Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആദ്യ ഷോ കഴിയും മുൻപ് ഫേസ്‌ബുക്കിലും യൂട്യൂബിലും മുഴുവൻ റിവ്യുകളുടെ പെരുമഴ; സോഷ്യൽ മീഡിയയിൽ രാമലീലക്കായി പേനയേന്തി ആയിരങ്ങൾ; നടിയെ അക്രമിച്ച കേസിൽ പ്രതിയാക്കപ്പെട്ടപ്പോൾ സഹതാപതരംഗം ഉണ്ടാക്കാൻ വിലയ്ക്കെടുത്ത ഏജൻസി തന്നെ രാമലീലയുടെ പ്രചരണവും ഏറ്റെടുത്തെന്ന് ആക്ഷേപം

ആദ്യ ഷോ കഴിയും മുൻപ് ഫേസ്‌ബുക്കിലും യൂട്യൂബിലും മുഴുവൻ റിവ്യുകളുടെ പെരുമഴ; സോഷ്യൽ മീഡിയയിൽ രാമലീലക്കായി പേനയേന്തി ആയിരങ്ങൾ; നടിയെ അക്രമിച്ച കേസിൽ പ്രതിയാക്കപ്പെട്ടപ്പോൾ സഹതാപതരംഗം ഉണ്ടാക്കാൻ വിലയ്ക്കെടുത്ത ഏജൻസി തന്നെ രാമലീലയുടെ പ്രചരണവും ഏറ്റെടുത്തെന്ന് ആക്ഷേപം

മറുനാടൻ മലയാളി ബ്യൂറോ

ഏറെ നാളത്തെ അനിശ്ചിതത്വത്തിനൊടുവിൽ ദിലീപ് ചിത്രം രാമലീല ഇന്ന് റിലീസ് ചെയ്തു. നടിയെ ആക്രമിച്ച കേസിൽ ജയിലിൽ കഴിയുന്ന നടന്റെയും, ഒപ്പം ദിലീപിന്റെ മുൻ ഭാര്യ മഞ്ജു വാര്യരുടെ ഉദാഹരണം സുജാതയും ഒരു ദിവസമാണ് റിലീസ് ചെയ്തത്. രാമലീല കാണണോ വേണ്ടയോ എന്ന് ദിലീപ് അനുകൂലികളും വിമർശകരും തമ്മിൽ നാളുകൾക്ക് മുൻപ് തന്നെ സോഷ്യൽ മീഡിയയിൽ വാക്‌പോപോരാട്ടം ആരംഭിച്ചിരുന്നു.

ഇതിനിടെയാണ് ദിലീപ് ചിത്രം രാമലീല വിജയിപ്പിക്കാനായി ഏജൻസി രംഗത്തിറങ്ങിയിരിക്കുന്ന വാർത്ത പടരുന്നത്. വാർത്ത സത്യമാണെന്ന് ബോധ്യപ്പെടുത്തുന്ന തരത്തിലാണ് സോഷ്യൽ മീഡിയയിൽ ചിത്രത്തിനായി നടക്കുന്ന കാമ്പയിനുകളും. ആദ്യ ഷോ കഴിയും മുൻപ് ഫേസ്‌ബുക്കിലും യൂട്യൂബിലും മുഴുവൻ രാമലീല ചിത്രത്തിന്റെ അനുകൂല റിവ്യുകളുടെ പെരുമഴയാണ്.

നടിയെ അക്രമിച്ച കേസിൽ പ്രതിയാക്കപ്പെട്ടപ്പോൾ സഹതാപതരംഗം ഉണ്ടാക്കാൻ പിആർ ഏജൻസികളെ പണം കൊടുത്ത് സോഷ്യൽ മീഡിയകളിൽ പ്രവർത്തിപ്പിക്കുന്നു എന്ന വാർത്ത വിവാദമായിരുന്നു. ഈ ഏജൻസി തന്നെയാണ് രാമലീലയുടെ വിജയത്തിനായി പണിയെടുക്കുന്നതെന്നാണ് പുതിയ വിവരം. ഇന്നലെ മുതൽ തന്നെ ചിത്രം പുറത്തിറങ്ങുമ്പോൾ ഉടൻ പോസ്റ്റ് ചെയ്യാനുള്ള റിവ്യുകളുമായി തയ്യാറായി കഴിഞ്ഞിരുന്നു.

ഇങ്ങനെ പുറത്തിറങ്ങിയ റിവ്യുകളിൽ പലതും ചിത്രത്തിന്റെ ആദ്യ ഷോ കഴിയുന്നതിന് മുൻപ് തന്നെ സോഷ്യൽ മീഡിയകളിൽ പ്രചരിച്ചിരുന്നു. ഇതാണ് എല്ലാവർക്കും സംശയം തോന്നാൻ കാരണമായത്. ചിത്രത്തിന്റെ പേര് യൂട്യൂബിലോ ഗൂഗിളിലോ സെർച്ച് ചെയ്താൽ രാമലീലയെയും ദിലീപിനെയും അഭിനന്ദിച്ച് കൊണ്ടുള്ള അനുകൂല പോസ്റ്റുകൾ മാത്രമാണ്.

ദിലീപേട്ടന്റെ തിരിച്ച് വരവ്, ഇതാവണം സിനിമ, കാത്തിരിപ്പ് വെറുതെയായില്ല...ദിലീപേട്ടൻ തകർത്തു തുടങ്ങിയ ടൈറ്റിലുകളിലാണ് റിവ്യുകളിൽ ഫേസ്‌ബുക്കിലും മറ്റും തരഗമാകുന്നത്. എന്നാൽ സിനിമ റിവ്യുകൾ സത്യസന്ധമായി റിപ്പോർട്ട് ചെയ്യുന്ന ഒരു വെബ്‌സൈറ്റുകളും ഫേസ്‌ബുക്ക് പേജുകളും ഇതുവരെ സിനിമയെക്കുറിച്ചുള്ള ഒരു പ്രതികരണവും പുറത്തുവിട്ടിട്ടുമില്ല. ഇതുവരെ കേട്ടിട്ടില്ലാത്ത പേജുകളിൽ നിന്നും യൂട്യൂബ് ചാനലുകളിൽ നിന്നുമാണ് റിവ്യൂകൾ കൂടുതലും പുറത്ത് വരുന്നത്. ഇത് തന്നെയാണ് രാമലീലക്കായി പി.ആർ ഏജൻസികൾ പ്രവർത്തിക്കുന്നതെന്ന സംശയം ഉണ്ടാകാനുള്ള കാരണവും.

ചിത്രം ഇന്ന് രാവിലെ പുറത്തിറങ്ങിയപ്പോൾ ദിലീപ് ഫാൻസുകാരാണ് അധികവും സിനിമ കണ്ടത്. ഇവരെല്ലാം സിനിമ സൂപ്പറെന്നാണ് പ്രതികരിക്കുന്നത്. വിവാദങ്ങളുമായി സിനിമയെ ബന്ധിപ്പിക്കരുതെന്ന് ഏവരും പറയുന്നു. ദിലീപിന്റെ ജീവിതവുമായി ഏറെ സാമ്യമുള്ള ധാരാളം സീനുകൾ ചിത്രത്തിലുണ്ട്.

അച്ഛനായ കമ്യൂണിസ്റ്റുകാരന്റെ കൊലപാതകത്തിന് പ്രതികാരം ചെയ്യുന്ന കമ്യൂണിസ്റ്റുകാരനായ മകന്റെ കഥയാണ് രാമലീല. പാർട്ടി നേതാവിന്റെ തെറ്റായ നിലപാടിനെ ചോദ്യം ചെയ്തതിന് പുറത്തു പോകേണ്ടി വന്ന സഖാവ് കൃഷ്ണനുണ്ണി എന്ന കഥാപാത്രത്തെയാണ് ദിലീപ് അവതരിപ്പിക്കുന്നത്. പ്രതിപക്ഷത്ത് രാഷ്ട്രീയ 'അഭയം' തേടിയപ്പോഴും മനസ്സിൽ ചുവപ്പിനെ പ്രണയിച്ച രാഷ്ട്രീയ നേതാവാണ് നായകൻ. കമ്യൂണിസ്റ്റുകാരിയായ അമ്മക്കെതിരെ തിരഞ്ഞെടുപ്പിൽ മത്സരിക്കുകയും ചെയ്യുന്നു. അച്ഛനെ കൊന്നവനോടുള്ള പക വീട്ടി അമ്മയുടെ 'ലാൽസലാം' കൃഷ്ണനുണ്ണി ഏറ്റുവാങ്ങുന്നതോടെയാണ് സിനിമ അവസാനിക്കുന്നത്. രാഷ്ട്രീയത്തിലെ തെറ്റായ പ്രവണതകൾ ചൂണ്ടിക്കാട്ടുമ്പോൾ തന്നെ കമ്യൂണിസ്റ്റ് ആശയത്തെ സിനിമ തള്ളി പറയുന്നില്ല.

ജീവിതത്തിൽ ദിലീപ് നേരിടേണ്ടി വന്നതിനു സമാനമായ അറസ്റ്റും സംഭവ വികാസങ്ങളും രാമലീലയിലും നായകൻ നേരിടുന്നുണ്ട്. 'കൊല നടന്ന് 24 മണിക്കൂറിനുള്ളിൽ പ്രതിയെ സ്വയം തീരുമാനിച്ചു പൊലീസ് ' എന്ന ഡയലോഗിന് വലിയ കയ്യടിയാണ് തിയറ്ററുകളിൽ നിന്നും ലഭിക്കുന്നത്. നവാഗതനായ അരുൺ ഗോപി സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു പൊളിറ്റിക്കൽ ത്രില്ലറാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP