Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

അറിവിന്റെ ആഴങ്ങളിലേക്കിറങ്ങിച്ചെല്ലാനുള്ള ഉപകരണമായി സ്മാർട്ട് ക്ലാസ്മുറികൾ; പ്രൊജക്ടർ, ലാപ്ടോപ്പ്, സൗണ്ട് സിസ്റ്റവുമായി സർക്കാർ സ്‌കൂളുകളുടെ മുഖം മിനുക്കൽ തുടരുന്നു; എടരിക്കോട് സ്‌കൂളിലെ 138 ക്ലാസുകളും അത്യാധുനികം; വിദ്യാഭ്യാസത്തിൽ ആദ്യ ഡിജിറ്റൽ സംസ്ഥാനമെന്ന ലക്ഷ്യത്തിലേക്ക് പുതിയ കേരളാ മോഡൽ; ഒച്ചപ്പാടുകൾ ഇല്ലാതെ നിശബ്ദ വിപ്ളവം നയിച്ച് മന്ത്രി രവീന്ദ്രനാഥ്

അറിവിന്റെ ആഴങ്ങളിലേക്കിറങ്ങിച്ചെല്ലാനുള്ള ഉപകരണമായി സ്മാർട്ട് ക്ലാസ്മുറികൾ; പ്രൊജക്ടർ, ലാപ്ടോപ്പ്, സൗണ്ട് സിസ്റ്റവുമായി സർക്കാർ സ്‌കൂളുകളുടെ മുഖം മിനുക്കൽ തുടരുന്നു; എടരിക്കോട് സ്‌കൂളിലെ 138 ക്ലാസുകളും അത്യാധുനികം; വിദ്യാഭ്യാസത്തിൽ ആദ്യ ഡിജിറ്റൽ സംസ്ഥാനമെന്ന ലക്ഷ്യത്തിലേക്ക് പുതിയ കേരളാ മോഡൽ; ഒച്ചപ്പാടുകൾ ഇല്ലാതെ നിശബ്ദ വിപ്ളവം നയിച്ച് മന്ത്രി രവീന്ദ്രനാഥ്

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയ്ക്കൽ: സംസ്ഥാനത്ത് പൊതു വിദ്യാഭ്യാസ രംഗം വളർത്തുന്നതിൽ നിർണായക പങ്കുവഹിച്ചിരുന്ന എയ്ഡഡ് സ്‌കൂളുകളോട് മലയാളികൾക്ക് താൽപര്യം കുറയുന്നു. എൽഡിഎഫ് സർക്കാർ അധികാരമേറ്റെടുത്തതിന് പിന്നാലെ സർക്കാർ സ്‌കൂളുകളുടെ നിലവാരം വലിയ തോതിൽ മെച്ചപ്പെട്ടിരുന്നു. ക്ളാസുകളുടേയും മറ്റ് അടിസ്ഥാന സൗകര്യങ്ങളുടേയും നിലവാരം മെച്ചപ്പെടുത്തുന്നതിന് നടപടികൾ സ്വീകരിച്ചതോടെ സർക്കാർ സ്‌കൂളുകൾ കൂടുതൽ ഹൈടെക് ആയി മാറിക്കൊണ്ടിരിക്കുയാണ്. മാത്രമല്ല മെച്ചപ്പെട്ട പഠന നിലവാരവും സർക്കാർ സ്‌കൂളുകൾക്ക് കൈവന്നതോടെ കൂടുതൽ രക്ഷിതാക്കളും എയ്ഡഡ് സ്‌കൂളുകളെ വിട്ട് സർക്കാർ സ്‌കൂളുകളിൽ കുട്ടികളെ ചേർക്കാൻ താൽപര്യം കാട്ടിത്തുടങ്ങി. ഇത് വെറുതെയാകില്ലെന്ന് തെളിയിക്കുകയാണ് ഇടത് സർക്കാർ വീണ്ടും.

വ്യക്തമായ ലക്ഷ്യത്തോടെയാണ് വിദ്യാഭ്യാസ വകുപ്പിന്റെ യാത്ര. സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യ വികസനമാണ് മന്ത്രി പ്രഫ സി രവീന്ദ്രനാഥിന്റെ പ്രഥമ പരിഗണന. അറിവിന്റെ ആഴങ്ങളിലേക്കിറങ്ങിച്ചെല്ലാനുള്ള ഉപകരണമായി സ്മാർട്ട് ക്ലാസ്മുറികൾ ഉപയോഗപ്പെടുത്തണമെന്നാണ് മന്ത്രിയുടെ നിർദ്ദേശം. ഈ ലക്ഷ്യത്തിലേക്ക് വലിയ ചുവടുവയ്‌പ്പുമായി നീങ്ങുമ്പോൾ വിദ്യാഭ്യാസ വകുപ്പ് നീങ്ങുമ്പോൽ ഏറ്റവുംകൂടുതൽ എ പ്ലസുകാരുള്ള സ്‌കൂളിന് മറ്റൊരു റെക്കോഡും കിട്ടുകയാണ്.

വിദ്യാഭ്യാസ മന്ത്രിയുടെ സ്വപ്‌നം സാക്ഷാത്കരിച്ച സംസ്ഥാനത്തെ ഏറ്റവുംകൂടുതൽ സ്മാർട്ട് ക്ലാസ്മുറികളുള്ള സ്‌കൂൾ ഇനി എടരിക്കോട് പി.കെ.എം.എച്ച്.എസ്.എസ് ആണ്. വിദ്യാഭ്യാസവകുപ്പിന്റെയും സ്‌കൂൾ മാനേജ്മെന്റിന്റെയും സഹകരണത്തോടെ 138 ക്ലാസ് മുറികളാണ് സ്‌കൂളിൽ ഹൈടെക് ആയി മാറിയത്. പ്രൊജക്ടർ, ലാപ്ടോപ്പ്, സൗണ്ട് സിസ്റ്റം എന്നിവയുൾപ്പെടെ അത്യാധുനിക സൗകര്യങ്ങളോടെയാണ് ക്ലാസ്മുറികൾ ഒരുക്കിയിട്ടുള്ളത്. വിദ്യാഭ്യാസമന്ത്രി ക്ലൊസ്മുറികളുടെ ഉദ്ഘാടനം നിർവഹിച്ചു.

വിദ്യാഭ്യാസരംഗത്ത് ആദ്യ ഡിജിറ്റൽ സംസ്ഥാനമായി കേരളംമാറുമെന്നും ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് 45,000 ക്ലാസ് മുറികൾ ഹൈടെക് ആയിക്കഴിഞ്ഞതായും മന്ത്രി പറഞ്ഞു. അടുത്ത അധ്യയനവർഷത്തോടെ എൽ.പി, യു.പി. സ്‌കൂളുകളും പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി ഹൈടെക് ആക്കും. 141 സ്‌കൂളുകളിൽ അന്താരാഷ്ട്രനിലവാരത്തിലുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തും. ഇതിനായി 300 കോടി രൂപയാണ് മാറ്റിവെച്ചത്.

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി എല്ലാ മണ്ഡലങ്ങളിലും ചുരുങ്ങിയത് ഒമ്പത് കോടി രൂപാ ചെലവിൽ മൂന്ന് സ്‌കൂളുകളെങ്കിലും ഹൈടെക് ആക്കുകയാണ്. ഇതിന്റെ ഭാഗമായി സംസ്ഥാനത്താകെ 45,000 ക്ലാസ് മുറികളാണ് ഹൈടെക് ആയത്. ഇതിനായി സർക്കാർ സ്‌കൂളുകളിൽ 493 കോടി രൂപയും എയ്ഡഡ് മേഖലയിൽ 320 കോടിയും സർക്കാർ വകയിരുത്തി. അടുത്ത ജൂൺ ഒന്നിനുമുമ്പ് സംസ്ഥാനത്തെ മുഴുവൻ എൽപി, യുപി സ്‌കൂളുകൾകൂടി അന്താരാഷ്ട്ര നിലവാരത്തിലേക്ക് മാറും. ഇതിനായി 300 കോടി രൂപ വകയിരുത്തി. വരുന്ന പ്രവേശനോത്സവത്തോടെ ഒന്നാംതരംമുതൽ 12ാം ക്ലാസുവരെയുള്ള മുഴുവൻ ക്ലാസ് മുറികളും ഹൈടെക്കായ രാജ്യത്തെ സമ്പൂർണ ഡിജിറ്റൽ സംസ്ഥാനമായി കേരളം മാറും.

അഞ്ഞൂറിൽ കൂടുതൽ കുട്ടികളുള്ള പൊതുവിദ്യാലയങ്ങളിലും ഉടൻ ഒരുകോടി രൂപവീതം നൽകും. വരുംവർഷങ്ങളിൽ സർക്കാർ സ്‌കൂളുകളിലെല്ലാം അത്യാധുനിക സൗകര്യങ്ങളുള്ള കെട്ടിടങ്ങൾ ഉയർന്നുവരും. ലോകത്തിന്റെ നെറുകയിൽ കേരളത്തിന്റെ വിദ്യാഭ്യാസം എന്നതാണ് സർക്കാർ ലക്ഷ്യമിടുന്നത്, ഇതാണ് ജനകീയ വിദ്യാഭ്യാസവും. അക്കാദമിക് മികവാണ് ഒരു വിദ്യാലയത്തിന്റെ മികവ്. ഇത് അദ്ധ്യാപകരും വിദ്യാർത്ഥികളും ശ്രദ്ധിക്കണം. പഠിക്കാനും പഠിപ്പിക്കാനുമുള്ള ഭൗതികസാഹചര്യം സർക്കാർ ഒരുക്കുമ്പോൾ അക്കാദമിക് നിലവാരം മെച്ചപ്പെടുത്താൻ പ്രത്യേക ശ്രദ്ധചെലുത്തണം. ഹൈടെക് ക്ലാസ് മുറികൾ കേവലം വീഡിയോ ചിത്രങ്ങൾ കാണാന്മാത്രമായല്ല പ്രയോജനപ്പെടുത്തേണ്ടത്. മറിച്ച് അറിവിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് അക്കാദമിക് മികവെന്ന ലക്ഷ്യംനേടാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കാനാണ് വിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിടുന്നത്.

പിണറായി സർക്കാർ അധികാരമേറ്റതിന് പിന്നാലെയാണ് സർക്കാർ സ്‌കൂളുകളെ സമഗ്രമായി പരിഷ്‌കരിക്കാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പാക്കി തുടങ്ങിയത്. ആദ്യഘട്ടത്തിൽ നിരവധി സ്‌കൂളുകളുടെ നിലവാരവും സൗകര്യങ്ങളും മെച്ചപ്പെടുത്തിയിരുന്നു. കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയെ ലോക നിലവാരത്തിലേക്ക് ഉയർത്തുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. നിലവാരം മെച്ചപ്പെടുത്തുന്ന നടപടി പ്രവൃത്തിയിലൂടെ തെളിയിക്കുമെന്ന അന്നത്തെ പ്രഖ്യാപനം മുഖ്യമന്ത്രിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ തന്നെ ഉറപ്പുവരുത്തിയതോടെ എയ്ഡഡ് സ്‌കൂളുകളേക്കാൾ സർക്കാർ സ്‌കൂളുകളാണ് മെച്ചമെന്ന നിലയിലേക്ക് കാര്യങ്ങളെത്തി. സർക്കാർ സ്‌കൂളുകളേപ്പോലെ എയ്ഡഡ് സ്‌കൂളും പ്രധാനമാണെന്നും എയ്ഡഡ് സ്‌കൂളുകൾ മെച്ചപ്പെടുത്താൻ ഒരു കോടിവരെ ചെലവാക്കുമെന്നും സർക്കാർ പ്രഖ്യാപിച്ചിരുന്നു.

പൊതുവിദ്യാഭ്യാസ യജ്ഞത്തിലൂടെ സർക്കാർ സ്‌കൂളുകളിലേക്കു വിദ്യാർത്ഥികൾ തിരിച്ചെത്തുമ്പോൾ എയ്ഡഡ് മേഖല കടുത്ത പ്രതിസന്ധിയിലേക്കു നീങ്ങുകയാണ്. വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്ക് ഉണ്ടാവുന്നതോടെ അദ്ധ്യാപകരുടെ ജോലിനഷ്ടവും എയ്ഡഡ് മേഖല നേരിടുന്നു എന്നതാണ് മറ്റൊരു വസ്തുത. അദ്ധ്യാപകരുടെ നിലവാരമില്ലായ്മയാണ് എയ്ഡഡ് മേഖലയ്ക്കു തിരിച്ചടിയാവുന്നത്. പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സർക്കാർ മേഖലയിൽ അച്ചടക്കം കൈവരികയും പഠനനിലവാരം ഉയരുകയും ചെയ്തു. എന്നാൽ എയ്ഡഡ് മേഖലയിൽ അധ്യയനത്തിന്റെ നിലവാരം താഴ്ന്നു. അദ്ധ്യാപക നിയമനത്തിൽ ഒരു മാനനദണ്ഡവും പാലിക്കാതെ പണം കൂടുതൽ തരുന്നവരെ കണ്ണുമടച്ച് നിയമിക്കുക എന്നതുമാത്രമായി നയം. സമുദായ നേതാക്കളുടെയും മത മേലധികാരികളുടേയും കാശിനോടുള്ള ആർത്തി മാത്രമാണ് ഈ ദുരവസ്ഥയ്ക്ക് കാരണമായത്.

വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുകയും മിക്കവയേയും പടിപടിയായി രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തുകയും ചെയ്യുന്ന പ്രവൃത്തികൾ പിണറായി സർക്കാർ ശക്തമായി മുന്നോട്ടു കൊണ്ടുപോകുന്നതോടെ സർക്കാർ സ്‌കൂളുകളിലേക്ക് വിദ്യാർത്ഥികളുടെ കുത്തൊഴുക്കുമുണ്ടായി്. ഈ വർഷം മാത്രം പൊതുവിദ്യാഭ്യാസ മേഖലയിലേക്ക് മുൻവർഷത്തേക്കാൾ 32,349 വിദ്യാർത്ഥികൾ എത്തിയതോടെ വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥിന്റെ നേതൃത്വത്തിൽ നടക്കുന്ന നിശബ്ദ വിപ്ളവം വലിയ വിജയത്തിലേക്ക് നീങ്ങുകയായിരുന്നു. ഈ വർഷം പൊതുവിദ്യാലയങ്ങളിൽ ആകെ പുതുതായെത്തിയത് 1,85,971 വിദ്യാർത്ഥികളാണ്.

കഴിഞ്ഞ വർഷം സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് സ്‌കൂളുകളിലായി സംസ്ഥാനത്ത് മൊത്തം 36.81 ലക്ഷം കുട്ടികളാണ് ഉണ്ടായിരുന്നത്. ഇത്തവണ അത് 37.04 ലക്ഷമായി വർധിച്ചു. സർക്കാർ സ്‌കൂളുകളിൽ 6.3 ശതമാനവും എയ്ഡഡ് മേഖലയിൽ 5.4 ശതമാനവും വർധിച്ചപ്പോൾ അൺഎയ്ഡഡ് മേഖലയിൽ മുൻവർഷത്തേക്കാൾ എട്ടുശതമാനം വിദ്യാർത്ഥികൾ കുറഞ്ഞു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നടപ്പാക്കുന്ന വിവിധ പ്രവർത്തനങ്ങളുടെ ഫലമായാണ് കുട്ടികളുടെ എണ്ണം ഗണ്യമായി വർധിച്ചതെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറും ചൂണ്ടിക്കാട്ടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP