Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എച്ച്ഡിഎഫ്‌സി ബാങ്കിനെതിരെ നടപടിക്ക് സർക്കാരിന്റെ ഉറച്ച പിന്തുണ അറിയിച്ച് ഡെപ്യൂട്ടി കളക്ടർ; ജില്ലാ ഭരണകൂടത്തിന് പരാതി നൽകാനും നിർദ്ദേശം; പിണറായി തന്നെ നേരിട്ട് ഇടപെട്ടതോടെ വീടിന്റെ ജപ്തി വിഷയത്തിൽ നീതികിട്ടുമെന്ന് ഉറപ്പുലഭിച്ച പ്രീതാഷാജി നിരാഹാര സമരം അവസാനിപ്പിച്ചു; ബാങ്കിനെതിരെ നടപടി ഉണ്ടാകുംവരെ ചിതയൊരുക്കി സമരം തുടരുമെന്നും വീട്ടമ്മ

എച്ച്ഡിഎഫ്‌സി ബാങ്കിനെതിരെ നടപടിക്ക് സർക്കാരിന്റെ ഉറച്ച പിന്തുണ അറിയിച്ച് ഡെപ്യൂട്ടി കളക്ടർ; ജില്ലാ ഭരണകൂടത്തിന് പരാതി നൽകാനും നിർദ്ദേശം; പിണറായി തന്നെ നേരിട്ട് ഇടപെട്ടതോടെ വീടിന്റെ ജപ്തി വിഷയത്തിൽ നീതികിട്ടുമെന്ന് ഉറപ്പുലഭിച്ച പ്രീതാഷാജി നിരാഹാര സമരം അവസാനിപ്പിച്ചു; ബാങ്കിനെതിരെ നടപടി ഉണ്ടാകുംവരെ ചിതയൊരുക്കി സമരം തുടരുമെന്നും വീട്ടമ്മ

ആർ.പീയൂഷ്

കൊച്ചി: എച്ച്.ഡി.എഫ്.സി ബാങ്കിന്റെ അന്യായമായ ജപ്തി നടപടിക്കെതിരെ 19 ദിവസമായി പ്രീതാ ഷാജിയെന്ന വീട്ടമ്മ നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. മുഖ്യമന്ത്രി പിണറായി തന്നെ ഈ വിഷയത്തിൽ ഇടപെട്ടതോടെ ജില്ലാ ഭരണകൂടം പ്രീതയുടെ ആവശ്യങ്ങൾ പരിഗണിക്കാമെന്ന് ഉറപ്പ് നൽകിയതിനെ തുടർന്നാണ് നിരാഹാരം അവസാനിപ്പിച്ചത്. ഡെപ്യൂട്ടി കളക്ടർ സുരേഷ് ഇന്ന് രാവിലെ പത്തടിപ്പാലത്തെ വീട്ടിലെത്തി പ്രീതയെ നേരിട്ട് കണ്ടാണ് സർക്കാരിന്റെ സഹായം അറിയിച്ചത്.

കഴിഞ്ഞ ദിവസം പ്രീതയുടെ വിഷയം നിയമ സഭയിൽ ഉന്നയിക്കപ്പെട്ടിരുന്നു. ഇതേത്തുടർന്ന് മുഖ്യമന്ത്രി വിഷയത്തിൽ ഇടപെടുകയും അടിയന്തിര യോഗം വിളിച്ച് ചേർത്ത് വേണ്ട നിയമ നടപടികൾ സ്വീകരിക്കമെന്ന് കളക്ടർക്ക് നിർദ്ദേശം നൽകുകയും ആയിരുന്നു. ഇതിനെ തുടർന്നാണ് എറണാകുളം ജില്ലാ കളക്ടർ കെ.മുഹമ്മദ് വൈ സഫീറുള്ള ഡെപ്യൂട്ടി കളക്ടർ സുരേഷിനെ തുടർ നടപടികൾക്ക് ചുമതലപ്പെടുത്തി. നിയമപരമായുള്ള കാര്യങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകുമെന്നും പരാതി നൽകിയാൽ ഉടൻ ബാങ്കിനെതിരെ അന്വഷണം നടത്തുമെന്നും അദ്ദേഹം നേരിട്ടെത്തി അറിയിച്ചതോടെയാണ് പ്രീതാ ഷാജി നിരാഹാര സമരം അവസാനിപ്പിച്ചത്.

ഇരുപത്തി നാലു വർഷങ്ങൾക്ക് മുൻപ് എടുത്ത വായ്പ എങ്ങനെയാണ് ഇത്രയും വലിയൊരു തുകയായി മാറിയത് എന്നത് അന്വഷിച്ച് വേണ്ട നടപടികൾ സ്വീകരിക്കുമെന്നും സബ് കളക്ടർ പറഞ്ഞു. പ്രീതാ ഷാജിക്കും സർഫാസി വിരുദ്ധ സമര സമിതിക്കും മാനാത്ത്പാടം പാർപ്പിട സംരക്ഷണ സമിതിക്കും ഉറപ്പ് നൽകിയ ശേഷം കളമശ്ശേരി ചെയർപേഴ്സൺ ജെസി പീറ്റർ പ്രീതാ ഷാജിക്ക് നാരങ്ങ ജ്യൂസ് നൽകി നിരഹാരം അവസാനിപ്പിച്ചു.

നിരാഹാരം അവസാനിപ്പിച്ച ശേഷം പ്രീതയെ മെഡിക്കൽ പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ 235 ദിവസമായി പ്രീതാ ഷാജി എച്ച.ഡി.എഫ്.സി ബാങ്കിനെതിരെ ചിതയൊരുക്കി സമരം നടത്തുകയാണ്. അധികൃതരടെ ഭാഗത്ത് നിന്നും യാതൊരു നടപടിയും ഉണ്ടാകാതിരുന്നതിനെ തുടർന്ന് പ്രീത 19 ദിവസമായി നിരാഹാരവും തുടങ്ങിയിരുന്നു. നിരാഹാര സമരം തുടർന്നതോടെയാണ് അധികാരികൾ കണ്ണു തുറന്നത്.

പ്രീതയുടെ ഭർത്താവ് ഷാജി ബന്ധുവായ മറ്റൊരാളെ സഹായിക്കാനായിട്ടാണ് തന്റെ സ്ഥലം ബാങ്കിന് പണയപ്പെടുത്തിയത്. 1994ലാണ് ഷാജി അകന്ന ബന്ധുവായ സാജന് വേണ്ടി തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുകയായിരുന്ന ലോർഡ് കൃഷ്ണാ ബാങ്കിന്റെ ആലുവാ ശാഖയിൽ സ്വന്തം സ്ഥലം പണയം വയ്ക്കുന്നത്. രണ്ട് ലക്ഷം രൂപ വായ്പയ്ക്കാണ് ഷാജിയുടെ 22.5 സെന്റ് ഭൂമി ഈട് വയ്ക്കുന്നത്. 20.75 ശതമാനം പലിശയ്ക്കാണ് സാജൻ അന്ന് കടമെടുത്തത്. കടം തിരിച്ചടക്കാതെ വന്നതോടുകൂടി കടബാധ്യത ഷാജിയുടെ മേൽ ആകുകയായിരുന്നു.

കുടിശ്ശിക കൂടിയതോടെ ബാങ്കിന്റെ ഭീഷണിയെ തുടർന്ന് 1997ൽ ജാമ്യം വച്ചതിൽ നിന്നും നാല് സെന്റ് വിറ്റ് ഒരു ലക്ഷം രൂപ അടച്ചു. പണമിടപാടിലെ ക്രമക്കേടുകൾ കാരണം നഷ്ടത്തിലായ ലോർഡ് കൃഷ്ണാ ബാങ്ക് 2007ൽ സെഞ്ചൂറിയൻ ബാങ്കിൽ ലയിക്കുകയും പിന്നീട് എച്ച്ഡിഎഫ്‌സി ഏറ്റെടുക്കുകയും ചെയ്തതോടെ കടബാധ്യത എച്ച്ഡിഎഫ്‌സി ബാങ്കിനായി. എച്ച്.ഡി.എഫ്.സി ബാങ്ക് 2013ൽ പണയത്തിലുള്ള വീടും പുരയിടവും സർഫാസി (സെക്യൂരിറ്റൈസേഷൻ ആൻഡ് റീകൺസ്ട്രക്ഷൻ ഓഫ് ഫിനാൻഷ്യൽ അസെറ്റ്‌സ് ആൻഡ് എൻഫോഴ്‌സ്‌മെന്റ് ഓഫ് സെക്യൂരിറ്റി ഇന്ററസ്റ്റ് SARFAESI) നിയമപ്രകാരം വിൽക്കുകയും കടം തിരിച്ചു പിടിക്കുകയും ചെയ്യുക എന്ന തീരുമാനത്തിലേക്ക് എത്തി.

2013ലാണ് ലേലം തീരുമാനിച്ചത് എങ്കിലും അത് അറിയിച്ചുകൊണ്ടുള്ള വിവരംപോലും ഷാജിയോ കുടുംബമോ അറിഞ്ഞില്ല. 2014 ഫെബ്രുവരിയിൽ ഓൺലൈൻ ലേലം വഴിയാണ് എച്ച്.ഡി.എഫ.സി ബാങ്ക് സ്ഥലത്തിന്റെ ലേലം പൂർത്തിയാക്കുന്നത്. ലേലം നടന്ന് മാസങ്ങൾ പിന്നിട്ട ശേഷം മാത്രമാണ് ഷാജിയും കുടുംബവും തങ്ങളുടെ വീടും പുരയിടവും വിറ്റ് പോയതായി തന്നെ അറിയുന്നത്. സ്ഥലം ലേലത്തിന് എടുത്തറിയൽ എസ്റ്റേറ്റ് മാഫിയ കുടി യൊഴിപ്പിക്കാൻ എത്തിയതോടെയാണ് സമരം ആരംഭിക്കുന്നത്. സർഫാസി വിരുദ്ധ സംഘടനയുടെയും മാനത്തുപാടം പാർപ്പിട സംരക്ഷണ സമിതിയുടെയും നേതൃത്വത്തിലാണ് പ്രീത സമരം ആരംഭിക്കുന്നത്.

ഇതോടെ മൂന്ന് വട്ടം ജപ്തിക്കായി എത്തിയവർ സമര സമിതിയുടെ പ്രതിഷേധത്തെതുടർന്ന് തിരിച്ചു പോകേണ്ടതായി വന്നു. ഇതിനിടയിൽ സമരം അറിഞ്ഞ് നിരവധിപേർ പിൻതുണയുമായെത്തി. എല്ലാ പ്രാദേശിക രാഷ്ട്രീയ പാർട്ടികളും ഇവിടെയെത്തി. ജനപ്രതിനിധികൾ പ്രീതയെ സന്ദർശിച്ചെങ്കിലും ആരുടെയും ഭാഗത്ത് നിന്നും യാതൊരു തുടർ നടപടികളും ഉണ്ടായിട്ടില്ല. പ്രീതയുടെ സമരം അറിഞ്ഞെത്തിയ മനുഷ്യാവകാശ പരിസ്ഥിതി പ്രവർത്തക മേധാപട്കർ റിട്ടയേർഡ് ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിൽ ജുഡീഷ്യൽ അന്വഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ധനകാര്യ വകുപ്പ് മന്ത്രിക്കും കത്ത് നൽകിയിരുന്നു.

നിരാഹാര സമരം മാത്രം അവസാനിപ്പിക്കാനും ചിതയൊരുക്കി സമരം വീണ്ടും തുടരാനുമാണ് തീരുമാനം. ബാങ്കിനെതിരെ നിയമ നടപടികൾ സ്വീകരിച്ചതിന് ശേഷം മാത്രമേ ഈ പോരാട്ടം അവസാനിപ്പിക്കൂ എന്ന് സമര സമിതിയുടെ മുന്നിരയിൽ നിൽക്കുന്ന സർഫാസി വിരുദ്ധ സമരസമിതിയുടെ ചെയർമാൻ മാനുവൽ മറുനാടൻ മലയാളിയോട് പറഞ്ഞു. കൂടാതെ വനിതാ ദിനത്തിൽ പ്രീതയെ മുൻ നിർത്തി ഡി.ആർ.ടി ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP