Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

റഫേൽ യുദ്ധവിമാന ഇടപാടിൽ പ്രധാനമന്ത്രിയുടെ ഓഫീസ് ഫ്രഞ്ചു സർക്കാറുമായി സമാന്തര ചർച്ച നടത്തി; പ്രതിരോധ വകുപ്പ് അറിയാതെ ഇന്ത്യൻ താൽപ്പര്യത്തിന് വിരുദ്ധമായ ഇടപെടൽ നടത്തി; എതിർപ്പു രേഖപ്പെടുത്തിയ പ്രതിരോധ സെക്രട്ടറി മോഹൻ കുമാറിന്റെ കത്തു പുറത്തുവന്നു; ഓരോ വിമാനത്തിനും 186 കോടി രൂപ അധികം നൽകിയെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ മോദിയെ കുരുക്കി കൂടുതൽ തെളിവുകൾ പുറത്തേക്ക്

റഫേൽ യുദ്ധവിമാന ഇടപാടിൽ പ്രധാനമന്ത്രിയുടെ ഓഫീസ് ഫ്രഞ്ചു സർക്കാറുമായി സമാന്തര ചർച്ച നടത്തി; പ്രതിരോധ വകുപ്പ് അറിയാതെ ഇന്ത്യൻ താൽപ്പര്യത്തിന് വിരുദ്ധമായ ഇടപെടൽ നടത്തി; എതിർപ്പു രേഖപ്പെടുത്തിയ പ്രതിരോധ സെക്രട്ടറി മോഹൻ കുമാറിന്റെ കത്തു പുറത്തുവന്നു; ഓരോ വിമാനത്തിനും 186 കോടി രൂപ അധികം നൽകിയെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ മോദിയെ കുരുക്കി കൂടുതൽ തെളിവുകൾ പുറത്തേക്ക്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ബിജെപിയെയും നരേന്ദ്ര മോദിയെയും വെട്ടിലാക്കി റഫേൽ യുദ്ധവിമാന ഇടപാടിലെ കൂടുതൽ ക്രമക്കേടിന്റെ വിവരങ്ങൾ പുറത്തുവരുന്നു. യുദ്ധ വിമാനക്കരാറിനായി മോദിയുടെ ഓഫീസ് സമാന്തര ചർച്ചകൾ നടത്തിയെന്നാണ് പുറത്തുവരുന്ന വിവരം. ഇങ്ങനെ സമാന്തര ചർച്ച ഒഴിവാക്കണം എന്നാവശ്യപ്പെട്ട് പ്രതിരോധ വകുപ്പ് സെക്രട്ടറി മോഹൻകുമാർ അയച്ച കത്തിന്റെ വിവരങ്ങളാണ് പുറത്തുവന്നത്. 2015 നവംബറിൽ വഴിവിട്ട ഇടപാടിനെ എതിർത്ത് പ്രതിരോധ സെക്രട്ടറി മോഹൻ കുമാർ, പ്രതിരോധ മന്ത്രിക്ക് അയച്ച കത്തിന്റെ വിവരങ്ങൾ ദ ഹിന്ദു ദിനപത്രമാണ് പുറത്തുവിട്ടത്. ഇതോടെ റഫാൽ ഇടപാടിലെ വിവാദം വീണ്ടും പുകയുകയാണ്. അനിൽ അംബാനിയെ പ്രതിരോധ ഇടപാടിലെ പങ്കാളിയാക്കിയ സംഭവമായിരുന്നു തുടക്കം മുതൽ വിവാദങ്ങൾക്ക് വഴിവെച്ചത്.

മുപ്പത്തിയാറ് റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങുമെന്ന് പ്രധാനമന്ത്രി ഫ്രാൻസിൽ പ്രഖ്യാപിച്ച ഉടനാണ് ഇരുരാജ്യങ്ങളും തമ്മിൽ ഇക്കാര്യത്തിൽ ചർച്ചകൾ നടന്നത്. ഡെപ്യൂട്ടി എയർമാർഷലിന്റെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമായിരുന്നു ഇന്ത്യയ്ക്ക് വേണ്ടി ഔദ്യോഗികമായി ചർച്ചകളിൽ പ്രതിനിധീകരിച്ചത്. പിന്നീട് 2015 ഓക്ടോബർ 23 ന് ഫ്രഞ്ച് സംഘത്തലവൻ ജനറൽ സ്റ്റീഫൻ റെബ് എഴുതിയ കത്തിലാണ് പ്രധാനമന്ത്രിയുടെ ഓഫീസുമായും ഇടപാടിനെക്കുറിച്ച് ചർച്ചകൾ നടത്തുന്നുണ്ടെന്ന വിവരം പുറത്തു വരുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസിലെ ജോയിന്റ് സെക്രട്ടറി ജാവേദ് അഷ്‌റഫും ഫ്രെഞ്ച് പ്രതിരോധ മന്ത്രിയുടെ ഡിപ്ലോമാറ്റിക് അഡൈ്വസർ ലൂയിസ് വാസിയുമായി നടത്തിയ ഫോൺ സംഭാഷണത്തെക്കുറിച്ച് സ്റ്റീഫൻ റെബിന്റെ കത്തിൽ പരാമർശമുണ്ടായിരുന്നു. ഇതോടെയാണ് പ്രതിരോധ മന്ത്രാലയം അറിയാതെയും റഫാൽ ഇടപാടിനെക്കുറിച്ച് ചർച്ച നടക്കുന്നുണ്ടെന്ന വിവരം പ്രതിരോധവകുപ്പിലെ ഉദ്യോഗസ്ഥർ അറിയുന്നത്.

ജനറൽ റബ്ബിന്റെ കത്ത് അന്നത്തെ പ്രതിരോധ സെക്രട്ടറിയും മലയാളിയുമായ മോഹൻകുമാർ കത്തിലൂടെ പ്രതിരോധമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. പ്രതിരോധ ഇടപാടുകളുടെ ചുമതല പ്രതിരോധ മന്ത്രാലയത്തിനാണെന്നിരിക്കേ സമാന്തരചർച്ചകൾ നടത്തുന്നത് വിപരീത ഫലം ചെയ്യുമെന്ന് മോഹൻകുമാർ പരീക്കർക്ക് അയച്ച കത്തിൽ ചൂണ്ടിക്കാട്ടുകയും ചെയ്തു. പ്രതിരോധ സെക്രട്ടറി നൽകിയ വിവരത്തിൽ പിന്നീട് മനോഹർ പരീക്കർ എന്ത് നടപടിയെടുത്തു എന്ന കാര്യം വ്യക്തമല്ല.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് ആഴ്ചകൾ ബാക്കി നിൽക്കേ ഭരണകക്ഷിയായ ബിജെപിക്ക് കടുത്ത തിരിച്ചടിയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്ന വെളിപ്പെടുത്തൽ. റഫാൽ ഇടപാടിൽ പ്രധാനമന്ത്രിയെ നിരന്തരം ആക്രമിക്കുന്ന കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് പുതിയ സംഭവവികാസങ്ങൾ വലിയ ഊർജ്ജമാകും പകരുക. ഏറ്റവും സുതാര്യമായ രീതിയിലാണ് റഫാൽ ഇടപാട് നടന്നതെന്നും ഒരു തരത്തിലുള്ള ബാഹ്യഇടപെടലും ഇടപാടിലുണ്ടായിട്ടില്ലെന്നുമായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതുവരെ പറഞ്ഞിരുന്നത്. പ്രതിരോധമന്ത്രാലയത്തെ മറികടന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ഫ്രഞ്ച് സർക്കാരുമായി ആശയവിന ിമയം നടത്തിയെന്ന വിവരം പുറത്തു വന്നതോടെ ഈ കാര്യത്തിൽ കൂടുതൽ വിശദീകരണങ്ങൾ ഇനി പ്രധാനമന്ത്രി നൽകേണ്ടി വരും.

നേരത്തെ റഫാൽ ഇടപാടിൽ എൻഡിഎ സർക്കാർ എടുത്ത തീരുമാനത്തിലൂടെ ദസോ കമ്പനി ആയിരക്കണക്കിന് കോടി രൂപയുടെ അധികലാഭം ഉണ്ടാക്കിയെന്ന് റിപ്പോർട്ടും പുറത്തുവന്നിുന്നു. ഒരു ദേശീയ ഇംഗ്ലീഷ് ദിനപത്രമാണ് രേഖകളുടെ അടിസ്ഥാനത്തിൽ പുതിയ വെളിപ്പെടുത്തൽ നടത്തിയത്. യുപിഎ സർക്കാർ നിശ്ചയിച്ച 126 വിമാനങ്ങൾക്ക് പകരം 36 എണ്ണം മാത്രം വാങ്ങാൻ തീരുമാനിച്ചതാണ് ഇത്രയും ഭീമമായ നഷ്ടമുണ്ടാകാൻ കാരണം.

യുപിഎ സർക്കാരിന്റെ കാലത്ത് 126 വിമാനങ്ങൾ വാങ്ങാൻ നിശ്ചയിച്ചതാണ്. ഇന്ത്യൻ സേനയ്ക്ക് അനുയോജ്യമായ രീതിയൽ വിമാനത്തിൽ ഭേദഗതികൾ വരുത്തുന്നതിന് 1300 മില്യൺ യൂറോയാണ് ധാരണ പ്രകാരം നിശ്ചയിച്ചത്. പിന്നീട് എൻഡിഎ സർക്കാർ അധികാരമേറ്റതിന് ശേഷം വിമാനങ്ങളുടെ എണ്ണം 36 ആയി നിശ്ചയിച്ചെങ്കിലും ദസോ കമ്പനിക്ക് കൊടുക്കാമെന്ന് നിശ്ചയിച്ച മൊത്തം തുകയിൽ മാറ്റമുണ്ടായില്ല. ഇതോടെ വിമാനം ഒന്നിന് 186 കോടി രൂപ വീതം അധികമായി കമ്പനിക്ക് ലഭിച്ചു. ദസോ കമ്പനിക്ക് നരേന്ദ്ര മോദി സർക്കാർ അമിതലാഭം ഉണ്ടാക്കിക്കൊടുത്തു എന്ന ആരോപണവുമായി കോൺഗ്രസും രംഗത്തെത്തിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP