Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലങ് പോയ് വിമാനത്താവളത്തിൽ വന്നിറങ്ങിയപ്പോൾ സ്വീകരിച്ചത് ഗാർഡ് ഓഫ് ഓണർ നൽകി; നീല കോട്ടു ധരിച്ച് സത്യപ്രതിജ്ഞക്കെത്തിയ ശ്രീധരൻ പിള്ളയ്‌ക്കൊപ്പം ബിജെപി നേതാക്കളും കുടുംബാംഗങ്ങളും കേരളത്തിലെ ക്രൈസ്തവ സഭകളിലെ ബിഷപ്പുമാരും എത്തി; ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസ് അജയ് ലാംബക്ക് മുമ്പിൽ സത്യവാചകം ചൊല്ലി അധികാരമേറ്റ ഗവർണറുടെ ആദ്യ വാഗ്ദാനം മിസോറമിന്റെ ടൂറിസം സാധ്യതകൾ ഉപയോഗപ്പെടുത്താൻ ശ്രമിക്കുമെന്ന്; മിസോറാമിന്റെ മൂന്നാമത്തെ മലയാളി ഗവർണറായി പിള്ള മാറിയപ്പോൾ

ലങ് പോയ് വിമാനത്താവളത്തിൽ വന്നിറങ്ങിയപ്പോൾ സ്വീകരിച്ചത് ഗാർഡ് ഓഫ് ഓണർ നൽകി; നീല കോട്ടു ധരിച്ച് സത്യപ്രതിജ്ഞക്കെത്തിയ ശ്രീധരൻ പിള്ളയ്‌ക്കൊപ്പം ബിജെപി നേതാക്കളും കുടുംബാംഗങ്ങളും കേരളത്തിലെ ക്രൈസ്തവ സഭകളിലെ ബിഷപ്പുമാരും എത്തി; ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസ് അജയ് ലാംബക്ക് മുമ്പിൽ സത്യവാചകം ചൊല്ലി അധികാരമേറ്റ ഗവർണറുടെ ആദ്യ വാഗ്ദാനം മിസോറമിന്റെ ടൂറിസം സാധ്യതകൾ ഉപയോഗപ്പെടുത്താൻ ശ്രമിക്കുമെന്ന്; മിസോറാമിന്റെ മൂന്നാമത്തെ മലയാളി ഗവർണറായി പിള്ള മാറിയപ്പോൾ

മറുനാടൻ ഡെസ്‌ക്‌

ഐസോൾ: മിസോറാമിന്റെ മൂന്നാമത്തെ മലയാളി ഗവർണറായി ബിജെപി മുൻ കേരളാ അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള സ്ഥാനമേറ്റപ്പോൾ സത്യപ്രതിജ്ഞയ്ക്ക് സാക്ഷ്യം വഹിക്കാനായി കേരളത്തിൽ നിന്നും രാഷ്ട്രീയക്കാരും മതനേതാക്കളും അടക്കമുള്ളവരും എത്തി. ഇന്നലെ ഐസ്വാളിലെ മിസോറാം രാജ്ഭവനിൽ വച്ചായിരുന്നു പിള്ള ഔദ്യോഗികമായി ഗവർണറായി സ്ഥാനമേറ്റത്. ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസ് അജയ് ലാംബ സത്യവാചകം ചൊല്ലിക്കൊടുത്തു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ മിസോറം മുഖ്യമന്ത്രി സോറാംതാംഗ, മന്ത്രിമാർ, സാമാജികർ, വിവിധ രാഷ്ട്രീയകക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

യൂഹാനോൻ മാർ മിലിത്തിയോസ്, ബിജെപി നേതാവ് വി. രാധാകൃഷ്ണ മേനോൻ, സംസ്ഥാന സമിതി അംഗം ശ്യാമപ്രസാദ്, ശ്രീധരൻ പിള്ളയുടെ കുടുംബാംഗങ്ങൾ തുടങ്ങിയവരും സന്നിഹിതരായിരുന്നു. മിസോറമിന്റെ ടൂറിസം സാധ്യതകൾ ഉപയോഗപ്പെടുത്താൻ 'ദൈവത്തിന്റെ സ്വന്തം നാടാ'യ കേരളത്തിൽ നിന്നു വരുന്നയാളെന്ന നിലയ്ക്കു ശ്രമിക്കും എന്നായിരുന്നു ശ്രീധരൻ പിള്ളയുടെ വാഗ്ദാനം. കേന്ദ്രത്തിൽ നിന്നു പരമാവധി സഹായം ലഭ്യമാക്കാൻ സംസ്ഥാന ഭരണനേതൃത്വത്തെ സഹായിക്കുമെന്നും അദ്ദേബം പറഞ്ഞു.

ഭാര്യക്കും മക്കൾക്കും അടുത്ത ബന്ധുക്കൾക്കുമൊപ്പമാണ് സത്യപ്രതിജ്ഞക്കായി നിയുക്ത മിസോറം ഗവർണർ പി എസ് ശ്രീധരൻ പിള്ള എത്തിയത്. മിസോറമിലെ ലങ് പോയ് വിമാനത്താവളത്തിലെത്തി കോട്ടും സ്യൂട്ടും ധരിച്ചെത്തിയ നിയുക്ത ഗവർണറെ പൂർണ ഔദ്യോഗിക ബഹുമതികളോടെ വരവേറ്റു. വിമാനത്താവളത്തിൽ അദ്ദേഹം ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചു. ഇന്നലെ രാവിലെ 11.30നാണ് ഗവർണറുടെ സത്യപ്രതിജ്ഞാ ചടങ്ങു നടന്നത്. നീല കോട്ടും പാൻസും ധരിച്ചാണ് ശ്രീധരൻ പിള്ള ചടങ്ങിന് എത്തിയത്. സത്യപ്രതിജ്ഞാ ചടങ്ങുകൾക്ക് ശേഷം അദ്ദേഹം മിസോറാം രാജ്ഭവനിലാണ് തങ്ങിയത്.

വക്കം പുരുഷോത്തമനും, കുമ്മനം രാജശേഖരനും ശേഷം മിസോറാം ഗവർണറായി സ്ഥാനമേൽക്കുന്ന മൂന്നാമത്തെ മലയാളിയാണ് പി എസ് ശ്രീധരൻ പിള്ള. ഗവർണറായി ചുമതലയേൽക്കുന്നതിന് മുന്നോടിയായി ബിജെപിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് ശ്രീധരൻ പിള്ള രാജിവെച്ചിരുന്നു. 2018 ൽ ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിനുശേഷമാണ് ബിജെപി അധ്യക്ഷനായ കുമ്മനം രാജശേഖരനെ മിസോറം ഗവർണറായി നിയമിക്കുന്നത്. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കുമ്മനം രാജിവെച്ചു. 2011 മുതൽ 2014 വരെയാണ് മുൻ മന്ത്രികൂടിയായ വക്കം പുരുഷോത്തമൻ മിസോറം ഗവർണർ പദവി വഹിച്ചത്.

മിസോറം ഏറെ പ്രത്യേകയുള്ള സംസ്ഥാനമാണ്. രണ്ട് ജില്ലകൾ ഗവർണർ നേരിട്ട് ഭരിക്കുന്ന സംസ്ഥാനമാണത്. അതുകൊണ്ട് ഗവർണർക്ക് ഭരണ ചുമതല കൂടിയുണ്ട് ഇവിടെ. ആലപ്പുഴ വെണ്മണി സ്വദേശിയായ ശ്രീധരൻ പിള്ള കോഴിക്കോട് ഗവണ്മെന്റ് ലോ കോളേജിൽ നിന്ന് നിയമത്തിൽ ബിരുദമെടുത്തിട്ടുണ്ട്. 2003-2006 കാലത്തും ശ്രീധരൻ പിള്ള ബിജെപിയുടെ പ്രസിഡന്റായിരുന്നു. പൊതു സിവിൽ കോഡ് എന്ത്? എന്തിന്?, സത്യവും മിദ്ധ്യയും, പുന്നപ്ര വയലാർ - കാണാപ്പുറങ്ങൾ, ഭരണഘടന പുനരവലോകനത്തിന്റെ പാതയിൽ, പഴശ്ശിസ്മൃതി, ഒഞ്ചിയം ഒരു മരണവാറണ്ട് തുടങ്ങിയ കൃതികൾ ശ്രീധരൻപിള്ള രചിച്ചിട്ടുണ്ട്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP