Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യമെങ്ങും പ്രതിഷേധം; വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ കത്തുന്നത് പ്രതിഷേധാഗ്നി; അസമിൽ മൂന്നുപേർ കൊല്ലപ്പെട്ടത് പൊലീസ് വെടിവെപ്പിൽ; മുഖ്യമന്ത്രിയുടെ വസതി ഉൾപ്പെടെ ആക്രമിക്കപ്പെട്ടു; ബിജെപി എംഎൽഎയുടെ വീടിന് തീവെച്ചു; മേഘാലയിലും ത്രിപുരയിലും ഇന്റർനെറ്റ് ഇല്ല; റെയിൽ- വ്യോമ ഗതാഗതവും സ്തംഭിച്ചു; അസമിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പത്തു ദിവസം അവധി പ്രഖ്യാപിച്ചതും അക്രമങ്ങളുടെ പശ്ചാത്തലത്തിൽ

പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യമെങ്ങും പ്രതിഷേധം; വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ കത്തുന്നത് പ്രതിഷേധാഗ്നി; അസമിൽ മൂന്നുപേർ കൊല്ലപ്പെട്ടത് പൊലീസ് വെടിവെപ്പിൽ; മുഖ്യമന്ത്രിയുടെ വസതി ഉൾപ്പെടെ ആക്രമിക്കപ്പെട്ടു; ബിജെപി എംഎൽഎയുടെ വീടിന് തീവെച്ചു; മേഘാലയിലും ത്രിപുരയിലും ഇന്റർനെറ്റ് ഇല്ല; റെയിൽ- വ്യോമ ഗതാഗതവും സ്തംഭിച്ചു; അസമിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പത്തു ദിവസം അവധി പ്രഖ്യാപിച്ചതും അക്രമങ്ങളുടെ പശ്ചാത്തലത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

ദിസ്പൂർ: പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യമെങ്ങും പ്രതിഷേധം. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ പ്രതിഷേധം അലയടിക്കുകയാണ്. അസം ഉൾപ്പെടെയുള്ള പല വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും മൊബൈൽ ഫോൺ- ഇന്റർനെറ്റ് സേവനങ്ങൾ വിച്ഛേദിച്ചെങ്കിലും ഓരോ പ്രദേശത്തും ജനങ്ങൾ സ്വമേധയാ തെരുവിലിറങ്ങുകയാണ്. എങ്ങും വ്യാപകമായ അക്രമങ്ങളാണ് അരങ്ങേറുന്നത് എന്നാണ് റിപ്പോർട്ടുകൾ. പൗരത്വ നിയമ ഭേദഗതി ബിൽ ലേക്‌സഭ പാസാക്കിയതിന് പിന്നാലെ പ്രതിഷേധം ആരംഭിച്ചിരുന്നു എങ്കിലും കഴിഞ്ഞ ദിവസം രാജ്യസഭ കൂടി ബില്ലിന് അംഗീകാരം നൽകിയതോടെയാണ് പ്രതിഷേധം കൂടുതൽ ശക്തമായത്.

അസമിൽ തുടരുന്ന പ്രതിഷേധം അതീവ ഗുരുതരമെന്ന് സൂചന. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ഇവിടെ മൂന്ന് പേർ കൊല്ലപ്പെട്ടിട്ടുണ്ട്. പൊലീസ് വെടിവയ്‌പ്പിൽ പരിക്കേറ്റ മൂന്ന് പേരാണ് മരിച്ചതെന്നാണ് വിവരം. അസമിൽ മുഖ്യമന്ത്രിയുടെ വസതിയടക്കം ബിജെപി-അസം ഗണം പരിഷത്ത് നേതാക്കളുടെ വീടുകൾക്ക് നേരെ വ്യാപക ആക്രമണമാണ് നടന്നത്. ബിജെപി എംഎൽഎ ബിനോദ് ഹസാരികയുടെ വീടിന് പ്രക്ഷോഭകർ തീവച്ചു. നിരവധി വാഹനങ്ങളും സർക്കിൾ ഓഫീസും പ്രതിഷേധക്കാർ അഗ്‌നിക്കിരയാക്കി.

അതിനിടെ ഗുവഹാട്ടിയിൽ സൈന്യം ഫ്ളാഗ് മാർച്ച് നടത്തി. ഇന്റർനെറ്റ് സർവീസ് റദ്ദാക്കിയ നടപടി സംസ്ഥാനം മുഴുവൻ 48 മണിക്കൂർ നേരത്തേക്കുകൂടി നീട്ടി. ദീബ്രുഘട്ടിലേക്കും ഗുവഹാട്ടിയിലേക്കുമുള്ള മിക്ക സർവീസുകളും സ്വകാര്യ വിമാനക്കമ്പനികൾ റദ്ദാക്കി. ട്രെയിൻ ഗതാഗതവും നിലച്ചിരിക്കുകയാണ്. അതിനിടെ, ഗുവഹാട്ടിയിലെ രണ്ട് ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ അധികൃതർ സ്ഥലംമാറ്റി. അസമിലെ ക്രമസമാധാന ചുമതലയുള്ള എഡിജിപി മുകേഷ് അഗർവാളിനെയാണ് സർക്കാർ സ്ഥലം മാറ്റിയത് എന്നാണ് റിപ്പോർട്ടുകൾ. ജനങ്ങൾ ശാന്തരാകണമെന്ന് അസം മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ ജനങ്ങളോട് അഭ്യർത്ഥിച്ചു. അസമിലെ ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുമെന്ന് ഉറപ്പ് നൽകുന്നുവെന്നും അദ്ദേഹം പറഞ്ഞു.

വ്യാഴാഴ്ച രാവിലെ ജനങ്ങൾ കർഫ്യൂ ലംഘിച്ച് തെരുവിലിറങ്ങിയതോടെ ഗുവഹാത്തിയിൽ സൈന്യം ഫ്ളാഗ് മാർച്ച് നടത്തി. ഗുവഹാട്ടിയിലേക്കും ദീബ്രുഘട്ടിലേക്കുമുള്ള മിക്ക സർവീസുകളും സ്വകാര്യ വിമാനക്കമ്പനികൾ റദ്ദാക്കിയെന്ന് വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു. സുരക്ഷ മുൻനിർത്തി അസമിലെയും ത്രിപുരയിലെയും തീവണ്ടി സർവീസുകൾ ബുധനാഴ്ച രാത്രി മുതൽ നിർത്തിവച്ചതായി നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ റെയിൽവെ അറിയിച്ചു. ഇതേത്തുടർന്ന് നിരവധി യാത്രക്കാരാണ് ഗുവഹാട്ടി റെയിൽവെ സ്റ്റേഷനിലടക്കം കുടുങ്ങിയത്.

അസമിൽ ഇന്ന് അസം ഗണ പരിഷത്തിന്റെ ഗുവാഹത്തിയിലെ ഓഫീസിന് നേരെ ആക്രമണം ഉണ്ടായി. ഓഫീസിന് മുന്നിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾ പ്രതിഷേധക്കാർ തകർത്തു. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ സുരക്ഷാ സേന ചിലയിടങ്ങളിൽ ആകാശത്തേക്ക് വെടിയുതിർത്തുവെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തിരുന്നു. അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അടുത്ത പത്ത് ദിവസത്തേക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

അസമിൽ ആളിക്കത്തുന്ന പ്രതിഷേധം മേഘാലയയിലേക്കും വ്യാപിച്ചിട്ടുണ്ട്. മുഖ്യമന്ത്രി കോൺറാഡ് സാങ്മയുടെ വാഹനം തടഞ്ഞു. പ്രതിഷേധക്കാർ ഒരു ബാങ്കിന് തീയിട്ടതായും റിപ്പോർട്ടുകളുണ്ട്. മേഘാലയയിൽ തുടരുന്ന പ്രതിഷേധത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായാണ് വിവരം. അതിനിടെ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധവുമായി ഒരു എംഎൽഎ രംഗത്ത് വന്നു.

 ഇവിടെയും ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കി. ത്രിപുരയിലും മൊബൈൽ, ഇന്റർനെറ്റ് സേവനങ്ങൾ പുനഃസ്ഥാപിച്ചിട്ടില്ല. തലസ്ഥാനമായ അഗർത്തലയിലും അക്രമസംഭവങ്ങൾ അരങ്ങേറി. കേരളത്തിലും ഇടത് സംഘടനകളും യുഡിഫും മുസ്ലിം സംഘടനകളും പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചിരുന്നു.

ബംഗ്ലാദേശ് വിദേശകാര്യമന്ത്രി എകെ അബ്ദുൾ മൊമൻ ഇന്ത്യൻ സദർശനം റദ്ദാക്കിയിരുന്നു. ഡിസംബർ 12 മുതൽ 14 വരെയാണ് എകെ അബ്ദുൾ മൊമൻ ഇന്ത്യ സന്ദർശിക്കാനിരുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാർലമെന്റിൽ നടത്തിയ പ്രസ്താവനയെ ശക്തമായി വിമർശിച്ചതിനു പിന്നാലെയാണ് തന്റെ ഇന്ത്യ സന്ദർശനം റദ്ദാക്കിയതായി ബംഗ്ലാദേശ് എ.കെ.അബ്ദുൾ മോമെൻ അറിയിച്ചത്.

'ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങളെ അടിച്ചമർത്തുന്നുവെന്ന അമിത് ഷായുടെ ആരോപണം തികച്ചും അസത്യമാണ്. ആരാണ് അത്തരത്തിലൊരു വിവരം നൽകിയതെങ്കിലും അത് ശരിയല്ല. ഹിന്ദുക്കൾ ബംഗ്ലാദേശിൽ പീഡിപ്പിക്കപ്പെടുന്നുവെന്ന് പറയുന്നതിൽ യാതൊരു വാസ്തവവുമില്ല' എന്നായിരുന്നു മോമെന്റെ പ്രതികരണം.

ബംഗ്ലാദേശ് വാർത്താ ഏജൻസിയാണ് അദ്ദേഹത്തിന്റെ പ്രസ്താവന റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിനു തൊട്ടു പിന്നാലെയാണ് ഇന്ത്യസന്ദർശനം റദ്ദാക്കിയതായുള്ള വാർത്ത പുറത്ത വന്നത്. യുഎസ്, ജപ്പാൻ സ്ഥാനപതിമാരുമായി മോമെൻ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ത്യസന്ദർശിച്ച് വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായി വ്യാഴാഴ്ച കൂടിക്കാഴ്ച നടത്താനിരിക്കെയാണ് തീരുമാനം മാറ്റിയത്.

'രാജ്യങ്ങൾ തമ്മിലുള്ള ബന്ധങ്ങളിൽ മാറ്റങ്ങൾ വരുന്നതിൽ തങ്ങൾക്ക് ആശങ്കയുണ്ട്. ഇന്ത്യക്ക് അവരുടെ രാജ്യത്തിനുള്ളിൽ തന്നെ നിരവധി പ്രശ്നങ്ങളുണ്ട്. പക്ഷേ ഞങ്ങളെ അത് അലട്ടുന്നില്ല. ഒരു സൗഹൃദ രാജ്യമെന്ന നിലയിൽ സൗഹൃദത്തെ ബാധിക്കുന്ന എന്തെങ്കിലും ഇന്ത്യ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നില്ല. മതേതര രാഷ്ട്രമെന്ന നിലയിൽ നിന്ന് ഇന്ത്യ വ്യതിചലിക്കുന്നത് ബന്ധങ്ങളെ ദുർബലപ്പെടുത്തു'മെന്നും അമിത് ഷായുടെ പ്രസംഗത്തിനോടുള്ള പ്രതികരണമായി മോമെൻ മുന്നറിയിപ്പ് നൽകിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP