Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേരളത്തിൽ 'ഏകഛത്രാധിപതി' പട്ടമുള്ള ഏക ആനയായ തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ വിലക്കിക്കൊണ്ടുള്ള ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ഉത്തരവ് ഗൂഢാലോചനയുടെ ഭാഗമെന്ന് ആനപ്രേമികൾ; നിസാര കാര്യങ്ങൾ ചുണ്ടി കാട്ടി പൂരങ്ങളിലെ രാജാവിനെ 'വെട്ടി'യെന്ന് കേരള ഫെസ്റ്റിവൽ കോ-ഓർഡിനേഷൻ; ആനക്കമ്പക്കാരുടെ ആറാം തമ്പുരാനു വേണ്ടി പൂരങ്ങളുടെ നാട്ടിൽ നാളെ പ്രതിഷേധ സായാഹ്ന സംഗമം

കേരളത്തിൽ 'ഏകഛത്രാധിപതി' പട്ടമുള്ള ഏക ആനയായ തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ വിലക്കിക്കൊണ്ടുള്ള ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ഉത്തരവ് ഗൂഢാലോചനയുടെ ഭാഗമെന്ന് ആനപ്രേമികൾ; നിസാര കാര്യങ്ങൾ ചുണ്ടി കാട്ടി പൂരങ്ങളിലെ രാജാവിനെ 'വെട്ടി'യെന്ന് കേരള ഫെസ്റ്റിവൽ കോ-ഓർഡിനേഷൻ; ആനക്കമ്പക്കാരുടെ ആറാം തമ്പുരാനു വേണ്ടി പൂരങ്ങളുടെ നാട്ടിൽ നാളെ പ്രതിഷേധ സായാഹ്ന സംഗമം

കെ എം അക്‌ബർ

തൃശൂർ: തെച്ചിക്കോട്ട്കാവ് രാമചന്ദ്രന് വിലക്കേർപ്പെടുത്താനുള്ള വനംവകുപ്പിന്റെ നീക്കത്തിൽ പ്രതിഷേധിച്ച് പൂര നഗരിയിൽ നാളെ പ്രതിഷേധ സായാഹ്ന സംഗമം. കേരള ഫെസ്റ്റിവെൽ കോർഡിനേഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന സംഗമത്തിന് വിവിധ ദേവസ്വങ്ങൾ, പൂരപ്രേമി, ആനപ്രേമി സംഘങ്ങൾ എന്നിവരുടെ പിന്തുണയുമുണ്ട്. ഗുരുവായൂരിൽ ഗൃഹപ്രവേശന ചടങ്ങിനെത്തിച്ച തെച്ചിക്കോട്ട്കാവ് രാമചന്ദ്രൻ ഇടഞ്ഞ് രണ്ട് പേരുടെ മരണത്തിനിടയാക്കിയതിനെ തുടർന്ന് താൽക്കാലിക വിലക്കേർപ്പെടുത്തിയതാണ് പ്രതിഷേധ സംഗമത്തിന് വഴിയൊരുക്കിയിട്ടുള്ളത്. കാഴ്ചക്കുറവ്, പ്രായാധിക്യം, അവശത തുടങ്ങിയ പരാതികളെ തുടർന്ന് വിദഗ്ദ സമിതിയെ ആനയുടെ പരിശോധനക്കായി നിയോഗിച്ചിരുന്നു.

കൊമ്പനെ തൃശൂർ ജില്ലയിൽ ആഴ്ചയിൽ മൂന്ന് ദിവസം മാത്രം എഴുന്നെള്ളിക്കാമെന്നും, ഇടക്കിടെ വെറ്ററിനറി സർജന്മാരുടെ പരിശോധന വേണമെന്നതടക്കമുള്ള ശുപാർശയോടെയായിരുന്നു വിദഗ്ധ സമിതി റിപ്പോർട്ട് നൽകിയത്. എന്നാൽ, വിദഗ്ദ സമിതിയുടെ റിപ്പോർട്ട് തള്ളി, ഇനി എഴുന്നെള്ളിപ്പുകൾ അടക്കമുള്ള പരിപാടികളിൽ രാമചന്ദ്രനെ പങ്കെടുപ്പിക്കരുതെന്നായിരുന്നു ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിട്ടത്. ഇക്കാര്യമറിയിച്ച് ചീഫ് വൈൽഡ് ലൈഫ് വാർഡൻ കലക്ടർക്കും റിപ്പോർട്ട് നൽകി. എന്നാൽ, ആനയെ എഴുന്നെള്ളിക്കാതിരിക്കാനുള്ള വനംവകുപ്പിന്റെ ശ്രമമാണ് നടക്കുന്നതെന്ന് ആരോപിച്ച് എലിഫെന്റ് ഓണേഴ്സ് ഫെഡറേഷനും തെച്ചിക്കോട്ട്കാവ് രാമചന്ദ്രൻ ഫാൻസുകാരും രംഗത്തെത്തുകയായിരുന്നു. ഇതിന്റെ തുടർച്ചയായാണ് നാളെ വൈകീട്ട് തൃശൂർ നടുവിലാലിൽ പ്രതിഷേധ സായാഹ്ന സംഗമം പരിപാടി.

കേരളത്തിൽ ഇന്ന് ജീവിച്ചിരിപ്പുള്ളതിൽ ഏറ്റവും ഉയരമുള്ള ആനയായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ നാട്ടാന പ്രേമികൾക്കിടയിലെ സൂപ്പർസ്റ്റാറാണ്. കേരളത്തിലങ്ങോളമിങ്ങോളമുള്ള ആന പ്രേമികളുടെ ആവേശമാണെങ്കിലും തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ജന്മം കൊണ്ട് ഇവിടത്തുകാരനല്ല. ബീഹാറിലെ ആനച്ചന്തയിൽ നിന്ന് വാങ്ങി കേരളത്തിലേക്ക് എത്തിക്കുമ്പോൾ പേര് മോട്ടിപ്രസാദ് എന്നായിരുന്നു. ധനലക്ഷ്മി ബാങ്ക് മാനേജരായിരുന്ന എ.എൻ. രാമചന്ദ്ര അയ്യരായിരുന്നു ആദ്യത്തെ ഉടമ. അദ്ദേഹത്തിൽ നിന്നും തൃശൂർക്കാരൻ വെങ്കിടാദ്രി സ്വാമി ആനയെ വാങ്ങി ഗണേശൻ എന്ന് പേരിട്ടു. 1984ൽ തെച്ചിക്കോട്ടുകാവ് ദേവസ്വം ഈ ആനയെ വാങ്ങി നടക്കിരുത്തിയപ്പോൾ ഇട്ട പേരാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ. 1986ൽ അന്നത്തെ പാപ്പാൻ വാഹനമിടിച്ച് മരിച്ചതിനെതുടർന്ന് എത്തിയ പാപ്പാന്റെ മർദ്ദനത്തിൽ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വലതുകണ്ണിന്റെ കാഴ്ച പൂർണമായും നഷ്ടപ്പെട്ടു. പിന്നീടിത് ഇടതുകണ്ണിലേക്കും വ്യാപിച്ചു.

സുപ്രസിദ്ധി എന്ന പോലെ തന്നെ ഉത്സവത്തിനിടെ ഇടയുന്നതിനും ആളുകളുടെ ജീവനടുക്കുന്നതിലും രാമചന്ദ്രൻ കുപ്രസിദ്ധനാണ്. കഴിഞ്ഞ മാസം ഗുരുവായൂർ കോട്ടപ്പടിയിൽ ഇടഞ്ഞോടിയ തെച്ചിക്കോട്ട് രാമചന്ദ്രന്റെ മുന്നിൽ നഷ്ടമായത് രണ്ടു ജീവനുകളാണ്. ആനയ്ക്ക് പുറകിൽ പടക്കംപൊട്ടിച്ചതാണ് ആന വിരണ്ടോടാൻ കാരണം. സമീപത്തു നിൽക്കുകയായിരുന്നയാളെ ആന ചവിട്ടുകയായിരുന്നു. ചവിട്ടേറ്റ് പരിക്കേറ്റ മറ്റൊരാൾ ചികിൽസക്കിടെ മരിച്ചു. ഇതിന് മുൻപും ഇത്തരത്തിൽ ജീവനെടുക്കുന്ന സംഭവത്തിൽ രാമചന്ദ്രൻ കുപ്രസിദ്ധനാണ്. 13 പേരാണ് ഇതുവരെ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ ഇരയായത്. ആനക്കമ്പക്കാരുടെ ആറാംതമ്പുരാനും നരസിംഹവും അങ്ങനെ എല്ലാമെല്ലാമായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ കേരളത്തിൽ 'ഏക ഛത്രാധിപതി' പട്ടമുള്ള ആനയാണ്. തൃശൂർ പൂരത്തിന്റെ ആവേശം പൂർത്തിയാകുന്നത് രാമചന്ദ്രൻ എത്തുമ്പോഴാണെന്ന് ആനപ്രേമികൾ അടക്കം പറയാറുണ്ട്. എന്നാൽ, ഈ പ്രായത്തിനും ആനയെ എഴുന്നള്ളിക്കുന്നതിനെതിരെ പലകുറി വിമർശനങ്ങൾ ഉയർന്നിരുന്നു. എന്നാൽ ആരാധകരും കമ്മിറ്റിക്കാരുടെ ആവശ്യങ്ങളും പരിഗണിച്ച് ആനയെ എഴുന്നള്ളിക്കാറാണ് പതിവ്. വലിയ തുകയ്ക്കാണ് രാമചന്ദ്രൻ ഉൽസവത്തിനെത്തുന്നത്.

ആന വന്നിറങ്ങുന്നത് മുതൽ ആരാധകരും നാട്ടുകാരും ഇവനൊപ്പം കൂടുന്നതും പതിവാണ്. ഇത്തരത്തിലുള്ള ഒട്ടേറെ വീഡിയോകൾ സോഷ്യൽ ലോകത്ത് വൈറലാണ്. 2011 മുതൽ തൃശൂർ പൂരത്തിന് തെക്കേ ഗോപുര വാതിൽ തള്ളിത്തുറക്കുന്ന ആചാരപ്രധാനമായ ചടങ്ങിന് നിയോഗിക്കുന്നത് തെച്ചിക്കോട്ട് രാമചന്ദ്രനെയാണ്. വലതുകണ്ണിന് പൂർണമായും ഇടതുകണ്ണിനു ഭാഗികമായും കാഴ്ചയില്ലാത്ത ഈ ആനയെ മൃഗഡോക്ടർമാരുടെ വിദഗ്ധസംഘം പരിശോധിക്കാതെ എഴുന്നള്ളത്തിന് ഉപയോഗിക്കരുതെന്ന് മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ നേരത്തേ നിർദ്ദേശിച്ചിരുന്നു. കഴിഞ്ഞ വർഷം പൂരത്തിന് മുമ്പ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ നിർദ്ദേശിച്ചത് അനുസരിച്ച് ആനയുടെ ആരോഗ്യനില പരിശോധിക്കാൻ മൂന്നംഗ മെഡിക്കൽ സംഘം എത്തിയെങ്കിലും പൂരസംഘാടകരുടേയും പൂരപ്രേമികളുടേയും സമ്മർദ്ദങ്ങൾക്ക് വഴങ്ങി ഇവർ തിരിച്ചുപോവുകയായിരുന്നു. ചെറിയ ശബ്ദം പോലും കേട്ടാൽ തെച്ചിക്കോട്ട് രാമചന്ദ്രൻ വിരളുന്ന അവസ്ഥയുണ്ടെന്നാണ് ഇപ്പോഴത്തെ നിഗമനം. ഇക്കാര്യത്തിൽ കൂടുതൽ പരിശോധന നടത്തണമെന്നാണ് വനം വകുപ്പിന്റെ നിർദ്ദേശം.

എന്നാൽ, ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ഉത്തരവ് ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് ആനപ്രേമികളുടെയും ഉടമസ്ഥരുടെയും വാദം. ആനയെ പരിശോധിക്കാൻ നിയോഗിച്ച അഞ്ചംഗ സമിതിയുടെ റിപ്പോർട്ട് പരിഗണിക്കാതെയാണ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഇത്തരമൊരു ഉത്തരവ് ഇറക്കിയതെന്നാണ് ആരോപണം. ഗുരുവായൂരിൽ നടന്ന സംഭവത്തിനുശേഷം നിയോഗിച്ച അഞ്ചംഗ സമിതിയുടെ റിപ്പോർട്ടിൽ ആനയെ എഴുന്നള്ളിപ്പുകളിൽ നിന്നും ഒഴിവാക്കണമെന്നു പറഞ്ഞിട്ടില്ലെന്നും ആഴ്‌ച്ചയിൽ ഇടവിട്ട് മൂന്നുദിവസം മാത്രം എഴുന്നള്ളിക്കുക, രണ്ട് മാസത്തിലൊരിക്കൽ വൈദ്യ പരിശോധന നടത്തുക, തൃശൂർ ജില്ലയിൽ മാത്രം എഴുന്നള്ളിക്കുക തുടങ്ങിയ നിർദ്ദേശങ്ങൾ സമർപ്പിക്കുക മാത്രമാണ് ചെയ്തിരിക്കുന്നതെന്നാണ് ഇവർ പറയുന്നത്. ഈ റിപ്പോർട്ട് തള്ളിക്കളഞ്ഞുകൊണ്ടുള്ള തീരുമാനമാണ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ സ്വീകരിച്ചിരിക്കുന്നതെന്നും ഇതിനെതിരേ ശക്തമായ പ്രതിഷേധം നടത്തുമെന്നുമാണ് ആനപ്രേമികളുടെ വെല്ലുവിളി. തൃശൂർ പൂരം എത്താനിരിക്കെ വിലക്ക് നീക്കാനുള്ള തീവ്രശ്രമത്തിലാണ് ഉടമ സംഘടനകളും ആനപ്രേമികളും.

കേരള ഫെസ്റ്റിവൽ കോ-ഓർഡിനേഷന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:

ന്ന് തെച്ചിക്കോട്ട് രാമചന്ദ്രൻ ....!
നാളെ നമ്മുടെ മാത്രം പൈതൃകങ്ങളായ, ആചാരങ്ങളുടെ അവിഭാജ ഘടകമായ പൂരങ്ങളും ആന എഴുന്നള്ളിപ്പും വെറും ഓർമ്മകളായി മാറുമോ....?
പരമ്പരാഗത വെടിക്കെട്ടുകൾ അവസാനിച്ചു.
നാളെ .....!
പൂരങ്ങൾ, നേർച്ചകൾ...
പെരുന്നാളുകൾ., സാധാരണക്കാരുടെ ആഘോഷങ്ങൾ എല്ലാം തകർക്കപ്പെടുന്നു.
ഇന്ന് നിസാര കാര്യങ്ങൾ ചൂണ്ടിക്കാട്ടി പൂരങ്ങളിലെ രാജാവിനെ, രാമ രാജാവിനെ വെട്ടി....!
നാളെ ......?
നിങ്ങൾ പൂരങ്ങളെ സ്നേഹിക്കുന്നുവെങ്കിൽ
ആനകളെ സ്നേഹിക്കുന്നുവെങ്കിൽ 2019 എപ്രിൽ 6 ന് ശനിയാഴ്ച വൈകിട്ട് 4 മണിക്ക് തൃശ്ശൂർ നടുവിലാലിൽ എത്തിചേരുക.
പ്രതിഷേധ സായാഹ്ന സംഗത്തിൽ പങ്കെടുക്കുക.
എതിരാളി ആരും ആയിരിക്കട്ടെ...!
പൂരത്തിന്റെ നാട്ടുക്കാർക്ക് ഇതിൽ രാഷ്ട്രീയ നിറമില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP