെ ഫോൺ പൊലീസിന്റെ കസ്റ്റഡിയിലാണ് ഇപ്പോഴും. കേട്ടുകേൾവിയില്ലാത്ത കാര്യമെന്നാണ് യുവമോർച്ച തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് അനുരാജ് ജയദേവന്റെ അറസ്റ്റിനെക്കുറിച്ച് മറുനാടനോട് പ്രതികരിച്ചത്. പൊലീസിന്റെ നടപടികൾ നാണിപ്പിക്കുന്നതാണ്. ഇടത് സർക്കാർ വന്നശേഷം ഇതാണ് അവസ്ഥ. എന്തിന്റെ പേരിലാണ് അർദ്ധരാത്രി അതിക്രമിച്ച് കയറി ജയദേവിനെ അറസ്റ്റ് ചെയ്തത് എന്ന കാര്യത്തിൽ പൊലീസിന് ഇപ്പോഴും ഉത്തരമില്ല. കേരളത്തിൽ നിലവിലെ അവസ്ഥ ഇങ്ങിനെയാണ്-അനുരാജ് പറയുന്നു.

ഏറെക്കാലമായി സിപിഎമ്മിന്റെ നോട്ടപ്പുള്ളിയാണ് ജയദേവ്. തികച്ചും കമ്യൂണിസ്റ്റ് പാരമ്പര്യത്തിൽ അടിയുറച്ച് ജീവിക്കുന്ന കുടുംബമാണ് ജയദേവന്റെത്. കുടുംബത്തിൽ നിന്ന് കമ്യൂണിസ്റ്റ് വഴികളിൽ നിന്നും വ്യതിചലിച്ച് നടന്നത് ജയദേവ് മാത്രം. കമ്മ്യൂണിസ്റ്റ് വഴികളിൽ നിന്നും അകന്നുമാറിയ ജയദേവ് തേടിയ ആലയം സിപിഎമ്മിന്റെ വർഗ ശത്രുക്കളായ ആർഎസ്എസ് പാളയത്തിൽ. ഇത് ജയദേവിനോടുള്ള വിദ്വേഷം വർധിപ്പിക്കുകയായിരുന്നു. . ഇതിനിടയിലാണ് ജയദേവ് പടിപടിയായി സംഘപരിവാർ പ്രസ്ഥാനത്തിൽ കൂടി വളരുന്നത്. നിലവിൽ യുവമോർച്ച കഴക്കൂട്ടം മണ്ഡലം ജനറൽ സെക്രട്ടറിയാണ് ജയദേവ്. ഇതും സിപിഎമിനെ അരിശം പിടിപ്പിച്ചിരുന്നു . അപ്പോഴാണ് ജയദേവ് ഷെയർ ചെയ്ത ഒരു ഫെയ്സ് ബുക്ക് പോസ്റ്റ് സിപിഎമ്മിന് കയ്യിൽ കിട്ടുന്നത്.

ഇതോടെ വളരെ ആസൂത്രിതമായ സിപിഎം നീക്കങ്ങൾ നടത്തുകയായിരുന്നു. ഒരു പരാതി ഉണ്ട് എന്നൊന്നും ജയദേവ് കൂടി അറിഞ്ഞില്ല. പൊലീസ് ഈ കാര്യം അറിയിക്കുകയും ചെയ്തില്ല. ഇതെല്ലാം തന്നെ സിപിഎമ്മും പൊലീസും തമ്മിലുള്ള ആസൂത്രിതമായ നീക്കമാണ് ജയദേവന്റെ കൈകളിൽ വിലങ്ങ് വീഴ്‌ത്തിയത് എന്ന് വ്യക്തമാകുന്നു. ജാമ്യമില്ലാ വകുപ്പ് പ്രകാരമുള്ള ഒരു കേസ് പോലും ചാർജ് ചെയ്യാതെയുള്ള അറസ്റ്റിന്റെ പേരിൽ വൻ ജനരോഷമാണ് ഇപ്പോൾ ശ്രീകാര്യത്ത് നിന്നും ഉയരുന്നത്. ഒന്ന് ഫോൺ ചെയ്ത് പറഞ്ഞാൽ സ്റ്റേഷനിൽ ഹാജരാകുന്ന ഒരു യുവ നേതാവിനെയാണ് ഒരു ക്രിമിനലിനെ പോലെ അർദ്ധ രാത്രി അറസ്റ്റ് ചെയ്തത്. ജയദേവന്റെ അറസ്റ്റിൽ പാർട്ടി ഭേദമന്യേ എതിർപ്പ് ശക്തമാണ്. ഇങ്ങിനെ അർദ്ധ രാത്രി വീട്ടിൽ കയറി അറസ്റ്റ് ചെയ്യാനുള്ള വകുപ്പ് ഏതാണെന്നു ചോദിച്ചാൽ അറസ്റ്റ് ചെയ്ത പോത്തൻകോട് പൊലീസും കൈമലർത്തും. ജാമ്യമില്ലാ വകുപ്പ് പ്രകാരമുള്ള കേസ് അല്ലാതിരുന്നിട്ടും എന്തിനു അർദ്ധ രാത്രിയിൽ ഉള്ള അറസ്റ്റ് എന്ന ചോദ്യത്തിന് പൊലീസിന് മറുപടിയില്ല.

സിപിഎം അധികാരത്തിൽ വന്നത് മുതൽ സിപിഎമ്മിന്റെ രാഷ്ട്രീയ വിരോധം തീർക്കാനുള്ള ഒരു ഏജൻസി മാത്രമായി കേരളാ പൊലീസ് അധഃപതിച്ചെന്ന ആരോപണങ്ങൾക്ക് അടിവരയിടുകയാണ് ജയദേവന്റെ അറസ്റ്റുമെന്ന് ബിജെപി ആരോപിക്കുന്നു. ഇത്തരം സിപിഎം നീക്കങ്ങൾക്ക് അരുനിൽക്കാത്തതിന്റെ പേരിലാണ് വളരെ മിടുക്കൻ എന്ന് കുറഞ്ഞ കാലയളവിൽ തെളിയിച്ച തിരുവനന്തപുരം പൊലീസ് കമ്മീഷണർ പി.പ്രകാശിനെ സ്ഥലം മാറ്റിയത്. പ്രകാശിനെ സ്ഥലം മാറ്റിയ അന്ന് തന്നെയാണ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ജയദേവന്റെ വീട്ടിൽ പൊലീസ് അതിക്രമിച്ച് കയറിയതെന്നും ബിജെപി പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP