Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പൗരത്വ പ്രതിഷേധം പോക്കറ്റ് കീറും, ഇന്ത്യ ഹൈ റിസ്‌ക് പട്ടികയിൽ, ടൂറിസത്തിനു തിരിച്ചടി; ന്യു ഇയർ ആഘോഷങ്ങൾക്ക് ബുക്ക് ചെയ്തവർ പിന്മാറാൻ സാധ്യത;ഏറ്റവും കുഴപ്പം ഈജിപ്തിലും സിറിയയിലും; സുരക്ഷിതമായതു മതമില്ലാത്ത രാജ്യങ്ങൾ മാത്രം; ഇന്ത്യയിൽ എത്തുന്നത് 9 ലക്ഷം ബ്രിട്ടീഷുകാർ

പൗരത്വ പ്രതിഷേധം പോക്കറ്റ് കീറും, ഇന്ത്യ ഹൈ റിസ്‌ക് പട്ടികയിൽ, ടൂറിസത്തിനു തിരിച്ചടി; ന്യു ഇയർ ആഘോഷങ്ങൾക്ക് ബുക്ക് ചെയ്തവർ പിന്മാറാൻ സാധ്യത;ഏറ്റവും കുഴപ്പം ഈജിപ്തിലും സിറിയയിലും; സുരക്ഷിതമായതു മതമില്ലാത്ത രാജ്യങ്ങൾ മാത്രം; ഇന്ത്യയിൽ എത്തുന്നത് 9 ലക്ഷം ബ്രിട്ടീഷുകാർ

കെ ആർ ഷൈജുമോൻ

കവൻട്രി: ലോകം പുതുവർഷത്തെ കാത്തിരിക്കുകയാണ്, ഇനി കൃത്യം ഒരാഴ്ച കൂടി മാത്രം. പുതുവർഷ പുലരി വിദേശ മണ്ണിൽ ആഘോഷിക്കുന്നവരുടെ എണ്ണം ഓരോ വർഷവും വർദ്ധിക്കുന്ന ട്രെൻഡ് ഇക്കുറിയും തുടരും. പക്ഷെ അതിന്റെ നേട്ടമെടുക്കാൻ ഇന്ത്യക്കും ടൂറിസം പ്രധാന വരുമാനമായ വടക്കു കിഴക്കൻ സംസ്ഥാനങ്ങൾക്കും കേരളത്തിനും കഴിഞ്ഞേക്കില്ല. കാരണം പുതുവർഷ സമയത്തു യാത്ര ചെയ്യുമ്പോൾ പ്രത്യേക ശ്രദ്ധ നൽകേണ്ട രാജ്യങ്ങളുടെ പട്ടിക പുറത്തു വന്നപ്പോൾ ഇന്ത്യ ഹൈ റിസ്‌ക് ടേബിളിൽ ആണ് ഇടം പിടിച്ചിരിക്കുന്നത്. ലോകത്തെ യാത്രക്കാർക്കിടയിൽ ഇൻഷുറൻസ് സംരക്ഷണം അടക്കം ഒരുക്കുന്ന ഇന്റർനാഷണൽ എസ്ഓഎസ് ആണ് സുരക്ഷിത രാജ്യങ്ങളുടെയും അപകടം പിടിച്ച മേഖലയുടെയും പ്രത്യേക പട്ടിക പുറത്തു വിട്ടിരിക്കുന്നത്. ട്രാവൽ ഗ്രൂപ്പുകൾ വഴിയുള്ള ബുക്കിങ്ങിൽ അപകട മേഖലയിലേക്കുള്ള യാത്രക്ക് കൂടുതൽ ചിലവുണ്ടാകും എന്നതിനാൽ ഇത്തവണ പുതുവത്സര ആഘോഷത്തിൽ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ വിദേശ വിനോദ സഞ്ചാരികളുടെ കുറവ് ഉണ്ടാകുമെന്നു വ്യക്തം. കഴിഞ്ഞ ഒരാഴ്ചയിലേറെയായി നടക്കുന്ന പൗരത്വ ബിൽ സംബന്ധിച്ച പ്രതിഷേധം അക്രമാസക്തം ആയതോടെയാണ് ഇന്ത്യയുടെ വടക്കു കിഴക്കൻ മേഖല അതീവ കുഴപ്പ ബാധിത പ്രദേശമായി മാറിയിരിക്കുന്നത്.

ഓരോ വർഷവും അമ്പതു മില്യൺ യാത്രകളാണ് ബ്രിട്ടനിൽ നിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സഞ്ചാരികളെ എത്തിക്കുന്നത്. ഇതിൽ ആയിരക്കണക്കിന് പേർക്ക് വിവിധ രാജ്യങ്ങളിൽ കുഴപ്പം നേരിടുമ്പോൾ ഫോറിൻ ആൻഡ് കോമൺവെൽത്ത് ഓഫീസ് സഹായവുമായി എത്തേണ്ടി വരാറുണ്ട്. ഇത്തരം സാഹചര്യം പരമാവധി ഒഴിവാക്കുന്നതിന് വേണ്ടിയാണു യാത്രകൾക്ക് ജാഗ്രത നിർദ്ദേശം നൽകുന്നതും. ഇതോടെ ഇൻഷുറൻസ് ഉൾപ്പെടെയുള്ള ചെലവ് ഉയരുകയും ട്രാവൽ പാക്കേജുകൾ താങ്ങാൻ കഴിയാതാവുകയും ചെയ്യും. ഈ സാഹചര്യത്തിൽ സാധാരണക്കാരായ ആളുകൾ സുരക്ഷിതമായ സ്ഥലവും കുറഞ്ഞ ചിലവുള്ള പാക്കേജുകളും തിരഞ്ഞെടുക്കും. ഇതോടെ മുൻകൂർ ബുക്ക് ചെയ്ത ആളുകൾ പോലും പുതിയ സ്ഥലങ്ങൾ തേടി പോകുന്ന സാഹചര്യം സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നതാണ് മുൻകാല അനുഭവം വക്തമാക്കുന്നത്.

സർക്കാരിന് കാര്യമായ നിയന്ത്രണം ഇല്ലാത്ത മേഖലകളാണ് അതീവ ഗുരുതരമെന്ന പട്ടികയിൽ ഉൾപ്പെടുത്തുക. ഈജിപ്ത്, സിറിയ എന്നിവയൊക്കെ ഈ പട്ടികയിൽ ഉൾപ്പെടുന്ന രാജ്യങ്ങളാണ്. കഴിഞ്ഞ വർഷം നാലു ലക്ഷം ബ്രിട്ടീഷുകാർ സന്ദർശനം നടത്തിയ രാജ്യമാണ് ഈജിപ്ത്. തീവ്രവാദ ഭീക്ഷണിയാണ് ഈ മേഖലയെ അതീവ ഗുരുതര പട്ടികയിൽ എത്തിച്ചിരിക്കുന്നത്. സമാന സാഹചര്യം നിലനിക്കുന്ന സിറിയയും ഇതേ പട്ടികയിൽ തന്നെയാണ്. സിറിയയിൽ തീവ്രവാദം ആരംഭിച്ച ശേഷം 55000 കുട്ടികൾ ഉൾപ്പെടെ 477000 ആളുകൾ കൊല്ലപ്പെട്ടതായി റിപ്പോർട്ടിൽ പ്രത്യേകം പരാമർശിക്കുന്നു. ഈ വർഷം മാർച്ച് വരെയുള്ള കണക്കിൽ 57 ലക്ഷം സിറിയക്കാർ രാജ്യം ഉപേക്ഷിച്ചു പോയിട്ടുണ്ട്. കൂടാതെ 61 ലക്ഷം പേർ രാജ്യത്തിനകത്തു തന്നെ വീടും താമസസ്ഥലവും നഷ്ടമായി അഭയാർത്ഥികളെ പോലെ കഴിയുകയാണ് എന്ന യുഎൻ കണ്ടെത്തലും കൂട്ടിച്ചേർത്താണ് യാത്ര വിലക്ക് പട്ടികയിൽ സിറിയ അതീവ കുഴപ്പ മേഖലയായി മാറിയിരിക്കുന്നത്.

മാലി, ലിബിയ, സോമാലിയ എന്നിവിടങ്ങളിലും അതീവ കുഴപ്പ മേഖലയായി മാറിയത് തീവ്രവാദവും ആഭ്യന്തര കുഴപ്പവും മൂലമാണ്. റഷ്യയുമായി സദാ ഉരസൽ നടക്കുന്ന ഉക്രൈനും സഞ്ചാരയോഗ്യം അല്ലെന്നു റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഈ രാജ്യങ്ങൾക്കു പിന്നാലെയാണ് ഇന്ത്യയുടെ സ്ഥാനം. മെക്സിക്കോ, ടുണീഷ്യ, ടർക്കി എന്നീ രാജ്യങ്ങളും ഇന്ത്യക്കൊപ്പം ഹൈ റിസ്‌ക് മേഖലയായി മാറിയിരിക്കുകയാണ്. ആഭ്യന്തര കലഹങ്ങളാണ് ഈ രാജ്യത്തു നിന്നും സഞ്ചാരികളെ വിലക്കാൻ പ്രധാന കാരണമായി മാറുന്നതും.

ഇന്ത്യയിലേക്കുള്ള യാത്ര അതീവ കുഴപ്പ ബാധിത മേഖലയിലേക്കാണ് എന്ന് റിപ്പോർട്ടിൽ പ്രത്യേക പരാമർശം നടത്തിയിരിക്കുന്നതിനാൽ സ്വാഭാവികമായും കേരളത്തിലെക്കുള്ള സഞ്ചാരികളുടെ എണ്ണത്തിലും കുറവുണ്ടാകും. കഴിഞ്ഞ വർഷങ്ങളിൽ ഇന്ത്യയിൽ എത്തിയ ബ്രിട്ടീഷ് സഞ്ചാരികളിൽ ഭൂരിഭാഗവും കുഴപ്പം കൂടാതെ തിരിച്ചു എത്തിയിട്ടുണ്ട് എന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. അതിനിടെ ലണ്ടനിൽ നടക്കുന്ന വേൾഡ് ട്രാവൽ മാർട്ടിൽ ഉൾപ്പെടെ കേരള വിനോദ സഞ്ചാര വകുപ്പും കെടിഡിസിയും ഒക്കെ ലക്ഷങ്ങൾ ചെലവാക്കി നടത്തുന്ന പ്രചാരണത്തിന്റെ നേട്ടവും ഇതോടെ ഇല്ലാതാകുകയാണ് എന്നും സംശയിക്കേണ്ടി വരും . ടൂറിസം മന്ത്രി അടക്കമുള്ള ഉദ്യോഗസ്ഥ സംഘം ദിവസങ്ങൾ ചെലവിട്ടാണ് കേരളത്തെ പ്രോമോട് ചെയ്യാൻ എല്ലാ വർഷവും ലണ്ടനിൽ എത്തുന്നത്.

ഏറ്റവും ഒടുവിൽ പുറത്തു വന്ന കണക്കു പ്രകാരം ബ്രിട്ടനിൽ നിന്നും എത്തുന്നവരുടെ എണ്ണത്തിൽ വൻവർധനയാണുള്ളത്. പ്രതിവർഷം 30000 കോടിയിലേറെ രൂപ കേരളത്തിന് വരുമാനം നൽകുന്ന ടൂറിസം മേഖലയുടെ ചെറിയൊരു തളർച്ച പോലും ആയിരങ്ങളുടെ ഉപജീവന മാർഗ്ഗത്തെയാണ് തകരാറിലാക്കുക. മഹാപ്രളയം ഉണ്ടായതിനെ തുടർന്നു ടൂറിസം മേഖല കരകയറാൻ കുറഞ്ഞത് രണ്ടു വർഷം വേണ്ടി വരും എന്ന നിഗമനം നിലനിൽക്കെയാണ് കഴിഞ്ഞ ഡിസംബറിൽ സംസ്ഥാനത്തെ മുൾമുനയിൽ നിർത്തിയ ശബരിമല വിഷയം ബ്രിട്ടനും അമേരിക്കയും ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ യാത്ര വിലക്ക് വരെ എത്തിക്കുന്ന ആഗോള വിഷയമായി വളർന്നത്.

അതേ സാഹചര്യം തന്നെയാണ് ഇത്തവണയും ഡിസംബറിൽ കേരളം നേരിടു ന്നത്. പൗരത്വ ബിൽ പ്രതിഷേധ സമരങ്ങൾ ഗുരുതര നിലയിൽ അക്രമാസക്തമായി മാറുന്നില്ലെങ്കിൽ പോലും സഞ്ചാരിയുടെ മനസ് മടുപ്പിക്കാൻ ആവശ്യമായതിലേറെ ആശങ്ക സമ്മാനിച്ചു കഴിഞ്ഞു. തുടർച്ചയായി രണ്ടു വർഷത്തെ പുതുവത്സര ആഘോഷ വേളയിൽ ഉണ്ടായിരിക്കുന്ന അസ്വസ്ഥത നിറഞ്ഞ അന്തരീക്ഷം ആഡംബര ഹോട്ടലുകൾ, റിസോർട്ടുകൾ, ഹോം സ്റ്റേ വില്ലകൾ, ടാക്സി സർവീസുകൾ, കച്ചവട സ്ഥാപനങ്ങൾ എന്നിവയുടെ ഒക്കെ വരുമാന ചോർച്ചയ്ക്ക് കാരണമാകും. ഇത് ഒടുവിൽ സംസ്ഥാന ഖജനാവിന് ലഭിക്കുന്ന വരുമാന ചോർച്ചയ്ക്കും കാരണമാകും. നിലവിൽ ശമ്പളം നല്കാൻ പോലും പ്രയാസപ്പെടുന്ന സംസ്ഥാന ഖജാൻവിനു കൂടുതൽ പരുക്കുണ്ടായാൽ അത് തരണം ചെയ്യാൻ വർഷങ്ങളുടെ കാത്തിരിപ്പു വേണ്ടി വരും എന്നത് മറ്റൊരു വസ്തുത. കൂടുതൽ കടമെടുപ്പ് പോലും സാധികാത്ത നിലയിൽ കേരളം വലയുമ്പോൾ ഉള്ള വരുമാനം കൂടി ഇല്ലാതാക്കുന്ന സാഹചര്യം സൃഷ്ടിക്കപ്പെടുന്നത് സമ്പദ് മേഖലക്ക് കനത്ത തിരിച്ചടി ആണെന്നതിൽ ഒരു തർക്കവുമില്ല.

അതേസമയം മതത്തിനു വലിയ പ്രാധാന്യം നൽകാത്ത രാജ്യങ്ങളാണ് സഞ്ചാരികൾക്കു കുഴപ്പം കൂടാതെ സഞ്ചരിക്കാൻ കഴിയുന്ന ഇടങ്ങളായി വീണ്ടും ശ്രദ്ധ നേടുന്നത്. ഇവിടെ കലാപങ്ങളോ ആഭ്യന്തര പ്രക്ഷോഭങ്ങളോ ഇല്ല എന്നതും റിപ്പോർട്ടിൽ എടുത്തു പറയുന്നുണ്ട്. എമെർജെൻസി സേവനങ്ങൾ ഏറ്റവും ഫലപ്രദമായി ലഭിക്കുന്നതും ഈ രാജ്യങ്ങളിൽ തന്നെ. ഏറ്റവും കുറ്റമറ്റ ഗതാഗത സംവിധാങ്ങളും ഈ രാജ്യങ്ങളുടെ നേട്ടമായി മാറുന്നു. തൊഴിലാളി യൂണിയൻ സമരം പോലെ സഞ്ചാരികളെ വലയ്ക്കുന്ന കുഴപ്പങ്ങളും ഈ രാജ്യങ്ങളിൽ അപൂർവങ്ങളിൽ അപൂർവമായി മാറുന്നതും റിപ്പോർട്ട് എടുത്തു കാട്ടുന്നു.സ്വിറ്റ്‌സർലന്റ്, സ്ലോവേനിയ, ഡെന്മാർക്ക്, നോർവെ, ഫിൻലാന്റ്, ഐസ്‌ലാന്റ് എന്നീ ആറു രാജ്യങ്ങൾ മാത്രമാണ് സമാധാനത്തോടെ സഞ്ചാരികളെ കാത്തിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP