Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ശ്രീധരൻപിള്ളയുടെ കണ്ണ് തുറപ്പിച്ചത് മുകുന്ദന്റെ ബാലുശേരി യാത്ര; ശബരിമലയിൽ അറസ്റ്റിലായ നേതാവിന്റെ കുടുംബത്തെ ആശ്വസിപ്പിക്കാൻ മുൻ ജനറൽ സെക്രട്ടറി ഓടിയെത്തിയത് ശനിയാഴ്ച; ഫോട്ടോ വൈറലായപ്പോൾ നേതൃത്വം വെട്ടിലുമായി; സുരേന്ദ്രന്റെ വീട്ടിൽ എത്തി ചടങ്ങ് തീർത്ത് ബിജെപി അധ്യക്ഷനും എംടി രമേശും മടങ്ങി; സുരേന്ദ്രനെ കൈവിടുന്നതിന് പിന്നിൽ ഗ്രൂപ്പിസമെന്ന ആരോപണം ശക്തം

ശ്രീധരൻപിള്ളയുടെ കണ്ണ് തുറപ്പിച്ചത് മുകുന്ദന്റെ ബാലുശേരി യാത്ര; ശബരിമലയിൽ അറസ്റ്റിലായ നേതാവിന്റെ കുടുംബത്തെ ആശ്വസിപ്പിക്കാൻ മുൻ ജനറൽ സെക്രട്ടറി ഓടിയെത്തിയത് ശനിയാഴ്ച; ഫോട്ടോ വൈറലായപ്പോൾ നേതൃത്വം വെട്ടിലുമായി; സുരേന്ദ്രന്റെ വീട്ടിൽ എത്തി ചടങ്ങ് തീർത്ത് ബിജെപി അധ്യക്ഷനും എംടി രമേശും മടങ്ങി; സുരേന്ദ്രനെ കൈവിടുന്നതിന് പിന്നിൽ ഗ്രൂപ്പിസമെന്ന ആരോപണം ശക്തം

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ശബരിമലയിലെ പ്രതിഷേധത്തിൽ ബിജെപി സംസ്ഥാന നേതൃത്വം കള്ളക്കളി നടത്തുന്നുവെന്ന ആരോപണം കൂടുതൽ ശക്തമാകുന്നു. ജയിലിലുള്ള കെ സുരേന്ദ്രന്റെ വീട്ടിലെത്തി പിഎസ് ശ്രീധരൻ പിള്ള സന്ദർശിച്ചിട്ടും അണികളുടെ രോഷം അകലുന്നില്ല. സുരേന്ദ്രന് ആദ്യം ജാമ്യം നിഷേധിച്ചപ്പോൾ തന്നെ വീട്ടുകാരെ സമാധാനിപ്പിക്കാൻ ശ്രീധരൻ പിള്ള ഓടിയെത്തണമായിരുന്നു. എന്നാൽ ആരും കുടുംബത്തെ തിരിഞ്ഞു നോക്കിയില്ല. ഒടുവിൽ കുടുംബത്തിന് ആത്മധൈര്യം കൊടുക്കേണ്ടതിന്റെ ആവശ്യകത ഓർമ്മപ്പെടുത്തിയത് പിപി മുകുന്ദനാണ്. ബിജെപിയുടെ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ഉള്ളിയേരിയിലെ വീട്ടിലെത്തി സുരേന്ദ്രന്റെ ഭാര്യയേയും മകളേയും ആശ്വസിപ്പിച്ചു. ശനിയാഴ്ചയായിരുന്നു മുകുന്ദൻ എത്തിയത്. ഇതോടെയാണ് ശ്രീധരൻപിള്ളയും എംടി രമേശും വിട്ടുപോയ തെറ്റ് തിരിച്ചറിഞ്ഞതും വീട്ടിൽ ഓടിയെത്തിയതും.

ശബരിമലയിൽ ഇരുമുടി കെട്ടുമായി പോയ ശശികല ടീച്ചറെ അറസ്റ്റ് ചെയ്തു. എന്നാൽ സ്‌റ്റേഷൻ ജാമ്യത്തിൽ വിട്ടു. ബിജെപി സംസ്ഥാന സെക്രട്ടറി വികെ സജീവൻ ഇതേ രീതിയിൽ നിലയ്ക്കലിൽ എത്തി. നിരോധനാജ്ഞ ലംഘിക്കുമെന്ന് പ്രഖ്യാപിച്ച് മുന്നോട്ട് നീങ്ങി. സജീവനേയും സ്‌റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. നിലയ്ക്കലിൽ നിന്ന് പിടിച്ചവരെ എല്ലാം പൊലീസ് വിട്ടു. എന്നാൽ കെ സുരേന്ദ്രനെ മാത്രം അങ്ങനെ വെറുതെ വിട്ടില്ല. പകരം ജാമ്യം നിഷേധിക്കുന്ന വകുപ്പുകൾ പ്രകാരം കേസെടുത്തു. ജയിലിൽ ്അടച്ചു. സ്റ്റേഷൻ ജാമ്യത്തിൽ പുറത്തു വന്നവർക്ക് വേണ്ടി ഹർത്താലും മറ്റും നടത്തി രംഗം കൊഴുപ്പിച്ചു. എന്നാൽ സുരേന്ദ്രനെ കേസുകളിൽ നിന്ന് കേസുകളിലൂടെ കുടുക്കി ഒരുപാട് കാലം ജയിലിൽ ഇടാൻ തീരുമാനിച്ചിട്ടും ആരും അനങ്ങുന്നില്ല. സുരേന്ദ്രന് ആത്മവിശ്വാസം നൽകാനുള്ള ശ്രീധരൻ പിള്ളയുടെ ജയിൽ സന്ദർശനവും പേരു ദോഷമൊഴിവാക്കാനുള്ള നീക്കം മാത്രമായി.

സുരേന്ദ്രന് വേണ്ടി സജീവമായി രംഗത്തുള്ളത് വിവി രാജേഷ് മാത്രമാണ്. ബിജെപിയുടെ സംസ്ഥാന നേതാക്കളെയൊന്നും ജയിലിന് മുമ്പിലും കോടതിക്ക് മുമ്പിലും കാണാനില്ല. സുരേന്ദ്രന്റെ കുടുംബത്തേയും എല്ലാവരും മറന്നു. തന്റെ കുടുംബവുമായി ഫോണിൽ സംസാരിക്കാനായി കോടതിയുടെ പ്രത്യേക അനുമതി പോലും സുരേന്ദ്രന് വാങ്ങേണ്ടി വന്നു. ഇത് അറിഞ്ഞായിരുന്നു കൊട്ടിയൂരിലെ വീട്ടിൽ നിന്ന് പിപി മുകുന്ദൻ കോഴിക്കോട്ടെ ബാലുശ്ശേരിക്കടുത്തുള്ള സുരേന്ദ്രന്റെ വീട്ടിലെത്തിയത്. പ്രാദേശിക ബിജെപി നേതാക്കളും പരിവാർ നേതാക്കളും മുകുന്ദനൊപ്പം വീട്ടിലെത്തി. ഈ ഫോട്ടോ ചിലർ സോഷ്യൽ മീഡിയയിൽ ഇട്ടു. ഇതോടെയാണ് കുടുംബത്തെ മറന്ന ബിജെപി നേതാക്കൾക്കെതിരേയും ചർച്ച സജീവമായത്. ഇതിനെ മറികടക്കാനായിരുന്നു ഇന്നലെ ശ്രീധരൻ പിള്ളയും രമേശും സുരേന്ദ്രന്റെ വീട്ടിലെത്തിയതെന്നാണ് വിലയിരുത്തൽ.

സുരേന്ദ്രനെ യുവമോർച്ചയുടെ അധ്യക്ഷനാക്കിയതും നേതാവാക്കി മാറ്റിയതും മുകുന്ദനായിരുന്നു. പിന്നീട് ഗ്രൂപ്പ് സമവാക്യങ്ങളിൽ വി മുരളീധരനൊപ്പമായി സുരേന്ദ്രൻ. ഇതിനിടെ ബിജെപിയിൽ നിന്നും മുകുന്ദനെ അകറ്റുകയും ചെയ്തു. വി മുരളീധരൻ അധ്യക്ഷനായപ്പോഴായിരുന്നു ഇത്. എന്നാൽ കുമ്മനം രാജശേഖരനും പി എസ് ശ്രീധരൻ പിള്ളയും അധ്യക്ഷനായപ്പോഴും മുകുന്ദനോട് അവഗണന തുടർന്നു. ഈ ഗ്രൂപ്പു സമവാക്യങ്ങളിൽ സുരേന്ദ്രൻ എതിർ പക്ഷത്താണെങ്കിലും മുകുന്ദനുമായി അടുപ്പം തുടർന്നിരുന്നു. ഈ സാഹചര്യത്തിലാണ് സുരേന്ദ്രന്റെ വീട്ടിലേക്ക് മുകുന്ദനെത്തിയത്. കുടുംബത്തെ ഒറ്റപ്പെടുത്തരുതെന്ന സന്ദേശമാണ് നേതൃത്വത്തിന് മുകുന്ദൻ നൽകിയത്.

സുരേന്ദ്രൻ ദീർഘകാല ജയിൽ വാസം അനുഭവിക്കാത്ത ആളാണ്. അതിന്റെ പ്രശ്‌നങ്ങളും പ്രതിസന്ധിയും കുടുംബത്തിലുണ്ടാകും. ഇത് തോന്നിയതു കൊണ്ടാണ് താൻ അവിടെ പോയതെന്ന് മുകുന്ദൻ പറയുന്നു. രാഷ്ട്രീയ സമരത്തിന്റെ ഭാഗമായി ഏറെ കാലം താൻ ജയിലിൽ കിടന്നിട്ടുണ്ട്. അതെല്ലാം കുടുംബത്തോട് പറഞ്ഞു മനസ്സിലാക്കി. വേദനിക്കേണ്ടതില്ലെന്നും ഇതെല്ലാം രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമാണെന്നും അവരെ ബോധ്യപ്പെടുത്തി മടങ്ങിയതായും പിപി മുകുന്ദൻ മറുനാടനോട് പറഞ്ഞു. ശബരിമല വിഷയത്തിൽ സുരേന്ദ്രൻ ഇടപെടൽ ഭരണകൂടത്തെ വിരട്ടിയെന്നും അതുകൊണ്ടാണ് സുരേന്ദ്രനെ ജയിലിൽ ഇട്ടതെന്നും മുകുന്ദൻ പറയുന്നു.

ഈ ഇടപെടലോടെ പരിവാറുകാർക്കിടയിൽ വീണ്ടും മുകുന്ദൻ ചർച്ചയാവുകയാണ്. മുകുന്ദനെ പോലുള്ളവരെ നേതൃത്വത്തിൽ സജീവമാക്കണമെന്ന ആവശ്യവും കൂടുതൽ ശക്തമായി ഉയരും. നേരത്തെ മുകുന്ദനെ ബിജെപിയോട് സഹകരിപ്പിക്കുന്നതിൽ എതിർപ്പില്ലെന്ന് സംഘപരിവാറും വ്യക്തമാക്കിയിരുന്നു. എന്നാൽ എംടി രമേശ് അടക്കമുള്ളവർ ഇതിനെ അനുകൂലിക്കുന്നില്ല. ഇവരുടെ ഇടപെടൽ മൂലമാണ് മുകുന്ദൻ പുറത്തു നിൽക്കുന്നതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP