Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മുൻ ഫ്രഞ്ച് പ്രസിഡന്റിന്റെ കാമുകിയുടെ സിനിമയുടെ നിർമ്മാണ ചുമതല ഏറ്റെടുത്തു; മോദിക്ക് സ്തുതിപാടി പിറന്നാൾ ദിനത്തിൽ മംഗളപത്രം പോലെ കത്തെഴുതി; റാഫേൽ വിമാന ഇടപാട് നേടിയെടുക്കാൻ അനിൽ അംബാനി രണ്ട് രാഷ്ട്രനേതാക്കളെയും വേണ്ടും വിധം സോപ്പിട്ടു; റാഫേൽ ഇടപാടിൽ ഫ്രാൻസ്വാ ഓളേന്ദിന്റെ വെളിപ്പെടുത്തലോടെ മോദി ഗവൺമെന്റിനെ കാത്തിരിക്കുന്നത് ബൊഫേഴ്‌സിൽ തട്ടിവീണ രാജീവ് സർക്കാറിന്റെ ഗതിയോ?

മുൻ ഫ്രഞ്ച് പ്രസിഡന്റിന്റെ കാമുകിയുടെ സിനിമയുടെ നിർമ്മാണ ചുമതല ഏറ്റെടുത്തു; മോദിക്ക് സ്തുതിപാടി പിറന്നാൾ ദിനത്തിൽ മംഗളപത്രം പോലെ കത്തെഴുതി; റാഫേൽ വിമാന ഇടപാട് നേടിയെടുക്കാൻ അനിൽ അംബാനി രണ്ട് രാഷ്ട്രനേതാക്കളെയും വേണ്ടും വിധം സോപ്പിട്ടു; റാഫേൽ ഇടപാടിൽ ഫ്രാൻസ്വാ ഓളേന്ദിന്റെ വെളിപ്പെടുത്തലോടെ മോദി ഗവൺമെന്റിനെ കാത്തിരിക്കുന്നത് ബൊഫേഴ്‌സിൽ തട്ടിവീണ രാജീവ് സർക്കാറിന്റെ ഗതിയോ?

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാറിനെ കടുത്ത പ്രതിസന്ധിയിലാക്കിയാണ് റാഫേൽ യുദ്ധവിമാന ഇടപാടിലെ വെളിപ്പെടുത്തൽ. മുൻ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാൻസ്വാ ഓളേന്ദിന്റെ വെളിപ്പെടുത്തലോടെ പ്രതിരോധിക്കാൻ ആവാത്ത വിധത്തിലുള്ള രാഷ്ട്രീയ വിവാദമായി ഈ ഇടപാട് മാറിക്കഴിഞ്ഞു. രണ്ടാം യുപിഎ സർക്കാറിന് മേൽ ഈ ആരോപണങ്ങൾ കെട്ടിവെക്കാൻ ശ്രമിച്ചെങ്കിലും അതൊന്നും വിജയിച്ച മട്ടില്ല. പ്രതിരോധിക്കാൻ വേണ്ടി നടത്തിയ ആരോപണങ്ങൾ ഇപ്പോൾ വീണ്ടും അവർക്ക് തന്നെ തിരിച്ചടിയായി മാറിയ ഘട്ടത്തിലാണ്. മുകേഷ് അംബാനി കണ്ണുവെച്ച വിമാനക്കരാർ കോർപ്പറേറ്റ് ചരടുവലികൾ നടത്തിയാണ് അനിൽ അംബാനി ദസ്സേൾട്ടിന്റെ മറവിൽ സ്വന്തമാക്കിയത്.

ഇതിനായി രണ്ട് രാഷ്ട്രത്തലവന്മാരെ അദ്ദേഹം സ്വാധീനിച്ചു. റാഫേൽ യുദ്ധവിമാന കരാർ ഒപ്പിടുന്നതിന് തൊട്ടുമുമ്പ് അനിൽ അംബാനിയുടെ റിലയൻസ് എന്റർടെയ്ന്മെന്റ് ഫ്രഞ്ച് പ്രസിഡന്റായിരുന്ന ഫ്രാൻസ്വാ ഓളന്ദിന്റെ ജീവിതപങ്കാളി ജൂലി ഗെയതിനെ ചലച്ചിത്രനിർമ്മാണത്തിന് സാമ്പത്തികമായി സഹായിച്ചാണ് അന്ന് സോപ്പിടൽ തന്ത്രം നടത്തിയത്. 2016 റിപ്പബ്ലിക് ദിനത്തിൽ ഓളന്ദായിരുന്നു മുഖ്യാതിഥി. അതിന് രണ്ടുദിവസംമുമ്പാണ് റിലയൻസ് എന്റർടെയ്ന്മെന്റ് സിനിമയെടുക്കാൻ ഗെയതുമായി ധാരണയിലെത്തിയത്.

അന്നത്തെ ഇന്ത്യാ സന്ദർശനത്തിന്റെ മറവിൽ കൂടിയാണ് റിലയൻസ് നിർമ്മാണ കരാറിൽ കടന്നു കൂടിയതെന്നാണ് വ്യക്തമാകുന്നത്. അതേ വർഷം അവസാനത്തോടെ റിലയൻസ് ഡിഫൻസിന് 51 ശതമാനം ഓഹരിപങ്കാളിത്തമുള്ള ദാസ്സൂദ് റിലയൻസ് എയ്‌റോസ്‌പെയ്‌സ് ലിമിറ്റഡിന് 59,000 കോടി രൂപയുടെ റാഫേൽ കരാർ ലഭിക്കുകയും ചെയ്തു. റാഫേൽ ഇടപാടിൽ കോടികണക്കിന് രൂപയുടെ അഴിമതി നടന്നുവെന്ന ആരോപണത്തിനിടെയാണ് പുതിയ വെളിപ്പെടുത്തൽ. ഇത് കേന്ദ്രസർക്കാരിനെ കൂടുതൽ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

അവിടം കൊണ്ടും തീർന്നില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്‌ത്തിക്കൊണ്ട് അദ്ദേഹത്തിന്റെ 66ാം പിറന്നാൾ ദിനം അനിൽ അംബാനി വിശദമായി തന്നെ കത്തയച്ചിരുന്നു. തന്നെ സഹായിച്ചതിന്റെ ഉപകാര സ്മരണയായിട്ടു കൂടിയായിരുന്നു ഈ കത്ത്. പിതാവ് ധീരുബായ് അംബാനിയുടെ കാര്യങ്ങൾ അടക്കം എണ്ണിപ്പറഞ്ഞു കൊണ്ടായിരുന്നു ഈ കത്ത്. ഇങ്ങനെ ഇപ്പോൾ ഈ വിവാദത്തിലൂടെ രണ്ട് പ്രമുഖ നേതാക്കളാണ് അന്തർദേശീയ തലത്തിൽ വിവാദത്തിലായിരിക്കുന്നത്.

റിലയൻസിന്റെ സ്വാധീനവും ഇടപെടലും വ്യക്തമാക്കുന്നതാണ് റാഫേൽ കരാറിലെ ഓരോ നടപടിയും. പ്രധാനമന്ത്രി നരേന്ദ്ര മോദി 2015 ഏപ്രിൽ 10ന് പാരീസ് സന്ദർശനത്തിനിടെയാണ് റാഫേൽ വിമാനങ്ങൾ വാങ്ങാനുള്ള പദ്ധതി പ്രഖ്യാപിച്ചത്. എന്നാൽ 'സാമ്പത്തിക വിഷയങ്ങളുടെ' പേരിൽ അന്തിമകരാർ ഒപ്പിടുന്നത് നീണ്ടുപോയി. അനിൽ അംബാനി 2016 ജനുവരി 24ന് ഗെയതിന്റെ ചിത്രത്തിനായി പണംമുടക്കുമെന്ന് പ്രഖ്യാപിച്ചു. തൊട്ടുപിന്നാലെ ജനുവരി 26ന് മോദിയും ഓളന്ദും ഡൽഹിയിൽ റാഫേൽ ധാരണപത്രം ഒപ്പിട്ടു. സെപ്റ്റംബർ 23ന് ഇന്ത്യയുടെയും ഫ്രാൻസിന്റെയും പ്രതിരോധമന്ത്രിമാർ കരാർ ഉറപ്പിച്ചു. പ്രാഥമികധാരണയിൽ പറഞ്ഞതിന്റെ മൂന്നിരട്ടി വില നൽകിയാണ് കരാർ ഉറപ്പിച്ചത്

ഒക്ടോബർ മൂന്നിന് ഫ്രഞ്ച് കമ്പനി ദാസ്സൂദും റിലയൻസ് ഡിഫൻസും സംയുക്ത സംരംഭം പ്രഖ്യാപിച്ചു. 2017 ജൂണിൽ ദാസ്സൂദ് റിലയൻസ് എയ്‌റോസ്‌പെയ്‌സ് ലിമിറ്റഡ് (ഡിആർഎഎൽ) നിലവിൽവന്നു. ഒക്ടോബർ 27ന് നാഗ്പുരിൽ ഡിആർഎഎൽ നിർമ്മാണശാലയ്ക്ക് ശിലയിട്ടു. ഡിസംബർ 10ന് റിലയൻസ്‌ഗെയത് സിനിമ പുറത്തുവന്നു. 201314 മുതൽ 201617 വരെ റിലയൻസ് എന്റർടെയ്ന്മെന്റ് നഷ്ടത്തിലാണ് പ്രവർത്തിച്ചിരുന്നതെന്ന് കമ്പനി രജിസ്ട്രാർ ഓഫീസ് രേഖ വ്യക്തമാക്കുന്നു. തുടർച്ചയായി നഷ്ടത്തിൽ പ്രവർത്തിച്ച കമ്പനി ലാഭം ഉറപ്പില്ലാത്ത ഫ്രഞ്ച് ചലച്ചിത്രത്തിനുവേണ്ടി പണംമുടക്കിയത് ദുരൂഹമാണ്. 98 മിനിറ്റ് ദൈർഘ്യമുള്ള ''തൗത്‌ല ഹൗത്' എന്ന ഈ സിനിമ ഇന്ത്യയിൽ റിലീസ് ചെയ്തിട്ടുമില്ല.

അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്ക് കോൺഗ്രസിന് ലഭിച്ച ഏറ്റവും നല്ല വടിയാണ് റാഫേൽ ഇടപാട്. മുൻ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാൻസ്വാ ഓളന്ദിന്റെ റഫേൽ വെളിപ്പെടുത്തലോടെ ബൊഫോഴ്സിൽ തട്ടിവീണ രാജീവ് ഗാന്ധി സർക്കാരിന്റെ പാതയിലാണോ മോദി സർക്കാറന്നെ ആശങ്കയും ഇതോടെ ഉയരുന്നുണ്ട്. 400 പീരങ്കി തോക്ക് വാങ്ങുന്നതിനായി സ്വീഡിഷ് ആയുധക്കമ്പനിയായ ബൊഫോഴ്‌സുമായി 1437 കോടി രൂപയുടെ കരാർ ഉണ്ടാക്കിയതിനു പിന്നിൽ അഴിമതിയുണ്ടെന്ന ആക്ഷേപമാണ് 1989ൽ രാജീവ് ഗാന്ധി സർക്കാരിനെ വീഴ്‌ത്തിയത്. 60 കോടി രൂപയുടെ കോഴപ്പണമാണ് ബൊഫോഴ്സ് ഇടപാടിനു പിന്നിൽ ആരോപിക്കപ്പെട്ടത്. സമാനമായി വിധത്തിലാണ് കൂടുതൽ തെളിവുകൾ സഹിതമാണ് റഫേൽ ഇടപാടിൽ മോദി വിവാദ നായകനായിരിക്കുന്നത്.

ഫ്രഞ്ച് വിമാനക്കമ്പനിയായ ദസ്സാൾട്ടിൽനിന്ന് 36 റഫേൽ യുദ്ധവിമാനം വാങ്ങുന്നതിനായി മോദി സർക്കാർ ഒപ്പിട്ട 60,000 കോടി രൂപയുടെ കരാറാണ് ഇപ്പോൾ വിവാദമായത്. കോഴയുടെ വ്യാപ്തി ഇനിയും പുറത്തുവന്നിട്ടില്ല. എന്നാൽ, കരാറിലൂടെ നേട്ടം കൊയ്തവർ ആരൊക്കെയെന്ന് വ്യക്തമായിക്കഴിഞ്ഞു. ബിസിനസുകളെല്ലാം തകർന്നടിഞ്ഞ് പ്രതിസന്ധിയിലായ അനിൽ അംബാനിക്കുതന്നെയാണ് മുഖ്യ നേട്ടം. മുൻ ഫ്രഞ്ച് പ്രസിഡന്റ് ഓളന്ദിന്റെ ജീവിതപങ്കാളിയായ ചലച്ചിത്രതാരം ജൂലി ഗയേത്താണ് റഫേൽ ഇടപാടിലൂടെ നേട്ടമുണ്ടാക്കിയ മറ്റൊരാൾ. അംബാനിയും ഗയേത്തും പ്രത്യക്ഷ നേട്ടക്കാരാണ്. പ്രതിരോധ ഇടപാടുകളിൽ സ്വഭാവികമായ 'കമ്മിഷൻ' പണത്തിന്റെ ഗുണഭോക്താക്കൾ ആരൊക്കെയെന്നാണ് ഇനി വെളിപ്പെടേണ്ടത്.

റഫേൽ ഇടപാടിൽ അനിൽ അംബാനിയുടെ പങ്കാളിത്തം പുറത്തുവന്നതുമുതൽ മോദി സർക്കാർ വെട്ടിലാണ്. ഇരുമ്പുമറ തീർത്ത് കരാർ വ്യവസ്ഥകളെ മറച്ചുപിടിക്കാനുള്ള വ്യഗ്രതയിലാണ് സർക്കാരിപ്പോൾ. ധനമന്ത്രി അരുൺ ജെയ്റ്റ്ലി, പ്രതിരോധമന്ത്രി നിർമല സീതാരാമൻ, നിയമമന്ത്രി രവിശങ്കർ പ്രസാദ് എന്നിവരെയാണ് കരാറിനെ പ്രതിരോധിക്കുന്നതിനായി മോദിയും ബിജെപിയും രംഗത്തിറക്കിയിട്ടുള്ളത്. കരാറിനെ ന്യായീകരിച്ച് പല ഘട്ടങ്ങളിലായി ഇവർ നടത്തിയിട്ടുള്ള പ്രസ്താവനകളാകട്ടെ പരസ്പരവിരുദ്ധവുമാണ്. തുടക്കം മുതൽ ഇരുമ്പുമറ തീർത്തു കൊണ്ടാണ് ഈ കരാറുമായി ബന്ധപ്പെട്ട വിവരങ്ങളെ മോദി സർക്കാർ മറുച്ചുവെച്ചത്.

r

ഇന്ത്യ വാങ്ങുന്ന 36 റഫേൽ വിമാനങ്ങളുടെ വില എത്രയെന്ന് സുരക്ഷാകാരണങ്ങളാൽ വെളിപ്പെടുത്താനാകില്ലെന്ന നിലപാടിലാണ് മന്ത്രി നിർമല സീതാരാമനും പ്രതിരോധമന്ത്രാലയവും. എന്നാൽ, മോദി സർക്കാരിനു കീഴിൽ മനോഹർ പരീക്കർ പ്രതിരോധമന്ത്രിയായിരിക്കെ ഏകദേശം 90,000 കോടി രൂപയുടേതാണ് റഫേൽ ഇടപാടെന്ന് പാർലമെന്റിൽ പറഞ്ഞിരുന്നു. മോദി ഒപ്പിട്ട കരാർപ്രകാരം വിമാനങ്ങളുടെ വില കുത്തനെ ഉയർന്നിട്ടുണ്ടെന്ന് മന്ത്രി നിർമല സമ്മതിക്കുന്നുണ്ട്. വിമാനത്തിൽ ഉപയോഗിക്കുന്ന ആയുധങ്ങളുടെയും മറ്റും വിലകൂടി ചേരുന്നതുകൊണ്ടാണ് ഇതെന്നാണ് പ്രതിരോധമന്ത്രിയുടെ വാദം.

എന്നാൽ, യുപിഎകാലത്തേതിനേക്കാൾ വിമാനങ്ങളുടെ അടിസ്ഥാനവിലയിൽ ഒമ്പതു ശതമാനം കുറവ് പുതിയ കരാറിൽ വന്നിട്ടുണ്ടെന്നും മൊത്തം 20 ശതമാനം കുറവുണ്ടെന്നുമാണ് ധനമന്ത്രി അരുൺ ജെയ്റ്റ്ലി പറയുന്നത്. വില എങ്ങനെ കുറഞ്ഞുവെന്ന് വിശദീകരിക്കുന്നുമില്ല. കരാറിൽ ഉൾപ്പെട്ടിരിക്കുന്ന ദസ്സാൾട്ടും റിലയൻസുമാകട്ടെ ഒരു വിമാനത്തിൽ 1670 കോടി രൂപയാണ് ശരാശരി വിലയെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. സുരക്ഷാകാരണങ്ങളാൽ പ്രതിരോധമന്ത്രാലയം വെളിപ്പെടുത്താത്ത വിലവിവരം സ്വകാര്യ കമ്പനി പുറത്തുവിട്ടെങ്കിൽ അവർക്കെതിരായി നിയമനടപടി സ്വീകരിക്കുകയാണ് സർക്കാർ ചെയ്യേണ്ടത്.

കരാറിൽ റിലയൻസ് ഇടംപിടിച്ചതിനെക്കുറിച്ച് മന്ത്രിമാർ പറയുന്നതിലും വൈരുധ്യങ്ങളുണ്ട്. റിലയൻസ് ഉൾപ്പെട്ടുകൊണ്ട് ഒരു കരാർ ഉള്ളതായി അറിയില്ലെന്നാണ് 2018 ഫെബ്രുവരിയിൽ നിർമല പറഞ്ഞത്. എന്നാൽ, റിലയൻസും ദസ്സാൾട്ടും ചേർന്നുള്ള സംയുക്ത സ്ഥാപനത്തിന് 2017 ഒക്ടോബർ 27ന് നാഗ്പുരിൽ തറക്കല്ലിട്ടിരുന്നു. ഫ്രഞ്ച് പ്രതിരോധമന്ത്രി ഫ്‌ളോറൻസ് പേർളിയാണ് തറക്കല്ലിട്ടത്. അന്ന് രാവിലെ നിർമലയുമായി അവർ കൂടിക്കാഴ്ചയും നടത്തി.

 

റിലയൻസിനെക്കുറിച്ച് 2017 ഒക്ടോബറിൽത്തന്നെ നിർമലയ്ക്ക് ബോധ്യമുണ്ടെന്നാണ് ആരോപണം. എന്തായാലും ദേശീയ തലത്തിൽ ബിജെപിയെ കടുത്ത പ്രതിരോധത്തിലേക്ക് തള്ളിവിടുന്നതാണ് ഇപ്പോഴത്തെ നടപടികൾ. രാഷ്ട്രീയമായി ഈ അവസരം പരമാധി ഉപയോഗപ്പെടുത്താൻ തന്നെയാണ് കോൺഗ്രസിന്റെ നീക്കം. ഇടപാടുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടുമെന്നാണ് കോൺഗ്രസ് വൃത്തങ്ങളും നൽകുന്ന സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP