ശബരിമല പ്രശ്‌നത്തിനിടയിലും ചർച്ചയാകുന്നത് സെക്‌സ് റാക്കറ്റ് കേസ്; പൊലീസ് യൂണിഫോം നൽകി രഹ്നാ ഫാത്തിമയെ മലകയറ്റിയത് ശരീരം വിറ്റ് രശ്മി പശുപാലൻ അഴിക്കുള്ളിലായതുമായി ബന്ധപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ; കെ സുരേന്ദ്രനുമായി രഹ്ന കൂടിക്കാഴ്ച നടത്തിയെന്ന് രശ്മി ആരോപിച്ചത് ഇരുവരോടുമുള്ള പഴയ പകതീർക്കാൻ; രശ്മിയുടെ പ്രസ്താവന വിശ്വസിച്ച് പ്രതികരിച്ച മന്ത്രി കടകംപള്ളിയും വെട്ടിലായി
October 20, 2018 | 10:13 AM IST | Permalink

മറുനാടൻ മലയാളി ബ്യൂറോ
കോട്ടയം: കേരളം ഞെട്ടലോടെയാണ് ഓപ്പറേഷൻ ബിഗ് ഡാഡിയിലെ കേരളാ പൊലീസിലെ വെളിപ്പെടുത്തലുകൾ മലയാളി ഉൾക്കൊണ്ടത്. ചുംബന സമരനായികയായ രശ്മി പശുപാലനെ കുടുക്കിയ ഓപ്പറേഷൻ. രശ്മിയും ഭർത്താവ് രാഹുൽ പശുപാലനും ഏറെ നാൾ അഴിക്കുള്ളിലും കിടന്നു. ഈ കേസിന് പിന്നിലെ ചാലശക്തിയായിരുന്നു ഐജി ശ്രീജിത്ത്. ഈ കേസുമായി ബന്ധപ്പെട്ട് കിസ് ഓഫ് ലൗ പ്രവർത്തകരെ മുഴുവൻ പൊലീസ് നിരീക്ഷിച്ചിരുന്നു. ഇതിൽ രഹ്നാ ഫാത്തിമയും ഉണ്ടായിരുന്നതായാണ് സൂചന. എന്നാൽ ബി എസ് എൻ എൽ ഉദ്യോഗസ്ഥയ്‌ക്കെതിരെ പൊലീസ് കേസൊന്നും എടുത്തില്ല. എന്നാൽ പല വിവാദങ്ങളും രഹ്ന പിന്നീടുണ്ടാക്കി. വത്തക്ക കൊണ്ട് മാറുമറയ്ക്കൽ സമരമുൾപ്പെടെ. അതുകൊണ്ട് തന്നെ രഹ്നയുടെ ശബരിമല ദർശനത്തിന് മാനങ്ങൾ പലതായി.
ഇതിനിടെയാണ് ഓൺലൈൻ സെക്‌സ്‌റാക്കറ്റ് കേസിലെ മുഖ്യപ്രതിയും മോഡലുമായ രശ്മി നായരുടെ ആരോപണം എത്തുന്നത്. ഇതോ ഓപ്പറേഷൻ ബിഗ് ഡാഡിയിൽ വന്ന കഥകൾ വീണ്ടും ചർച്ചയായി. ഇതിനിടെ രഹ്നാ ഫാത്തിമയ്ക്കും ബിജെപി നേതാവ് കെ സുരേന്ദ്രനുമെതിരെ വ്യാജ ആരോപണവും ഉയർത്തി. ബിജെപി നേതാവ് കെ.സുരേന്ദ്രനുമായി രഹ്ന മംഗലാപുരത്തു കൂടിക്കാഴ്ച നടത്തിയെന്നും കലാപമുണ്ടാക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായാണു ശബരിമല സന്ദർശനമെന്നുമായിരുന്നു രശ്മി നായർ സമൂഹമാധ്യമത്തിൽ കുറിച്ചത്. ഇത് ഫെയ്‌സ് ബുക്കിൽ എത്തിയപാടെ സുരേന്ദ്രനെതിരെ ആരോപണവുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും എത്തി. സൈബർ സഖാക്കൾ രശ്മി നായരുടെ വാക്കുകൾ ഏറ്റെടുത്തു. എന്നാൽ കെ സുരേന്ദ്രനെതിരായ ആരോപണം തെറ്റാണെന്ന് തെളിഞ്ഞതോടെ കടകംപള്ളി വെട്ടിലായി. രശ്മിയെ കൊണ്ട് സിപിഎമ്മുകാർ വ്യാജ ആരോപണം ഉയർത്തിയെതന്ന് പോലും വാദമെത്തി.
വെള്ളിയാഴ്ച രാവിലെ ശബരിമലയിലെ നടപ്പന്തൽ വരെ എത്തിയെങ്കിലും നടിയും മോഡലുമായ രഹ്നയ്ക്കു പ്രതിഷേധത്തെത്തുടർന്നു തിരികെ പോരേണ്ടി വന്നിരുന്നു. 2 വർഷം മുൻപ് കെ.സുരേന്ദ്രന്റെ പേരിലെ ഫേസ്‌ബുക്കിൽ ശബരിമലയിലെ യുവതീപ്രവേശത്തെ അനുകൂലിച്ചു പോസ്റ്റിട്ടിരുന്നു. ഇതിനു തന്റെ സുഹൃത്തുക്കളാരോ തന്നെ ടാഗ് ചെയ്തിരുന്നു. തന്റെ നിലപാട് സമാനമായതിനാൽ അന്ന് ടാഗ് ആക്‌സപ്റ്റ് ചെയ്തിരുന്നു. ഇതു മാത്രമാണു കെ.സുരേന്ദ്രനുമായി തനിക്കുള്ള പരിചയം. അല്ലാതെ അദ്ദേഹത്തെ താൻ മംഗലാപുരത്തു കണ്ടെന്നും അതിന് അവർക്ക് നേരിട്ട് അറിവുണ്ടെന്നുമെല്ലാം രശ്മി പറയുന്നതു നുണയാണ്. സെക്‌സ് റാക്കറ്റ് കേസിൽ രശ്മിയും രാഹുൽ പശുപാലനും അറസ്റ്റിലായപ്പോൾ അവർക്കെതിരെ മൊഴി നൽകിയതിലുള്ള പകപോക്കലാണ് ഇതെന്നും രഹ്ന പറയുന്നു. ഇതോടെയാണ് സെക്‌സ് കേസും സജീവ ചർച്ചാ വിഷയമായത്. അതിനിടെ സുരേന്ദ്രന്റെ വ്യാജ പേരിലുള്ള പോസ്റ്റാണ് സിപിഎം സഖാക്കൾ ആഘോഷമാക്കിയതെന്നും വ്യക്തമായി. ഇതോടെ സുരേന്ദ്രനെ കരുതിക്കൂട്ടി പ്രതിസ്ഥാനത്ത് നിർത്താനാണ് ശ്രമമെന്നും വ്യക്തമായി.
രഹ്നയുടെ ഭർത്താവ് മനോജ് ശ്രീധർ നിർമ്മിക്കാനിരുന്ന 'പ്ലിങ്' എന്ന സിനിമയ്ക്കു വേണ്ടി വന്ന സാമ്പത്തിക ബാധ്യത തീർക്കാനാണ് അന്നു താൻ സെക്‌സ്‌റാക്കറ്റിൽ പ്രവർത്തിക്കുന്നതെന്നായിരുന്നു രശ്മിയും രാഹുലും പൊലീസിനോടു പറഞ്ഞിരുന്നത്. ഇതു ശരിയല്ലെന്നും സിനിമയ്ക്കു വേണ്ട ചെലവുകൾ താനാണു വഹിച്ചതെന്നും ഇതുവഴി അവർക്കു യാതൊരു ബാധ്യതയുമുണ്ടായിട്ടില്ലെന്നും മനോജും രഹ്നയും പൊലീസിനു മൊഴി നൽകിയിരുന്നു. ചുംബന സമരവുമായി ബന്ധപ്പെട്ടു പരിചയപ്പെട്ട ഇവരുമായുള്ള ബന്ധം പിന്നീടു ശരിയല്ലെന്നു ബോധ്യമായതിനെ തുടർന്നു വിച്ഛേദിച്ചിരുന്നതായി മനോജും രഹ്നയും മാധ്യമങ്ങളിൽ വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ വിഡിയോകൾ ഇപ്പോഴും യുട്യൂബിൽ ലഭ്യമാണെന്നും സംശയമുള്ളവർക്കു പരിശോധിക്കാമെന്നും രഹ്ന പറയുന്നു. ഇതോടെയാണ് ശബരിമലയിൽ രശ്മിയുടെ ഗൂഢാലോചന പൊളിഞ്ഞത്. രാവിലെ കുടുംബവുമായി ശബരിമല കയറാനെത്തിയ രഹ്നയെ വിശ്വാസികൾ നടപ്പന്തലിനു സമീപം തടഞ്ഞിരുന്നു. ഹെൽമറ്റ് ധരിച്ച് കനത്ത പൊലീസ് സുരക്ഷയിലാണ് നടപ്പന്തൽ വരെ എത്തിയത്. ബിഗ് ഡാഡി കേസ് അന്വേഷിച്ച ഐജി ശ്രീജിത്താണ് രഹ്്‌നയ്ക്ക് സുരക്ഷ ഒരുക്കാനായി മല കയറിയത്. രഹ്നയുടെ രാഷ്ട്രീയം അറിയാമായിരുന്നിട്ടും ഐജി ശ്രീജിത്ത് കൂടെ പോയത് ഏറെ ചർച്ചാ വിഷയവുമായിട്ടുണ്ട്.
ഓൺലൈൻ പെൺവാണിഭ സംഘങ്ങളെ പിടികൂടാൻ സംസ്ഥാനവ്യാപകമായി പൊലീസ് നടത്തിയ റെയ്ഡിൽ പ്രമുഖ മോഡലും കേരളത്തെ ഇളക്കിമറിച്ച ചുംബന സമരത്തിന്റെ സംഘാടകനും ഉൾപ്പടെ എട്ടു പേർ പിടിയിലായിരുന്നു. പ്രായപൂർത്തിയാവാത്ത കുട്ടികളെ ഉപയോഗിച്ചുള്ള പെൺവാണിഭ സംഘം കേരളത്തിൽ പ്രവർത്തനം നടത്തുന്നതായുള്ള വിവരത്തെ തുടർന്ന് നടത്തിയ റെയ്ഡിലാണ് രശ്മിയും ഭർത്താവും അറസ്റ്റിലായത്. രശ്മിയെ ഇടപാടുകാർക്ക് എത്തിച്ചു കൊടുക്കവെയാണ് രാഹുൽ പശുപാലൻ പൊലീസ് പിടിയിലാവുന്നത്. ചുംബന സമരത്തിലൂടെ അറിയപ്പെട്ട രാഹുൽ പശുപാലനും അദ്ദേഹത്തിന്റെ ഭാര്യയായ മോഡലും. തങ്ങളുടെ ഫേസ്‌ബുക്ക് പേജിലൂടെ പുരോഗമനവാദവുമായി സജീവമായിരുന്ന ഇരുവരും കേസിൽ ശിക്ഷിക്കപ്പെടുമോ എന്ന് പറയാറായിട്ടില്ലെങ്കിലും ഇതോടെ സംശയത്തിന്റെ നിഴലിലായിരിക്കുകയാണ്.
കുട്ടികളെക്കുറിച്ച് ലൈംഗിക പരാമർശങ്ങൾ നടത്തിയിരുന്ന ഒരു ഫേസ്‌ബുക്ക് പേജാണ് അന്വേഷണ സംഘത്തെ പ്രതികളിലേക്ക് നയിച്ചത്. കൊച്ചുസുന്ദരികൾ എന്ന പേരിൽ തുടങ്ങിയ ഈ പേജിൽ കമ്മന്റുകളും പോസ്റ്റുകളും ഇടുന്നവരെ ഏറെക്കാലമായി സൈബർ സെൽ നീരിക്ഷിച്ചിരുന്നു. കൂടുതൽ അന്വേഷണം നടത്തിയപ്പോൾ ഈ പേജ് വഴി പെൺവാണിഭം നടത്തുന്നതായി പൊലീസ് സംഘത്തിന് വിവരം ലഭിച്ചു. പൊലീസിന്റെ നിർദ്ദേശപ്രകാരം ഈ പേജ് ഫേസ്‌ബുക്ക് ബ്ലോക്ക് ചെയ്തപ്പോൾ മറ്റൊരു പേജ് തുടങ്ങിയ സംഘം വാണിഭം തുടർന്നു. ഇതെത്തുടർന്ന് പേജ് തുടങ്ങിയ പ്രവാസി മലയാളി നാട്ടിലെത്താൻ പൊലീസ് കാത്തിരുന്നു. കല്ല്യാണത്തിനായി നാട്ടിലെത്തിയപ്പോഴാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. പേജുമായി ബന്ധപ്പെട്ട് വാണിഭം നടത്തുന്നവരെ പിടികൂടാനായി പിന്നീടുള്ള നീക്കം. ഇടപാടുകാരെന്ന വ്യാജേന പൊലീസ് നടത്തിയ ഓപ്പറേഷനിലാണ് രാഹുൽ പശുപാലനടക്കമുള്ള പ്രതികൾ വലയിലായത്.
പ്ലേബോയ് എന്ന മാസികയുടെ മോഡലായിപുന്നു് രാഹുൽ പശുപാലന്റെ ഭാര്യയായ രശ്മി അന്ന്. പൊതുനിരത്തിൽ ഒരു പുരുഷനും സ്ത്രീക്കും ചുംബിക്കുന്നതിൽ യാതൊരു തടസ്സവുമില്ലെന്ന വാദവുമായി രാഹുൽ പശുപാലനും രശ്മിയുമാണ് കിസ് ഓഫ് ലവ് ക്യാമ്പെയ്നിന് തുടക്കമിടുന്നത്. ചുംബന സമരത്തിനെത്തിയ പശുപാലനും ഭാര്യയും പൊലീസ് വാഹനത്തിൽ ചുംബിച്ചിരിക്കന്ന ചിത്രം അന്താരാഷ്ട്ര മാധ്യമങ്ങളിൽക്കൂടി പ്രത്യക്ഷപ്പെട്ടതോടെ ഇവർക്ക് കേരളത്തിൽ സെലിബ്രിറ്റി ഇമേജും ലഭിച്ചു. പിന്നീട് ഇടതുപക്ഷ ചായ്വോടുകൂടിയുള്ള പോസ്റ്റുകളിലൂടെ ഇവർ സോഷ്യൽ മീഡിയായ ഫേസ്‌ബുക്കിൽ സജീവമായിരുന്നു. ചുംബന സമരം കേരളത്തിന് പുറത്തേക്ക് കൂടി വ്യാപിച്ചതോടെ സമരവും കേരളത്തിന്റെ സമകാലിക രാഷ്ട്രീയ സംഭവങ്ങളും വിഷയമാക്കി 'പ്ലിങ്' എന്ന പേരിലൊരു സിനിമയുടെ അണിയറപ്രവർത്തനത്തിലായിരുന്നു അറസ്റ്റിലാവുമ്പോൾ രാഹുൽ പശുപാലൻ. ഈ സിനിമയുടെ അണിയറ പ്രവർത്തകരായിരുന്നു രഹ്നാ ഫാത്തിമയും പങ്കാളിയായ മനോജും.
കെ സുരേന്ദ്രനുമായി രശ്മി നായർക്ക് ഏറെ പ്രശ്‌നങ്ങളുണ്ട്. കിസ് ഓഫ് ലൗവിനെതിരെ പ്രതികരിച്ച പ്രധാന നേതാവ് സുരേന്ദ്രൻ. ഓപ്പറേഷൻ ബിഗ് ഡാഡിയും ചർച്ചയാക്കി. ഈ വൈരാഗ്യം തീർക്കലാണ് രഹ്നയുമായി ബന്ധപ്പെട്ടുയർത്തിയ വിവാദം. സുരേന്ദ്രനെ മോശക്കാരനാക്കുകയാണ് ഇതിന് പിന്നിലെ ലക്ഷ്യമെന്നും വ്യക്തമായിട്ടുണ്ട്.
