Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇവിടെ നല്ല തണുപ്പാണമ്മേ.... പുതിയ ജോലിസ്ഥലത്തേക്കുള്ള ബസ് യാത്രയ്ക്കിടെ ഭീകരാക്രമണമുണ്ടാകുന്നതിനു 2 മണിക്കൂർ മുൻപും വീട്ടിലേക്കു വിളിച്ചു; പിന്നെ എത്തിയത് വീരമൃത്യുവിന്റെ ഫോൺ വിളി; വസന്തകുമാറിന്റെ വിധവയുടെ കണ്ണുനീർ തുടക്കാനാവാതെ ലക്കിടിക്കാർ; എങ്ങും ആദരാഞ്ജലികൾ അർപ്പിച്ചുള്ള ബാനറുകളും കറുത്ത കൊടിയും മാത്രം; ഇന്നു ധീരജവാന്റെ മൃതദേഹം എത്താൻ ഇരിക്കവേ കണ്ണീടങ്ങാതെ നാട്ടുകാർ; പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം ഉച്ചയ്ക്ക്

ഇവിടെ നല്ല തണുപ്പാണമ്മേ.... പുതിയ ജോലിസ്ഥലത്തേക്കുള്ള ബസ് യാത്രയ്ക്കിടെ ഭീകരാക്രമണമുണ്ടാകുന്നതിനു 2 മണിക്കൂർ മുൻപും വീട്ടിലേക്കു വിളിച്ചു; പിന്നെ എത്തിയത് വീരമൃത്യുവിന്റെ ഫോൺ വിളി; വസന്തകുമാറിന്റെ വിധവയുടെ കണ്ണുനീർ തുടക്കാനാവാതെ ലക്കിടിക്കാർ; എങ്ങും ആദരാഞ്ജലികൾ അർപ്പിച്ചുള്ള ബാനറുകളും കറുത്ത കൊടിയും മാത്രം; ഇന്നു ധീരജവാന്റെ മൃതദേഹം എത്താൻ ഇരിക്കവേ കണ്ണീടങ്ങാതെ നാട്ടുകാർ; പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം ഉച്ചയ്ക്ക്

മറുനാടൻ മലയാളി ബ്യൂറോ

കൽപ്പറ്റ: ധീരജവാനെ നഷ്ടപ്പെട്ട വേദനയിൽ പിടയുമ്പോഴും ലക്കിടിയിലെ കൊച്ചുഗ്രാമം ആത്മാഭിമാനം ഉയർത്തി പിടിച്ച് വീരമൃത്യു വരിച്ച വിവി വസന്ത് കുമാറെന്ന സൈനികന് അന്ത്യയാത്ര നൽകാനുള്ള തയ്യാറെടുപ്പിലാണ്. രാജ്യത്തിനു വേണ്ടി ജീവൻ നൽകിയ യോദ്ധാവിനെ കുറിച്ചോർത്ത് അഭിമാനിക്കുമ്പോഴും ഈ മലയോര ഗ്രാമം കണ്ണുനീർ തുടയ്ക്കുകയാണ്. വസന്തകുമാർ വീരമൃത്യു വരിച്ച വിവരം ഇന്നലെ പുലർച്ചെ 4.30 നാണ് കുടുംബാംഗങ്ങളെ സിആർപിഎഫ് ഔദ്യോഗികമായി അറിയിച്ചത്. ഇതോടെ പൂക്കോട് വെറ്ററിനറി സർവകലാശാലയ്ക്കു സമീപത്തെ വാഴക്കണ്ടി വീട്ടിലേക്കു ബന്ധുക്കളും നാട്ടുകാരും ഓടിയെത്തി. സൈനികന് അഭിവാദ്യങ്ങളർപ്പിച്ചുള്ള ബാനറുകൾ നാട്ടിൽ ഉയർന്നു. വസന്ത് കുമാറിന്റെ കുടുംബത്തെ ആശ്വസിപ്പിക്കാനാവതെ ഉഴലുകയാണ് നാട്ടുകാരും ബന്ധുക്കളും.

പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യുവരിച്ച ജവാൻ വി.വി. വസന്തകുമാറിന്റെ ഭൗതികശരീരം ശനിയാഴ്ച രാവിലെ 8.55-ന് എയർ ഇന്ത്യയുടെ 845 നമ്പർ വിമാനത്തിൽ കോഴിക്കോട് വിമാനത്താവളത്തിൽ എത്തിക്കും. കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം, മന്ത്രിമാരായ എ.കെ. ശശീന്ദ്രൻ, കടന്നപ്പള്ളി രാമചന്ദ്രൻ, ഇ.പി. ജയരാജൻ എന്നിവർ സംസ്ഥാന ബഹുമതികളോടെ മൃതദേഹം ഏറ്റുവാങ്ങി അന്ത്യോപചാരം അർപ്പിക്കും. തുടർന്ന് റോഡ്മാർഗം ജന്മനാടായ വയനാട്ടിലേക്ക് കൊണ്ടുപോകും. ലക്കിടി എൽ.പി.സ്‌കൂളിൽ പൊതുദർശനത്തിനുവെച്ച ശേഷം തൃക്കൈപ്പറ്റ വില്ലേജിലുള്ള മുക്കംകുന്നിൽ സംസ്ഥാന സൈനികബഹുമതികളോടെ സംസ്‌കരിക്കും. ഇതിനുള്ള ഒരുക്കങ്ങളാണ് ലക്കിടിയിൽ പുരോഗമിക്കുന്നത്. വസന്ത് കുമാറിന്റെ അമ്മയുടേയും ഭാര്യയുടേയും ഉയരുന്ന നിലവിളികൾക്ക് ആശ്വാസമേകാൻ ആർക്കും കഴിയുന്നുമില്ല. ഒരു കുടുംബത്തിന്റെ മുഴുവൻ ആശ്രമയായിരുന്നു വസന്ത് കുമാർ.

'ഇവിടെ നല്ല തണുപ്പാണമ്മേ....' പുതിയ ജോലിസ്ഥലമായ കശ്മീരിലെ വിശേഷങ്ങളുമായി, ഭീകരാക്രമണമുണ്ടാകുന്നതിനു 2 മണിക്കൂർ മുൻപും വസന്തകുമാർ വീട്ടിലേക്കു വിളിച്ചിരുന്നു. ആ വിളിയുടെ സന്തോഷം അധികം നീണ്ടു നിന്നില്ല. ജാലിത്തിരക്കിൽ നിന്നു സമയം കണ്ടെത്തി ദിവസവും ഭാര്യ ഷീനയെയും അമ്മ ശാന്തയെയും വിളിക്കുമായിരുന്നു. ജമ്മു ശ്രീനഗർ ഹൈവേയിലൂടെയാണു യാത്രയെന്നും പുതിയ സ്ഥലത്തെ ഡ്യൂട്ടിക്കായാണു പോകുന്നുവെന്നും വസന്തകുമാർ ഫോണിൽ പറഞ്ഞു. മണിക്കൂറുകൾക്കുള്ളിൽ അവന്തിപ്പുരയിൽ സ്‌ഫോടനമുണ്ടായി. ഈ ക്രൂരതയിൽ വസന്ത് കുമാറും യാത്രയായി. വസന്തകുമാറും സഞ്ചരിച്ചിരുന്ന ബസിലേക്കാണ് സ്‌ഫോടക വസ്തു നിറച്ച വാഹനം ഇടിച്ചുകയറ്റിയത്. ചാനലുകളിൽ വാർത്ത പരന്നെങ്കിലും വീട്ടുകാർ ഒന്നും അറിഞ്ഞിരുന്നില്ല.

മറ്റൊരു വാഹനത്തിലുണ്ടായിരുന്ന വസന്തകുമാറിന്റെ സുഹൃത്തായ ജവാനാണ് ഭാര്യാസഹോദരനെ ആദ്യം വിവരമറിയിച്ചത്. ഔദ്യോഗിക സ്ഥിരീകരണം ലഭിക്കാത്തതിനാൽ മറ്റു കുടുംബാംഗങ്ങളോടു പറഞ്ഞില്ല. ഒടുവിൽ, ന്യൂഡൽഹിയിലെ സിആർപിഎഫ് ആസ്ഥാനത്തു നിന്ന് വിളിയെത്തി. ഇതോടെ വീടും ഗ്രാമവും വേദനയിലേക്ക് ഉയർന്നു. തളർന്ന് വീണ അമ്മയേയും ഭാര്യയേയും ആശ്വസിപ്പിക്കാൻ ആർക്കുമാകുന്നുമില്ല. വയനാട് തൃക്കൈപ്പറ്റ മുക്കംകുന്ന് തറവാടുവീടിനോടു ചേർന്നുള്ള ശ്മശാനത്തിലാണ്ഔദ്യോഗിക, സൈനിക ബഹുമതികളോടെ സംസ്‌കാരം.വർഷം സേവനം പൂർത്തിയാക്കിയ വസന്തകുമാറിന് ഈയിടെ ഹവിൽദാറായി സ്ഥാനക്കയറ്റം ലഭിച്ചിരുന്നു. 2 വർഷത്തിനുള്ളിൽ വിരമിക്കുമായിരുന്നു.

വസന്ത് കുമാറിന്റെ പിതാവ് വാസുദേവൻ 8 മാസം മുൻപാണു മരിച്ചത്. ഈ ദുഃഖത്തിൽ നിന്ന് മുക്തി തേടുന്നതിനിടെ അടുത്ത ദുരന്തവാർത്തയായി വസന്ത് കുമാറിന്റെ വേർപാട് എത്തി. അമ്മ: ശാന്ത. വാസുദേവൻ ശാന്ത ദമ്പതികളുടെ ഏകമകനാണു വസന്തകുമാർ. വെറ്ററിനറി സർവകലാശാലയിലെ താൽക്കാലിക ജീവനക്കാരിയാണു ഭാര്യ ഷീന. മക്കൾ: അനാമിക, അമർദീപ്. ഇവരുടെ ആകെയുള്ള താങ്ങും തണലുമാണ് ഭീകരരുടെ ക്രൂരതയിൽ ഇല്ലാതായത്. കേരളമുൾപ്പെടെ 12 സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്. യുപിയിൽ നിന്ന് 12 പേർ. മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവരുടെ എണ്ണം: ജമ്മു കശ്മീർ, ഹിമാചൽപ്രദേശ്, ജാർഖണ്ഡ്, തമിഴ്‌നാട്, കർണാടക, ബംഗാൾ എന്നിവിടങ്ങളിൽ നിന്ന് ഒന്നു വീതം. രാജസ്ഥാൻ 5, പഞ്ചാബ് 4, ഒഡീഷ, മഹാരാഷ്ട്ര 2 വീതം.

കഴിഞ്ഞ രണ്ടിനു നാട്ടിലെത്തിയ അദ്ദേഹം പതിവിലേറെ ആഹ്ളാദവാനായിരുന്നു. ഹവിൽദാറായി സ്ഥാനക്കയറ്റം നേടിയ സന്തോഷത്തിനു പക്ഷേ അധികം ആയുസുണ്ടായില്ല. ഒരാഴ്ച വീട്ടിൽ തങ്ങി. കഴിഞ്ഞ എട്ടിന്, പുതിയ ജോലിസ്ഥലമായ കശ്മീരിലേക്കു മടങ്ങി. കൃത്യം ഒരാഴ്ച തികയുമ്പോഴേക്ക് ആ ദുരന്തവാർത്തയെത്തി. മുള്ള കുറുമ ആദിവാസി വിഭാഗത്തിൽപ്പെട്ട വസന്തകുമാർ പ്രീഡിഗ്രി പഠനം പൂർത്തിയാക്കിയശേഷം 20 വർഷം മുമ്പാണു സി.ആർ.പി.എഫിൽ ചേർന്നത്. പഞ്ചാബിലായിരുന്ന വസന്തകുമാർ സ്ഥാനം കയറ്റി കിട്ടിയാണ് ശ്രീനഗറിൽ എത്തിയത്. ശ്രീനഗറിലേക്ക് മാറുന്നതിനു മുമ്പ് ലഭിച്ച 10 ദിവസത്തെ അവധിക്ക് നാട്ടിലെത്തിയിരുന്ന വസന്തകുമാർ ഈ മാസം ഒമ്പതിനാണ് ജമ്മു കശ്മീരിലേക്ക് പോയത്. എട്ടു മാസം മുമ്പ് വസന്തകുമാറിന്റെ പിതാവ് മരിച്ചിരുന്നു.

വർഷങ്ങളായി വസന്തകുമാറിന്റെ കുടുംബം കുന്നത്തിടവക വില്ലേജിൽ ഉൾപ്പെടുന്ന ലക്കിടി പൂക്കോട് വെറ്ററിനറി സർവകലാശാലക്ക് സമീപമാണ് താമസിച്ചുവന്നിരുന്നത്. വെറ്ററിനറി യൂണിവേഴ്സിറ്റിക്കായി സ്ഥലം ഏറ്റെടുക്കുന്നതിന്റെ ഭാഗമായി ലഭിച്ച അഞ്ചേക്കർ സ്ഥലത്ത് വസന്തകുമാർ 2001ൽ സൈനികനായി ജോലിയിൽ പ്രവേശിച്ച് പത്ത് വർഷം പിന്നിട്ട ശേഷമാണ് പുതിയ വീട് വച്ചത്. മേപ്പാടി സ്വദേശിനിയായ ഭാര്യ ഷീനയക്കും പൂക്കോട് വെറ്ററിനറി കോളജിൽ താൽക്കാലിക തസ്തികയിൽ ക്ലാർക്ക് ജോലി കിട്ടി. വസുമിതയാണ് ഏകസഹോദരി.

വസന്തകുമാർ രാജ്യത്തിനുവേണ്ടി പോരാടി മരിച്ചതിൽ അഭിമാനിക്കുന്നുവെന്ന് അർധ സഹോദരൻ സജീവൻ പറഞ്ഞു. വ്യാഴാഴ്ച വൈകുന്നേരമാണ് വസന്തകുമാർ കൊല്ലപ്പെട്ട വിവരം ഭാര്യാസഹോദരൻ വിളിച്ചു പറയുന്നത്. ഡൽഹിയിലെ സുഹൃത്തിനെ ബന്ധപ്പെട്ടപ്പോൾ വസന്തകുമാറെന്ന ഒരാൾ കൊല്ലപ്പെട്ടെന്ന് അറിയാനായി. ഭീകരാക്രമണത്തിൽ മരിച്ചവരുടെതേന്നു പറഞ്ഞു വാട്‌സാപ്പിൽ വസന്തകുമാറിന്റെ ഫോട്ടോ പ്രചരിക്കുന്നതു ശ്രദ്ധയിൽപെട്ടു. അഞ്ചുമണിയോടെയാണ് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചത് സജീവൻ പറഞ്ഞു

തെക്കൻ കശ്മീരിലെ പുൽവാമ ജില്ലയിലെ അവന്തിപുരയിൽ ജമ്മുശ്രീനഗർ ദേശീയപാതയിലായിരുന്നു ആക്രമണം. ശ്രീനഗറിൽ നിന്ന് 38 കിലോമീറ്റർ അകലെ വൈകിട്ട് 3.15ന്, 78 ബസുകളിലായി 2547 സൈനികർ സഞ്ചരിച്ചിരുന്ന വാഹനവ്യൂഹത്തെ ലക്ഷ്യമിട്ടായിരുന്നു ഭീകരാക്രമണം. അവധി കഴിഞ്ഞ് നാട്ടിൽ നിന്നു മടങ്ങിയെത്തിവരടക്കം കശ്മീരിന്റെ വിവിധ ഭാഗങ്ങളിലേയ്ക്കു സുരക്ഷാ ജോലിക്കായി പോകുകയായിരുന്നു സിആർപിഎഫ് ജവാന്മാർ. വാഹനവ്യൂഹത്തിന്റെ മധ്യഭാഗത്തായി സഞ്ചരിച്ചിരുന്ന ബസിന് നേരെ സ്‌ഫോടക വസ്തുക്കൾ നിറച്ച വാഹനം ഇടിച്ചു കയറ്റിയുള്ള ചാവേറാക്രമണത്തിൽ 44 ജവാന്മാർ കൊല്ലപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP