Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാജി വച്ചത് സ്വന്തം ഇഷ്ടപ്രകാരമല്ല; പാർട്ടിയും നേതാക്കളും സമ്മർദവും ഭീഷണിയും മുഴക്കി; തന്റെ രാജി പിൻവലിക്കാൻ അനുവദിക്കണമെന്ന പുറമറ്റം പഞ്ചായത്ത് പ്രസിഡന്റിന്റെ അപേക്ഷയോട് അനുകൂല നിലപാടുമായി തെരഞ്ഞെടുപ്പ് കമ്മിഷൻ; പരാതിയിൽ അന്തിമ തീർപ്പുണ്ടാകുന്നതു വരെ പുതിയ പ്രസിഡന്റിനെ പ്രഖ്യാപിക്കുന്നത് തടഞ്ഞ് കമ്മിഷൻ; തദ്ദേശ സ്ഥാപനങ്ങളുടെ ചരിത്രത്തിൽ ആദ്യത്തെ നടപടി

രാജി വച്ചത് സ്വന്തം ഇഷ്ടപ്രകാരമല്ല; പാർട്ടിയും നേതാക്കളും സമ്മർദവും ഭീഷണിയും മുഴക്കി; തന്റെ രാജി പിൻവലിക്കാൻ അനുവദിക്കണമെന്ന പുറമറ്റം പഞ്ചായത്ത് പ്രസിഡന്റിന്റെ അപേക്ഷയോട് അനുകൂല നിലപാടുമായി തെരഞ്ഞെടുപ്പ് കമ്മിഷൻ; പരാതിയിൽ അന്തിമ തീർപ്പുണ്ടാകുന്നതു വരെ പുതിയ പ്രസിഡന്റിനെ പ്രഖ്യാപിക്കുന്നത് തടഞ്ഞ് കമ്മിഷൻ; തദ്ദേശ സ്ഥാപനങ്ങളുടെ ചരിത്രത്തിൽ ആദ്യത്തെ നടപടി

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: പാർട്ടി നിർദ്ദേശത്തെ തുടർന്ന് രാജി വച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോൾ പഞ്ചായത്ത് പ്രസിഡന്റിന് മനം മാറ്റം. തന്റെ രാജി നേതാക്കളുടെ ഭീഷണിയും നിർബന്ധവും മൂലമാണെന്നും രാജി പിൻവലിക്കാൻ അനുവദിക്കണമെന്നും കാണിച്ച് വനിതാ പ്രസിഡന്റ് തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി.

പ്രസിഡന്റിന്റെ പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ട് തെരഞ്ഞെടുപ്പ് കമ്മിഷൻ പുറപ്പെടുവിച്ച ഉത്തരവ് തിരിച്ചടിയായിരിക്കുന്നത് മുഴുവൻ രാഷ്ട്രീയ പാർട്ടികൾക്കുമാണ്. പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുത്തോളുക, പക്ഷേ, പ്രഖ്യാപിക്കുന്നത് കമ്മിഷന്റെ അന്തിമ അനുമതിയോടെ മതി. ഇന്ന് പുതിയ പ്രസിഡന്റിന്റെ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ കമ്മിഷൻ നിർദ്ദേശം തിരിച്ചടിയായിരിക്കുന്നത് കോൺഗ്രസിനാണ്. പത്തനംതിട്ട ജില്ലയിലെ പുറമറ്റം പഞ്ചായത്തിലാണ് സംഭവം. കോൺഗ്രസിലെ റെനി സനൽ ആയിരുന്നു ഇവിടെ പ്രസിഡന്റ്. നവംബർ 30 നാണ് റെനി പ്രസിഡന്റ് സ്ഥാനം രാജിവച്ചത്. ഡിസിസി പ്രസിഡന്റ് ബാബു ജോർജിന്റെയും പുറമറ്റത്തുകാരനായ പിജെ കുര്യന്റെയും നീക്കങ്ങൾക്കൊടുവിലാണ് മനസില്ലാ മനസോടെ റെനി രാജി വച്ചത്.

അതിന്റെ മനോവിഷമത്തിൽ കുറേ ദിവസം കഴിഞ്ഞു. ഡിസംബർ അഞ്ചിന് റെനി തെരഞ്ഞെടുപ്പു കമ്മിഷനെ പരാതിയുമായി സമീപിച്ചു. തന്റെ രാജി സ്വമേധയാ അല്ലെന്നും ഭീഷണിയും നിർബന്ധത്തിനും തനിക്ക് വഴങ്ങേണ്ടി വന്നുവെന്നുമായിരുന്നു പരാതിയുടെ ഉള്ളടക്കം. സ്വന്തമായ തീരുമാനപ്രകാരമോ മനസമ്മതമോ കൂടാതെയാണ് എനിക്ക് രാജി വയ്ക്കേണ്ടി വന്നതെന്ന് റെനി തദ്ദേശ സ്വയംഭരണ വകുപ്പ് തെരഞ്ഞെടുപ്പ് കമ്മിഷന് നൽകിയ പരാതിയിൽ പറയുന്നു. ഞാൻ പ്രതിനിധാനം ചെയ്യുന്ന പാർട്ടിയിലെ നേതാക്കളുടെ ഭീഷണിയും സമ്മർദവും മൂലമാണ് രാജി വയ്ക്കാൻ ഞാൻ നിർബന്ധിതയായത്. ആയതിൽ ഞാൻ ഖേദിക്കുന്നു.

എന്റെ തെറ്റ് എനിക്ക് മനസിലായതിനാൽ ഞാൻ തിരുത്തുവാൻ ആഗ്രഹിക്കുന്നു. ഈ സാഹചര്യത്തിൽ രാജിക്കത്ത് നിരുപാധികം പിൻവലിക്കുന്നു. രാജി നിരാകരിക്കണം. പ്രസിഡന്റ് സ്ഥാനത്ത് തുടരാൻ അനുവദിക്കണം. ബാഹ്യമായ സമ്മർദം മൂലം ഞാൻ നൽകിയ രാജി നിരാകരിക്കണമെന്നും പുറമറ്റം ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി തുടരാൻ അനുവദിക്കണമെന്നുമാണ് പരാതിയിലുള്ളത്.പരാതിയിന്മേൽ തെരഞ്ഞെടുപ്പ് കമ്മിഷൻ ഇടപെട്ടു. പരാതിയിൽ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങളുടെ നിജസ്ഥിതി പരിശോധിക്കാൻ 29 ന് തെരഞ്ഞെടുപ്പ് കമ്മിഷനിൽ നേരിട്ട് ഹാജരാകാൻ റെനിയോട് ആവശ്യപ്പെട്ടിരിക്കുകയാണ്.

ഈ സാഹചര്യത്തിലാണ് ഇന്ന് നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ഫലം പ്രഖ്യാപിക്കരുതെന്ന് കമ്മിഷൻ നിർദ്ദേശിച്ചിരിക്കുന്നത്. അന്തിമ തീരുമാനം കമ്മിഷന്റേതാകുമെന്ന് പഞ്ചായത്ത് സെക്രട്ടറിക്ക് നൽകിയ ഉത്തരവിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP