Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രഹന ഫാത്തിമയെ തിരിഞ്ഞുകൊത്തിയത് പൊലീസ് സംരക്ഷണത്തിൽ താൻ കൊച്ചിയിലുണ്ടെന്ന പോസ്റ്റ്; കമ്പ്യൂട്ടർ റിക്കവർ ചെയ്യണമെന്നും മതസ്പർദ്ധ വളർത്തുന്ന പോസ്റ്റിൽ അന്വേഷണം പൂർത്തിയാക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടും അനങ്ങാതിരുന്ന പൊലീസ് സടകുടഞ്ഞെണീറ്റത് ശാസന ഭയന്ന്; രഹനയെ അറസ്റ്റ് ചെയ്തത് റിട്ട് ഹർജി കുരുക്കാകുമെന്ന തിരിച്ചറിഞ്ഞതോടെ

രഹന ഫാത്തിമയെ തിരിഞ്ഞുകൊത്തിയത് പൊലീസ് സംരക്ഷണത്തിൽ താൻ കൊച്ചിയിലുണ്ടെന്ന പോസ്റ്റ്; കമ്പ്യൂട്ടർ റിക്കവർ ചെയ്യണമെന്നും മതസ്പർദ്ധ വളർത്തുന്ന പോസ്റ്റിൽ അന്വേഷണം പൂർത്തിയാക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടും അനങ്ങാതിരുന്ന പൊലീസ് സടകുടഞ്ഞെണീറ്റത് ശാസന ഭയന്ന്; രഹനയെ അറസ്റ്റ് ചെയ്തത് റിട്ട് ഹർജി കുരുക്കാകുമെന്ന തിരിച്ചറിഞ്ഞതോടെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മതംവികാരം വ്രണപ്പെടുത്തിയെന്ന കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയിട്ടും രഹ്ന ഫാത്തിമയെ അറസ്റ്റ് ചെയ്യാതെ ഉദാരത കാട്ടിയ പൊലീസ് ഒടുവിൽ നടപടിയിലേക്ക് നീങ്ങിയത് കോടതി വിമർശനം ഭയന്ന്. നവംബർ 16 നാണ് വ്യക്തമായ നിലപാടോടെ രഹനയുടെ മുൻകൂർ ജാമ്യഹർജി തള്ളിയത്. അവർക്കെതിരേ അന്വേഷണമടക്കം നടത്തണമെന്ന് കൃത്യമായി പറയുകയും ചെയ്തിരുന്നു.

എന്നാൽ ഇത് ചെവിക്കൊള്ളാതെ പൊലീസ് രഹ്നയ്ക്ക് സ്വാതന്ത്ര്യം അനുവദിച്ചു. ഇതേത്തുർന്ന് രഹ്നക്കെതിരേ കേസെടുക്കാനാസ്പദമായ പരാതി പത്തനംതിട്ട എസ്‌പിക്ക് നൽകിയ ബിജെപി നേതാവ് രാധാകൃഷ്ണമേനോൻ ഹൈക്കോടതിയിൽ റിട്ട് ഹർജി നൽകി. 39457 നമ്പറിലുള്ള റിട്ട് പെറ്റീഷൻ കോടതി ഇന്ന് ഉച്ചയ്ക്ക് ശേഷം പരിഗണിക്കാനിരിക്കെയാണ് പൊലീസ് അറസ്റ്റിന് നിർബന്ധിതരായത്. സംസ്ഥാനസർക്കാർ, ഡിജിപി, പത്തനംതിട്ട എസ്‌പി, പത്തനംതിട്ട എസ്‌ഐ, രഹന ഫാത്തിമ എന്നിവരെ എതിർകക്ഷികളാക്കിക്കൊണ്ടായിരുന്നു റിട്ട്. അഡ്വ. രാജേഷ് മുരളി മുഖേനയാണ് ഹർജി നൽകിയത്.

രഹ്ന ഫാത്തിമയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളുമ്പോൾ അവരുടെ കമ്പ്യൂട്ടറടക്കം റിക്കവർ ചെയ്യണമെന്നും മതസ്പർദ്ധ വളർത്തും വിധം ഫേസ്‌ബുക്കിലിട്ട പോസ്റ്റിൽ അന്വേഷണം പൂർത്തിയാക്കണമെന്നും വ്യക്തമാക്കിയിരുന്നു. എന്നാൽ 18 ന് രഹന ഫേസ്‌ബുക്കിൽ ചില ഫോട്ടോകളും കമന്റുകളുമിട്ടിരുന്നു. കേരള പൊലീസിന്റെ സംരക്ഷണത്തിൽ ഞാൻ കൊച്ചിയിലുണ്ട് എന്നായിരുന്നു ഇതിലെ പ്രധാനപ്പെട്ട കമന്റുകളിലൊന്ന്. ഇതടക്കം ചൂണ്ടിക്കാട്ടിയായിരുന്നു റിട്ട് ഹർജി. ഇതോടെ കുരുക്കിലാകുമെന്ന് വ്യക്തമായ പൊലീസ് ഉടനെ രഹ്നയെ അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റുണ്ടായിരുന്നില്ലെങ്കിൽ ഗുരുതരമായ വിമർശനങ്ങൾ ഈ വിഷയത്തിൽ പൊലീസിനെതിരേ ഉണ്ടാകുമായിരുന്നു.

രഹനയുടെ പശ്ചാത്തലം പരിശോധിക്കാതെ പൊലീസ് ഇവർക്ക് സുരക്ഷ നൽകിയത് വൻ വിവാദമായിരുന്നു. മതവികാരം വ്രണപ്പെടുത്തുന്ന രീതിയിൽ രഹന ഫേസ്‌ബുക്കിൽ പ്രതികരണങ്ങൾ നടത്തിയത് ചൂണ്ടിക്കാട്ടി ബിജെപി നേതാവ്. ബി.രാധാകൃഷ്ണമേനോൻ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു.

ഇതിനിടെ രഹന മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. മതവിശ്വാസത്തെ അവഹേളിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്തെന്ന പേരിൽ പത്തനംതിട്ട പൊലീസ് എടുത്ത കേസ് റദ്ദാക്കണമെന്നും കേസിൽ മുൻകൂർ ജാമ്യം നൽകണമെന്നും ആവശ്യപ്പെട്ടാണ് രഹ്ന ഫാത്തിമ ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ സോഷ്യൽ മീഡിയയിലൂടെ നിരന്തരം മതവികാരം വ്രണപ്പെടുത്ത രീതിയിലുള്ള പെരുമാറ്റങ്ങൾ രഹനയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ടെന്നായിരുന്നു എതിർഭാഗത്തിന്റെ വാദം. തുടർന്നാണ് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. ജാമ്യഹർജിയെ പൊലീസ് ശക്തമായി എതിർത്തിരുന്നു.

ഇതിന് പിന്നാലെയാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ബിഎസ്എൻഎൽ ജീവനക്കാരിയാണ് രഹന. വിവാദങ്ങൾക്ക് പിന്നാലെ ബിഎസ്എൻഎല്ലും രഹനയ്ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു.മുൻകൂർ ജാമ്യാപേക്ഷ ഹരിഗണിക്കവേ രഹനയുടെ വാദങ്ങൾ ഹൈക്കോടതി അംഗീകരിച്ചില്ല. നേരത്തെ ജാമ്യാപേക്ഷ പരിഗണിച്ചപ്പോൾ രഹ്ന ഫാത്തിമയോട് കോടതി ചില ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. രഹ്ന ഫാത്തിമ വിശ്വാസിയാണോ എന്നും അയ്യപ്പൻ ഹിന്ദുവല്ലെന്ന് ഫേസ്‌ബുക്കിൽ പോസ്റ്റിട്ടയാൾ എന്തിനാണ് ശബരിമലയിലേക്ക് പോയത് എന്നും ഹൈക്കോടതി ചോദിച്ചു. ഒരാളുടെ വിശ്വാസം മറ്റൊരാളുടെ വിശ്വാസത്തെ ഹനിക്കുന്നതാവരുതെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. തത്വമസി എന്ന ആശയത്തിൽ അധിഷ്ഠിതമായാണ് താൻ ശബരിമലയിലേക്ക് പോയതെന്ന് രഹ്ന ഫാത്തിമ കോടതിക്ക് മുന്നിൽ വ്യക്തമാക്കി. ഞാൻ ഒരു മത വിശ്വാസിയാണ്, എനിക്ക് അവിടെ പോകാൻ അവകാശമുണ്ട്. ആരുടേയും മതവികാരം വ്രണപ്പെടുത്തിയിട്ടില്ലെന്നും രഹ്ന ഹർജിയിൽ വ്യക്തമാക്കിയിരുന്നു.

എന്നാൽ രഹ്നാ ഫാത്തിമയുടെ സന്ദർശനത്തോടെ ശബരിമലയിലെ സ്ഥിതിഗതികളാകെ മോശമായി. മതവികാരം വ്രണപ്പെടുത്തുന്ന രീതിയിലായിരുന്നു അവരുടെ ശബരിമലയാത്രയെന്നും സർക്കാർ കോടതിയെ അറിയിച്ചു. ഇത് അംഗീകരിച്ച കോടതി പൊലീസിനോട് തുടർനടപടികളുമായി മുന്നോട്ട് പോകാൻ ആവശ്യപ്പെടുകയായിരുന്നു. രഹ്നാ ഫാത്തിമയുടെ ഫേസ്‌ബുക്ക് പോസ്റ്റുകൾ മത വികാരം വ്രണപ്പെടുത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടിയും നിരവധി പരാതികൾ ഇവർക്കെതിരെ ഉണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP