Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ആനകളുടെ വയറ്റിൽ കല്ലും മണ്ണും, കോൺക്രീറ്റ് കഷണങ്ങളും...; മലിനമായ അന്തരീക്ഷത്തിലുള്ള അധിവാസവും; ജൂനിയർ അച്യുതൻ ചരിഞ്ഞതോടെ പരാതികളുടെ കെട്ടഴിച്ച് ആനപ്രേമികൾ; ഗുരുവായൂർ പുന്നത്തൂർക്കോട്ടയിൽ കരിവീരന്മാർക്ക് പീഡനകാലം

ആനകളുടെ വയറ്റിൽ കല്ലും മണ്ണും, കോൺക്രീറ്റ് കഷണങ്ങളും...; മലിനമായ അന്തരീക്ഷത്തിലുള്ള അധിവാസവും; ജൂനിയർ അച്യുതൻ ചരിഞ്ഞതോടെ പരാതികളുടെ കെട്ടഴിച്ച് ആനപ്രേമികൾ; ഗുരുവായൂർ പുന്നത്തൂർക്കോട്ടയിൽ കരിവീരന്മാർക്ക് പീഡനകാലം

തൃശൂർ: ഗുരുവായൂർ ദേവസ്വത്തിന്റെ കീഴിലെ ആനത്തറവാടായ പുന്നത്തൂർകോട്ടയിൽ ആനകൾ കഴിയുന്നത് വൃത്തിഹീനമായ അന്തരീക്ഷത്തിൽ. പിണ്ടവും മൂത്രവും ഭക്ഷണാവശിഷ്ടങ്ങളും യഥാസമയം നീക്കം ചെയ്യാത്തതുമൂലം കുമിഞ്ഞുകൂടിക്കിടക്കുന്നു. ഇവിടെയാണ് ദേവസ്വത്തിലെ അൻപത്തിയൊന്ന് ആനകളുടെയും അധിവാസം. കഴിഞ്ഞ ആറ് വർഷത്തിനിടെ ദേവസ്വത്തിന്റെ പതിനാലോളം ആനകളാണ് രോഗങ്ങളോട് മല്ലിട്ട് ചരിഞ്ഞത്.

ദഹനക്കേടുമൂലമുള്ള എരണ്ടക്കെട്ടിനെ തുടർന്നാണ് ഇന്ന് ദേവസ്വത്തിലെ തലയെടുപ്പുള്ള യുവകൊമ്പനായ ജൂനിയർ ചരിഞ്ഞത്. കഴിഞ്ഞ നാൽപ്പത്തിയെട്ട് ദിവസമായി കൊമ്പൻ ചികിത്സയിലായിരുന്നു. അലോപ്പതി, ഹോമിയോപ്പതി, ആയുർവേദ ചികിത്സകൾ മാറി മാറി നൽകിയിട്ടും കൊമ്പന്റെ ജീവൻ രക്ഷിക്കാനായില്ല. കോൺക്രീറ്റ് കഷണങ്ങളും, കല്ലും മണ്ണും വയറ്റിൽക്കെട്ടിക്കിടക്കുന്നതുമൂലമാണ് എരണ്ടക്കെട്ടുണ്ടായതെന്ന് സ്ഥലത്തെ ആനപ്രേമികൾ പറയുന്നു.

നാൽപത്തിയെട്ട് ദിവസം മുൻപ് ചികിത്സ തുടങ്ങുമ്പോൾ ആനയ്ക്ക് അയ്യായിരം കിലോ തൂക്കമുണ്ടായിരുന്നത്രെ. ഒരു മാസം കൊണ്ട് ആനയുടെ തൂക്കം 4100 കിലോയായി കുറഞ്ഞു. മരുന്നുകൾ കൊടുത്തിട്ടും, മതിയായ ചികിത്സ നൽകിയിട്ടും ആനയുടെ തൂക്കം 900 കിലോയോളം കുറഞ്ഞതിന്റെ കാരണം ഡോക്ടർമാർക്ക് പിടികിട്ടിയിട്ടില്ല.

ഇരുപത്തിയെട്ട് വയസ്സുള്ള ജൂനിയർ അച്യുതനെ 2003 ഡിസംബർ 26നാണ് പാലക്കാട്ട് പന്നിയൂർ സ്വദേശിയായ ഒരു ഭക്തൻ നടയിരുത്തിയത്. അനുസരണസ്വഭാവക്കാരനായ ജൂനിയർ അച്യുതനെ കഴിഞ്ഞ തൃശൂർ പൂരത്തിന് അടക്കം എഴുന്നള്ളിച്ചിരുന്നു. പതിനെട്ടര ഏക്കർ വിസ്തീർണ്ണമുള്ള പുന്നത്തൂർകോട്ടയിലാണ് ജൂനിയർ അച്യുതൻ അടക്കമുള്ള അൻപത്തിരണ്ട് ആനകളും കഴിഞ്ഞിരുന്നത്.

ഇതിൽ പന്ത്രണ്ടര ഏക്കർ സ്ഥലത്ത് മൂന്നു കുളങ്ങൾ, രണ്ടു ക്ഷേത്രങ്ങൾ, ആനക്കോട്ടയുടെ ഓഫീസ്, ആനപ്പട്ട തൂക്കി നോക്കുന്നതിന് കോൺക്രീറ്റ് ഇട്ട സ്ഥലം, വാട്ടർ ടാങ്ക് എന്നിവയുണ്ട്. ബാക്കിയുള്ള ആറര ഏക്കർ സ്ഥലത്താണ് കെട്ടുതറികളിൽ കെട്ടിയിട്ട് അൻപത്തിരണ്ട് ആനകളെയും പാർപ്പിച്ചിരുന്നത്. കേന്ദ്ര മൃഗശാലാ അഥോറിറ്റിയുടെ മാനദണ്ഡപ്രകാരം ഒരു ആനയ്ക്ക് മാത്രം നടക്കാൻ മൂന്നേ മുക്കാൽ ഏക്കർ സ്ഥലസൗകര്യം വേണം. ഒഴുകുന്ന വെള്ളത്തിൽ ആനയ്ക്ക് മുങ്ങിക്കുളിക്കാനുള്ള സംവിധാനവും ഒരുക്കണം.

പിണ്ഡവും, ഭക്ഷണാവശിഷ്ടങ്ങളുമടങ്ങിയ മാലിന്യത്തിൽ നിന്ന് മിക്ക ആനകളുടെയും കാലുകളിൽ വ്രണബാധ ഉണ്ടാകാറുണ്ട്. പഴുപ്പ് ഇങ്ങനെ ആനകളുടെ കുടലിലേക്ക് അടക്കം ബാധിക്കുന്നു. കുടലിലെ പഴുപ്പും, വയറ്റിൽ പുണ്ണ് ബാധിക്കുന്നതും ഇവിടെയുള്ള ആനകളുടെ പ്രധാന രോഗമാണ്. മലിനമായ അന്തരീക്ഷത്തിലുള്ള അധിവാസമാണ് ഇതിന് കാരണം.

ചെറിയ മരക്കുറ്റികളിലാണ് ആനകളെ ബന്ധിച്ചിരിക്കുന്നത്. ആനകൾക്ക് കിടക്കാൻ പോലും കഴിയാത്ത അവസ്ഥ. അടുത്തടുത്തായി കെട്ടിയിടപ്പെട്ട ആനകൾ കഴുത്താട്ടി നിൽക്കുന്നത് ഇവിടെയെത്തുന്ന വിനോദസഞ്ചാരികൾക്ക് ആനന്ദകാഴ്ചയാണ്. വേദന അസഹ്യമാകുമ്പോഴാണ് ആനകൾ കഴുത്ത് ഇളക്കി അസ്വസ്ഥത പ്രകടിപ്പിക്കുന്നത്. കാട്ടിലെ ആനകൾ ഇങ്ങനെ കഴുത്ത് ആട്ടാറില്ലെന്ന് വന്യജീവിസംരക്ഷകർ പറയുന്നു. 116 പശുക്കളുള്ള ഗുരുവായൂർ ദേവസ്വത്തിന്റെ മലപ്പുറം വേങ്ങാട്ടുള്ള ഗോശാലക്ക് 36 ഏക്കർ സ്ഥലമുണ്ടെന്നു കൂടി അറിയുക.

പുന്നത്തൂർക്കോട്ടയിൽ നിന്ന് ആനകളെ മാറ്റി പാർപ്പിക്കണമെന്ന് കേന്ദ്രമൃഗക്ഷേമവകുപ്പ് ഗുരുവായൂർ ദേവസ്വത്തിന് 2014-ൽ കർശനനിർദ്ദേശം നൽകുകയുണ്ടായി. പുന്നത്തൂർക്കോട്ടയുടെ ശോച്യാവസ്ഥയും ആനകളുടെ ദുരിത ജീവിതവും ബോധ്യപ്പെട്ട കേരള ഹൈക്കോടതി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പ്രത്യേക കമ്മീഷനെ നിയോഗിച്ചിരുന്നു. കമ്മീഷന്റെ അന്വേഷണ റിപ്പോർട്ടിൽ പുന്നത്തൂർകോട്ടയിലെ ആനകളുടെ ദയനീയാവസ്ഥ പ്രത്യേകം ചൂണ്ടിക്കാട്ടിയിരുന്നു. ഇതു പ്രകാരം ഇവിടെ നിന്ന് ആനകളെ മറ്റൊരു സ്ഥലത്തേക്ക് മാറ്റിപാർപ്പിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. ഉത്തരവുകളെല്ലാം കടലാസിൽ മാത്രമൊതുങ്ങി.

ഇവിടെയുള്ള മൂന്നുകുളങ്ങളിൽ രണ്ടു കുളങ്ങൾ ക്ഷേത്രവുമായി ബന്ധപ്പെട്ടതാണ്. ഇവിടേക്ക് ആരെയും പ്രവേശിപ്പിക്കാറില്ല. ആനകളെ കുളിപ്പിക്കുന്ന വലിയ കുളവും മലിനമാണ്. കുളത്തിലെ ചളികെട്ടിയ വെള്ളത്തിൽ നിന്നും ആനകൾക്ക് അണുബാധയേൽക്കാറുണ്ട്. കോടികൾ ആസ്തിയുള്ള ദേവസ്വത്തിന് ആനകളുടെ പരിപാലനത്തിൽ തികഞ്ഞ അനാസ്ഥയാണുള്ളത്. ആനകൾക്ക് പലപ്പോഴും മതിയായ ചികിത്സ നൽകുന്നില്ല. വിദഗ്ധ ചികിത്സ വേണ്ടപ്പോൾ നൽകുന്നില്ല. ആനകൾക്ക് നൽകുന്ന മരുന്നുകൾക്കും മറ്റും കൃത്യമായ കണക്കില്ലെന്നും നേരത്തെ ആരോപണമുയർന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP