Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ക്വാറി സമരത്തിൽ കൊച്ചി മൊട്രോയുൾപ്പെടെ പണി നിലച്ചു, സർക്കാരിനു മിണ്ടാട്ടമില്ല; വൻകിട ക്വാറിക്കാർക്കു വേണ്ടി ചെറുകിടക്കാർ ബലിയാടാകുന്നു

ക്വാറി സമരത്തിൽ കൊച്ചി മൊട്രോയുൾപ്പെടെ പണി നിലച്ചു, സർക്കാരിനു മിണ്ടാട്ടമില്ല; വൻകിട ക്വാറിക്കാർക്കു വേണ്ടി ചെറുകിടക്കാർ ബലിയാടാകുന്നു

കൊച്ചി: സംസ്ഥാനത്തെ മെട്രോ ഉൾപ്പെടെയുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നിലച്ചിട്ടും ക്വാറി സമരം തീർപ്പാക്കുന്നതിൽ സർക്കാറിന് അലംഭാവം. റിലയൻസ് ഉൾപ്പടെ ചില കമ്പനികൾ വർഷങ്ങളായി കണ്ണുവച്ചിട്ടുള്ള കേരളത്തിലെ പാറക്കെട്ടുകൾ കുറഞ്ഞ നിരക്കിൽ ഖനനത്തിനായി തുറന്നു കൊടുക്കാൻ സർക്കാർ തലത്തിൽ ശ്രമം നടക്കുന്നതായുള്ള ആരോപണങ്ങളെ ഇതു ശരിവക്കുന്നുണ്ട്.

സെപ്റ്റംബർ 14 മുതൽ കേരളത്തിലെ 65 വൻകിട ക്വാറികൾ അനിശ്ചിതകാല സമരം തുടങ്ങിയതിനു പുറമെ, മൂന്നു ദിവസം കഴിഞ്ഞ് കേരളത്തിലെ 2600 ഓളം വരുന്ന ചെറുകിട ക്വാറികളും സമരത്തിലായി. രണ്ടു വിഭാഗം ക്വാറിക്കാരുടേയും ആവശ്യങ്ങൾ വ്യത്യസ്തമാണ്. 1957 മുതൽ സർക്കാർ റവന്യൂ ഭൂമികളിൽ ഖനനം നടത്തി വരുന്നവരാണ് വൻകിട ക്വാറിക്കാർ. ഓരോ ക്വാറിയും 100 മുതൽ 1000 ഏക്കർ വരെ വിസ്തൃതിയിലാണ് പ്രവർത്തിക്കുന്നത്.

എല്ലാ രാഷ്ട്രീയ പാർട്ടി അംഗങ്ങളും കേരളത്തിലെ ഇപ്പോഴത്തെ മന്ത്രിമാരുടെ ബിനാമിമാരുമൊക്കെ ഇത്തരം ക്വാറികൾ നടത്തുന്നവരായുണ്ട്. 1957 മുതൽ ഒരു ടൺ പാറക്ക് വെറും 2 രൂപ അമ്പത് പൈസയാണ് റോയൽറ്റിയായി സർക്കാർ ഈടാക്കിയിരുന്നത്. അതായത് 100 ടൺ പാറക്ക് സർക്കാറിനു കിട്ടുന്നത് വെറും 250 രൂപ. മറ്റൊരു തുകയുമില്ല. ഇതും പകുതി മാത്രമേ കണക്കിൽ ഉണ്ടാവൂ. ഇങ്ങനെ സർക്കാറിന്റെ പാറ സർക്കാറിന്റെ നിർമ്മാണ പ്രവൃത്തികൾക്ക് തന്നെ പണം കൊടുത്ത് വാങ്ങേണ്ട ഗതികേടിലാണ്. ഈ 2 രൂപ അമ്പതു പൈസയെന്ന റോയൽറ്റി ഒരു മാസം മുമ്പ് ഒരു ടണ്ണിന് 200 രൂപയാക്കി വർദ്ധിപ്പിച്ചത് കുറയ്ക്കാനാണ് വൻകിട ക്വാറി സമരം നടക്കുന്നത്.

മെട്രോ ഉൾപ്പടെയുള്ള നിർമ്മാണപ്രവൃത്തികളെല്ലാം വൻകിട ക്വാറിക്കാരെ ആശ്രയിച്ചാണ് മുന്നോട്ടുപോകുന്നത്. 17 മുതൽ തുടങ്ങിയ ചെറുകിട ക്വാറിക്കാരുടെ സമരം മൂലം കേരളത്തിലെ 2600 ഓളം ക്വാറികൾ സ്തംഭിച്ചിട്ടുണ്ട്. ചെറുകിട ക്വാറിക്കാർക്ക് ഒരു ടൺ കല്ലിന് 100 രൂപ സർക്കാറിന് ഉൾപ്പെടെ ഏകദേശം 400 രൂപയോളം ഒരു ലോഡിന് അടയ്ക്കണം. എന്നാൽ അവർ സമരം ചെയ്യുന്നത് 5 ഹെക്ടറിൽ താഴെയുള്ള ക്വാറികൾക്ക് പാരിസ്ഥിതികാനുമതി ഒഴിവാക്കുക എന്ന പ്രധാന ആവശ്യത്തിൽ ഊന്നിയാണ്.

വൻകിട ക്വാറികൾക്കുള്ള നിയമങ്ങൾ പാറമടകൾക്ക് ബാധകമാക്കാതിരിക്കുക, ഭേദഗതി ചെയ്ത മൈനർ മിനറൽ കൺസെഷൻസ് റൂൾസ് 2015 ലെ അപാകതകൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ്. വൻകിട ക്വാറികൾക്ക് നിരവധി ഇളവുകൾ സർക്കാർ പ്രഖ്യാപിക്കുമ്പോൾ ചെറുകിട ക്വാറികൾക്ക് നിയമത്തിന്റെ കാർക്കശ്യം കൂടി വരുന്നുണ്ട്. ഭാവിയിൽ വൻകിട കുത്തകകൾക്ക് മാത്രം ഒരു ജില്ലയിൽ വിരലിൽ എണ്ണാവുന്ന ക്വാറികൾ അനുവദിക്കാനാണ് നീക്കം. ഇതോടെ ചെറുകിട ക്വാറികൾ ഇല്ലാതാകുകയും വൻകിട കുത്തകകളുടെ ഔട്ട്‌ലെറ്റുകളിൽ നിന്നും അവർ നിശ്ചയിക്കുന്ന വില നൽകി സാധാരണക്കാർ കല്ല് വാങ്ങേണ്ടി വരികയും ചെയ്യും.

ഇതിന്റെ മുന്നോടിയായി കല്ലുകൾ സ്‌റ്റോക്ക് ചെയ്ത് വിൽപ്പന നടത്തുന്ന ഔട്ട്‌ലെറ്റുകളുടെ ലൈസൻസ് വ്യവസ്ഥകൾ സുതാര്യമാക്കിയിട്ടുണ്ട്. പാരിസ്ഥിതികാനുമതിയില്ലാത്തതിന്റെ പേരിൽ സംസ്ഥാനത്ത് നിരവധി ചെറുകിട ക്വാറികൾ അടച്ചു പൂട്ടിയിട്ടുണ്ട്. വൻകിട ക്വാറികൾക്ക് അനുശാസിക്കുന്ന വിധത്തിലുള്ള പാരിസ്ഥിതികാനുമതി ചെറുകിട ക്വാറികൾക്ക് ലഭിക്കില്ലെന്നും അതിന്റെ പേരിൽ ക്വാറികൾ അടച്ചു പൂട്ടുന്നത് വൻകിടക്കാരെ സഹായിക്കാനുമാണെന്നാണ് അസോസിയേഷൻ പറയുന്നത്. കേരളത്തിൽ 2600 ക്വാറികളാണുള്ളത്. ഇതിൽ 65 വൻകിട ക്വാറികൾക്ക് മാത്രമേ പാരിസ്ഥിതികാനുമതി ഉള്ളൂ.

ബാക്കിയുള്ള ക്വാറികൾ എല്ലാം പാരിസ്ഥിതികാനുമതി ഇല്ലാത്തതിന്റെ പേരിൽ അടച്ചു പൂട്ടി കൈമാറാനാണ് നീക്കം. 25 ലക്ഷത്തോളം തൊഴിലാളികൾ ക്വാറികൾ അടച്ചു പൂട്ടുന്നതോടെ തൊഴിൽരഹിതരാവും. ചെറുകിട ക്വാറിക്കാർ സമരം പ്രഖ്യാപിച്ച ശേഷമാണ് വൻകിട ക്വാറിക്കാർ മൂന്നു ദിവസം മുമ്പെ സമരം തുടങ്ങിയത്. ചെറുകിട ക്വാറിക്കാരുടെ സമരച്ചെലവിൽ വൻകിട ക്വാറിക്കാരുടെ സമരവും വിജയിപ്പിക്കാമെന്ന രസതന്ത്രവും ഇതിന്റെ പിന്നിലുണ്ട്. സമരം നീണ്ടു നിന്നാൽ പിടിച്ചു നിൽക്കാൻ പറ്റാതെ ചെറുകിടക്കാർക്ക് സമരം അവസാനിപ്പിക്കേണ്ടി വരുമെന്നും അത് സർക്കാറിന്റെ തീരുമാനങ്ങൾ നടപ്പിലാക്കാൻ സഹായകമാകുമെന്നും വിലയിരുത്തലുണ്ട്.

അതേസമയം തീരുമാനമായില്ലെങ്കിൽ വി എസ്. അച്യുതാനന്ദനെ തന്നെ സമരമുഖത്തേക്ക് ഇറക്കാനുള്ള നീക്കങ്ങൾ നടക്കുന്നുണ്ട്. ഇതിന് വേണ്ടി ചെറുകിട ക്വാറിക്കാർ പ്രതിപക്ഷ നേതാവിനെ കണ്ട് സംസാരിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP