Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മൾട്ടിപ്പിൾ വോട്ടിംഗിനൊപ്പം പ്രതിഫലിച്ചത് ലാൽ-ദിലീപ് ഇഫക്ടും; കൊച്ചി-തിരുവനന്തപുരം ലോബികൾ ഒന്നിച്ചു നിന്നപ്പോൾ തകർന്നടിഞ്ഞത് വിനയന്റെ അട്ടിമറി മോഹങ്ങൾ; ലിബർട്ടി ബഷീറിന്റെ തന്ത്രങ്ങളും പൊളിഞ്ഞടുങ്ങി; എക്‌സിക്യൂട്ടീവിലേക്ക് ശേഷക്കാരനേയും ജയിപ്പിച്ച് കരുത്ത് കാട്ടി ജി സുരേഷ് കുമാർ; പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ രഞ്ജിത്തും ആന്റോ ജോസഫും സ്വന്തമാക്കിയത് അമ്മയുടേയും ഫെഫ്കയുടേയും പിന്തുണയിൽ; സുരേഷ് കുമാർ ഫിലിം ചേമ്പർ അധ്യക്ഷനാകും

മൾട്ടിപ്പിൾ വോട്ടിംഗിനൊപ്പം പ്രതിഫലിച്ചത് ലാൽ-ദിലീപ് ഇഫക്ടും; കൊച്ചി-തിരുവനന്തപുരം ലോബികൾ ഒന്നിച്ചു നിന്നപ്പോൾ തകർന്നടിഞ്ഞത് വിനയന്റെ അട്ടിമറി മോഹങ്ങൾ; ലിബർട്ടി ബഷീറിന്റെ തന്ത്രങ്ങളും പൊളിഞ്ഞടുങ്ങി; എക്‌സിക്യൂട്ടീവിലേക്ക് ശേഷക്കാരനേയും ജയിപ്പിച്ച് കരുത്ത് കാട്ടി ജി സുരേഷ് കുമാർ; പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ രഞ്ജിത്തും ആന്റോ ജോസഫും സ്വന്തമാക്കിയത് അമ്മയുടേയും ഫെഫ്കയുടേയും പിന്തുണയിൽ; സുരേഷ് കുമാർ ഫിലിം ചേമ്പർ അധ്യക്ഷനാകും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മലയാള സിനിമയിലെ നിർമ്മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ തിരഞ്ഞെടുപ്പിൽ അട്ടിമറി നടത്താനുള്ള വിനയന്റെ മോഹം പൊളിഞ്ഞു. നിലവിലെ ഭരണസമിതിയുടെ പാനലിന് വൻ ജയമാണ് ഉണ്ടായത്. എം. രഞ്ജിത്തിനെ പ്രസിഡന്റായും ആന്റോ ജോസഫിനെ സെക്രട്ടറിയായും തിരഞ്ഞെടുത്തു. ബി. രാകേഷ് ആണ് ട്രഷറർ. 21 സീറ്റിൽ 20 സീറ്റും നേടിയാണ് ഈ പാനലിന്റെ വിജയം. വിനയനും ലിബർട്ടി ബഷീറും ചേർന്ന് നടത്തിയ നീക്കമാണ് പൊളിയുന്നത്.

ലിസ്റ്റിൻ സ്റ്റീഫൻ മാത്രമാണ് വിനയന്റെ പാനലിൽ നിന്ന് വിജയിച്ചത്. ഭരണസമിതി പാനലിൽ നിന്ന് മത്സരിച്ചവരെല്ലാം നല്ല ഭൂരിപക്ഷത്തിനാണ് തിരഞ്ഞെടുക്കപ്പെട്ടത്. പ്രസിഡന്റ് സ്ഥാനത്ത് എം രഞ്ജിത്തിന് 162 വോട്ട് കിട്ടിയപ്പോൾ എതിരാളിയായ വിനയന് കിട്ടിയത് 92 വോട്ട് മാത്രമാണ്. സെക്രട്ടറി സ്ഥാനത്ത് ആന്റോ ജോസഫിന് 164 വോട്ട് കിട്ടിയപ്പോൾ എതിരാളിയായ ശശി ആയ്യഞ്ചിറയ്ക്ക് 90 വോട്ടുകൾ കിട്ടി. ചലച്ചിത്ര മേഖലയിലെ എല്ലാ തലമുറയിൽ നിന്നുള്ള നിർമ്മാതാക്കളുടെ പിന്തുണ ഉണ്ടെന്നായിരുന്നു നിലവില ഭരണ സമിതിയുടെ വാദം. ഇത് ശരിയായി. അസത്യവും കള്ളപ്രചരണവും തള്ളിക്കളയുന്നതാണ് ഈ വിജയമെന്ന് രഞ്ജിത് പ്രതികരിച്ചു.

പ്രസിഡന്റായിരുന്ന ജി സുരേഷ് കുമാർ സ്ഥാനമൊഴിഞ്ഞു. സുരേഷ് കുമാർ ഫിലിം ചേമ്പറിന്റെ അധ്യക്ഷനാകും. മോഹൻലാലിന്റെ അടുത്ത സുഹൃത്താണ് സുരേഷ് കുമാർ. കുട്ടിക്കാലം മുതലുള്ള ബന്ധം. ലാലിന് വേണ്ടി മഞ്ഞിൽ വിരഞ്ഞ പൂക്കളിലെ അഭിനയ സാധ്യത തേടിയുള്ള കത്ത് അയച്ചത് സുരേഷ് കുമാറാണ്. മോഡൽ സ്‌കൂളിലെ ഈ ബന്ധമാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ തിരഞ്ഞെടുപ്പിലും പ്രതിഫലിക്കുന്നത്. താര സംഘടനയായ അമ്മ സുരേഷ് കുമാറിന് പൂർണ്ണ പിന്തുണ നൽകി. ഫെഫ്കയും സുരേഷ് കുമാറിനൊപ്പമായിരുന്നു. സുരേഷ് കുമാർ മത്സരിക്കാത്തത് ഫിലിം ചേമ്പറിലേക്ക് എത്താൻ വേണ്ടിയാണ്.

കല്ലിയൂർ ശശി, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവരാണ് പുതിയ വൈസ് പ്രസിഡന്റുമാർ. കൃഷ്ണകുമാർ, എം.എം. ഹംസ എന്നിവർ ജോ. സെക്രട്ടറിമാരായും തിരഞ്ഞെടുക്കപ്പെട്ടു. സുരേഷ്‌കുമാർ എക്സിക്യുട്ടീവ് കമ്മിറ്റിയിലുണ്ട്. സുരേഷ് കുമാറിനൊപ്പം സഹോദരീ പുത്രനായ സന്ദീപ് സേനനും സംഘടനയിൽ എത്തി. തിരുവനന്തപുരത്തെ പങ്കജ് ഹോട്ടൽ മുതലാളിയായ സേനന്റെ മകനാണ് സന്ദീപ് സേനൻ. തൊണ്ടി മുതലും ദൃക്‌സാക്ഷിയും പോലുള്ള സിനിമയുടെ നിർമ്മാതാവാണ് സന്ദീപ് സേനൻ. സന്ദീപും ജയിച്ചതോടെ ഈ സംഘടനയിലും സുരേഷ് കുമാറിന്റെ കരുത്ത് കൂടുകയാണ്.

തിരുവനന്തപുരം ലോബിയും ദിലീപ് പിന്തുണയ്ക്കുന്ന കൊച്ചി ലോബിയും ഒരുമിച്ച് നിന്നതും ഈ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുന്നുണ്ട്. സിയാദ് കോക്കർ, വി.ബി.കെ. മേനോൻ, എസ്.എസ്.ടി. സുബ്രഹ്മണ്യം, ഔസേപ്പച്ചൻ, കെ.എ. ജലീൽ, ആൽവിൻ ആന്റണി, ജോണി തോമസ്, എൻ.പി. സുബൈർ, അനിൽ തോമസ്, ആനന്ദ് കുമാർ, ഖാദർ ഹസൻ, സജിത് കുമാർ എന്നിവരാണ് എക്സിക്യുട്ടീവ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മറ്റുള്ളവർ.

അഞ്ചര വർഷത്തിന് ശേഷമാണ് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ തെരഞ്ഞെടുപ്പ് നടക്കുന്നത്. 2014-ലാണ് ജി സുരേഷ് കുമാർ പ്രസിഡന്റും എം രഞ്ജിത് സെക്രട്ടറിയുമായുള്ള ഭരണസമിതി അധികാരത്തിലേറിയത്. രണ്ടു വർഷമായിരുന്നു ഭരണസമിതിയുടെ കാലാവധി. 2016-ൽ തെരഞ്ഞെടുപ്പ് നടത്തേണ്ടതായിരുന്നു. എന്നാൽ ഭരണ സമിതി ഇതിന് തയ്യാറാകാതെ വന്നതിനെത്തുടർന്ന് ഒരു വിഭാഗം കോടതിയെ സമീപിച്ചു.

ഇത് പരിഗണിച്ച ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് പ്രകാരമാണ് ഇപ്പോൾ തെരഞ്ഞെടുപ്പ് നടത്തിയത്. നിലവിലെ സെക്രട്ടറി എം രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള പാനലിനെതിരെ മത്സരിച്ചത് വിനയൻ നേതൃത്വം നൽകുന്ന പാനലാണ്. നിർമ്മാതാക്കളുടെ സംഘടനയുടെ ആസ്ഥാന മന്ദിര ഉദ്ഘാടനം തെരഞ്ഞെടുപ്പിന് മുമ്പ് ഇരുവിഭാഗവും ചർച്ചാ വിഷയമാക്കിയിരുന്നു.

അംഗങ്ങളുടെ മൾട്ടിപ്പിൾ വോട്ടും നിലനിർത്താനായത് വലിയൊരു നേട്ടമായി ഇപ്പോഴത്തെ ഭരണ സമിതി ഉയർത്തിക്കാട്ടിയിരുന്നു. മൾട്ടിപ്പിൾ വോട്ടിനെതിരെ ആക്ഷേപമുന്നയിച്ച് കോടതിയെ സമീപിച്ചവരാണ് തെരഞ്ഞെടുപ്പ് വൈകിച്ചതിന്റെ ഉത്തരവാദികളെന്നും ഇവർ ആരോപിക്കുന്നു. അംഗത്തിന് എത്ര നിർമ്മാണ കമ്പനികളുണ്ടോ അതനുസരിച്ച് അത്രയും എണ്ണം വോട്ട് രേഖപ്പെടുത്താനുള്ള അവകാശമാണ് മൾട്ടിപ്പിൾ വോട്ട്.

ആസ്ഥാന മന്ദിരം നിർമ്മാണത്തിൽ ഉൾപ്പെടെ വലിയ അഴിമതിയാണ് നടന്നിട്ടുള്ളതെന്നാണ് എതിർവിഭാഗത്തിന്റെ ആരോപണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP