Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബാണാസുരമേഖലയിൽ ഉരുൾപൊട്ടിയത് 40 ഇടങ്ങളിൽ; വൈത്തിരിയിൽ രണ്ടുനില കെട്ടിടം മണ്ണിൽ താഴ്ന്നിറങ്ങിയതോടെ ബഹുനില ഫ്‌ളാറ്റുകളിൽ താമസിക്കുന്നവർ പ്രാണഭീതിയിൽ; അതീവ പരിസ്ഥിതിലോല പ്രദേശങ്ങളിൽ കെട്ടിപ്പൊക്കിയത് പത്തും പതിനഞ്ചും നിലകളുള്ള ഫ്‌ളാറ്റുകൾ; അനുമതി കാത്തിരിക്കുന്നത് മുപ്പതോളം മൾട്ടി ഫ്‌ളാറ്റുകൾ; പേമാരിയും പ്രളയവും വിഴുങ്ങിയ വയനാടിനെ ചതിച്ചത് ലാഭക്കൊതി മൂത്തുള്ള കുന്നിടിക്കൽ

ബാണാസുരമേഖലയിൽ ഉരുൾപൊട്ടിയത് 40 ഇടങ്ങളിൽ; വൈത്തിരിയിൽ രണ്ടുനില കെട്ടിടം മണ്ണിൽ താഴ്ന്നിറങ്ങിയതോടെ ബഹുനില ഫ്‌ളാറ്റുകളിൽ താമസിക്കുന്നവർ പ്രാണഭീതിയിൽ; അതീവ പരിസ്ഥിതിലോല പ്രദേശങ്ങളിൽ കെട്ടിപ്പൊക്കിയത് പത്തും പതിനഞ്ചും നിലകളുള്ള ഫ്‌ളാറ്റുകൾ; അനുമതി കാത്തിരിക്കുന്നത് മുപ്പതോളം മൾട്ടി ഫ്‌ളാറ്റുകൾ; പേമാരിയും പ്രളയവും വിഴുങ്ങിയ വയനാടിനെ ചതിച്ചത് ലാഭക്കൊതി മൂത്തുള്ള കുന്നിടിക്കൽ

മഹേഷ് ചീക്കല്ലൂർ

കൽപ്പറ്റ: പേമാരിയിലും പ്രളയത്തിലും പെട്ട് വയനാട് സമാനതകളില്ലാത്ത ദുരിതമാണ് ഇത്തവണ ഏറ്റുവാങ്ങിയത്. ഉയർന്ന പ്രദേശങ്ങളും, താഴ്ന്ന പ്രദേശങ്ങളും ഒരു പോലെ വെള്ളപ്പൊക്ക കെടുതിയിൽ പെട്ടിരിക്കുകയാണ്. വലുതും ചെറുതുമായ അറുപതോളം ഉരുൾപൊട്ടലുണ്ടായി ജീവനാശവും, കൃഷി നാശവും ഓരോ ദിവസവും റിപ്പോർട്ട് ചെയ്തു കൊണ്ടിരിക്കുകയാണ്. സർക്കാർ തലത്തിൽ കിട്ടുന്ന സഹായങ്ങൾ കൊണ്ട് നികത്താൻ കഴിയുന്നതല്ല വയനാട്ടിലെ നഷ്ടങ്ങൾ. നഷ്ടക്കണക്കുകൾ എടുക്കുമ്പോൾ ദുരന്തം വരുത്തി വച്ചതിന്റെ കാരണങ്ങളിലേക്കും കണ്ണോടിക്കേണ്ടി വരും.

ലാഭക്കൊതിയിൽ കുന്നിടിച്ചവർ സമാധാനം പറയട്ടെ!

കാർഷിക ജില്ലയായിരുന്ന വയനാടിനെ ടൂറിസത്തിലേക്ക് പറിച്ചു നട്ടിട്ട് പത്ത് വർഷത്തിലേറെയായിട്ടില്ല. ഇതോടെ, വയനാടിന്റെ നഗരവത്കരണത്തിന് ആക്കം കൂടി. ആവശ്യക്കാരില്ലാതെ കിടന്ന ചെങ്കുത്തായ മലകളും, വനങ്ങൾക്ക് സമീപമുള്ള പ്രദേശങ്ങളും പുഴയോരങ്ങളും, വയലുകളും വ്യാപകമായി അന്യ ജില്ലക്കാരായ റിയൽ എസ്റ്റേറ്റ് ലോബി മേടിച്ചുകൂട്ടി. വയലുകളും, തണ്ണീർതടങ്ങളും വ്യാപകമായി മണ്ണിട്ടുനികത്തി. ജില്ലാ ആസ്ഥാനമായ കൽപ്പറ്റയിലെ തന്നെ ഒട്ടുമിക്ക കെട്ടിടങ്ങളും നിൽക്കുന്ന സ്ഥലം വർഷങ്ങൾക്ക് മുൻപ് നെൽവയലുകളും ചതുപ്പുകളുമായിരുന്നു. രണ്ടായിരത്തി ഒൻപതിലെ സെന്റർ ഫോർ എർത്ത് സ്റ്റഡീസിലെ പഠന റിപ്പോർട്ട് അനുസരിച്ച് വയനാട്ടിലെ ഉരുൾപൊട്ടാനും ചരിഞ്ഞ നിലങ്ങൾ നിരങ്ങാനും സാദ്ധ്യതയുള്ള സ്ഥലങ്ങൾ കണ്ടെത്തിയിട്ടുണ്ട്. വെള്ളമുണ്ടക്ക് സമീപമുള്ള പുളിഞ്ഞാൽ, ചെമ്പ്രക്കു സമീപമുള്ള പ്രദേശങ്ങൾ, കാന്തൻപാറ, മുപ്പനാട് വില്ലേജിലെ നീലിമല ,ചിത്രഗിരി ,കോട്ടത്തറ വില്ലേജിലെ കുറുമ്പാലക്കോട്ടമല എന്നിവ ഇതിൽ പെടുന്നു.

കോഴിക്കോട്, വയനാട്, മലപ്പുറം, കുടക് എന്നിവിടങ്ങളിലെ അതിർത്തി പ്രദേശങ്ങളിലെ വെള്ളരിമല ,ബാണാസുര മല,എളമ്പിലേരിമല ,ബ്രഹ്മഗിരി മല,തരിയോട് മല, എന്നിവ കൂടിയതോതിൽ ഭൂകമ്പ സാദ്ധ്യതയുള്ള സ്ഥലങ്ങളാണ്. അതിൽ തന്നെ ലക്കിടി, മുപ്പെനാട്, വൈത്തിരി എന്നി സ്ഥലങ്ങൾ പ്രഥമ സ്ഥാനത്താണുള്ളത്. രണ്ടായിരത്തി പത്തിലെ പഠന റിപ്പോർട്ട് പ്രകാരം ചുരത്തിനോട് ചേർന്ന സ്ഥലങ്ങളിൽ മഴക്കുഴികൾ പോലും ദുരന്തങ്ങൾക്ക് കാരണമാകാം. 2015 ജൂൺ 30 ലെ കേശവേന്ദ്രകുമാറിന്റെ റിപ്പോർട്ട് പ്രകാരം ലക്കിടി ഏരിയയിൽ 8 മീറ്റർ, മുനിസിപ്പൽ ഏരിയയിൽ 15 മീറ്റർ, മറ്റു സ്ഥലങ്ങളിൽ 10 മീറ്റർ എന്നതാണ് കെട്ടിട നിർമ്മാണങ്ങൾക്ക് അനുവദിച്ച കണക്ക്. എന്നാൽ കലക്ടറെ വികസന വിരോധിയെന്ന രീതിയിൽ പ്രധാന രാഷ്ട്രീയ പാർട്ടികൾ മുദ്ര കുത്തുകയാണുണ്ടായത്.

വയനാട്ടിൽ പടുത്തുയർത്തുന്ന മൾട്ടി ഫ്‌ളാറ്റുകളിൽ തൊണ്ണൂറു ശതമാനവും പുറം ജില്ലക്കാരായതിനാൽ മണ്ണിനോടോ ജില്ലയോടോ യാതൊരു വിധ വൈകാരിക ബന്ധത്തിന്റെ ആവശ്യമില്ല. ജില്ലാ ദുരന്തനിവാരണ സമിതി നൽകിയ സ്റ്റോപ്പ് മെമോ ഹൈക്കോടതിയിൽ പോയി മറികടന്നാണ് വൈത്തിരിയിലും ലക്കിടിയിലുമുള്ള മിക്ക കെട്ടിടങ്ങൾക്കും അനുമതി നേടിയത്. ഇതിനെല്ലാം കൂട്ടുനിൽക്കുന്നത് ഭരണതലസ്ഥാനത്തിലെ ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരുമാണ്. ഗാഡ്ഗിൽ കമ്മറ്റി റിപ്പോർട്ടിലും, കസ്തൂരിരംഗൻ റിപ്പോർട്ടിലും ഒരുപോലെ പ്രതിപാദിക്കുന്ന അതീവ പരിസ്ഥിതിലോല പ്രദേശമായ വൈത്തിരിയിലും ലക്കിടിയിലും പണിതുയർത്തുന്നത് പത്തും പതിനേഴും നിലകളുള്ള കെട്ടിടങ്ങളാണ്.

നിലവിൽ 38 ഓളം വൻകിട കെട്ടിടങ്ങൾക്കുള്ള അനുമതി ഇതേ സ്ഥലങ്ങളിൽ ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് വൈത്തിരി പഞ്ചായത്തിലെ രണ്ട് നില ഷോപ്പിഗ് കോപ്‌ളക്‌സ് പൂർണ്ണമായും മണ്ണിനടിയിലേക്ക് താഴ്ന്നിറങ്ങിയത്. ഇതോടെ ചുണ്ടയിലും, ലക്കിടിയിലുമുള്ള വൻകിട ഫ്‌ളാറ്റുകളിൽ താമസിക്കുന്നവർ ഭീതിയിലാണ്. 20 വർഷം മുൻപ് പൂർണ്ണമായും ചതുപ്പായ പ്രദേശത്താണ് വൻകിട ഫ്‌ളാറ്റുകൾ ഉയർന്നിരിക്കുന്നത്. മഴ കൂടിയതോടെ ഇവിടങ്ങളിൽ ഉറവ് ഉണ്ടാകാൻ തുടങ്ങിയിട്ടുണ്ട്.

ഗാഡ്ഗിൽ റിപ്പോർട്ടും എതിർപ്പും

ഇന്ത്യയുടെ തെക്കു ഭാഗത്തായി സ്ഥിതി ചെയ്യുന്ന പശ്ചിമഘട്ട മലനിരകളും അതുമായി ബന്ധപ്പെടുന്ന പരിസ്ഥിതി പ്രശ്‌നങ്ങളും പഠിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിനായി പരിസ്ഥിതി -വനം മന്ത്രാലയം രൂപീകരിച്ച വിദഗ്ധ സമിതി (വെസ്റ്റേൺ ഘാട്ട് ഇക്കോളജി എക്‌സ്പർട്ട് പാനൽ ) 14 പേരടങ്ങുന്ന വിദഗ്ധസംഘത്തിന്റെ അദ്ധ്യക്ഷനായ മാധവ് ഗാഡ്ഗിൽ 2011 ഓഗസ്റ്റ് 31 ന് 522 പേജുള്ള റിപ്പോർട്ട് ഗവൺമെന്റിന് സമർപ്പിച്ചു. റിപ്പോർട്ടിൽ കേരളത്തിലെ 75 താലൂക്കുകളിൽ 25 പ്രദേശങ്ങൾ പരിസ്ഥിതിലോലമായിട്ടാണ് കണക്കാക്കിയിരിക്കുന്നത്. മഹാരാഷ്ട്ര, ഗോവ, കർണ്ണാടക, തമിഴ്‌നാട്, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിൽ കൂടി അറബികടലിന് സമാന്തരമായി കടന്നു പോകുന്ന 1490 കിലോമീറ്റർ ദൈർഘ്യവും 48 കിലോമീറ്റർ മുതൽ 210 കിലോമീറ്റർ വരെ വീതിയും 129037 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുമുള്ള പശ്ചിമഘട്ട മലനിരകളെയാണ് പഠന റിപ്പോർട്ടിൽ പരിഗണിച്ചത്.

റിപ്പോർട്ട് പ്രകാരം വയനാട്ടിലെ ബഹ്മഗിരി ,തിരുനെല്ലി, കുറുവാ ദ്വീപ്, പേരിയ - കൽപ്പറ്റ, നിലമ്പൂർ - മേപ്പാടി തുടങ്ങിയവയും, നിലവിലുള്ള വന്യജീവി സങ്കേതങ്ങളും, ജൈവ വൈവിധ്യ റിസർവ്വുകളുംപരിസ്ഥിതിലോല മേഖലയിൽ പെടും. ഇവിടങ്ങളിൽ ജനിതകമാറ്റം വരുത്തിയ വിത്തുകൾ, പ്ലാസ്റ്റിക് ഉപയോഗം, പ്രത്യേക സാമ്പത്തിക മേഖലയോ പുതിയ ഹിൽ സ്റ്റേഷനോ പാടില്ല, തനതു മത്സ്യസംരക്ഷണം,ജൈവകൃഷി ഏക വിളത്തോട്ടങ്ങൾക്ക് നിയന്ത്രണം, മേഖല ഒന്നിലും, രണ്ടിലും ഖനന നിരോധനം, സൗരോർജ്ജ പദ്ധതികൾക്ക് തുടക്കം കുറിക്കൽ, പരിസ്ഥിതിക്ക് കോട്ടം തട്ടാതെയുള്ള കെട്ടിട നിർമ്മാണം, തുടങ്ങി വയനാടിന്റെ നിലനിൽപ്പിനാവശ്യമായ നിർദ്ദേശങ്ങളാണ് വച്ചത്. ഇതിനെതിരെ വൻ പ്രക്ഷോഭമാണ് ഉണ്ടായത്. ഇവർക്ക് കൈയേറ്റക്കാരും, ക്വാറി, മണൽ, ബിൽഡിങ് ,റിസോർട്ട് മാഫിയ തുടങ്ങിയവർ നിർലോഭ പിന്തുണ നൽകി. വോട്ടിനു വേണ്ടി പ്രമുഖ രാഷ്ട്രീയ പാർട്ടികളും ഒളിഞ്ഞും, തെളിഞ്ഞും പിന്തുണ നൽകി. ഈ റിപ്പോർട്ടിൽ വെള്ളം ചേർത്താണ് കസ്തൂരി രംഗൻ റിപ്പോർട്ട് വന്നത്.

കസ്തൂരി രംഗൻ റിപ്പോർട്ടിൽ, മാനന്തവാടി താലൂക്കിലെ തിരുനെല്ലി, തൃശ്ശിലേരി, പേരിയ, തൊണ്ടർനാട് ,സുൽത്താൻ ബത്തേരിയിലെ കിടങ്ങനാട്, നൂൽപ്പുഴ, വൈത്തിരി താലൂക്കിലെ തരിയോട്, അച്ചുരാനം, പൊഴുതന, കോട്ടപ്പടി, ചുണ്ടേൽ, കുന്നത്തിടവക, വെള്ളരിമല എന്നിവ പെടും. രണ്ട് റിപ്പോർട്ടുകളിലും പരാമർശിക്കുന്ന മലമടക്കുകളെല്ലാം റിസോർട്ട്കാർ കൈയടക്കിയിരിക്കുന്നു. ഒരു നിർമ്മാണ പ്രവർത്തനവും പാടില്ലാത്ത ചെങ്കുത്തായ മലകൾ ഇടിച്ച് ബഹുനില കെട്ടിടങ്ങളും കുളങ്ങളും ഉണ്ടാക്കി റോഡ് നിർമ്മിച്ചു. ഉരുൾപൊട്ടലുകൾക്ക് പലയിടത്തും ഇത്തരം വെള്ളക്കെട്ടുകൾ കാരണമായിട്ടുണ്ട്. ബാണാസുര പരിസരത്ത് 40 ഓളം സ്ഥലങ്ങളിൽ ഉരുൾപൊട്ടി കഴിഞ്ഞ ദിവസങ്ങളിൽ പെട്ടന്നുണ്ടായ പ്രളയത്തിന് പ്രധാന കാരണം ഇതാണ്. ബാണാസുര മലയിൽ ചെറുതും വലുതുമായി അനേകം ക്വാറികൾ പ്രവർത്തിച്ചിരുന്നു. പലതും സ്വാധീനം മുഖേന നേടിയെടുത്തവയാണെന്നതും ഗൗരവത്തോടെ കാണണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP