Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പിണറായി സർക്കാരിന്റേത് രാജാവിനെക്കാൾ വലിയ രാജഭക്തി; ശബരിമല യുവതീ പ്രവേശന വിഷയത്തിൽ സർക്കാരിന്റെ നയവ്യതിയാനം നവോത്ഥാന മുന്നേറ്റങ്ങൾക്കേറ്റ തിരിച്ചടി; മലകയറാൻ യുവതികൾ കോടതി ഉത്തരവുമായി വരട്ടെ എന്ന കടകംപള്ളിയുടെ പ്രസ്താവന ഭരണഘടനാ വിരുദ്ധമെന്ന് പുന്നല ശ്രീകുമാർ; തീരുമാനം വിധിയുടെ വസ്തുതകൾ പരിശോധിച്ചെന്ന് മന്ത്രി കടകംപള്ളി; നവോത്ഥാന മതിലിൽ വീണ്ടും വിള്ളൽ; സർക്കാരും പുന്നലയും തുറന്ന പോരിന്

പിണറായി സർക്കാരിന്റേത് രാജാവിനെക്കാൾ വലിയ രാജഭക്തി; ശബരിമല യുവതീ പ്രവേശന വിഷയത്തിൽ സർക്കാരിന്റെ നയവ്യതിയാനം നവോത്ഥാന മുന്നേറ്റങ്ങൾക്കേറ്റ തിരിച്ചടി; മലകയറാൻ യുവതികൾ കോടതി ഉത്തരവുമായി വരട്ടെ എന്ന കടകംപള്ളിയുടെ പ്രസ്താവന ഭരണഘടനാ വിരുദ്ധമെന്ന് പുന്നല ശ്രീകുമാർ; തീരുമാനം വിധിയുടെ വസ്തുതകൾ പരിശോധിച്ചെന്ന് മന്ത്രി കടകംപള്ളി; നവോത്ഥാന മതിലിൽ വീണ്ടും വിള്ളൽ; സർക്കാരും പുന്നലയും തുറന്ന പോരിന്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സുപ്രീംകോടതിയുടെ അന്തിമ വിധി വരുന്നത് വരെ ശബരിമല യുവതീപ്രവേശനത്തിന് അനുകൂലമായ നിലപാടെടുക്കേണ്ടതില്ല എന്ന സംസ്ഥാന സർക്കാർ നിലപാടിനെതിരെ നവോത്ഥാന സംരക്ഷണ സമിതി ജനറൽ സെക്രട്ടറി പരസ്യമായി രംഗത്തെത്തിയതോടെ പ്രതിസന്ധിയിലായത് സംസ്ഥാന സർക്കാരും സിപിഎമ്മും. പിണറായി വിജയൻ സർക്കാരിന് രാജാവിനെക്കാൾ വലിയ രാജഭക്തി എന്ന് പറഞ്ഞ് രൂക്ഷ വിമർശനമാണ് പുന്നല ശ്രീകുമാർ ഉയർത്തിയത്. മലകയറാൻ വരുന്ന യുവതികൾ കോടതിവിധിയുമായി വരട്ടെ എന്ന മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രസ്താവന ഭരണഘടനാ വിരുദ്ധമെന്നും പറഞ്ഞതോടെ സർക്കാരിന് ഇത് വരെ നൽകിയിരുന്ന പിന്തുണ ഇനിയില്ല എന്ന വ്യക്തമായ സന്ദേശമാണ് പുന്നല ശ്രീകുമാർ നൽകുന്നത്.

യുവതീ പ്രവേശന വിധി സുപ്രീംകോടതി സ്റ്റേ ചെയ്തിട്ടില്ലെങ്കിലും പുനപരിശോധന ഹർജികളിൽ തീരുമാനം വരും വരെ യുവതീ പ്രവേശനം വേണ്ടെന്നാണ് സർക്കാരിന്റെയും സിപിഎമ്മിന്റെയും നിലപാട്. ഇത് സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിനെതിരാണെന്നും പുന്നല ചൂണ്ടിക്കാട്ടുന്നു. 2007 ൽ വി എസ് അച്യുതാനന്ദൻ സർക്കാറും പിണറായി സർക്കാരും സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ യുവതീ പ്രവേശത്തെ അനുകൂലിക്കുന്ന നിലപാടാണ് ഉള്ളത്. അത്തരം ഒരു നിലപാടെടുത്ത രാഷ്ട്രീയ നേതൃത്വമാണ് തൽക്കാലം യുവതികളെ ശബരിമലയിൽ കയറ്റേണ്ടതില്ലെന്ന നിലപാട് മാറ്റത്തിലേക്ക് എത്തുന്നത് . നവോത്ഥാന മുന്നേറ്റങ്ങളെ ദുർബലപ്പെടുത്തുന്നതാണ് ഇത്തരം തീരുമാനങ്ങളെന്നും പുന്നല ശ്രീകുമാർ കുറ്റപ്പെടുത്തുന്നു.

പുന്നല ശ്രീകുമാറിന്റെ പ്രതികരണത്തിന് പിന്നാലെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ വിശദീകരണവുമായി രംഗത്തെത്തി. സുപ്രീംകോടതി വിധിയുടെ വസ്തുതകൾ പരിശോധിച്ചാണ് സർക്കാർ തീരുമാനം എന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രതികരിച്ചു. സർക്കാരിനെ വിമർശിക്കാൻ എല്ലാവർക്കും അവകാശമുണ്ട് എന്നും വിമർശനങ്ങളുടെ നല്ല വശങ്ങളെ ഉൾക്കൊള്ളുന്നു എന്നും കടകംപള്ളി പ്രതികരിച്ചു. ഇതോടെ പുന്നലയെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളാണ് സിപിഎം നടത്തുന്നത്.

ശബരിമലയിൽ യുവതീപ്രവേശനം അനുവദിച്ചുള്ള സുപ്രീംകോടതി വിധിക്ക് പിന്നാലെയാണ് പുന്നല ശ്രീകുമാറിന്റെയും വെള്ളാപ്പള്ളി നടേശന്റെയും നേതൃത്വത്തിൽ നവോത്ഥാന സംരക്ഷണ സമിതി രൂപീകരിച്ചത്. പിന്നീട് ഇത് ഒരു സ്ഥിരം സംവിധാനമാക്കി മാറ്റുകയായിരുന്നു. ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കണം എന്ന സർക്കാർ നിലപാടിന് അനുകൂലമായ നിലപാട് ആയിരുന്നു പുന്നല ശ്രീകുമാർ തുടക്കം മുതലേ സ്വീകരിച്ചിരുന്നത്. എന്നാൽ, ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തോടെ സിപിഎം നിലപാട് മയപ്പെടുത്തുകയായിരുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം തന്നെ സിപിഎമ്മുമായുള്ള അഭിപ്രായ വ്യത്യാസം പുന്നല വ്യക്തമാക്കിയിരുന്നു. പരാജയത്തിന് ശബരിമലയിൽ പാർട്ടിയും സർക്കാരും സ്വീകരിച്ച നിലപാട് പരാജയത്തിന് കാരണമായെന്ന് സിപിഎം നേതാക്കൾ പ്രതികരിച്ചപ്പോൾ ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണമാണ് ഇടത് പക്ഷം തോൽക്കാൻ കാരണം എന്നായിരുന്നു പുന്നലയുടെ നിലപാട്. സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റും യുവതീപ്രവേശന വിഷയത്തിൽ നിലപാട് മാറ്റിയതാണ് പുന്നല ശ്രീകുമാറിനെ പ്രകോപിപ്പിച്ചത്. അതിനിടയിലാണ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ യുവതികൾ കോടതി ഉത്തരവുമായി വരണം എന്ന പ്രസ്താവന നടത്തിയത്.

മലകയറാൻ സ്ത്രീകളെത്തിയാൽ സുരക്ഷണം നൽകില്ല എന്ന് കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കിയിരുന്നു. ആക്റ്റിവിസ്റ്റുകൾക്ക് കയറി അവരുടെ ആക്റ്റിവിസം പ്രചരിപ്പിക്കാനുള്ള ഇടമല്ല ശബരിമല. ശബരിമലയിലേക്ക് ആരെങ്കിലും വരുന്നുണ്ടെങ്കിൽ അവർ കോടതി ഉത്തരവുമായി വരണം. അല്ലാതെ പൊലീസ് സംരക്ഷണം നൽകില്ലെന്നും ദേവസ്വം മന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കി.

അതിനിടെ ശബരിമലയിൽ യുവതി പ്രവേശനം വേണ്ടെന്നാണ് സർക്കാരിന് നിയമോപദേശവും കിട്ടിയിട്ടുണ്ട്. പുനപരിശോധന ഹർജികളിൽ തീർപ്പ് വൈകുന്ന സാഹചര്യത്തിലാണ് സർക്കാർ നിയമോപദേശം തേടിയത്. അന്തിമ വിധി വരുന്നത് വരെ മുൻപത്തെ സ്ഥിതി തുടരുന്നതാകും ഉചിതമെന്നാണ് സർക്കാരിന് കിട്ടിയ നിയമോപദേശം. മുതിർന്ന അഭിഭാഷകൻ ജയദീപ് മേത്തയാണ് നിയമോപദേശം നൽകിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP