Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

വീരപ്പനെ കുടുക്കിയ വിജയകുമാർ ജമ്മു കാശ്മീരിന്റെ ആദ്യ ലഫ്റ്റനന്റ് ഗവർണർ ആയേക്കും; പൊലീസ് സേനയിൽ നിന്ന് പിരിഞ്ഞ ശേഷം കശ്മീർ ഗവർണറുടെ ഉപദേഷ്ടാവായ വിജയകുമാറിനെ രാഷ്ട്രപതി ശുപാർശ ചെയ്‌തേക്കുമെന്ന് റിപ്പോർട്ടുകൾ; അന്തർദേശീയ ശ്രദ്ധനേടുന്ന കാശ്മീരിലെ അതിനിർണായക പദവിയിലേക്ക് ചുവടുവെക്കുന്നത് പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ മലയാളി; കാട്ടുകള്ളനെയും മാവോയിസ്റ്റുകളെയും ഒതുക്കിയ ഉരുക്കുചങ്കൻ പൊലീസുകാരൻ കശ്മീരികളുടെ ചങ്കാകുമോ?

വീരപ്പനെ കുടുക്കിയ വിജയകുമാർ ജമ്മു കാശ്മീരിന്റെ ആദ്യ ലഫ്റ്റനന്റ് ഗവർണർ ആയേക്കും; പൊലീസ് സേനയിൽ നിന്ന് പിരിഞ്ഞ ശേഷം കശ്മീർ ഗവർണറുടെ ഉപദേഷ്ടാവായ വിജയകുമാറിനെ രാഷ്ട്രപതി ശുപാർശ ചെയ്‌തേക്കുമെന്ന് റിപ്പോർട്ടുകൾ; അന്തർദേശീയ ശ്രദ്ധനേടുന്ന കാശ്മീരിലെ അതിനിർണായക പദവിയിലേക്ക് ചുവടുവെക്കുന്നത് പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ മലയാളി; കാട്ടുകള്ളനെയും മാവോയിസ്റ്റുകളെയും ഒതുക്കിയ ഉരുക്കുചങ്കൻ പൊലീസുകാരൻ കശ്മീരികളുടെ ചങ്കാകുമോ?

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കാട്ടുകള്ളൻ വീരപ്പനെ ഒതുക്കിയ, മാവോയിസ്റ്റുകളുടെ പേടി സ്വപ്‌നമായ മലയാളി മുൻ ഐപിഎസ് ഓഫീസർ കേന്ദ്രഭരണ പ്രദേശമായ ജമ്മു കാശ്മീരിന്റെ ആദ്യ ലഫ്റ്റനന്റ് ഗവർണർ ആയേക്കും. രാഷ്ട്രപതി രാംനാഥ് കോവിന്ദ് വിജയകുമാറിനെ ഈ സ്ഥാനത്തേക്ക് ശുപാർശ ചെയ്‌തേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സംസ്ഥാന പദവി ഉണ്ടായിരുന്ന വേളയിലെ ജമ്മു - കശ്മീർ ഗവർണർ എൻ.എൻ. വോറയുടെ ഉപദേശകന്റെ പദവിയാണ് വിജയകുമാർ വഹിച്ചിരുന്നത്. സെക്യൂരിറ്റി കാര്യങ്ങളിൽ മിടുക്കനായ വിജയകുമാറിന്റെ കഴിയാണ് കാശ്മീരിൽ ക്രമസമാധാന നില സുഗമമാക്കിയത് എന്ന വിലയിരുത്തലുകളുണ്ട്. അതുകൊണ്ട് തന്നെയാണ്, അദ്ദേഹത്തെ കേന്ദ്രഭരണ പ്രദേശം ആകുമ്പോൾ അവിടുത്തെ ലഫ്റ്റനന്റ് ഗവർണറാക്കാൻ കേന്ദ്രസർക്കാർ തിരഞ്ഞെടുക്കാൻ ഒരുങ്ങുന്നതും. വെല്ലുവിളികളെ ഉരുക്കുമുഷ്ടിയോടെ നേരിടുന്നു ഇദ്ദേഹം കാശ്മീരികളുടെ ചങ്കാകുമോ എന്നാണ് ഇനി അറിയേണ്ടത്.

വീരപ്പനെ വധിച്ച പ്രത്യേക ദൗത്യസംഘത്തിന്റെ തലവനും മാവോവാദികൾക്കെതിരായ നീക്കങ്ങളിൽ വിദഗ്ധനുമായ കെ.വിജയകുമാർ പാലക്കാട് കൊല്ലങ്കോട് സ്വദേശിയാണ്. കശ്മീരിലെ ബിജെപി - പിഡിപി സഖ്യം പിരിഞ്ഞതിന് ശേഷം കാശ്മീരിലെ സുരക്ഷാ കാര്യങ്ങൾ അടക്കം നിയന്ത്രിച്ചത് ഈ മുൻ പൊലീസുകാരനായിരുന്നു. പൊലീസ് സേനയിൽനിന്ന് വിരമിച്ചശേഷം വിജയകുമാർ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ സുരക്ഷ ഉപദേഷ്ടാവായി പ്രവർത്തിക്കുകയായിരുന്നു. കാട്ടുക്കള്ളൻ വീരപ്പനെ പിടികൂടാൻ തമിഴ്‌നാട് സർക്കാർ രൂപം നൽകിയ ദൗത്യസേനയ്ക്കാണ് കെ. വിജയകുമാർ നേതൃത്വം നൽകിയത്. ദൗത്യസേന തയാറാക്കിയ ഓപ്പറേഷൻ കൊക്കൂൺ 2004-ൽ വീരപ്പന്റെ മരണത്തോടെയാണ് അവസാനിച്ചത്. 2004 ഒക്ടോബർ 18-നാണ് വീരപ്പൻ കൊല്ലപ്പെടുന്നത്.

1975 ബാച്ചിലെ തമിഴ്‌നാട് കേഡർ ഐപിഎസ് ഉദ്യോഗസ്ഥനായ വിജയകുമാർ, 1998-2001 കാലയളവിൽ അതിർത്തി രക്ഷാസേന ഐ.ജിയായി പ്രവർത്തിച്ചിട്ടുണ്ട്. ഗവർണർക്കൊപ്പം കാര്യക്ഷമമായി പ്രവർത്തിക്കാൻ കഴിയുമെന്നും വളരെ നല്ല സംഘമാണ് ഒപ്പമുള്ളതെന്നും അദ്ദേഹം പ്രതികരിച്ചു. സിആർപിഫ് തലവനായിരുന്ന വിജയകുമാർ 2012-ൽ ആണ് സർവീസിൽ നിന്ന് വിരമിച്ചത്. തുടർന്ന് അദ്ദേഹം ആഭ്യന്തര മന്ത്രാലയത്തിൽ എത്തി.

66 വയസുള്ള വിജകുമാർ കാഴ്‌ച്ചയിൽ 44 വയസുകാരനാണെന്ന് തോന്നുകയുള്ളൂ. വ്യായാമത്തിൽ അടക്കം കാര്യമായി ശ്രദ്ധിക്കുന്ന വ്യക്തിയാണ് അദ്ദേഹം. ഛത്തിസ്ഗഡിനെ ചോരക്കളമാക്കുന്ന മാവോയിസ്റ്റുകളെ നേരിടാൻ കേന്ദ്ര സർക്കാർ വിജയകുമാറിനെ നിയോഗിച്ചതും ഇദ്ദേഹത്തെയായിരുന്നു. ചങ്കൂറ്റത്തിന്റെ പോരാട്ടങ്ങൾ ഒട്ടനവധി ജയിച്ചു കയറിയിട്ടുണ്ടെങ്കിലും കാട്ടുകള്ളൻ വീരപ്പനെ വെടിവച്ച് കൊന്നതിലൂടെയാണ് 1975 കേഡർ സർവീസിലെ ഉദ്യോഗസ്ഥനായ വിജയകുമാർ രാജ്യത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റിയത്. വളരെ തന്ത്രപരമായ നീക്കത്തിലൂടെ വീരപ്പനെ ഒളിസങ്കേതത്തിൽ നിന്നും പുറത്തെത്തിച്ചതിനു പിന്നിൽ വിജയകുമാറിന്റെ ബുദ്ധിയായിരുന്നു. 1975ൽ അസിസ്റ്റൻഡ് സൂപ്രണ്ടായി സേവനമനുഷ്ഠിച്ചു കൊണ്ടാണ് വിജയകുമാർ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. 1982-83 കാലഘട്ടത്തിൽ ധർമപുരിയിലും 1983-85 കാലഘട്ടത്തിൽ സേലത്തും പൊലീസ് സൂപ്രണ്ടായി ജോലി ചെയ്തു.

1985-90 കാലഘട്ടത്തിൽ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ സുരക്ഷാ ചുമതലയുള്ള എലീറ്റ് പ്രൊട്ടക്ഷൻ ഗ്രൂപ്പ്(എസ്‌പിജി)യിൽ അംഗമായി. തുടർന്ന് ഡിണ്ടിഗുഡിയിലും വെല്ലൂരിലും പൊലീസ് മേധാവിയായി. ഇക്കാലയളവിൽ അവിടെ നടന്ന ബസ് കണ്ടക്ടർമാരുടെയും ഡ്രൈവർമാരുടെയും സമരം ഒത്തു തീർപ്പാക്കിയതിനു പിന്നിൽ പ്രവർത്തിച്ചത് വിജയകുമാറിന്റെ ശക്തമായ കരങ്ങളായിരുന്നു.

 

1991ൽ മുൻ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ സുരക്ഷ നിർവഹിക്കുന്ന സ്പെഷ്യൽ സെക്യൂരിറ്റി ഗ്രൂപ്പ്(എസ്എസ്ജി)ൽ അംഗമായി. 1997ൽ തമിഴ്‌നാടിന്റെ തെക്കൻ ജില്ലകളിലുണ്ടായ വർഗീയ ലഹള അവസാനിപ്പിച്ചത് വിജയകുമാറിന്റെ ശക്തമായ ഇടപെടലായിരുന്നു. ഇതിനു ശേഷം ദക്ഷിണ മേഖലയുടെ ആദ്യ ഐജിയായി ഇദ്ദേഹത്തെ നിയമിച്ചാണ് തമിഴ്‌നാട് ആദരം കാട്ടിയത്. അതിർത്തിയിൽ ഭീകരവാദം കൊടുമ്പിരി കൊണ്ടിക്കുന്ന 1998-2000 കാലഘട്ടത്തിൽ ബിഎസ്എഫിന്റെ ഐജിയായി ശ്രീനഗറിൽ ഇദ്ദേഹം സേവനമനുഷ്ഠിച്ചു.അവിടെ ഓപ്പറേഷൻ വിംഗിന്റെ മേധാവിയായിരുന്നു ഇദ്ദേഹം.

തുടർന്നാണ് കാട്ടുകള്ളൻ വീരപ്പനെ പിടികൂടാനായി തമിഴ്‌നാട് സർക്കാർ ഇദ്ദേഹത്തെ തിരികെ വിളിക്കുന്നത്. 2001 ഡിസംബറിൽ ചെന്നൈയിൽ പൊലീസ് കമ്മീഷണറായി ഇദ്ദേഹം ചുമതലയേറ്റു. 2004ൽ തന്റെ കരിയറിലെ ഏറ്റവും വലിയ ഓപ്പറേഷനിലൂടെ വീരപ്പൻ എന്ന വനം കൊള്ളക്കാരനെ വധിച്ചതിലൂടെ ഇന്ത്യ മുഴുവൻ പ്രശസ്തനാവുകയും ചെയ്തു. ഓപ്പറേഷൻ കൊക്കൂൺ എന്നായിരുന്നു ആ ദൗത്യത്തിന്റെ പേര്. 2008ൽ ഹൈദരാബാദിലെ സർദാർ വല്ലഭായി പട്ടേൽ അക്കാദമിയുടെ മേധാവിയായ വിജയകുമാർ 2010-12 കാലയളവിൽ സിആർപിഎഫിന്റെ ഐജിയായി സേവനമനുഷ്ഠിച്ചു. വീരപ്പൻ വേട്ടയെക്കുറിച്ച് ഇദ്ദേഹം എഴുതിയ പുസ്തകമാണ് 'ചേസിങ് ദി ബ്രിഗാൻഡ്'.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP