Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബിഷപ്പ് ഫ്രാങ്കോയെ 'എറിഞ്ഞുടച്ച്' മുതിർന്ന വൈദികന്റെ പ്രതിഷേധം; ജലന്ധർ അരമനയിലെ തീന്മേശയിൽ ചായ നൽകിയത് ഫ്രാങ്കോയുടെ ചിത്രം പതിപ്പിച്ച കപ്പിൽ; കപ്പുടയ്ക്കും മുൻപ് 'ഫ്രാങ്കോയുടെ ചിത്രമുള്ള കപ്പിൽ ചായ കുടിച്ചാൽ പൂർണ പാപമോചനം ഉറപ്പല്ലേ' എന്നും വൈദീകന്റെ പരിഹാസം; ചില്ലു കഷ്ണങ്ങൾ ഉച്ചവരെ നീക്കാൻ അനുവദിക്കാതെ വൈദികന്റെ രോഷം; ജലന്ധർ അരമനയിലെ ഊണുമുറിയിലുണ്ടായിരുന്ന സ്ഥാന ചിഹ്നങ്ങൾ അണിഞ്ഞ ഫ്രാങ്കോ ചിത്രവും നിമിഷങ്ങൾക്കകം 'അപ്രത്യക്ഷം'

ബിഷപ്പ് ഫ്രാങ്കോയെ 'എറിഞ്ഞുടച്ച്' മുതിർന്ന വൈദികന്റെ പ്രതിഷേധം; ജലന്ധർ അരമനയിലെ തീന്മേശയിൽ ചായ നൽകിയത് ഫ്രാങ്കോയുടെ ചിത്രം പതിപ്പിച്ച കപ്പിൽ; കപ്പുടയ്ക്കും മുൻപ് 'ഫ്രാങ്കോയുടെ ചിത്രമുള്ള കപ്പിൽ ചായ കുടിച്ചാൽ പൂർണ പാപമോചനം ഉറപ്പല്ലേ' എന്നും വൈദീകന്റെ പരിഹാസം; ചില്ലു കഷ്ണങ്ങൾ ഉച്ചവരെ നീക്കാൻ അനുവദിക്കാതെ വൈദികന്റെ രോഷം; ജലന്ധർ അരമനയിലെ ഊണുമുറിയിലുണ്ടായിരുന്ന സ്ഥാന ചിഹ്നങ്ങൾ അണിഞ്ഞ ഫ്രാങ്കോ ചിത്രവും നിമിഷങ്ങൾക്കകം 'അപ്രത്യക്ഷം'

മറുനാടൻ ഡെസ്‌ക്‌

കോട്ടയം: കന്യാസ്ത്രീയെ പീഡിച്ച കേസിൽ അന്വേഷണ സംഘം ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കന് എതിരെ കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെ ജലന്ധർ അരമനയിലും വൈദിക പ്രതിഷേധം ശക്തം. ഏതാനും ദിവസം മുൻപ് ജലന്ധർ അരമനയിൽ നടന്ന പ്രഭാത ഭക്ഷണത്തിനിടെയുണ്ടായ നാടകീയ സംഭവങ്ങളാണ് ബിഷപ്പിനെതിരെ സഭയ്ക്കുള്ളിലും പ്രതിഷേധം ശക്തമാണെന്ന കാര്യം ഉറപ്പിക്കുന്നത്. ഇക്കഴിഞ്ഞ ചൊവ്വാഴ്‌ച്ച അരമനയിലെ പ്രഭാത ഭക്ഷണത്തിനിടെ വൈദികൻ ചായക്കപ്പ് എറിഞ്ഞുടച്ചത് സഭയ്ക്കകത്തും പുറത്തും ഒട്ടേറെ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.

വൈദികർക്ക് ഭക്ഷണം വിളമ്പിയപ്പോൾ ചായ കൊണ്ടു വന്നത് ബിഷപ്പ് ഫ്രാങ്കോയുടെ ചിത്രം പതിപ്പിച്ച കപ്പായിരുന്നു. ഈ വേളയിൽ ഫ്രാങ്കോയ്‌ക്കെതിരെ കുറ്റപത്രം സമർപ്പിച്ചതിനെ പറ്റിയായിരുന്നു വൈദികർക്കിടയിലെ ചർച്ച. കപ്പിൽ ഫ്രാങ്കോയുടെ ചിത്രം ശ്രദ്ധിക്കാതെ ചായകുടിച്ച മുതിർന്ന വൈദികനോട് 'അച്ചന് ഇന്ന് പൂർണ്ണ ദണ്ഡവിമോചനം ലഭിച്ചല്ലോ' എന്ന് യുവ വൈദികൻ പറഞ്ഞതിന് പിന്നാലെയാണ് ഫ്രാങ്കോയുടെ ചിത്രം അദ്ദേഹത്തിന്റെ ശ്രദ്ധയിൽപെട്ടത്. 'ഇന്ന് ഫ്രാങ്കോയെ ആദരിക്കുന്ന ദിനമല്ലേ...ഈ കപ്പിൽ ചായ കുടിച്ചാൽ പൂർണ്ണ പാപമോചനം ഉറപ്പല്ലേ' എന്നായിരുന്നു മറുപടി.

ഇതിന് പിന്നാലെ കപ്പ് തറയിലേക്ക് എറിഞ്ഞുടയ്ക്കുകയായിരുന്നു. ബിഷപ്പ് കുറ്റക്കാരനെന്ന് ഏകദേശം തെളിഞ്ഞിരിക്കുന്ന വേളയിൽ വൈദികർക്കിടയിലും അദ്ദേഹത്തിനെതിരെ പ്രതിഷേധം ശക്തമാണെന്നതിന്റെ തെളിവാണ് സംഭവം. വൈദികൻ പ്രതിഷേധിച്ച സംഭവം സ്ഥലത്തുണ്ടായിരുന്ന വികാരി ജനറാൾ ഫാ.മാത്യു കൊക്കണ്ടം അപ്പോൾതന്നെ അഡ്‌മിനിസ്ട്രേറ്റർ ബിഷപ് ആഗ്നെലോ ഗ്രേഷ്യസിന്റെ ചെവിയിലെത്തിച്ചു.പൊട്ടിച്ചിതറിയ ചായക്കപ്പും ചായയും തുടച്ചുനീക്കാൻ ജോലിക്കാരൻ എത്തിയപ്പോൾ സെക്രട്ടറി ഫാ.തോമസ് പൂച്ചാലിൽ അത് തടഞ്ഞു. അഡ്‌മിനിസ്ട്രേറ്റർ വന്ന് കണ്ടിട്ട് വൃത്തിയാക്കിയാൽ മതിയെന്നായിരുന്നു അദ്ദേഹത്തിന്റെ നിർദ്ദേശം.

ഇതോടെ ചിതറിയ ചില്ലുകളും ചായയും ഊണുമുറിയിൽ കിടന്നു. ഉച്ചയ്ക്ക് രണ്ടു മണിക്കാണ് അഡ്‌മിനിസ്ട്രേറ്റർ സ്ഥലം സന്ദർശിച്ചത്. പിന്നീട് നാലു മണിയോടെയാണ് ജീവനക്കാരൻ ഊണുമുറി വൃത്തിയാക്കാൻ എത്തിയത്. അതിനിടെ, പ്രതിഷേധിച്ച വൈദികനെ വിളിച്ചുവരുത്തിയ അഡ്‌മിനിസ്ട്രേറ്റർ വഴക്കിട്ടു. മാപ്പുപറയണമെന്നും ആവശ്യപ്പെട്ടു. അദ്ദേഹം അത് തള്ളിക്കളഞ്ഞു. തങ്ങളിൽ ആർക്കും ഫ്രാങ്കോയെ അംഗീകരിക്കാൻ കഴിയില്ലെന്നും വ്യക്തമാക്കിയ ശേഷം അദ്ദേഹം ഇറങ്ങിപ്പോയി.

ഫ്രാങ്കോ സ്ഥാനചിഹ്നങ്ങളെല്ലാം ധരിച്ചുള്ള ചിത്രവും ഇരിക്കുന്ന മറ്റൊരു ചിത്രവുമാണ് ചായക്കപ്പിൽ ആലേഖനം ചെയ്തിരുന്നത്. ഇതിനിടെ ഊണുമുറിയിൽ വച്ചിരുന്ന ഫ്രാങ്കോയുടെ ചിത്രം ആരോ എടുത്തുനീക്കുകയും ചെയ്തു. ഈ സംഭവങ്ങളെല്ലാം ഫ്രാങ്കോയുടെ വിശ്വസ്തൻ ചമഞ്ഞുനടക്കുന്ന ഒരു വൈദികൻ തന്നെയാണ് സ്ഥലത്തില്ലായിരുന്ന മറ്റു വൈദികരെയും വിളിച്ചറിയിച്ചത്.

ഇപ്പോഴും ബിഷപ് ഹൗസിൽ താമസിക്കുന്ന ഫ്രാങ്കോ മറ്റു വൈദികരുടെ കൂടെ ഭക്ഷണത്തിനൊന്നും എത്തില്ല. എല്ലാവരും കഴിച്ചിട്ടു പോയശേഷ ഒറ്റയ്ക്കു വന്നാണ് ഭക്ഷണം. ബിഷപ് ഹൗസിലെ ചെറിയ ചാപ്പലിൽ പ്രാർത്ഥനയിലാണ് താനെന്നാണ് അദ്ദേഹം മറ്റുള്ളവരോട് പറയുന്നത്. എന്നാൽ അത് അഡ്‌മിനിസ്ട്രേറ്ററെ കാണിക്കാനുള്ള നാടകമാണെന്നാണ് ഒരു വിഭാഗം വൈദികർ പറയുന്നത്.

ബിഷപ്പിന് നിയമക്കുരുക്ക് ഉറപ്പാക്കി കുറ്റപത്രം

മാനഭംഗം, പ്രകൃതിവിരുദ്ധ പീഡനം ഉൾപ്പെടെ അഞ്ച് വകുപ്പുകളാണ് ബിഷപിനെതിരെ സമർപ്പിച്ച കുറ്റപത്രത്തിൽ ചുമത്തിയിട്ടുള്ളത്. കർദിനാൾ വൈക്കം ഡിവൈഎസ്‌പി .കെ. സുഭാഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്. ശാസ്ത്രീയ പരിശോധന റിപ്പോർട്ടുകൾ രേഖകൾ ഉൾപ്പെടെ അഞ്ച് വാല്യങ്ങളിലായി രണ്ടായിരം പേജ് അടങ്ങുന്നതാണ് കുറ്റപത്രം. ജീവപര്യന്തം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് കേസിലെ ഏക പ്രതിയായ ഫ്രാങ്കോ മുളയ്ക്കലിന് മേൽ ചുമത്തിയിട്ടുള്ളത്. അധികാരം ദുരുപയോഗം ചെയ്ത് ലൈംഗിക പീഡനത്തിന് പുറമെ ഭീഷണിപ്പെടുത്തൽ അന്യായമായി തടഞ്ഞു വെക്കൽ തുടങ്ങിയ കുറ്റങ്ങളും ബിഷപ്പിനെതിരെയുണ്ട്.

ബിഷപ്പിനെ അറസ്റ്റ് ചെയ്ത് 9 മാസം പിന്നിടുമ്പോഴാണ് കുറ്റപത്രം നൽകിയത്. കുറ്റപത്രം സമർപ്പിച്ചതിൽ സന്തോഷമെന്ന് കന്യാസ്ത്രീകൾ പ്രതികരിച്ചു. പാതി നീതി ലഭ്യമായി. അന്വേഷണത്തിൽ തൃപ്തിയുണ്ടെന്നും അവർ പറഞ്ഞു. കേസിൽ ആകെ സാക്ഷികൾ 83 പേരാണ്. ഇതിൽ 27കന്യാസ്ത്രീകൾ, 11 വൈദീകർ, മൂന്നു മെത്രാന്മാർ, ഒരു കർദിനാൾ, ഒരു ഡോക്ടർ, ഏഴു മജിസ്ട്രേറ്റർ എന്നിവർ ഉൾപ്പെടുന്നു. ആയിരത്തിലേറെ പേജുകൾ വരുന്നതാണ് കുറ്റപത്രം. ബിഷപ്പ് ഫ്രാങ്കോയുടെ അറസ്റ്റ് നടന്ന് ഒരു വർഷമാകാറാകുമ്പോഴും കുറ്റപത്രം സമർപ്പിക്കാൻ വൈകുന്നതിനെതിരെ വ്യാപക വിമർശനങ്ങൾ ഉയർന്നിരുന്നു.

കന്യാസ്ത്രീക്ക് നീതി ഉറപ്പാക്കാൻ ലക്ഷ്യമിട്ട് രൂപീകരിച്ച സേവ് അവർ സിസ്റ്റേഴ്സ് മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ വീണ്ടും സമരം തുടങ്ങാൻ തീരുമാനിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോൾ കുറ്റപത്രം നൽകിയിരിക്കുന്നത്. നേരത്തെ കേസിലെ പരാതിക്കാരിയും ഇവർക്കൊപ്പം നിൽക്കുകയും കേസിലെ സാക്ഷികളുമായ കുറവിലങ്ങാട് മഠത്തിലെ അഞ്ചു കന്യാസ്ത്രീകളും കുറ്റപത്രം സമർപ്പിക്കാൻ വൈകുന്നതിനെതിരേ രംഗത്തു വന്നിരുന്നു. കുറ്റപത്രം സമർപ്പിക്കാൻ വൈകുന്നത് തങ്ങളുടെ ജീവനും സുരക്ഷയ്ക്കും ഭീഷണിയാകുമെന്നു കന്യാസ്ത്രീകൾ പരാതി നൽകിയിരുന്നു.

ഇതു കാണിച്ച് പൊലീസിനും മുഖ്യമന്ത്രിക്കും പരാതികൾ നൽകിയിരുന്നു. ഡിജിപിയുടെ ഓഫിസിൽ സമർപ്പിച്ചിരിക്കുന്ന കുറ്റപത്രം അവിടെ നിന്നുള്ള അനുമതി കിട്ടിയാൽ ഉടനെ കോടതിയിൽ സമർപ്പിക്കുമെന്നായിരുന്നു അന്വേഷ ഉദ്യോഗസ്ഥർ ആദ്യം പറഞ്ഞിരുന്നത്. 2018 ജൂണിൽ ആയിരുന്നു കേസിന് ആസ്പദമായ പരാതി പൊലീസിന് നൽകുന്നത്. എന്നാൽ പരാതി നൽകി എൺപതു ദിവസങ്ങളോളം പിന്നിട്ടതിനു ശേഷം മാത്രമാണ് പ്രതിയായ ബിഷപ്പിനെ ചോദ്യം ചെയ്യാൻ തന്നെ പൊലീസിന് കഴിഞ്ഞത്.

കത്തോലിക്ക സഭയുടെ ചരിത്രത്തിലാദ്യമെന്നോണം കന്യാസ്ത്രീകൾ തെരുവിൽ ഇറങ്ങി സമരം ചെയ്ത സാഹചര്യത്തിലാണ് ഫ്രാങ്കോ മുളക്കലിനെ ചോദ്യം ചെയ്യാനും അറസ്റ്റ് ചെയ്യാനും പൊലീസ് തയ്യാറായത്. 14 ദിവസത്തോളം കന്യാസ്ത്രീകൾ സമരം ചെയ്തിരുന്നു. കഴിഞ്ഞ സെപ്റ്റംബറിലാണ് ചോദ്യം ചെയ്യലിന് തയ്യാറായി ബിഷപ്പ് ഫ്രാങ്കോ ജലന്ധറിൽ നിന്നു കേരളത്തിൽ എത്തുന്നത്. തുടർന്ന് അദ്ദേഹത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തി. രണ്ടാഴ്‌ച്ചയോളം റിമാൻഡിൽ കഴിഞ്ഞശേഷം ജാമ്യം നേടി ബിഷപ്പ് പുറത്തിറങ്ങുകയും ചെയ്തു. ഫ്രാങ്കോ മുളക്കൽ ജാമ്യത്തിൽ ഇറങ്ങിയ ശേഷം ജലന്ധറിലേക്ക് പോവുകയായിരുന്നു.

കേസിൽ പ്രതിയായതിനു പിന്നാലെ ജലന്ധർ രൂപത തലവൻ സ്ഥാനത്തു നിന്നും അദ്ദേഹത്തെ മാറ്റിയിരുന്നു. എന്നാൽ ബിഷപ്പ് ഫ്രാങ്കോ കേസ് അട്ടിമറിക്കാൻ ശ്രമം നടത്തുകയാണെന്ന ആരോപണവും ഇതിനു പിന്നാലെ ഉയർന്നു. സാക്ഷികളായ കന്യാസ്ത്രീകൾ തന്നെയാണ് പ്രധാനമായും ഇത്തരമൊരു ആരോപണം ഉയർത്തിയത്. സാക്ഷികളായ മിഷണറീസ് ഓഫ് ജീസസ് സന്ന്യാസിനി സമൂഹത്തിലെയും ഫ്രാൻസിസ്‌കൻ ക്ലാരിസ്റ്റ് സന്ന്യാസിനി സമൂഹത്തിലെയും കന്യാസ്ത്രീകൾ ജീവന് ഭീഷണി നേരിടുന്നത് ഉൾപ്പെടെയുള്ള വെല്ലുവിളികൾ അതിജീവിക്കേണ്ട സഹചര്യം അതിനു പിന്നാലെ ഉണ്ടാവുകയും ചെയ്തു.

കുറവിലങ്ങാട് മഠത്തിൽ താമസിക്കുന്ന, പരാതിക്കാരിയും സാക്ഷികളുമായി ആറു കന്യാസ്ത്രീകൾക്കുമെതിരേ പ്രതികാര ബുദ്ധിയോടെ സഭതലങ്ങളിൽ നിന്നും നീക്കങ്ങൾ നടക്കുന്നതിനെതിരേ മുഖ്യമന്ത്രിക്കും പൊലീസിനും പരാതികൾ നൽകിയിട്ടുണ്ട്. കന്യാസ്ത്രീകളെ പലയിടങ്ങളിലേക്ക് സ്ഥലംമാറ്റാനുള്ള തീരുമാനങ്ങൾ ഉണ്ടാവുകയും അതിനെതിരേ പ്രതിഷേധം കന്യാസ്ത്രീകളുടെ ഭാഗത്തു നിന്നുണ്ടാവുകയും ഒടുവിൽ രൂപത അധ്യക്ഷനായ ബിഷപ്പ് തന്നെ സ്ഥലം മാറ്റ ഉത്തരവ് പിൻവലിക്കുകയും ചെയ്തിരുന്നു.

തങ്ങളുടെ ജീവിതത്തിനും ജീവനും സംരക്ഷണമാവശ്യപ്പെട്ട് ഭരണാധികാരികൾക്കും പൊലീസിനും മുന്നിൽ പരാതികൾ നൽകുമ്പോഴും കന്യാസ്ത്രീകൾ പ്രധാനമായും ആവശ്യപ്പെടുന്നത് കേസിന്റെ വിചാരണ ആരംഭിക്കാനും അതിനു മുന്നോടിയായി കുറ്റപത്രം കോടതിയിൽ സമർപ്പിക്കാനുമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP