Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

റാക്കറ്റേന്തിയ കൈയിൽ പോർ വിമാനത്തെ നിയന്ത്രിച്ച് ഒളിമ്പിക് മെഡൽ ജേതാവ്; പിവി സിന്ധു 40മിനിട്ടോളം നടത്തിയ യാത്ര ചരിത്രത്തിലേക്ക്; കോർട്ടിലെ പെൺപുലി സ്വന്തമാക്കിയത് തേജസ് യുദ്ധവിമാനം പറത്തുന്ന ആദ്യ വനിതയെന്ന നേട്ടം; ലൈറ്റ് കോംപാക്റ്റ് എയർക്രാഫ്റ്റ് പറത്തി പോർവിമാനം പറത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയെന്ന നേട്ടവും സിന്ധുവിന്; സഹ പൈലറ്റായി വിമാനം പറത്തിയത് സിദ്ധാർഥ് സിങ്ങിനൊപ്പം; നേട്ടം രാജ്യത്തെ സ്ത്രീകൾക്ക് സമർപ്പിക്കുന്നുവെന്നും താരം

റാക്കറ്റേന്തിയ കൈയിൽ പോർ വിമാനത്തെ നിയന്ത്രിച്ച് ഒളിമ്പിക് മെഡൽ ജേതാവ്; പിവി സിന്ധു 40മിനിട്ടോളം നടത്തിയ യാത്ര ചരിത്രത്തിലേക്ക്; കോർട്ടിലെ പെൺപുലി സ്വന്തമാക്കിയത് തേജസ് യുദ്ധവിമാനം പറത്തുന്ന ആദ്യ വനിതയെന്ന നേട്ടം;  ലൈറ്റ് കോംപാക്റ്റ് എയർക്രാഫ്റ്റ് പറത്തി പോർവിമാനം പറത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയെന്ന നേട്ടവും സിന്ധുവിന്; സഹ പൈലറ്റായി വിമാനം പറത്തിയത് സിദ്ധാർഥ് സിങ്ങിനൊപ്പം; നേട്ടം രാജ്യത്തെ സ്ത്രീകൾക്ക് സമർപ്പിക്കുന്നുവെന്നും താരം

മറുനാടൻ ഡെസ്‌ക്‌

ബെംഗളൂരു; ബാഡ്മിന്റൺ കോർട്ടിലെ പെൺപുലി, പേരാട്ട വീര്യത്തിന്റെ പര്യായം അങ്ങനെ വിശേഷണങ്ങൾ അനവധിയാണ് പിവി സിന്ധുവെന്ന ഒളിമ്പിക് മെഡൽ ജേതാവിന്. ആ ഗണത്തിലേക്ക് ഒരു നേട്ടവും കൂടി സിന്ധുവിന്റെ പേരിൽ എഴുതി ചേർക്കപ്പെട്ടു. തേജസ് പറത്തുന്ന ആദ്യ വനിതയെന്ന നേട്ടമാണ് താരം പി.വി സിന്ധുവിനെ തേടിയെത്തിയത്.

ബെംഗളൂരുവിലെ യെലഹങ്ക വ്യോമ താവളത്തിൽ നടക്കുന്ന എയ്‌റോ ഇന്ത്യ വ്യോമ പ്രദർശനത്തിന്റെ ഭാഗമായാണ് സിന്ധു രണ്ടു സീറ്റുള്ള തേജസ് ട്രെയിനർ വിമാനത്തിൽ സഹപൈലറ്റായി പറന്നത്. അഞ്ചു മിനിറ്റോളം സിന്ധു പോർവിമാനം പറത്തുകയും ചെയ്തു. എയ്‌റോ ഇന്ത്യയിലെ 'വനിതാ ദിന'ത്തിന്റെ ഭാഗമായിട്ടായിരുന്നു സിന്ധുവിന്റെ തേജസ് യാത്ര.

ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്‌സ് ലിമിറ്റഡ് (എച്ച്.എ.എൽ) തദ്ദേശീയമായി നിർമ്മിച്ച ലൈറ്റ് കോംപാക്റ്റ് എയർക്രാഫ്റ്റാണ് തേജസ് ഉച്ചയ്ക്ക് 12.10നാണ് വൻ ജനാവലിയുടെ കരഘോഷത്തിനിടെ സിന്ധു സഹപൈലറ്റിന്റെ വേഷമിട്ടത്. 40 മിനിറ്റോളം നീണ്ട യാത്രയ്ക്കു ശേഷമാണ് സിന്ധു വീണ്ടും നിലം തൊട്ടത്. സിദ്ധാർഥ് സിങ്ങായിരുന്നു പോർവിമാനത്തിന്റെ മുഖ്യ പൈലറ്റ്.

പോർവിമാനം പറത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയെന്ന നേട്ടവും അവർ ഇതോടെ സ്വന്തമാക്കി. തേജസിന്റെ സഹ പൈലറ്റായാണ് സിന്ധു പറന്നത്. തദ്ദേശീയമായി നിർമ്മിച്ച പോർവിമാനം പറത്തുന്ന ആദ്യ വനിതയാകാൻ കഴിഞ്ഞതിൽ അതീവ സന്തോഷമുണ്ടെന്ന് അവർ മാധ്യമങ്ങളോട് പറഞ്ഞു. നേട്ടം രാജ്യത്തെ സ്ത്രീകൾക്ക് സമർപ്പിക്കുന്നു. ഈ ദിവസം ഒരിക്കലും മറക്കാനാവില്ലെന്നും 40 മിനിട്ടുനീണ്ട പറക്കലിനുശേഷം അവർ പറഞ്ഞു.

'തേജസ് പോർവിമാനത്തിലെ യാത്ര മഹത്തായൊരു അനുഭവമായിരുന്നു. മാത്രമല്ല, മികച്ചൊരു അവസരം കൂടിയായിരുന്നു ഇത്. യുദ്ധസമയത്തുള്ള പ്രകടനങ്ങളുൾപ്പെടെയുള്ളവ പൈലറ്റ് എനിക്കു കാട്ടിത്തന്നു. തേജസ് യഥാർഥത്തിൽ ഒരു ഹീറോ തന്നെ' യാത്രയ്ക്കു ശേഷം സിന്ധു പറഞ്ഞു.

അതേസമയം, സിന്ധുവുമായി പോർവിമാനം പറന്നുയർന്നതിനു പിന്നാലെ പ്രദർശനം നടക്കുന്ന വേദിയിലെ കാർ പാർക്കിങ് ഏരിയയിലുണ്ടായ തീപിടിത്തമുണ്ടായത് ആശങ്ക പരത്തി. 300 കാറുകൾ അഗ്‌നിക്കിരയായതായാണ് വിവരം. ഭാരതീ നഗർ ഗേറ്റിനു സമീപത്താണു തീപിടിത്തമുണ്ടായത്. ആളുകളെ സ്ഥലത്തുനിന്ന് ഒഴിപ്പിച്ചു. പത്തോളം ഫയർ എഞ്ചിനുകൾ ഉപയോഗിച്ചാണ് തീനിയന്ത്രണ വിധേയമാക്കിയത്. അപകടത്തിൽ ആളപായമില്ല. കാറിലെത്തിയവർ എയ്റോ പ്രദർശനം നടക്കുന്ന സ്ഥലത്തായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP