Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ക്വാറന്റീൻ ചെലവ് ഈടാക്കുന്നത് താങ്ങാൻ കഴിയുന്ന പ്രവാസികളിൽ നിന്ന് മാത്രം; പാവപ്പെട്ടവർക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല; ഇത് സംബന്ധിച്ച വിശദാംശങ്ങൾ പിന്നീട് അറിയിക്കുമെന്ന് മുഖ്യമന്ത്രി; പ്രവാസികളുടെ ക്വാറന്റീൻ ചെലവ് ഈടാക്കുന്നതിൽ പ്രതിഷേധം ഉയർന്നതോടെ നിലപാടിൽ അയവു വരുത്തി സംസ്ഥാന സർക്കാർ; വിമാനം ചാർട്ടർ ചെയ്ത് പ്രവാസികളെ തിരികെ എത്തിക്കുന്നതിൽ സർക്കാരിന് യാതൊരു എതിർപ്പുമില്ല; മുൻകൂട്ടി വിവരം ലഭിച്ചാൻ സർക്കാർ ക്രമീകരണങ്ങൾ ഉണ്ടാക്കുമെന്നും പിണറായി

ക്വാറന്റീൻ ചെലവ് ഈടാക്കുന്നത് താങ്ങാൻ കഴിയുന്ന പ്രവാസികളിൽ നിന്ന് മാത്രം; പാവപ്പെട്ടവർക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല; ഇത് സംബന്ധിച്ച വിശദാംശങ്ങൾ പിന്നീട് അറിയിക്കുമെന്ന് മുഖ്യമന്ത്രി; പ്രവാസികളുടെ ക്വാറന്റീൻ ചെലവ് ഈടാക്കുന്നതിൽ പ്രതിഷേധം ഉയർന്നതോടെ നിലപാടിൽ അയവു വരുത്തി സംസ്ഥാന സർക്കാർ; വിമാനം ചാർട്ടർ ചെയ്ത് പ്രവാസികളെ തിരികെ എത്തിക്കുന്നതിൽ സർക്കാരിന് യാതൊരു എതിർപ്പുമില്ല; മുൻകൂട്ടി വിവരം ലഭിച്ചാൻ സർക്കാർ ക്രമീകരണങ്ങൾ ഉണ്ടാക്കുമെന്നും പിണറായി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വിദേശത്തു നിന്നും എത്തുന്ന പ്രവാസികൾ സർക്കാർ ക്വാറന്റൈൻ കേന്ദ്രത്തിൻ കഴിയാൻ വേണ്ടി പണം നൽകണമെന്ന സർക്കാർ മാനദണ്ഡത്തിനെതിരെ കടുത്ത വിമർശനം ഉയർന്നതോടെ നിലപാട് മാറ്റി മുഖ്യമന്ത്രി. പ്രവാസികളുടെ ക്വാറന്റീൻ ചെലവ് അവർ തന്നെ വഹിക്കണമെന്ന സർക്കാർ തീരുമാനം മൂലം പാവപ്പെട്ടവർക്ക് ഒരു വിധത്തിലുള്ള പ്രയാസങ്ങളും ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. വിമാനം ചാർട്ടർ ചെയ്ത് പ്രവാസികളെ തിരികെയെത്തിക്കുന്നതിൽ സർക്കാരിന് യാതൊരു എതിർപ്പുമില്ലെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് അവലോകന യോഗത്തിനു ശേഷം പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

പ്രവാസികളുടെ ക്വാറന്റീൻ ചെലവ് അവരിൽനിന്ന് ഈടാക്കാനുള്ള തീരുമാനം ചില തെറ്റിദ്ധാരണകൾക്കിടയാക്കിയിട്ടുണ്ട്. സർവകക്ഷി യോഗത്തിലും ഈ പ്രശ്നം വിവിധ പാർട്ടി പ്രതിനിധികൾ ഉന്നയിച്ചിരുന്നു. ഇക്കാര്യത്തിൽ ഒരു ആശങ്കയുടെയും ആവശ്യമില്ല. പാവപ്പെട്ടവർക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല. ക്വാറന്റീൻ ചെലവ് താങ്ങാൻ കഴിയുന്നവരുണ്ട്. അവരിൽനിന്ന് അത് ഈടാക്കുക എന്നതാണ് സർക്കാരിന്റെ നിലപാട്. അത് സംബന്ധിച്ച വിശദാംശങ്ങൾ പിന്നീട് അറിയിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

വിദേശത്തുള്ള ചില സംഘടനകൾ വിമാനം ചാർട്ടർ ചെയ്ത് പ്രാവാസികളെ കൊണ്ടുവരാൻ ശ്രമിക്കുന്നുണ്ട്. വിമാനം ചാർട്ടർ ചെയ്യുന്നതിന് സർക്കാരിന് ഒരു വിരോധവുമില്ല. സർക്കാരിന് മുൻകൂട്ടി വിവരം ലഭിച്ചാൻ അതിനുള്ള ക്രമീകരണങ്ങൾ ഉണ്ടാക്കാൻ സാധിക്കും. സംസ്ഥാന സർക്കാരിന്റെ അനുമതിയില്ലാത്തതുകൊണ്ട് ചാർട്ടർ ചെയ്ത വിമാനത്തിൽ പ്രവാസികളെ എത്തിക്കാനാവുന്നില്ല എന്ന പ്രചാരണം തീർത്തും അടിസ്ഥാനരഹിതമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

നേരത്തെ പ്രവാസികൾക്ക് പണം കൊടുത്തുള്ള ക്വാറന്റീൻ സംവിധാനമൊരുക്കാനുള്ള തീരുമാനത്തിൽ, വ്യാപകമായ പ്രതിഷേധം ഉയർന്നിരുന്നു. പണമില്ലാത്ത പ്രവാസികളോടുള്ള സർക്കാറിന്റെ അനീതിയാണിതെന്നാണ് പ്രതിപക്ഷ വിമർശനം. പണം സ്‌പോൺസർഷിപ്പ് വഴി കണ്ടെത്തി പെയ്ഡ് ക്വാറന്റീൻ സർക്കാറിനെതിരെ ആയുധമാക്കാനും പ്രതിപക്ഷ നീക്കം തുടങ്ങിയിരുന്നു. പ്രവാസികളെ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്ന് പറഞ്ഞ സർക്കാറിന്റെ വലിയ നയം മാറ്റമായാണ് പെയ്ഡ് ക്വാറന്റീൻ തീരുമാനത്തെ പൊതുവെ വിലയിരുത്തുന്നത്. മടങ്ങി വരുന്നവർക്കായി ഒന്നര ലക്ഷത്തിലേറെ കിടക്കകളും ഹോട്ടൽ മുറികളും സർക്കാർ മന്ദിരങ്ങളുമൊക്കെ തയ്യാറാണെന്ന് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയ സർക്കാറാണ് പൊടുന്നനെ ചുവടുമാറ്റിയത്.

വെറും 11,189 പേർ മാത്രം വന്നപ്പോഴുള്ള നിലപാട് മാറ്റം വലിയ വിവാദത്തിനാണ് ഇടയാക്കിയത്. 24ന് കേന്ദ്ര ആഭ്യന്തരമന്ത്രായലം ഇറക്കിയ മാർഗ്ഗനിർദ്ദേശത്തിന്റെ ചുവട് പിടിച്ചാണ് തീരുമാനമെന്ന് വിശദീകരിക്കുമ്പോഴും സാമ്പത്തിക പ്രതിസന്ധിയും പ്രധാന കാരണമാണ്. പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് ഇളവിനുള്ള നീക്കങ്ങൾ. നിർധനരായ ആളുകൾക്ക് ഏതെങ്കിലും തരത്തിലുള്ള ഇളവ് വേണമെന്ന ചർച്ച മന്ത്രിസഭാ യോഗത്തിലുണ്ടായി . തീരുമാനം പിൻവലിക്കണമെന്ന് മുഖ്യമന്ത്രി വിളിച്ച സർവ്വകക്ഷിയോഗത്തിൽ പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. ക്വാറന്റീൻ ചെലവ് സ്‌പോൺസർഷിപ്പിലൂടെ കണ്ടെത്തുന്നത് യുഡിഎഫ് ആലോചിക്കുമെന്നും പി.കെ കുഞ്ഞാലിക്കുട്ടി എംപി പറഞ്ഞു

പ്രവാസികൾക്ക് സാമ്പത്തിക സ്ഥിതി അനുസരിച്ച് 500 രൂപ മുതൽ 10,000 രൂപ വരെയുള്ള ഹോട്ടൽ മുറികൾ നിരീക്ഷണത്തിൽ കഴിയാനായി തെരഞ്ഞെടുക്കാമെന്ന നിലയിലാണ് സർക്കാർ തലത്തിലെ ചർച്ച. പെയ്ഡ് ക്വാറന്റീനിൽ വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ സംസ്ഥാനം ഉടൻ പുറത്തിറക്കും. പ്രവാസികളുടെ ക്വാറന്റീൻ സൗകര്യം ഒരുക്കുന്നതിന് നിർബന്ധമായി പണം വാങ്ങണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിട്ടില്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരനും അഭിപ്രായപ്പെട്ടിരുന്നു. ക്വാറന്റീൻ സൗകര്യം ഒരുക്കുന്നതിന് പണം വാങ്ങുന്നത് സംബന്ധിച്ച് കേന്ദ്രത്തിന്റെ നിർദേശമുണ്ടെന്നാണ് സംസ്ഥാന സർക്കാരിലെ ചിലർ പറയുന്നത്. കേന്ദ്രത്തിന്റെ മാർഗനിർദേശത്തിൽ പറഞ്ഞത് പണം വാങ്ങിയുള്ള ക്വാറന്റീൻ ആകാം എന്നാണ്. എന്നാൽ പണമില്ലാത്തവരിൽ നിന്ന് നിർബന്ധിച്ച് പണം വാങ്ങണം എന്ന് സംസ്ഥാന സർക്കാരിനോട് കേന്ദ്രം ആവശ്യപ്പെട്ടിട്ടില്ലെന്നും മുരളീധരൻ പറഞ്ഞു.

കഴിഞ്ഞ രണ്ടാഴ്ചയിൽ കഷ്ടിച്ച് 10000 പ്രവാസികൾ മാത്രമേ കേരളത്തിലേക്ക് വന്നിട്ടുള്ളൂ. വരും ആഴ്ചയിൽ പതിനായിരക്കണക്കിനാളുകൾ വരും. ആ സാഹചര്യം മുൻകൂട്ടി കാണാതെ കത്തെഴുതിയാൽ അതിന്റെ മേന്മ മാത്രം കിട്ടുമെന്നും വി. മുരളീധരൻ പറഞ്ഞു. നരേന്ദ്ര മോദി സർക്കാർ പ്രവാസികളെ തിരിച്ചു കൊണ്ടുവരില്ല എന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണോ ഈ പ്രഖ്യാപനങ്ങളെല്ലാം നടത്തിയതെന്നും അദ്ദേഹം ചോദിച്ചു. 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP