Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വിശ്വാസ സംരക്ഷണവും നവോത്ഥാനവും ഒരുമിച്ചു പോകില്ല; തീവ്ര ഹിന്ദുത്വത്തെ മൃദു ഹിന്ദുത്വം കൊണ്ട് നേരിടുന്നത് നല്ല സൂചന അല്ല; പുരോഗമന വീക്ഷണം പുലർത്തുന്ന ചേരികൾ ഭാവിയിൽ വലിയവില കൊടുക്കേണ്ടി വരുമെന്നും വിമർശനം; വിശ്വാസികൾക്കൊപ്പം എന്ന സിപിഎം നിലപാടിനെ തുറന്നെതിർത്ത് പുന്നല ശ്രീകുമാർ; വിമർശനം കാര്യങ്ങൾ മനസ്സിലാകാതെയെന്ന് പറഞ്ഞ് മയപ്പെടുത്തി സിപിഎം; ശബരിമല യുവതീപ്രവേശന വിഷയത്തിൽ രൂപം കൊണ്ട നവോത്ഥാന സമിതിയിൽ വൻ വിള്ളൽ

വിശ്വാസ സംരക്ഷണവും നവോത്ഥാനവും ഒരുമിച്ചു പോകില്ല; തീവ്ര ഹിന്ദുത്വത്തെ മൃദു ഹിന്ദുത്വം കൊണ്ട് നേരിടുന്നത് നല്ല സൂചന അല്ല; പുരോഗമന വീക്ഷണം പുലർത്തുന്ന ചേരികൾ ഭാവിയിൽ വലിയവില കൊടുക്കേണ്ടി വരുമെന്നും വിമർശനം; വിശ്വാസികൾക്കൊപ്പം എന്ന സിപിഎം നിലപാടിനെ തുറന്നെതിർത്ത് പുന്നല ശ്രീകുമാർ; വിമർശനം കാര്യങ്ങൾ മനസ്സിലാകാതെയെന്ന് പറഞ്ഞ് മയപ്പെടുത്തി സിപിഎം; ശബരിമല യുവതീപ്രവേശന വിഷയത്തിൽ രൂപം കൊണ്ട നവോത്ഥാന സമിതിയിൽ വൻ വിള്ളൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിഷയത്തിൽ രൂപം കൊണ്ട നവോത്ഥാന സമിതിയിൽ വിള്ളൽ. വിശ്വാസികൾക്കൊപ്പം എന്ന സിപിഎമ്മിന്റെ പുതിയ രാഷ്ട്രീയ നിലപാടിനെ ചൊല്ലിയാണ് സമിതിയിൽ വിള്ളൽ രൂപം കൊണ്ടത്. വിശ്വാസ സംരക്ഷണവും നവോത്ഥാനവും ഒരുമിച്ചു പോകില്ലെന്ന് സമിതി കൺവീനർ പുന്നല ശ്രീകുമാർ വിമർശിച്ചു. വിശ്വാസികൾക്കൊപ്പം എന്ന സിപിഎം നിലപാട് ആശയക്കുഴപ്പം ഉണ്ടാക്കുന്നുണ്ടെന്ന് പുന്നല ശ്രീകുമാർ പറഞ്ഞു. സമിതിയുടെ തുടർ പ്രവർത്തനത്തെ ആശങ്കയിലാക്കുന്നതാണ് സിപിഎമ്മിന്റെ തീരുമാനം. വിശ്വാസ സംരക്ഷണവും നവോത്ഥാനവും ഒരുമിച്ചു പോകില്ല. ഇക്കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തത വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തീവ്ര ഹിന്ദുത്വത്തെ മൃദു ഹിന്ദുത്വം കൊണ്ട് നേരിടുന്നത് നല്ല സൂചന അല്ല. പുരോഗമന വീക്ഷണം പുലർത്തുന്ന ചേരികൾ ഭാവിയിൽ വലിയ വില കൊടുക്കേണ്ടി വരുമെന്നും പുന്നല ശ്രീകുമാർ അഭിപ്രായപ്പെട്ടു. അതേസമയം പുന്നലയുടേത് തെറ്റിദ്ധാരണ ആണെന്നാണ് സിപിഎം പറയുന്നത്. ഈ തെറ്റിദ്ധാരണ മാറ്റാൻ നടപടി കൈക്കൊള്ളുമെന്നും ആനത്തലവട്ടം ആനന്ദൻ പറഞ്ഞു. ശബരിമലയിൽ യുവതികളെ കയറ്റുക എന്നതല്ല സിപിഎം നിലപാടെന്നാണ് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. പാർട്ടി അനുഭാവികളും പ്രവർത്തകരും അവരവരുടെ വിശ്വാസങ്ങൾ കൊണ്ടു നടക്കുന്നതിന് പാർട്ടി എതിരല്ല. വർഗ്ഗീയ ശക്തികളെ മാറ്റി നിർത്താൻ ക്ഷേത്രക്കമ്മിറ്റികളിലും പള്ളി മഹല്ലുകളിലും പ്രവർത്തകർ സജീവമായി ഇടപെടണം എന്നു തന്നെയാണ് പാർട്ടിയുടെ നിലപാട്. അതേസമയം പാർട്ടി നിലപാടുകൾക്കും ആശയങ്ങൾക്കും വിധേയരായി നിന്നു വേണം അവർ പ്രവർത്തിക്കാനെന്നും കോടിയേരി പറഞ്ഞിരുന്നു.

അതേസമയം ലോക്‌സഭാതിരഞ്ഞെടുപ്പിലെ വലിയ തിരിച്ചടിയിൽ നിന്നു കരകയറുക എന്ന താൽക്കാലിക ലക്ഷ്യം മാത്രമല്ല ചർച്ചകളെ നയിക്കുന്നത്. ഇന്ത്യയിൽ ഇടതുഭരണം ഉള്ള ഏക സംസ്ഥാനമായ കേരളത്തിലും കാര്യങ്ങൾ കൈവിട്ടു പോകരുതെന്നു കണ്ടുള്ള നടപടികൾക്കാണു ശ്രമം. പാർട്ടിക്കും സർക്കാരിനുമെതിരെയുള്ള വിമർശനങ്ങൾ സെക്രട്ടേറിയറ്റ് വിശദമായി പരിശോധിച്ചു. നേതാക്കളാകെ പങ്കെടുത്തുള്ള ഗൃഹസമ്പർക്ക പരിപാടിയിലെ അനുഭവങ്ങൾ ഗൗരവമായി കണക്കിലെടുക്കുന്നുവെന്ന സൂചന ചർച്ചകൾ നൽകി. മാറ്റം പാർട്ടിയിൽ മാത്രമായി ചുരുങ്ങില്ല, സഹസംഘടനകളുടെ പ്രവർത്തനവും വിലയിരുത്തുന്നുണ്ട്. പാർട്ടിയിലെയും സഹസംഘടനകളിലെയും അംഗങ്ങളുടെ തന്നെ വോട്ടുകൾ ഈ ലോക്‌സഭാതിരഞ്ഞെടുപ്പിൽ എതിരാളികൾക്കു ലഭിച്ചുവെന്നത് അപായമണിയാണ് മുഴക്കിയിരിക്കുന്നതെന്നു യോഗം കണക്കിലെടുത്തു.

ജനങ്ങളുമായുള്ള ബന്ധത്തിൽ ഉണ്ടായ വിടവ് അകറ്റുക, സംഘടനാതല അച്ചടക്കം പാലിക്കുന്നതിലെ പോരായ്മകൾ പരിഹരിക്കുക, വിവാദങ്ങളിൽ ഭരണം പെടുന്നത് ഒഴിവാക്കുക, പൊലീസിന്റെ പ്രവർത്തനശൈലിക്കെതിരെ ഉയർന്നിരിക്കുന്ന ആക്ഷേപങ്ങൾ പരിഹരിക്കുക, ഭരണനേട്ടങ്ങൾ ജനങ്ങളിലേക്കെത്തിക്കുന്നതിലെ ദൗർബല്യങ്ങൾ തിരുത്തുക തുടങ്ങിയവയിൽ ഊന്നൽ നൽകിയുള്ള പ്രവർത്തനരേഖയാണു സെക്രട്ടേറിയറ്റ് അന്തിമമാക്കിയത്. ശബരിമലയിലെ സർക്കാർ നടപടികളെ സ്വയംവിമർശനപരമായി സെക്രട്ടേറിയറ്റ് വിലയിരുത്തിയിട്ടുണ്ട്. വിശ്വാസിസമൂഹത്തിലുണ്ടായിരിക്കുന്ന അകൽച്ച മാറ്റാൻ ആർജവത്തോടെയുള്ള നടപടികൾ വേണമെന്നാണു തീരുമാനം. അതേസമയം നവോത്ഥാന സംരക്ഷണസമിതിയുടെ പ്രവർത്തനം അവസാനിപ്പിക്കില്ല.

ഭൂരിപക്ഷസമുദായസംഘടനൾ അപ്പാടെ ബിജെപി പാളയത്തിലെത്തുന്നത് ഒഴിവാക്കാൻ നവോത്ഥാന സമിതിയുടെ ഇടപെടലിനു സാധിച്ചുവെന്ന നിഗമനത്തിലാണു പാർട്ടി നിൽക്കുന്നത്. അതേസമയം ഇപ്പോഴത്തെ സിപിഎം നിലപാടിനൊപ്പം നിൽക്കാൻ ദളിത് സംഘടനകൾ അടക്കം തയ്യാറായേക്കില്ല. 'ശബരിമല' ഇടതുവോട്ടുകളിൽ വൻ ചോർച്ചയുണ്ടാക്കിയെന്ന തിരിച്ചറിവ് ഉൾക്കൊണ്ടുള്ള നിർദ്ദേശങ്ങൾ സംസ്ഥാന കമ്മിറ്റി രേഖയിൽ ഇടംപിടിച്ചുിരുന്നു. വിശ്വാസ കാര്യങ്ങളിൽ ഒരു തരത്തിലും പ്രകോപനങ്ങൾക്കു വഴങ്ങരുതെന്നു സംസ്ഥാന കമ്മിറ്റിയിലെ മറുപടി പ്രസംഗത്തിൽ കോടിയേരി നിർദ്ദേശിച്ചു. 'ശബരിമലയിൽ യുവതികളെ കയറ്റാൻ പാർട്ടിയോ സർക്കാരോ ശ്രമിച്ചിട്ടില്ല. ശ്രമിക്കുകയുമില്ല. എന്നാൽ തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതിൽ ശത്രുവർഗം വിജയിച്ചു. സ്ത്രീപുരുഷ സമത്വം ഉറപ്പുവരുത്തുന്ന സുപ്രീം കോടതി വിധി അംഗീകരിക്കുന്നു. കോടതി മറിച്ചൊരു നിലപാടെടുത്താൽ അതും സർക്കാർ നടപ്പിൽ വരുത്തും' കോടിയേരി കമ്മിറ്റിയിൽ പറഞ്ഞു. ഒരു മതവിശ്വാസത്തെയും വ്രണപ്പെടുത്തില്ല. വിശ്വാസികൾക്കൊപ്പം പ്രവർത്തിച്ചു തെറ്റിദ്ധാരണ നീക്കാൻ പാർട്ടിയിലാകെ റിപ്പോർട്ട് ചെയ്യും.

വിശ്വാസവുമായി ബന്ധപ്പെട്ടു ശ്രദ്ധിക്കേണ്ട കാര്യങ്ങൾ രേഖയിൽ വിശദമാക്കി. ക്ഷേത്രങ്ങളും കാവുകളും അടക്കം എല്ലാ ആരാധാനാലയങ്ങളുമായും പാർട്ടിക്കാർ ബന്ധപ്പെട്ടു പ്രവർത്തിക്കണം. ആരാധനാലയങ്ങളിൽ പോകാൻ ആഗ്രഹിക്കുന്നവർക്ക് അതിനു സൗകര്യമൊരുക്കണം. മതകാര്യങ്ങളിൽ പങ്കെടുക്കുന്നതിനു പാർട്ടി വിലക്കില്ല. വിശ്വാസികൾക്കു പാർട്ടി അംഗമാകാം. അംഗത്തിനു വിശ്വാസവും അവലംബിക്കാം. അതേസമയം നേതൃതലത്തിൽ പ്രവർത്തിക്കുന്നവർ പാർട്ടി സമീപനം ഉയർത്തിപ്പിടിക്കണമെന്നുമാണ് സിപിഎം വിലയിരുത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP