Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

എല്ലാ ശരിയാക്കാമെന്ന് പറഞ്ഞ് മുഖ്യമന്ത്രി പറ്റിച്ചു! ശമ്പള വർദ്ധനവിനായി കാത്തിരുന്ന് മടുത്ത് നഴ്സുമാർ; മന്ത്രിമാർ അടക്കമുള്ളവർ ഇടപെട്ടിട്ടും ചേർത്തല കെവി എം ആശുപത്രി മാനേജ്മെന്റിന്റെ പിടിവാശി തുടരുന്നു; സമരം ഒത്തുതീർപ്പാക്കാൻ നടപടികളില്ല; അവകാശങ്ങൾ നേടിയെടുക്കാൻ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ വീണ്ടും അനിശ്ചിതകാല സമരത്തിലേക്ക്

എല്ലാ ശരിയാക്കാമെന്ന് പറഞ്ഞ് മുഖ്യമന്ത്രി പറ്റിച്ചു! ശമ്പള വർദ്ധനവിനായി കാത്തിരുന്ന് മടുത്ത് നഴ്സുമാർ; മന്ത്രിമാർ അടക്കമുള്ളവർ ഇടപെട്ടിട്ടും ചേർത്തല കെവി എം ആശുപത്രി മാനേജ്മെന്റിന്റെ പിടിവാശി തുടരുന്നു; സമരം ഒത്തുതീർപ്പാക്കാൻ നടപടികളില്ല; അവകാശങ്ങൾ നേടിയെടുക്കാൻ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ വീണ്ടും അനിശ്ചിതകാല സമരത്തിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർ വീണ്ടും അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുന്നു. ഫെബ്രുവരി ആദ്യ ആഴ്ചയിൽ സമരം തുടങ്ങാനാണ് തീരുമാനം. ചേർത്തല കെവി എം ആശുപത്രിയിലെ സമരം ഒത്തുതീർപ്പിലെത്താതതിൽ പ്രതിഷേധിച്ചാണ് സംസ്ഥാന വ്യാപക സമരത്തിന് യുഎൻഎ തീരുമാനിച്ചതെന്നാണ് വിവരം. മന്ത്രിമാരും മറ്റ് നേതാക്കളു ഇടപെട്ടിട്ടും കെവി എം ആശുപത്രി സമരം തീർക്കാൻ തയ്യാറായിട്ടില്ല. ന്യായമായി ശമ്പളം വർദ്ധനവ് ആവശ്യം ഉന്നയിച്ചു നയത്തിയ സമരത്തെ തുടർന്ന് ആശുപത്രി മാനേജ്‌മെന്റ് കടുത്ത പ്രതികാര നടപടികളുമായി മുന്നോട്ടു പോകുകയും ഒടുവിൽ ആശുപത്രി അടച്ചിടുകയുമായിരുന്നു. അടച്ചിട്ട ആശുപത്രി തുറക്കാൻ വേണ്ടി യാതൊരു നടപടിയും അവരുടെ ഭാഗത്തു നിന്നും ഉണ്ടായില്ല. ഇതോടെയാണ് നഴ്‌സുമാർ സമരം തുടങ്ങാൻ തീരുമാനിച്ചത്.

നേരത്തെ കഴിഞ്ഞ വർഷം ജൂലൈ മാസത്തിൽ ഉറപ്പു നൽകിയ ശമ്പള വർദ്ധനവ് നടപ്പിലാക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. സർക്കാർ മുൻകൈയെടുത്ത് കാര്യങ്ങൾ നീക്കുന്നുണ്ടെങ്കിലും ഇതുവരെ മിക്ക ആശുപത്രിയിലും പുതുക്കിയ ശമ്പളം ലഭിച്ചിട്ടില്ല. ഇക്കാര്യത്തിൽ സർക്കാർ ശ്രദ്ധ ക്ഷണിക്കുക കൂടിയാണ് നഴ്‌സിങ് സമരം വീണ്ടും തുടങ്ങാൻ നഴ്‌സിങ് സംഘടന തീരുമാനിച്ചത്. മുഖ്യമന്ത്രിയുടെ വാക്കുകൾ വിശ്വസിച്ചാണ് യുഎൻഎ ഇപ്പോഴും മുന്നോട്ടു പോകുന്നത്. എന്നാൽ, പലർക്കും മുഖ്യമന്ത്രിയും പറ്റിക്കുകയാണോ എന്ന തോന്നൽ പോലും ഉണ്ടായിട്ടുണ്ട്.

കഴിഞ്ഞ 151 ദിവസങ്ങളായി ചേർത്തല കെവി എം ഹോസ്പിറ്റൽ നഴ്സിങ് ജീവനക്കാർ സമരത്തിലാണ്. എന്നാൽ നിലവിൽ മന്ത്രിമാരായ തോമസ് ഐസക്, തിലോത്തമൻ, സ്ഥലം എം എൽ എ ആരിഫ്, കളക്ടർ അനുപമ എന്നിവരുടെ മധ്യസ്ഥതയിൽ സമരം തീർക്കാൻ ഇടപെടൽ ഉണ്ടായെങ്കിലും ഒരു തരത്തിലും തൊഴിലാളികളുടെ ആവശ്യങ്ങൾ അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് ആശുപത്രി മാനേജുമെന്റ്. ഈ നിലാപാട് തുടരുകയാണെങ്കിൽ ആശുപത്രി ഏറ്റെടുക്കാൻ സർക്കാർ തയ്യാറാവണമെന്നാണ് യുണൈറ്റഡ് നേഴ്‌സസ് അസോസിയേഷൻ പ്രസിഡന്റ് ജാസ്മിൻഷാ പറയുന്നത്.

സർക്കാർ നിശ്ചയിച്ച മിനിമം വേതനം, പതിനാലും പതിനഞ്ചും മണിക്കൂറിന്റെ ജോലി ഭാരം കുറക്കാൻ ത്രീ ഷിഫ്റ്റ് സമ്പ്രദായം നടപ്പിലാക്കുക, ഇ എസ് ഐ, പി എഫ് ഭാഗികമല്ലാതെ എല്ലാവർക്കും നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് നൂറ്റമ്പതിലേറെ ദിവസങ്ങളായി നേഴ്‌സുമാർ സമരം നടത്തുന്നത്. ജനങ്ങളെ നേഴ്‌സിങ് സമൂഹത്തിനു എതിരാക്കാനും സമരം പൊളിക്കാനും ആശുപത്രി അടച്ചിട്ട മാനേജുമെന്റിനു അവസാനം കഴിഞ്ഞ ജനുവരി ഒന്നിന് വീണ്ടും തുറക്കേണ്ടി വന്നു. ഇതിനിടയിൽ സമരത്തെ വർഗീയ വൽക്കരിക്കാനും തൊഴിലാളികളെ ഭിന്നിപ്പിക്കാനും ഒക്കെ പലതരം ശ്രമം നടത്തിയെങ്കിലും അതൊക്കെ പൊളിഞ്ഞു പാളീസായി. സമര പന്തൽ പൊളിക്കാനും സമരം തകർക്കാനും ഹൈക്കോടതിയെ മാനേജുമെന്റ് സമീപിച്ചെങ്കിലും അവിടെയും വിജയം സമരം ചെയ്യുന്ന നേഴ്‌സുമാർക്കൊപ്പം ആയിരുന്നു.

സമരം ചെയ്യുന്ന നൂറ്റി പന്ത്രണ്ടു പേരിൽ നൂറ്റിപ്പത്തു പേരും സ്ത്രീകൾ. കുടുംബങ്ങൾ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടിട്ടും ഒരടി പോലും പിന്മാറാതെ നിൽക്കാൻ കഴിയുന്നത് ലോക നേഴ്‌സിങ് സമൂഹത്തിന്റെ നിർലോഭമായ പിന്തുണ കൂടി കൊണ്ടാണ്. യുണൈറ്റഡ് നേഴ്‌സസ് അസോസിയേഷൻനാണ് സമരമുഖത്തു നിൽക്കുന്നത്. സമരം ചെയ്യുന്ന നഴ്‌സുമാർക്ക് എല്ലാ മാസവും മുവ്വായിരം മുതൽ ആറായിരം രൂപ വരെ അവർക്ക് എത്തിച്ചു കൊടുക്കുന്നുണ്ട്.

പോരാട്ടത്തിന്റെ ചരിത്രമുറങ്ങുന്ന ചേർത്തലയിലെ ജനങ്ങൾ കക്ഷി രാഷ്ട്രീയത്തിന് അതീതമായി സമരത്തിനൊപ്പം ആണ്. പ്രധാന മന്ത്രിക്കും മുഖ്യമന്ത്രിക്കും സമരത്തിൽ ഇടപെടണം എന്നാവശ്യപ്പെട്ട് കത്തയച്ചിരുന്നു. എന്നാൽ ഇത് വരെ ആയിട്ടും ഒരു ഇടപെടലും ഉണ്ടായിട്ടില്ല. എന്നാൽ സമരത്തിൽ ഇടപെടണം എന്നാവശ്യപ്പെട്ട് വീണ്ടും പ്രധാനമന്ത്രിക്ക് വരെ കത്തെഴുതാനും യുഎൻഎ ഉദ്ദേശിക്കുന്നുണ്ട്,

ചേർത്തല കെ.വി എം ആശുപത്രി മാനേജ്മെന്റ് നഴ്സുമാർക്കെതിരേ സ്വീകരിച്ച പ്രതികാര നടപടികളാണ് യു.എൻ.എയെ വീണ്ടും സമരരംഗത്ത് എത്തിച്ചിരിക്കുന്നത്. ആവശ്യത്തിന് പ്രവൃത്തി പരിചയമുള്ള രണ്ട് നഴ്സുമാരെ പരിശീലനത്തിന് എന്ന പേരിൽ പിരിച്ചു വിട്ടതിന് എതിരേ കെ.വി എം ആശുപത്രിയിലെ നഴ്സുമാർ 150 ദിവസമായി സമരത്തിലാണ്. സമരം ചെയ്യുന്ന നഴ്സുമാരുമായി ചർച്ചയ്ക്ക് തയ്യാറാകാതെ ആശുപത്രി അടച്ചിടാനാണ് മാനേജ്മെന്റ് തുനിഞ്ഞത്. പിന്നീട് ആശുപത്രി തുറന്നെങ്കിലും പിരിച്ചുവിട്ടവരെ തിരിച്ചെടുക്കാൻ ആശുപത്രി അധികൃതർ തയ്യാറായില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP