Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാഷ്ട്രീയത്തിനപ്പുറം മനുഷ്യത്വം ഉള്ളിൽ നിറഞ്ഞൊരു മനുഷ്യൻ; നിർഭയയുടെ കുടുംബത്തിന് താങ്ങും തണലുമായി നിൽക്കുമ്പോഴും പറഞ്ഞത് തന്റെ സഹായങ്ങൾ ആരോടും പറയരുതെന്നും; നിർഭയക്ക് നീതി ലഭിക്കുമ്പോൾ രാജ്യം വീണ്ടും ചർച്ച ചെയ്യുന്നത് രാഹുൽ ഗാന്ധി എന്ന നേതാവിന്റെ സ്നേഹവും കരുതലും

രാഷ്ട്രീയത്തിനപ്പുറം മനുഷ്യത്വം ഉള്ളിൽ നിറഞ്ഞൊരു മനുഷ്യൻ; നിർഭയയുടെ കുടുംബത്തിന് താങ്ങും തണലുമായി നിൽക്കുമ്പോഴും പറഞ്ഞത് തന്റെ സഹായങ്ങൾ ആരോടും പറയരുതെന്നും; നിർഭയക്ക് നീതി ലഭിക്കുമ്പോൾ രാജ്യം വീണ്ടും ചർച്ച ചെയ്യുന്നത് രാഹുൽ ഗാന്ധി എന്ന നേതാവിന്റെ സ്നേഹവും കരുതലും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: നിർഭയ കേസിലെ പ്രതികൾ തൂക്കിലേറ്റപ്പെടുമ്പോൾ വീണ്ടും ചർച്ചയാകുന്നത് മകൾ നഷ്ടപ്പെട്ട ഒരു കുടുംബത്തിനൊപ്പം താങ്ങും തണലുമായി നിന്ന ഒരു രാഷ്ട്രീയ നേതാവിന്റെ കഥയാണ്. എന്തും വാർത്തയാക്കുവാൻ വെമ്പുന്ന രാഷ്ട്രീയക്കാരുള്ള നാട്ടിൽ താൻ നൽകുന്ന പിന്തുണയും സഹായവും ആരും അറിയരുതെന്ന് പറഞ്ഞാണ് ആ പെൺകുട്ടിയുടെ കുടുംബത്തിനൊപ്പം രാഹുൽ ഗാന്ധി നിന്നത്. രണ്ട് വർഷം മുമ്പ് നിർഭയയുടെ അച്ഛൻ ബദരീനാഥ് സിങ് രണ്ടു വർഷം മുമ്പ് വാർത്താ ഏജൻസിയോട് വെളിപ്പെടുത്തിയ രാഹുൽ ഗാന്ധിയുടെ സഹായത്തിന്റെയും പിന്തുണയുടെയും വാർത്തകൾ ഇന്ന് വീണ്ടും വാർത്തകളിൽ നിറയുകയാണ്.

നിർഭയയുടെ പിതാവ് ബദരീനാഥ് സിങ് രണ്ടുവർഷം മുമ്പ് വാർത്ത ഏജൻസിയോട് വെളിപ്പെടുത്തിയതാണ് സമൂഹമാധ്യമങ്ങളിൽ വീണ്ടും നിറഞ്ഞത്. 'രാഷ്ട്രീയത്തിനപ്പുറം ഒരു മനുഷ്യന്റെ ഉള്ളിൽ നിറഞ്ഞ മനുഷ്യത്വം പ്രതിഫലിപ്പിക്കുന്ന കഥ' എന്ന തലക്കെട്ടിൽ ശശി തരൂർ എംപി ഈ വാർത്ത ട്വിറ്ററിൽ പോസ്റ്റ് ചെയ്തപ്പോൾ ക്ഷണത്തിൽ അത് വൈറലായി. 'രാഷ്ട്രീയം എന്തായിരുന്നാലും അദ്ദേഹം (രാഹുൽ ഗാന്ധി) ഞങ്ങൾക്ക് മാലാഖയായിരുന്നു. ആ സംഭവം ഞങ്ങളിലേൽപിച്ച ആഘാതം കനത്തതാണ്. ആ സമയത്താണ് ദൈവദൂതനെപ്പോലെ അദ്ദേഹം വന്നത്. എല്ലായ്‌പോഴും അദ്ദേഹം ഞങ്ങൾക്കൊപ്പംനിന്നു. അക്കാര്യം ആരും അറിയാതെ രഹസ്യമായി സൂക്ഷിക്കണമെന്ന് കർശനമായി പറയുകയും ചെയ്തു'- നിർഭയയുടെ പിതാവ് അന്ന് വാർത്താ ഏജൻസിയോട് പറഞ്ഞ വാക്കുകൾ രാഷ്ട്രീയത്തിനപ്പുറം ഏറെ സ്വീകാര്യത നേടിയിരുന്നു. തന്നിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കപ്പെടരുതെന്ന് ആഗ്രഹിച്ച രാഹുൽ വൈകാരികമായും ഒപ്പം സാമ്പത്തികമായും തങ്ങളെ സഹായിച്ചുവെന്ന് ഇന്തോ-ഏഷ്യൻ ന്യൂസ് സർവിസിനോടാണ് അദ്ദേഹം വെളിപ്പെടുത്തിയത്.

2012ൽ മകൾ കൂട്ടമാനഭംഗത്തിനിരയാവുകയും മരണപ്പെടുകയും ചെയ്ത ദാരുണ സംഭവത്തിനുപിന്നാലെ പലരും സഹായിക്കാനെത്തിയിരുന്നുവെന്ന് ബദരീനാഥ് സിങ് പറഞ്ഞു. എന്നാൽ, രാഹുൽ ഗാന്ധി നൽകിയ പിന്തുണ പറഞ്ഞറിയിക്കാനാവാത്തതായിരുന്നു. നിർഭയയുടെ അനുജന് ഏറെ ആശ്വാസം ചൊരിഞ്ഞ് അദ്ദേഹം കൂടെയുണ്ടായിരുന്നു. അവനെ പൈലറ്റാക്കാൻ രാഹുൽ നൽകിയ സഹായം വലുതായിരുന്നു. തനിക്ക് രാഷ്ട്രീയത്തിൽ താൽപര്യമില്ലെന്നും രാഷ്ട്രീയ മുതലെടുപ്പിന് ആഗ്രഹിച്ചല്ല രാഹുൽ തങ്ങൾക്ക് പിന്തുണ നൽകിയതെന്നും ബദരീനാഥ് പറഞ്ഞു.

'അദ്ദേഹം ഞങ്ങളെ സഹായിച്ചിട്ടുണ്ടെന്ന സത്യം സത്യമായിത്തന്നെ നിലനിൽക്കും. രാഷ്ട്രീയത്തിന്റെ പേരിലല്ല, മനുഷ്യത്തിന്റെ പേരിലാണ് തങ്ങൾക്കൊപ്പം നിൽക്കുന്നതെന്ന് അദ്ദേഹം പലകുറി വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യം മാധ്യമങ്ങളോട് വെളിപ്പെടുത്തരുതെന്നും കർശന നിർദ്ദേശം നൽകിയിരുന്നു. കുടുംബത്തിന് താങ്ങാവാൻ മകന് പിന്തുണയും പ്രചോദനവും നൽകിയത് അദ്ദേഹമായിരുന്നു. എന്റെ മകൻ ഇന്ന് പൈലറ്റാണ്. ഈയിടെയാണ് അവൻ പരിശീലനം പൂർത്തിയാക്കിയത്. ഇൻഡിഗോ എയർലൈൻസിൽ പൈലറ്റായി ജോയലിയിൽ കയറിയ അവൻ വിമാനങ്ങൾ പറത്താൻ തുടങ്ങി. അത് രാഹുൽ ഗാന്ധിയെക്കൊണ്ട് സാധ്യമായതെന്നതാണ് സത്യം.' ബദരീനാഥ് അഭിമുഖത്തിൽ പറഞ്ഞിരുന്നു.

2012 ൽ ഓടുന്ന ബസിൽ പെൺകുട്ടിയെ അതിക്രൂരമായി പീഡിപ്പിച്ച് റോഡിലെറിഞ്ഞ സംഭവത്തിൽ ആറു പ്രതികളാണ് പിടിയിലായിരുന്നത്. ചികിൽസയിലിരിക്കെ പെൺകുട്ടി മരിച്ചു. പ്രതികളിൽ ഒരാളായ രാംസിങ് ജയിൽവാസത്തിനിടെ ജീവനൊടുക്കി. മറ്റൊരു പ്രതിക്ക് പ്രായപൂർത്തിയാകാതിരുന്നതിനാൽ മൂന്നു വർഷത്തെ തടവിനു ശേഷം ജയിൽമോചിതനായി. മറ്റു നാലു പ്രതികൾക്കാണ് വധശിക്ഷ ലഭിച്ചത്. 2012 ഡിസംബർ 16 നായിരുന്നു രാജ്യത്തെ നടുക്കിയ ക്രൂരത. രാത്രിയിൽ സുഹൃത്തിനൊപ്പം ബസ് കാത്തുനിന്ന 26 കാരിയായ മെഡിക്കൽ വിദ്യാർത്ഥിനി അതുവഴി വന്ന ബസിൽ കയറി.

ഡ്രൈവർ ഉൾപ്പെടെ ആറു പേരാണ് ഉണ്ടായിരുന്നത്. സുഹൃത്തിനെ മർദിച്ച് അവശനാക്കിയ സംഘം പെൺകുട്ടിയെ മൃഗീയമായി പീഡിപ്പിക്കുകയായിരുന്നു. ക്രൂരബലാൽസംഗത്തിനും പീഡനത്തിനും ശേഷം അവളെയും സുഹൃത്തിനെയും റോഡിലേക്കു വലിച്ചെറിയുകയായിരുന്നു. ആശുപത്രിയിൽ ജീവനുവേണ്ടി പൊരുതിയ പെൺകുട്ടി ഡിസംബർ 29 ന് ലോകത്തോടു വിട പറഞ്ഞു. സംഭവത്തിൽ രാജ്യമെമ്പാടും ശക്തമായ പ്രതിഷേധമുയർന്നു. പിടിയിലായ പ്രതികൾക്കു വധശിക്ഷ തന്നെ നൽകണമെന്നായിരുന്നു ജനങ്ങളുടെ ആവശ്യം. പ്രതീക്ഷിച്ചതുപോലെ അവർക്കു വധശിക്ഷതന്നെ വിധിച്ചു.

കേസിലെ നാലു പ്രതികളെ തിഹാർ ജയിലിൽ ഇന്നു പുലർച്ചെ 5.30ന് ഒരുമിച്ചാണ് തൂക്കിലേറ്റിയത്. മുകേഷ് കുമാർ സിങ് (32), പവൻ ഗുപ്ത (25), വിനയ് ശർമ (26), അക്ഷയ് കുമാർ സിങ് (31) എന്നിവരെയാണു വധശിക്ഷയ്ക്കു വിധേയരാക്കിയത്. ആരാച്ചാർ പവൻ ജല്ലാദാണു പ്രതികളെ തൂക്കിലേറ്റിയത്. കുറ്റം നടന്ന് ഏഴു വർഷവും മൂന്നു മാസവും കഴിഞ്ഞാണു ശിക്ഷ നടപ്പാക്കിയത്. നീതി ലഭിച്ചതായി നിർഭയയുടെ അമ്മ പ്രതികരിച്ചു.

ശിക്ഷ നടപ്പായതിൽ ആഹ്ലാദം പ്രകടിപ്പിച്ച് ആൾക്കൂട്ടം ജയിലിനു പുറത്ത് മധുരം വിതരണം ചെയ്തു. ജനുവരി 22, ഫെബ്രുവരി 1, മാർച്ച് 3 എന്നീ തീയതികളിൽ വധശിക്ഷ നടപ്പാക്കാൻ മരണവാറന്റ് പുറപ്പെടുവിച്ചിരുന്നെങ്കിലും പ്രതികളുടെ ഹർജികൾ നിലനിന്ന സാഹചര്യത്തിൽ ഇതെല്ലാം റദ്ദാക്കുകയായിരുന്നു. നാലു മണിയോടെ സെല്ലുകളിൽ നിന്ന് കുറ്റവാളികളെ കഴുമരത്തിനു സമീപത്തേക്കു കൊണ്ടുപോയി. 10 മിനിട്ട് പ്രാർത്ഥനയ്ക്കായി അനുവദിച്ചു. മെഡിക്കൽ പരിശോധന നടത്തി ആരോഗ്യം വിലയിരുത്തി. കൃത്യം 5.30 ന് നാലു പേരെയും തൂക്കിലേറ്റി. ആറു മണിയോടെ മൃതദേഹങ്ങൾ തൂക്കുമരത്തിൽനിന്നു നീക്കി. ഡൽഹി ഡിഡിയു ആശുപത്രിയിലാണ് പോസ്റ്റുമോർട്ടം നടത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP