Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ഏപ്രിൽ രണ്ടാമത്തെ ആഴ്ച വരെയുള്ള ഭക്ഷണം കരുതിയിട്ടുണ്ട്; അത് കഴിഞ്ഞാൽ എന്തു സംഭവിക്കുമെന്നതാണ് ആശങ്കയെന്ന് പൃഥ്വിരാജ്; ഇപ്പോൾ മരുഭൂമിയിലെ റിസോർട്ടിൽ ഭക്ഷണത്തിനോ മറ്റു അവശ്യവസ്തുക്കൾക്കോ ബുദ്ധിമുട്ടില്ലെന്ന് മല്ലിക സുകുമാരനും; കർഫ്യൂ ശക്തമായതിനാൽ എങ്ങോട്ടും മൂവ് ചെയ്യാൻ പറ്റില്ല; അവസാനമായി അമ്മയെ മകൻ വിളിച്ചത് ഒരു ദിവസം മുമ്പും; ജോർദ്ദാനിൽ പൃഥ്വിയും സംഘവും കഴിയുന്നത് കടുത്ത ആശങ്കയിൽ; നടന്റെ പോസ്റ്റിലുമുള്ളത് 'ആടുജീവിതം' ടീമിന്റെ വേദനകൾ

ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ഏപ്രിൽ രണ്ടാമത്തെ ആഴ്ച വരെയുള്ള ഭക്ഷണം കരുതിയിട്ടുണ്ട്; അത് കഴിഞ്ഞാൽ എന്തു സംഭവിക്കുമെന്നതാണ് ആശങ്കയെന്ന് പൃഥ്വിരാജ്; ഇപ്പോൾ മരുഭൂമിയിലെ റിസോർട്ടിൽ ഭക്ഷണത്തിനോ മറ്റു അവശ്യവസ്തുക്കൾക്കോ ബുദ്ധിമുട്ടില്ലെന്ന് മല്ലിക സുകുമാരനും; കർഫ്യൂ ശക്തമായതിനാൽ എങ്ങോട്ടും മൂവ് ചെയ്യാൻ പറ്റില്ല; അവസാനമായി അമ്മയെ മകൻ വിളിച്ചത് ഒരു ദിവസം മുമ്പും; ജോർദ്ദാനിൽ പൃഥ്വിയും സംഘവും കഴിയുന്നത് കടുത്ത ആശങ്കയിൽ; നടന്റെ പോസ്റ്റിലുമുള്ളത് 'ആടുജീവിതം' ടീമിന്റെ വേദനകൾ

മറുനാടൻ മലയാളി ബ്യൂറോ

അമ്മാൻ: ജോർദാനിൽ കുടുങ്ങിയ നടൻ പൃഥ്വിരാജും സംഘവും നേരിടുന്നത് സമാനതകളില്ലാത്ത പ്രതിസന്ധി. നാട്ടിലേക്ക് രണ്ടാഴ്ച എന്തായാലും മടങ്ങാൻ പൃഥ്വിരാജിനും സംഘത്തിനും കഴിയില്ല. അതുകഴിഞ്ഞും നിയന്ത്രണങ്ങൾ നീക്കിയില്ലെങ്കിൽ പൃഥ്വിയും ടീമും വലിയ പ്രതിസന്ധിയിലേക്ക് പോകും. ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ഏപ്രിൽ രണ്ടാമത്തെ ആഴ്ച വരെയുള്ള ഭക്ഷണം കരുതിയിട്ടുണ്ട്. എന്നാൽ അത് കഴിഞ്ഞാൽ എന്തുസംഭവിക്കുമെന്നതാണ് ആശങ്കയെന്ന് നടൻ പറയുന്നു. അതുകൊണ്ട് തന്നെ നിയന്ത്രണങ്ങൾ ഏപ്രിൽ 14 കഴിഞ്ഞ് നീണ്ടു നിന്നാൽ പൃഥ്വിയും സംഘവും വെട്ടിലാകും.

കോവിഡ് പ്രതിരോധപ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്ന പശ്ചാത്തലത്തിൽ തങ്ങളെ നാട്ടിലേക്ക് തിരിച്ചുകൊണ്ടുവരിക എന്നതല്ല അധികൃതരുടെ മുന്നിലെ വലിയ പ്രശ്നമെന്ന് അറിയാം. ഈസമയത്ത് ഇക്കാര്യം ഉയർത്തിക്കാട്ടുന്നത് ശരിയുമല്ല. എങ്കിലും സ്ഥിതിഗതികൾ കൃത്യമായി അധികൃതരെ അറിയിക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്തമാണെന്ന് പൃഥ്വിരാജ് ട്വിറ്ററിൽ കുറിച്ചത് ഈ പശ്ചാത്തലത്തിലാണ്. പൃഥ്വിയുടെ ഈ പോസ്റ്റ് ആശങ്കയോടെയാണ് ഏവരും ചർച്ചയാക്കുന്നത്. എന്നാൽ കേന്ദ്ര സർക്കാരിന് വിഷയത്തിൽ ഇടപെടാൻ പരിമിതകളുമുണ്ട്. അങ്ങനെ ആടുജീവിതം ഷൂട്ടിംഗിന് പോയ 58 അംഗ സംഘം പ്രതിസന്ധിയിൽ ആവുകയാണ്.

പ്രഥ്വിയുടെ പോസ്റ്റ് പ്രതീക്ഷയുടേതാണ്. എങ്കിലും നേരിടുന്ന പ്രതിസന്ധി വ്യക്തമായി തന്നെ പറയുന്നുമുണ്ട്. നിലവിൽ ആയിരക്കണക്കിന് ഇന്ത്യക്കാർ നാട്ടിൽ എത്താൻ കഴിയാതെ വിവിധ രാജ്യങ്ങളിൽ കുടുങ്ങി കിടക്കുകയാണ്. ഉചിതമായ സമയമാകുമ്പോൾ തങ്ങൾക്കും നാട്ടിൽ എത്താൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പൃഥ്വിരാജ് പറയുന്നു. ഏപ്രിൽ രണ്ടാമത്തെ ആഴ്ച വരെയുള്ള ഭക്ഷണം കൈവശമുണ്ട്. അതിന് ശേഷമുള്ള കാര്യങ്ങളെ കുറിച്ച് ആശങ്ക നിലനിൽക്കുന്നതായും പൃഥ്വിരാജ് കുറിച്ചു.

മാർച്ച് 24 ന് ആടുജീവിതത്തിന്റെ ഷൂട്ടിങ് താത്കാലികമായി നിർത്തിവെച്ചു. കൊറോണ വൈറസ് ഭീതിയുടെ പശ്ചാത്തലത്തിലാണ് നിർത്തിവെച്ചത്. തുടർന്ന് സാഹചര്യങ്ങൾ അധികൃതരെ ബോധ്യപ്പെടുത്തിയപ്പോൾ, ഷൂട്ടിങ് പുനരാരംഭിക്കാൻ അധികൃതർ അനുമതി നൽകി. വാദി റം മരുഭൂമിയിലെ ഒറ്റപ്പെട്ട സ്ഥലത്താണ് ഷൂട്ടിങ് പുരോഗമിക്കുന്നതെന്നും അതുകൊണ്ടു തന്നെ സുരക്ഷാ പ്രശ്നങ്ങൾ ഇല്ലെന്നും അധികൃതരെ ബോധ്യപ്പെടുത്തിയാണ് ഷൂട്ടിങ് വീണ്ടും ആരംഭിച്ചത്.

ദൗർഭാഗ്യകരമെന്ന് പറയട്ടെ, കോവിഡ് പടർന്നുപിടിക്കുന്നത് ഗൗരവപ്പെട്ട വിഷയം ആയതോടെ, ഷൂട്ടിങ് പുനരാരംഭിക്കാൻ നൽകിയ അനുമതി ജോർദാൻ റദ്ദാക്കി. തുടർന്നുള്ള ദിവസങ്ങളിൽ മരുഭൂമിയിലാണ് തങ്ങൾ കഴിയുന്നതെന്നും പൃഥ്വിരാജ് പറയുന്നു. നിലവിലെ സാഹചര്യത്തിൽ ഷൂട്ടിങ് പുനരാരംഭിക്കാൻ വീണ്ടും അനുമതി നൽകാൻ നിർവാഹമില്ലെന്നാണ് അധികൃതർ പറഞ്ഞത്. ഇതോടെ നാട്ടിൽ തിരിച്ചെത്തുക എന്നതായി മുൻഗണന.

ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ഏപ്രിൽ രണ്ടാമത്തെ ആഴ്ച വരെയുള്ള ഭക്ഷണം കരുതിയിട്ടുണ്ട്. എന്നാൽ അത് കഴിഞ്ഞാൽ എന്തുസംഭവിക്കുമെന്നതാണ് ആശങ്ക. തങ്ങളുടെ കൂടെ ഒരു ഡോക്ടറുമുണ്ട്. സംഘത്തിലെ ഓരോ അംഗത്തെയും 72 മണിക്കൂർ ഇടവിട്ട് മെഡിക്കൽ പരിശോധനയ്ക്ക് വിധേമാക്കുന്നുണ്ട്. സർക്കാർ നിയോഗിച്ച ജോർദാൻ ഡോക്ടറും തങ്ങളെ ഇടയക്കിടെ വന്ന് പരിശോധിക്കുന്നുണ്ടെന്നും പൃഥ്വിരാജ് പറയുന്നു.

എങ്ങനെയെങ്കിലും ഇന്ത്യയിലേക്ക് മടങ്ങാൻ സഹായിക്കണം എന്നാവശ്യപ്പെട്ട് സിനിമയുടെ സംവിധായകൻ ബ്ലസി മുഖ്യമന്ത്രിയുടെ സഹായം തേടിയിട്ടുണ്ട്. അതിനിടെ പൃഥ്വിയെ വിളിച്ചിരുന്നുവെന്നും അവിടെ നിന്ന് എങ്ങോട്ടും മൂവ് ചെയ്യാൻ പറ്റുന്നില്ലെന്നതാണ് നിലവിലെ പ്രശ്‌നമെന്നും അമ്മ മല്ലികാ സുകുമാരൻ പറഞ്ഞു. ആടുജീവിതം സിനിമയുടെ രണ്ടം ഘട്ട ഷൂട്ടിങ്ങിനായാണ് പൃഥ്വിരാജും സംഘവും ജോർദാനിൽ എത്തിയത്. 58 പേരാണ് സംഘത്തിൽ ഉള്ളത്. ജോർദാനിലെ വാദിറം എന്ന സ്ഥലത്തെ മരുഭൂമിയിലാണ് ഇവർ ഇപ്പോൾ കുടുങ്ങി കിടക്കുന്നത്.

ഏപ്രിൽ 10 വരെ ഷൂട്ടിങ്ങ് തുടരാനായിരുന്നു സംഘത്തിന്റെ തിരുമാനം. എന്നാൽ 27ാം തീയതി തന്നെ ഷൂട്ടിങ്ങ് നിർത്തിവെയ്ക്കാൻ ഭരണകുടം ആവശ്യപ്പെടുകയായുകയായിരുന്നു. ഏപ്രിൽ 8 നാണ് സംഘത്തിന്റെ വിസാ കാലാവധി അവസാനിക്കുന്നത്. ഇത് നീട്ടി നൽകും. അതേസമയം കർഫ്യൂ ശക്തമായതിനാൽ അവിടുന്ന് എങ്ങോട്ടും മൂവ് ചെയ്യാൻ പറ്റില്ല എന്നതാണ് പൃഥ്വിയും സംഘവും നിലവിൽ നേരിടുന്ന പ്രശ്‌നമെന്ന് അമ്മ മല്ലിക സുകുമാരൻ പറയുന്നു. മിനിയാന്ന് കൂടി രാജു വിളിച്ചിരുന്നു. അവർ താമസിക്കുന്ന മരുഭൂമിയിലെ റിസോർട്ടിൽ ഭക്ഷണത്തിനോ മറ്റു അവശ്യവസ്തുക്കൾക്കോ ബുദ്ധിമുട്ടില്ലെന്ന് മല്ലിക പറഞ്ഞു. അതിനിടെയാണ് രണ്ടാഴ്ചത്തെ ആഹാരമേ ഉള്ളൂവെന്ന പൃഥ്വിയുടെ പോസ്റ്റ് എത്തുന്നത്.

നിലവിൽ ജോർദാനിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന സർവ്വീസുകൾ പൂർണമായും നിർത്തിവെച്ചിരിക്കുകയാണ്. അന്താരാഷ്ട്ര വിമാന സർവ്വീസുകളും നിർത്തിവെച്ചിട്ടുണ്ട്. ഏപ്രിൽ 14 ന് മുൻപ് ഇവരെ തിരികെ എത്തിക്കാൻ ആകുമോയെന്ന ആശങ്കയാണ് നിലനിൽക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP