Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കണ്ണിലെണ്ണയൊഴിച്ച് പഠിക്കുന്ന ഒരു വിദ്യാർത്ഥി.. കത്തി പോക്കറ്റിൽ ഇട്ടു നടക്കുന്ന മറ്റൊരു വിദ്യാർത്ഥി... രണ്ടു പേരുടെ എഴുത്തിനും ഒരേ നിലവാരമാണെന്നാണോ പിഎസ്‌സി കരുതുന്നത്? മറുനാടൻ ലേഖകന്റെ ചോദ്യം വന്നപ്പോൾ പിഎസ്‌സി ചെയർമാന്റെ ഉരുണ്ടുകളി: ക്രോസ് വിസ്താരത്തിനുള്ള സമയമാണോ ഇത്? യൂണിവേഴ്സിറ്റി കോളേജ് സെന്ററാക്കാൻ കണ്ടെത്തിയ കാരണം? സർക്കാർ കോളേജും അടച്ചുറപ്പുള്ള മുറികളും വെളിച്ചവും; പഠിച്ച് പരീക്ഷ എഴുതുന്നവർ തന്നെ തലപ്പത്ത് വരുമെന്നും വിശ്വാസ്യതയ്ക്ക് ഇളക്കമില്ലെന്നും ന്യായീകരണം

കണ്ണിലെണ്ണയൊഴിച്ച് പഠിക്കുന്ന ഒരു വിദ്യാർത്ഥി.. കത്തി പോക്കറ്റിൽ ഇട്ടു നടക്കുന്ന മറ്റൊരു വിദ്യാർത്ഥി... രണ്ടു പേരുടെ എഴുത്തിനും ഒരേ നിലവാരമാണെന്നാണോ പിഎസ്‌സി കരുതുന്നത്? മറുനാടൻ ലേഖകന്റെ ചോദ്യം വന്നപ്പോൾ പിഎസ്‌സി ചെയർമാന്റെ ഉരുണ്ടുകളി: ക്രോസ് വിസ്താരത്തിനുള്ള സമയമാണോ ഇത്? യൂണിവേഴ്സിറ്റി കോളേജ് സെന്ററാക്കാൻ കണ്ടെത്തിയ കാരണം? സർക്കാർ കോളേജും അടച്ചുറപ്പുള്ള മുറികളും വെളിച്ചവും; പഠിച്ച് പരീക്ഷ എഴുതുന്നവർ തന്നെ തലപ്പത്ത് വരുമെന്നും വിശ്വാസ്യതയ്ക്ക് ഇളക്കമില്ലെന്നും ന്യായീകരണം

എം മനോജ് കുമാർ

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജിൽ വിദ്യാർത്ഥിയെ കുത്തിയ കേസിലെ ഒന്നാം പ്രതിയും കോളജ് എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്റുമായ ശിവരഞ്ജിത്ത് സിവിൽ പൊലീസ് ഓഫീസർ കെഎപി നാലാം ബറ്റാലിയൻ റാങ്ക് ലിസ്റ്റിൽ എങ്ങനെ ഒന്നാം റാങ്കുകാരനായി എന്ന ചോദ്യത്തിന് ഉത്തരം നൽകാനാകാതെ പിഎസ്‌സി ചെയർമാൻ അഡ്വ. എം കെ സക്കീർ. വിശദീകരണം നൽകാൻ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ മിക്ക ചോദ്യങ്ങൾക്കും വീണിടത്ത് കിടന്നു ഉരുളൽ എന്ന രീതിയാണ് ചെയർമാൻ പയറ്റിയത്. അദ്ദേഹം പലപ്പോഴും വിയർത്തു. ചില ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞുമാറി. ചില ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ടത് സർക്കാർ ആണെന്ന് പറഞ്ഞു.

സാങ്കേതികതയുടെ ചുവട് പിടിച്ചായിരുന്നു മിക്ക ചോദ്യങ്ങൾക്കും ഉത്തരം നൽകിയത്. ആകെ പറഞ്ഞത് ശിവരഞ്ജിത്ത്, നസീം, പ്രണവ് തുടങ്ങി യൂണിവേഴ്സിറ്റിയിലെ കുത്ത് കേസിൽ പ്രതികളായ മൂന്നു പേർക്കും നിയമന ശുപാർശ നൽകില്ലെന്ന് മാത്രമാണ്. അന്വേഷണ റിപ്പോർട്ട് വരുന്ന മുറയ്ക്ക് മറ്റു നടപടികളും സ്വീകരിക്കും. പക്ഷെ വിവാദമായ പിഎസ്‌സി പരീക്ഷയിൽ ക്രമക്കേട് നടന്നോ എന്ന കാര്യം വിശദമാക്കാൻ പിഎസ്‌സി ചെയർമാൻ തയ്യാറായില്ല. പഠിച്ച് പരീക്ഷ എഴുതുന്നവർ തന്നെയാണ് റാങ്ക് ലിസ്റ്റുകളിൽ ഒന്നാമത് കയറിപ്പറ്റുന്നത് എന്നാണ് ചെയർമാൻ വിശദമാക്കിയത്. പക്ഷെ വെറും രാഷ്ട്രീയം മാത്രമായി നടക്കുന്ന എസ്എഫ്‌ഐ നേതാവ് പൊലീസ് ഓഫീസർ പട്ടികയിലെ റാങ്ക് ലിസ്റ്റിൽ ഒന്നാമതായി കയറിപ്പറ്റിയതിൽ വിശദമായ മറുപടി വാർത്താ സമ്മേളനത്തിലുടനീളം അദ്ദേഹം നൽകിയതേയില്ല.
യൂണിവേഴ്സിറ്റി കോളേജ് സംഘർഷത്തിലെ പ്രധാന പ്രതികൾ റാങ്ക് പട്ടികയിൽ ഉൾപ്പെട്ട സംഭവം പിഎസ്‌സി വിജിലൻസ് അന്വേഷിക്കുമെന്നും അഡ്വ. എം കെ സക്കീർ വ്യക്തമാക്കി

കണ്ണിലെണ്ണയൊഴിച്ച് പഠിക്കുന്ന ഒരു വിദ്യാർത്ഥി, കത്തി പോക്കറ്റിൽ ഇട്ടു നടക്കുന്ന മറ്റൊരു വിദ്യാർത്ഥി. രണ്ടു പേരുടെ എഴുത്തിനും ഒരേ നിലവാരമാണെന്നാണോ പിഎസ്‌സി കരുതുന്നത് എന്ന മറുനാടൻ മലയാളിയുടെ ചോദ്യത്തിനു മുന്നിൽ പിഎസ്‌സി ചെയർമാന് ഉത്തരം മുട്ടി. ചാനലുകളുടെ ലൈവ് പോകുന്ന വേളയിൽ കൃത്യമായ മറുപടി ചെയർമാൻ നൽകിയതേയില്ല. ക്രോസ് വിസ്താരത്തിനുള്ള സമയമല്ല ഇതാണ് എന്നാണു പിഎസ്‌സി ചെയർമാൻ മറുപടി നൽകിയത്. എന്നാണു പരീക്ഷ നടക്കുന്ന കാലഘട്ടം അത് നോക്കേണ്ടതുണ്ട്. 2018-ൽ നടന്ന പരീക്ഷയാണിത്. റാങ്ക് ലിസ്റ്റ് പബ്ലിഷ് ചെയ്യുന്ന സമയത്ത് ഇവർ ക്രിമിനൽ കേസിൽ ഉൾപ്പെടാൻ സാധ്യതയുണ്ട് എന്നും ഇവരൊക്കെ തന്നെ നടക്കുന്നതും ഇരിക്കുന്നതും ശരിയല്ല എന്ന രൂപത്തിൽ ഒരു ഇൻഡിവിച്വൽ അസസ്‌മെന്റ് നടത്താൻ നമുക്ക് സാധ്യമല്ല.

'ഇൻക്ലൂഷൻ ഓഫ് ദ റാങ്ക് ലിസ്റ്റ്... ഇറ്റ്‌സ് നോട്ട് എ റൈറ്റ്‌സ് ഫോർ അപ്പോയ്ന്റ്‌മെന്റ് എന്ന് പറയുന്നത്. ഏത് സമയത്തും അയാളെ നീക്കം ചെയ്യാൻ കഴിയുന്നതുകൊണ്ട് തന്നെ പ്രശ്‌നമില്ല. അയാളെ നീക്കം ചെയ്താൽ അടുത്ത റാങ്കുകാരൻ വരും. മൂന്ന് പ്രതികൾക്ക് നിയമനം നൽകുന്നില്ല. മൂന്ന് പേർ അപ്പോൾ പുതുതായി വരും. കണ്ണിലെണ്ണയൊഴിച്ച് പഠിച്ചവർ റാങ്ക് ലിസ്റ്റിൽ വരും. അതാണ് നീതി.'

യൂണിവേഴ്സിറ്റി കോളേജിലാണ് പരീക്ഷ നടക്കുന്നത്. എന്ത് വിശ്വാസ്യതയാണ് ഈ കോളേജിന് ഉള്ളത് എന്ന മറുനാടൻ ചോദ്യത്തിനും പിഎസ്‌സി ചെയർമാൻ മറുപടി പറയാതെ ഉഴറി. യൂണിവേഴ്സിറ്റി കോളെജ് സർക്കാർ കോളേജ് ആണ്. അവിടെ സെന്റർ നൽകേണ്ടി വരും. പരീക്ഷ നടത്തുന്നതും കോളേജിന്റെ പ്രവർത്തനവും തമ്മിൽ ഒരു ബന്ധവുമില്ല.

അടച്ചുറപ്പുള്ള റൂമുകളും വെളിച്ചവും മറ്റുള്ള എല്ലാ സംവിധാനങ്ങളും യൂണിവേഴ്സിറ്റി കോളേജിലുണ്ട്. ഞങ്ങളെ സംബന്ധിച്ചിടത്തോളം അത് ഹോൾ മാത്രമാണ്. അവിടെ നാല് സെന്റർ ഉണ്ടായിരുന്നു. പിഎസ്‌സി നിരീക്ഷകരാണ് സെന്ററുകളിൽ ഉണ്ടായിരുന്നത്. സ്‌ക്വാഡും അവിടെ ഡ്യൂട്ടിക്ക് ഉണ്ടായിരുന്നു. യൂണിവേഴ്സിറ്റി സെന്ററിൽ ഒരു ക്രമക്കേടും നടന്നിട്ടില്ല എന്ന് സ്ഥാപിക്കാൻ ചെയർമാൻ ചൂണ്ടിക്കാട്ടിയ വസ്തുതകൾ ആണിത്. പിഎസ്‌സിക്ക് കിട്ടിയ റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടിയാണ് ചെയർമാൻ മറുപടി പറഞ്ഞുകൊണ്ടിരുന്നത്. സാധാരണ അജണ്ടയിൽ നിന്നും വിവാദ പിഎസ്‌സി പരീക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഇന്നത്തെ പിഎസ്‌സി യോഗത്തിൽ ചർച്ച ചെയ്യപ്പെട്ടു എന്നും ചെയർമാൻ പറഞ്ഞു. പിഎസ്‌സിയുടെ വിശ്വാസം തകർന്നിട്ടില്ല. പക്ഷെ തകർന്നു എന്ന് പ്രചരിപ്പിക്കപ്പെടുന്നു. അതിനെതിരെയുള്ള വാർത്താ സമ്മേളനമാണ് ഇന്നു വിളിച്ചു കൂട്ടിയത്. അർപ്പിക്കപ്പെട്ട വിശ്വാസം അതേപടി തുടരുകയാണ്.

പിഎസ്‌സി സംശയ നിഴലിലായിരിക്കെ പിഎസ്‌സിയെ യുപിഎസ്‌സിയുമായി താരതമ്യം ചെയ്യാനുള്ള സാഹസം കൂടി ചെയർമാൻ കാണിക്കുകയും ചെയ്തു. യുപിഎസ്‌സി പിന്തുടരുന്ന സുതാര്യ നടപടി ക്രമങ്ങൾ ആണ് പിഎസ്‌സി പിന്തുടരുന്നത്. പിഎസ്‌സി പരീക്ഷയിൽ പ്രശനം വന്നാൽ അത് റദ്ദ് ചെയ്യാൻ പിഎസ്‌സി മടിക്കില്ല. ഒരാൾ സർവീസിൽ കയറിയാൽ എന്തെങ്കിലും പ്രശ്നം വന്നാൽ അയാളെ സർവീസിൽ നിന്നും നീക്കാനും കഴിയും. ഭദ്രമായ രീതികളാണ് പിഎസ്‌സി പിന്തുടരുന്നത്.

കാസർകോട് ഒഴിവ് ആണെങ്കിലും ജില്ലാ കേന്ദ്രങ്ങളിൽ പരീക്ഷ എഴുതാൻ സംവിധാനമുണ്ട്. എല്ലാ ജില്ലക്കാർക്കും ഒഴിവുകളിലേക്ക് അപേക്ഷിക്കാം. അങ്ങിനെയാണ് കാസർകോട് ഒഴിവിൽ തിരുവനന്തപുരത്ത് പരീക്ഷ എഴുതാൻ ഉദ്യോഗാർത്ഥികൾക്ക് കഴിഞ്ഞത്. ഇപ്പോൾ കൊലപാതക ശ്രമത്തിന്റെ പേരിൽ പിഎസ്‌സി നടപടികൾ നേരിടുന്ന മൂന്നു ഉദ്യോഗാർത്ഥികൾക്കും സെന്റർ മാറ്റി നൽകിയിട്ടില്ല. അവരുടെ അപേക്ഷ പ്രകാരമുള്ള സെന്റർ ആണ് ഇവർക്ക് ലഭിച്ചത്. സ്പോർട്സ് ക്വാട്ടയിൽ ഇവർ നൽകിയ സർട്ടിഫിക്കറ്റുകൾ സ്പോർട്സ് കൗൺസിൽ അധികൃതർ സർട്ടിഫൈ ചെയ്തതാണെന്നും പിഎസ്എസ് ചെയർമാൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP