Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നീ മൊഴിയുന്ന പൊട്ടത്തരങ്ങളിൽ... കവിത കണ്ടെത്തി സായൂജ്യമടയുന്നോൻ; ജീവിതം കൊണ്ടു കവിത രചിച്ചോൻ.. റോയൽറ്റി വാങ്ങാത്തോൻ; ആരാണു നീ ഒബാമ.. സന്നിധാനത്തെ കഴുതയെ പോൽ ഒത്തിപ്പേര് ചുമടെടുക്കുന്ന കൊണ്ടേ ആനപ്പുറത്തു നീ തിടമ്പുമായി ഇരിക്കുന്നു: കവിതയിൽ നിറയുന്നത് സുധാകരനെതിരെയുള്ള ആക്ഷേപ ഹാസ്യം; ഓമനക്കുട്ടനെ പ്രകീർത്തിച്ച് കവിത എഴുതിയ ലോക്കൽ സെക്രട്ടറി കുടുങ്ങിയത് പെണ്ണുകേസിൽ; പ്രവീൺ ജി പണിക്കർക്ക് സ്ഥാനവും പോകും; ആലപ്പുഴയിൽ വീണ്ടും സുധാകരൻ-ഐസക് പോര്

നീ മൊഴിയുന്ന പൊട്ടത്തരങ്ങളിൽ... കവിത കണ്ടെത്തി സായൂജ്യമടയുന്നോൻ; ജീവിതം കൊണ്ടു കവിത രചിച്ചോൻ.. റോയൽറ്റി വാങ്ങാത്തോൻ; ആരാണു നീ ഒബാമ.. സന്നിധാനത്തെ കഴുതയെ പോൽ ഒത്തിപ്പേര് ചുമടെടുക്കുന്ന കൊണ്ടേ ആനപ്പുറത്തു നീ തിടമ്പുമായി ഇരിക്കുന്നു: കവിതയിൽ നിറയുന്നത് സുധാകരനെതിരെയുള്ള ആക്ഷേപ ഹാസ്യം; ഓമനക്കുട്ടനെ പ്രകീർത്തിച്ച് കവിത എഴുതിയ ലോക്കൽ സെക്രട്ടറി കുടുങ്ങിയത് പെണ്ണുകേസിൽ; പ്രവീൺ ജി പണിക്കർക്ക് സ്ഥാനവും പോകും; ആലപ്പുഴയിൽ വീണ്ടും സുധാകരൻ-ഐസക് പോര്

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: സിപിഐ നേതാവ് കാനം രാജേന്ദ്രനെതിരെ രാഷ്ട്രീയ പ്രശ്‌നത്തിൽ പോസ്റ്റർ ഒട്ടിച്ച സിപിഐക്കാർക്കെതിരെ കേസെടുത്തവരാണ് ആലപ്പുഴയിലെ പൊലീസ്. സർക്കാരിന്റെ ധൂർത്തിനെ വിമർശിച്ചാലും കേസു വരും. ഇപ്പോഴിതാ ഓമനക്കുട്ടൻ വിവാദത്തിൽ മന്ത്രി ജി. സുധാകരനെ പരിഹസിച്ച് ഫേസ്‌ബുക്കിൽ കവിതയെഴുതിയ സിപിഎം ലോക്കൽ സെക്രട്ടറിയെ മറ്റൊരു സംഭവത്തിൽ പ്രതിയാക്കി പൊലീസ് കേസ്. ആലപ്പുഴയിലെ സിപിഎമ്മിലെ വിഭാഗീയ പ്രശ്‌നങ്ങലാണ് ഇതിന് കാരണം. മന്ത്രിമാരായ തോമസ് ഐസക്കും ജി സുധാകരനും തമ്മിലെ ഭിന്നതയുടെ ഏറ്റവും പുതിയ തെളിവ്. എംഎൽഎ പ്രതിഭാ ഹരിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ തുടങ്ങിയ വിവാദങ്ങൾ ഇന്നും കെട്ടടങ്ങിയിട്ടില്ല. പ്രളയകാലത്തും അത് പ്രതിഫലിക്കുകയാണ്.

കൊക്കോതമംഗലം ലോക്കൽ കമ്മിറ്റി സെക്രട്ടറി പ്രവീൺ ജി.പണിക്കർ ആണ് ഇത്തവണ വിവാദത്തിലെ നായകൻ. വില്ലൻ സുധാകരനും. ദുരിതാശ്വാസ ക്യാംപിൽ പണം പിരിച്ചെന്ന് ആരോപണമുയർന്നയുടൻ ലോക്കൽ കമ്മിറ്റിയംഗം എസ്. ഓമനക്കുട്ടനെ സസ്‌പെൻഡ് ചെയ്തതിലും സംഭവത്തിൽ മന്ത്രി ജി.സുധാകരന്റെ നടത്തിയ പ്രതികരണത്തിലും പ്രതിഷേധിച്ചാണ് 'ദുരിതാശ്വാസ ക്യാംപിലെ കഴുത' എന്ന പേരിൽ പ്രവീൺ കവിത പോസ്റ്റ് ചെയ്തത്. സുധാകരൻ മുൻപ് 'സന്നിധാനത്തിലെ കഴുത' എന്ന പേരിൽ കവിത എഴുതിയിരുന്നു. ഇതിനെ കളിയാക്കുക കൂടിയാണ് പ്രവീൺ ചെയ്തതെന്നാണ് വിലയിരുത്തൽ. ഓമനക്കുട്ടനെ ആദ്യം വിമർശിച്ചത് സുധാകരനാണ്. സുധാകരൻ കാരണം പാർട്ടിയിൽ നിന്ന് ഓമനക്കുട്ടനെ പുറത്താക്കി. പിന്നീട് മാപ്പ് പറഞ്ഞ് തിരിച്ചെടുത്തു. ഇതിനെയാണ് കവിതയിൽ പ്രവീൺ ചർച്ചാ വിഷയമാക്കിയത്.

നീ ചരിക്കുന്ന സ്റ്റേറ്റ് കാറിന്റെ ടയറിന്റെ പേരാണ് ഓമനക്കുട്ടൻ... നീ ഇരിക്കുന്ന കൊമ്പന്റെ തൂണുപോലുള്ള നാലുകാലിന്റെ പേരാണ് ഓമനക്കുട്ടൻ...' -പ്രവീൺ ജി. പണിക്കരുടെ ഫേസ്‌ബുക്ക് പേജിൽ ശനിയാഴ്ച രാത്രിയാണ് കവിത പ്രത്യക്ഷപ്പെട്ടത്. 10 മിനിറ്റിനകംതന്നെ ഇതു പിൻവലിച്ചു. എന്നാൽ, മുതിർന്നനേതാവിനുനേരെ പരോക്ഷ വിമർശനമുയർത്തുന്ന കവിത പാർട്ടിയിലെ ഇരുവിഭാഗവും ആയുധമാക്കിക്കഴിഞ്ഞു. ചേർത്തല തെക്ക് പഞ്ചായത്ത് ദുരിതാശ്വാസക്യാമ്പിലെ പണപ്പിരിവിന്റെ പേരിൽ ലോക്കൽ കമ്മിറ്റിയംഗം ഓമനക്കുട്ടനെ പാർട്ടി സസ്‌പെൻഡ് ചെയ്തതും യാഥാർഥ്യം പുറത്തുവന്നപ്പോൾ പിൻവലിക്കുകയുംചെയ്തിരുന്നു.

നീ മൊഴിയുന്ന പൊട്ടത്തരങ്ങളിൽ... കവിത കണ്ടെത്തി സായൂജ്യമടയുന്നോൻ.. ജീവിതംകൊണ്ടു കവിത രചിച്ചോൻ.. റോയൽറ്റി വാങ്ങാത്തോൻ.. ആരാണു നീ ഒബാമ.. ഇവനെ വിധിപ്പാൻ.. സന്നിധാനത്തെ കഴുതയെ പോൽ ഒത്തിപ്പേര് ചുമടെടുക്കുന്ന കൊണ്ടേ ആനപ്പുറത്തു നീ തിടമ്പുമായി ഇരിക്കുന്നു... തുടങ്ങിയ വരികളുള്ള കവിത 'പൂച്ചയ്ക്കാരു മണികെട്ടു'മെന്ന ചോദ്യവുമായാണ് അവസാനിക്കുന്നത്. കവിതയെ പരസ്യമായി എതിർത്തും അനുകൂലിച്ചും നേതാക്കളാരും രംഗത്തുവന്നിട്ടില്ല. എങ്കിലും എല്ലാവർക്കും എല്ലാം മനസ്സിലായി. അതുകൊണ്ടാണ് കവിത അതിവേഗം ഫെയ്‌സ് ബുക്കിൽ നിന്ന് അപ്രത്യക്ഷമായത്. അതിനിടെ കവിത ഒരു നേതാവിനെയും ലക്ഷ്യമിട്ടുള്ളതല്ലെന്നും കേസെടുത്ത ഉദ്യോഗസ്ഥ-ഭരണ സംവിധാനത്തെയാണ് ഉദ്ദേശിച്ചതെന്നും പ്രവീൺ പറഞ്ഞു. ഇതു തെറ്റിദ്ധരിക്കപ്പെട്ടതായി തോന്നിയതിനാലാണ് പിൻവലിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഈ കവിതയ്ക്ക് പിന്നാലെയാണ് ചേർത്തലയിലെ കയർ സൊസൈറ്റിയിൽ അതിക്രമിച്ചുകയറി സെക്രട്ടറിയായ വനിതയോടു മോശമായി പെരുമാറിയെന്നാണു കേസ് പൊലീസിന് മുമ്പിലെത്തിയത്. ദിവസങ്ങൾക്കു മുൻപു നടന്ന സംഭവത്തിൽ പാർട്ടി നടപടിക്കും സാധ്യതയുണ്ട്. 'സന്നിധാനത്തിലെ കഴുതയെപ്പോൽ ഒത്തിരിപ്പേർ ചുമടെടുക്കുന്ന കൊണ്ടത്രേ, ആനപ്പുറത്ത് നീ തിടമ്പുമായി ഇരിക്കുന്നു..' എന്നിങ്ങനെ വരികളുണ്ട്. 'ആരാണു നീ ഒബാമ ഇവനെ വിധിപ്പാൻ?' എന്നിങ്ങനെ സുധാകരന്റെ കവിതകളെ ഓർമിപ്പിക്കുന്ന വരികൾ ഉടനീളമുള്ളതാണ് പ്രവീണിന്റെ കവിതയെ വിവാദത്തിലാക്കിയത്. കവിത 10 മിനിറ്റിനുള്ളിൽ പിൻവലിച്ചെങ്കിലും ചിലർ സ്‌ക്രീൻഷോട്ട് എടുത്തു പാർട്ടി നേതൃത്വത്തിനു കൈമാറി. പ്രവീണിനെതിരെ നടപടി വേണ്ടെന്ന് ഐസക് വിഭാഗത്തിലെ ചിലർ വാദിക്കുന്നുണ്ട്.

അതേസമയം തന്റെ കവിത മന്ത്രിക്കെതിരെ അല്ലെന്നും ഉദ്യോഗസ്ഥരുടെ നിലപാടുകൾക്കെതിരെയായിരുന്നുവെന്നും പ്രവീൺ പറഞ്ഞു. ഇങ്ങനെ പറയുമ്പോഴും ലക്ഷ്യം സുധാകരനാണെന്ന് ഏവർക്കും അറിയാം. അതുകൊണ്ടാണ് പ്രവീണിനെതിരെ ആലപ്പുഴയിലെ ഔദ്യോഗിക വിഭാഗം കരുക്കൾ നീക്കുന്നത്. ദുരിതാശ്വാസക്യാമ്പിലെ പണപ്പിരിവിന്റെപേരിൽ മാധ്യമങ്ങളിലൂടെയും സാമൂഹികമാധ്യമങ്ങളിലൂടെയും 'വിചാരണ' ചെയ്യപ്പെട്ട എസ്. ഓമനക്കുട്ടനോട് സർക്കാർ മാപ്പുചോദിച്ചിരുന്നു. ഓമനക്കുട്ടൻ പണംപിരിച്ചത് സ്വന്തം നേട്ടത്തിനല്ലെന്നും ക്യാമ്പിലെ ആവശ്യത്തിനുവേണ്ടിയായിരുന്നെന്നും ബോധ്യമായതോടെയാണിത്. റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. വി. വേണുവാണ് സാമൂഹിക മാധ്യമത്തിലൂടെ കുറ്റസമ്മതം നടത്തിയത്. കേസ് പിൻവലിക്കാൻ കളക്ടറോട് നിർദ്ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പിന്നാലെ, തലേന്ന് ഓമനക്കുട്ടനെ തള്ളിപ്പറഞ്ഞ മന്ത്രി ജി. സുധാകരനും തെറ്റ് മനസ്സിലാക്കി പോസ്റ്റിട്ടു.

ചേർത്തല തെക്ക് ഗ്രാമപ്പഞ്ചായത്ത് ആറാം വാർഡിലെ പട്ടികജാതി കമ്യൂണിറ്റി ഹാളിലെ ദുരിതാശ്വാസ ക്യാമ്പിലെ പ്രവർത്തനങ്ങളാണ് വിവാദത്തിനിടയാക്കിയത്. ക്യാമ്പിലെ അന്തേവാസിയാണ് ഓമനക്കുട്ടൻ. ഇവിടെ വൈദ്യുതിയില്ലായിരുന്നു. ഇതിനൊപ്പം ഇവിടേക്കു ഭക്ഷ്യസാമഗ്രികൾ എത്തിക്കാനുള്ള ചെലവുമുണ്ടായിരുന്നു. 70 രൂപയാണ് പിരിച്ചത്. ഇത് ക്യാമ്പിലെത്തിയ ഒരാൾ മൊബൈലിൽ പകർത്തി സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. പിന്നാലെ മാധ്യമങ്ങളിലും വന്നു. ഓമനക്കുട്ടൻ തെറ്റുകാരനല്ലെന്നും ക്യാമ്പിലെ ആവശ്യങ്ങൾക്കായാണ് പണം പിരിച്ചതെന്നും റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഫേസ്‌ബുക്കിലൂടെ നടത്തിയ വെളിപ്പെടുത്തലാണ് സംഭവത്തിന് വഴിത്തിരിവുണ്ടാക്കിയത്. ഇതോടെയാണ് സുധാകരനെതിരെ ആലപ്പുഴയിലെ സിപിഎമ്മിൽ അമർഷം പുകഞ്ഞത്. കാര്യമറിയാതെ ഓമനക്കുട്ടനെ തെറ്റുകാരനാക്കിയതായിരുന്നു ഇതിന് കാരണം. വിവാദം അറിഞ്ഞപ്പോൾ തന്നെ ആലപ്പുഴയിൽ നിന്നുള്ള മറ്റ് മന്ത്രിമാരായ ടി.എം. തോമസ് ഐസക്, പി. തിലോത്തമൻ എന്നിവർ ക്യാമ്പിലെത്തി ഓമനക്കുട്ടനെ കണ്ട് കാര്യങ്ങൾ ചോദിച്ചറിഞ്ഞു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഫോണിൽ വിളിച്ചു. എന്നാൽ സുധാകരൻ ഇതൊന്നും ചെയ്തില്ല. പകരം ഓമനക്കുട്ടനെ വിമർശിച്ചു.

എന്നാൽ തനിക്കെതിരായ വിമർശനത്തിന് പിന്നിൽ തോമസ് ഐസക് പക്ഷമാണെന്ന് സുധാകരൻ വിശ്വസിക്കുന്നു. അതുകൊണ്ടാണ് പ്രവീണിനെതിരെ കേസ് പൊങ്ങി വന്നത്. ആലപ്പുഴയിലെ പാർട്ടിയിൽ സുധാകര പക്ഷത്തിനാണ് മുൻതൂക്കം. ഇതുപയോഗിച്ച് പ്രവീണിനെ രാഷ്ട്രീയമായി ഇല്ലായ്മ ചെയ്യാനാണ് നീക്കം. നേരത്തെ പലപ്പോഴും ധനമന്ത്രി കൂടിയായ തോമസ് ഐസക്കിനെതിരെ ഒളിയമ്പുമായി ജി.സുധാകരൻ എത്തിയിട്ടുണ്ട്. കുട്ടനാട് പാടശേഖരങ്ങളിലെ വെള്ളം വറ്റിക്കാൻ നടപടിയില്ലെന്നു പറഞ്ഞ സുധാകരൻ ഇത്രയേറെ കാത്തിരിക്കേണ്ട സമയമുണ്ടായിട്ടില്ലെന്നും കുറ്റപ്പെടുത്തിയതും വൻ വിവാദത്തിന് വഴിവച്ചിരുന്നു. പണം നൽകേണ്ടവർ അത് പരിശോധിക്കണമെന്നും ജി.സുധാകരൻ ആവശ്യപ്പെട്ടു. തോമസ് ഐസക്ക് വേദിയിലിരിക്കെയാണ് മുമ്പ് സുധാകരന്റെ വിമർശനം എത്തിയത്.

പമ്പിങ്ങിനുള്ള തടസങ്ങൾ ഉടൻ നീക്കുമെന്ന് തോമസ് ഐസക്ക് മറുപടി പറഞ്ഞു. മാറി താമസിക്കുന്നവർക്ക് വീടുകളിലേക്ക് മടങ്ങാൻ ഒരാഴ്ചയ്്ക്കുള്ളിൽ സാഹചര്യമൊരുക്കുമെന്നും തോമസ് ഐസക്ക് അറിയിച്ചു. അങ്ങനെ കിട്ടുന്ന അവസരങ്ങളിൽ എല്ലാം പോരടിച്ച നേതാക്കളുടെ അണികൾ വീണ്ടും പരസ്പരം പോരടിക്കാൻ എത്തുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP