Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'ഒത്ത വണ്ണവും നിറയേ മുടിയുമുള്ള പൈതലിനാണ് സോണിയാ ഗാന്ധി അന്ന് ജന്മം നൽകിയത്'; 49 വർഷങ്ങൾക്കു മുൻപ് തന്നെ എടുത്ത കൈകളെ നെഞ്ചോട് ചേർത്ത് 'വയനാടിന്റെ നാഥൻ'; നിറകണ്ണുകളോടെ കോൺഗ്രസ് അധ്യക്ഷന്റെ മുന്നിൽ വയനാടുകാരി രാജമ്മ; 23ാം വയസിൽ കണ്ട കുരുന്നിനെ പിന്നീട് കണ്ടുമുട്ടിയത് 72ാം വയസിൽ; കുഞ്ഞു രാഹുലിനെ പരിചരിച്ച ഓർമ്മകൾ പങ്കുവെച്ച് കൽപറ്റ ഗസ്റ്റ് ഹൗസിൽ നടന്ന കൂടിക്കാഴ്‌ച്ചയിങ്ങനെ

'ഒത്ത വണ്ണവും നിറയേ മുടിയുമുള്ള പൈതലിനാണ് സോണിയാ ഗാന്ധി അന്ന് ജന്മം നൽകിയത്'; 49 വർഷങ്ങൾക്കു മുൻപ് തന്നെ എടുത്ത കൈകളെ നെഞ്ചോട് ചേർത്ത് 'വയനാടിന്റെ നാഥൻ'; നിറകണ്ണുകളോടെ കോൺഗ്രസ് അധ്യക്ഷന്റെ മുന്നിൽ വയനാടുകാരി രാജമ്മ; 23ാം വയസിൽ കണ്ട കുരുന്നിനെ പിന്നീട് കണ്ടുമുട്ടിയത് 72ാം വയസിൽ; കുഞ്ഞു രാഹുലിനെ പരിചരിച്ച ഓർമ്മകൾ പങ്കുവെച്ച് കൽപറ്റ ഗസ്റ്റ് ഹൗസിൽ നടന്ന കൂടിക്കാഴ്‌ച്ചയിങ്ങനെ

മറുനാടൻ ഡെസ്‌ക്‌

കൽപറ്റ: ഒത്ത വണ്ണവും നിറയേ മുടികളുമുള്ള പൈതലിനാണ് സോണിയാ ഗാന്ധി അന്ന് ജന്മം നൽകിയതെന്ന് വയനാടുകാരി നഴ്‌സ് രാജമ്മ ഏതാനും നാൾ മുൻപ് ഓർമ്മകൾ പങ്കുവെച്ചപ്പോൾ ഒരിക്കലും കരുതിയില്ല ആ കുഞ്ഞിനെ വീണ്ടും കാണാൻ സാധിക്കുമെന്ന്. ഡൽഹിയിലെ ഹോളി ഫാമിലി ആശുപത്രിയിൽ പിറന്ന ചോരക്കുഞ്ഞിനെ കൈകളിലേക്കെടുത്ത രാജമ്മ പിന്നീട് ആ കുരുന്നിനെ കണ്ടത് 49 വർഷങ്ങൾക്ക് ശേഷം. തന്നെ വിജയിപ്പിച്ച വയനാട്ടിലെ വോട്ടർമാർക്ക് നന്ദി പറയാനെത്തിയ വേളയിലാണ് തന്റെ ജനനത്തിന് സാക്ഷിയായ രാജമ്മ എന്ന റിട്ടയേർട്ട് നഴ്‌സിനെ കാണാൻ രാഹുൽ ഗാന്ധി എത്തിയത്. ഞാറാഴ്‌ച്ച രാവിലെയായിരുന്നു ആ കൂടിക്കാഴ്‌ച്ച.

കൽപറ്റ ഗസ്റ്റ് ഹൗസിൽ വച്ചാണ് രാജമ്മയെ രാഹുൽ കണ്ടത്. തിരഞ്ഞെടുപ്പ് പ്രചരണം നടക്കുന്ന സമയത്ത് തന്നെ രാഹുലിനെ കാണണമെന്ന ആഗ്രഹം രാജമ്മ പ്രകടിപ്പിച്ചിരുന്നു. രാജമ്മയുടെ ആഗ്രഹം അറിഞ്ഞ കോൺഗ്രസ് അധ്യക്ഷൻ അത് നടത്തിക്കൊടുക്കാമെന്നേറ്റു. രാഹുൽ ജനിച്ച ഡൽഹി ഹോളി ഫാമിലി ആശുപത്രിയിലെ നഴ്‌സായിരുന്ന രാജമ്മ ഇപ്പോൾ ജോലിയിൽ നിന്ന് വിരമിച്ച ശേഷം വിശ്രമ ജീവിതം നയിക്കുകയാണ്. വയനാട് നായ്ക്കട്ടി വാവത്തിൽ രാജപ്പന്റെ ഭാര്യയാണ് രാജമ്മ. ഇവരുടെ ഏകമകൻ രാജേഷും ഭാര്യയും കുവൈറ്റിലാണ്.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുൽ ഗാന്ധി വയനാട്ടിൽ എത്തിയപ്പോൾ രാജമ്മ വിദേശത്ത് ആയിരുന്നു. അതുകൊണ്ട് തന്നെ രാഹുലിനെ കാണാനുള്ള ആഗ്രഹം സാധിക്കാൻ കഴിഞ്ഞില്ല. എന്നാൽ രാജമ്മയുടെ ഈ ആഗ്രഹമാണ് രാഹുൽ ഗാന്ധി ഇപ്പോൾ സഫലമാക്കിയിരിക്കുന്നത്. 1970 ജൂൺ 19 ന് ന്യൂഡൽഹി ഹോളി ഫാമിലി ആശുപത്രിയിലായിരുന്നു രാഹുലിന്റെ ജനനം. അന്ന് ലേബർ റൂമിൽ ഡ്യൂട്ടിയായിരുന്നു നഴ്‌സായ രാജമ്മയ്ക്ക്. അവർ ഓർമിക്കുന്നു: 'രാവിലെ 9 മണിയോടെ സോണിയ ഗാന്ധിയെ ലേബർ റൂമിൽ പ്രവേശിപ്പിച്ചു. ഉച്ചയ്ക്കു രണ്ടരയോടെ സുഖപ്രസവം. ഒത്ത വണ്ണവും നിറയെ മുടിയുമുള്ള കുഞ്ഞായിരുന്നു.

' രാഹുലിനെ കാണാൻ അച്ഛൻ രാജീവ് ഗാന്ധിയും അന്ന് പ്രധാനമന്ത്രിയായിരുന്ന മുത്തശ്ശി ഇന്ദിരാഗാന്ധിയും ആശുപത്രിയിലെത്തി. കുഞ്ഞുരാഹുലിനെ ആശുപത്രിയിൽ ഒരാഴ്ചയോളം ശുശ്രൂഷിച്ചതു രാജമ്മയും സഹപ്രവർത്തകരുമാണ്. ഹോളി ഫാമിലിയിൽ സേവനമനുഷ്ഠിക്കുമ്പോൾ അഹമ്മദാബാദ് മിലിട്ടറി ആശുപത്രിയിൽ ജോലി കിട്ടി. ഭർത്താവ് രാജപ്പനും അതേ ആശുപത്രിയിലായിരുന്നു ജോലി. ലെഫ്റ്റനന്റായ ശേഷം പട്ടാളത്തിൽ നിന്നു പിരിഞ്ഞു. ഇപ്പോൾ 72 വയസ്സായി രാജമ്മയ്ക്ക്.

വയനാട്ടിൽ ആദ്യമായി രാഹുൽ വന്നപ്പോൾ അടുത്തുകാണാൻ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ, ആവശ്യവുമായി അങ്ങോട്ടു സമീപിക്കാൻ മടി. കൽപറ്റയിലെ റോഡ് ഷോ ടിവിയിൽ കണ്ടു. പ്രദേശത്തെ കോൺഗ്രസ് പ്രവർത്തകനായ പി.സി. അസൈനാർ വഴി എഐസിസി നേതൃത്വം ഇടപെട്ട് ബത്തേരിയിൽ രാഹുലിന്റെ റാലിക്കിടെ കൂടിക്കാഴ്ചയ്ക്കു പദ്ധതിയിട്ടെങ്കിലും നടന്നില്ല. രാജമ്മയ്ക്ക് ആ സമയത്തു വിദേശത്തു പോകേണ്ടിവന്നതാണു കാരണം. താൻ കുഞ്ഞായിരക്കുമ്പോൾ കൈയിലെടുത്ത കുട്ടിയല്ലേ അടുത്ത തവണ വരുമ്പോൾ കാണണമെന്ന് രാജമ്മ അപ്പോൾ തന്നെ പറഞ്ഞിരുന്നു. ഈ ആഗ്രഹം സാഫല്യമായതിന്റെ സന്തോഷത്തിലാണ് രാജമ്മ.

കേരളത്തിന്റെ പ്രശ്‌നങ്ങളിൽ മോദി ഇടപെടുമെന്ന് പ്രതീക്ഷയില്ല : രാഹുൽ

പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിന്റെ പ്രശ്‌നങ്ങളിൽ ഇടപെടുമെന്ന പ്രതീക്ഷയില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. വാരാണസി പോലെയാണു തനിക്ക് കേരളവുമെന്ന് ഇവിടെ വന്നു പറയും. എന്നാൽ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളോടും മറ്റു പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളോടും മോദിക്കു രണ്ട് വിധത്തിലുള്ള പരിഗണനയാണുള്ളത്‌രാഹുൽ ആരോപിച്ചു. യുപിക്കുള്ള പരിഗണന കേരളത്തിനു കിട്ടില്ല. ആർഎസ്എസ് ആശയങ്ങൾ അംഗീകരിക്കാത്തവർ ഇന്ത്യക്കാരല്ല എന്നതാണ് മോദിയുടെയും ബിജെപിയുടെയും നിലപാട്.

എന്നാൽ കേരളത്തിലെ ജനങ്ങളെ പരിഗണിക്കാതെ മുന്നോട്ടു പോകാനാകില്ലെന്നു മനസിലാക്കിക്കൊടുക്കുമെന്നും രാഹുൽ ഗാന്ധി കോഴിക്കോട് ഈങ്ങാപ്പുഴയിൽ പറഞ്ഞു. വയനാട്ടിലെ ജനതയുടെ പ്രശ്‌നങ്ങൾ ഇന്നലെ മനസിലാക്കി. ഈ പ്രശ്‌നങ്ങൾ നിങ്ങളോടൊപ്പം പ്രവർത്തിച്ചു കൊണ്ടു പരിഹരിക്കും. വ്യത്യസ്ത രാഷ്ട്രീയ ബോധമുള്ളതാണ് കേരളത്തിന്റെ പ്രത്യേകത. എല്ലാ രാഷ്ട്രീയക്കാരും എനിക്കു വോട്ട് ചെയ്തു. ഇന്നലെ എൽഡിഎഫിന്റെ ഒരു എംഎൽഎ വന്ന് കണ്ടു, വലിയ സന്തോഷമായി. ഇടതുപക്ഷത്തെ മറ്റ് എംഎൽഎമാരെയും കാണാനാഗ്രഹിക്കുന്നു.

ആശയപരമായ അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും പൂർണമായും സഹകരിച്ച് പ്രവർത്തിക്കും. പക്ഷേ ഇത്തരം സഹകരണങ്ങൾ പ്രധാനമന്ത്രിയിൽ നിന്നോ ബിജെപിയിൽ നിന്നോ പ്രതീക്ഷിക്കുന്നില്ല. അവരുടേതു വെറുപ്പിന്റെ രാഷ്ട്രീയമാണ്. മോദി കേരളത്തിന്റെ പ്രശ്‌നങ്ങൾ പരിഹരിക്കുമെന്നു താൻ കരുതുന്നില്ലെന്നും രാഹുൽ വ്യക്തമാക്കി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP