Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രമുഖ ജൂവല്ലറികളിലേക്ക് കൂടി പരിശോധന വ്യാപിപ്പിച്ച് എൻഫോഴ്‌സ്‌മെന്റ്; വിദേശ പണമിടപാടു സ്ഥാപനങ്ങളിലും മിന്നൽ പരിശോധന; സ്വർണ്ണ കടക്കാർക്ക് എതിരെയുള്ള ആരോപണം ചാക്കിൽ കെട്ടി എത്തിച്ച കള്ളപ്പണം സ്വർണ്ണമാക്കിയതായി; സ്വർണ്ണ വ്യാപാരത്തിലും ഫോറെക്‌സ് ഇടപാടിലും നടന്ന കള്ളക്കളികൾ കണ്ടെത്താൻ ആദായനികുതി വകുപ്പ്

പ്രമുഖ ജൂവല്ലറികളിലേക്ക് കൂടി പരിശോധന വ്യാപിപ്പിച്ച് എൻഫോഴ്‌സ്‌മെന്റ്; വിദേശ പണമിടപാടു സ്ഥാപനങ്ങളിലും മിന്നൽ പരിശോധന; സ്വർണ്ണ കടക്കാർക്ക് എതിരെയുള്ള ആരോപണം ചാക്കിൽ കെട്ടി എത്തിച്ച കള്ളപ്പണം സ്വർണ്ണമാക്കിയതായി; സ്വർണ്ണ വ്യാപാരത്തിലും ഫോറെക്‌സ് ഇടപാടിലും നടന്ന കള്ളക്കളികൾ കണ്ടെത്താൻ ആദായനികുതി വകുപ്പ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: 1000, 500 രൂപ നോട്ടുകൾ നോട്ടുകൾ പിൻവലിക്കൽ പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ചതിന് പിന്നാലെ സ്വർണ്ണ വില അനൗദ്യോഗികമായി ഉയർന്നു. ഒരു പവന് വിപണി വില 23,000 രൂപയോട് അടുത്താണ്. എന്നാൽ ഈ ദിവസം ഒരു പവന് 60,000 രൂപയ്ക്ക് വരെ സ്വർണം വിറ്റു. കൈയിലുള്ള കള്ളപ്പണം വെളുപ്പിക്കാനുള്ള തന്ത്രമായിരുന്നു ഇത്. നിയമവിരുദ്ധമെന്നു സംശയിക്കുന്ന നിക്ഷേപ പദ്ധതികളിലൂടെയും മറ്റു ഇടപാടുകളിലൂടെയും കള്ളപ്പണം വെളുപ്പിക്കുന്നു എന്ന ആരോപണം ശക്തമായതോടെ സംസ്ഥാനത്തെ പ്രമുഖ ജുവലറികളിൽ മിന്നൽ റെയ്ഡുമായി ആദായനികുതി ഉദ്യോഗസ്ഥർ എത്തിയിരുന്നു. മുമ്പ് തന്നെ ഈ റെയ്ഡ് ജുവലറികളും കേന്ദ്ര സർക്കാരിന്റെ ഹിറ്റ് ലിസ്റ്റിൽ ഉണ്ടായിരുന്നെങ്കിലും 500, 1000 നോട്ടുകൾ പിൻവലിച്ചതോടെ കള്ളപ്പണം വെളുപ്പിക്കൽ ഇടപാട് സജീവമായി എന്ന സംശയം മൂലമാണ് മിന്നൽ പരിശോധന നടത്തിയത്.

ജൂലറികൾക്ക് പുറമേ വിദേശ പണമിടപാടു സ്ഥാപനങ്ങളിലും ന്യൂ ജനറേഷൻ ബാങ്കുകളിലും നിരീക്ഷണം ശക്തമാക്കി. കള്ളപ്പണം വെളുപ്പിക്കാൻ ഹവാല സംഘങ്ങളും മാഫിയകളും മണി എക്‌സ്‌ചേഞ്ച് സ്ഥാപനങ്ങളെ ഉപയോഗപ്പെടുത്തുന്നു എന്ന വിവരത്തെത്തുടർന്ന് എൻഫോഴ്‌സ്‌മെന്റ് സംസ്ഥാന വ്യാപകമായി റെയ്ഡ് നടത്തി. കഴിഞ്ഞ നാലുദിവസം കൈവശമുണ്ടായിരുന്ന സ്വർണത്തിന്റെയും വില്പനയുടെയും വിവരങ്ങൾ അറിയിക്കാൻ രാജ്യത്തെ പ്രധാന ജൂവലറിയുടമകളോട് ഡയറക്ടറേറ്റ് ഓഫ് സെൻട്രൽ എക്‌സൈസ് ഇന്റലിജൻസ് ആവശ്യപ്പെട്ടുകയും ചെയ്തു. കഴിഞ്ഞ നാലുദിവസങ്ങളിലെ വ്യാപാരം തുടങ്ങുന്നതിനും ശേഷവുമുള്ള സ്റ്റോക്ക് വിവരങ്ങളും വില്പന സംബന്ധിച്ച വിവരങ്ങളുമാണ് നൽകേണ്ടത്. വിവരങ്ങൾ നൽകാത്തവർക്കെതിരെ സെൻട്രൽ എക്‌സൈസ് നിയമപ്രകാരം നടപടിയെടുക്കും. കള്ളപ്പണം വെളുപ്പിക്കുന്നതിന്റെ ഭാഗമായി അസാധുവായ 500, 1000 നോട്ടുകൾ കൈമാറ്റം ചെയ്യപ്പെടുന്നുണ്ടോ എന്നാണ് ആദായനികുതി വകുപ്പ് നിരീക്ഷിക്കുന്നത്. ഹവാല ഇടപാടുകാർ വൻ തുക കമ്മിഷൻ പറ്റി പിൻവലിച്ച നോട്ടുകൾ സ്വീകരിക്കുന്നതായും വിവരമുണ്ട്. സഹകരണ ബാങ്കുകളിലും ആദായ നികുതി വകുപ്പ് പിടിമുറുക്കുമെന്നാണു വിവരം.

കേന്ദ്രസർക്കാർ 500, 1000 നോട്ടുകൾ അസാധുവാക്കിയശേഷം കള്ളപ്പണം വെളുപ്പിക്കുന്നതിന്റെ ഭാഗമായി സ്വർണത്തിൽ നിക്ഷേപം നടന്നിട്ടുണ്ടെങ്കിൽ കണ്ടെത്തുന്നതിനാണ് നടപടിയെന്നും അധികൃതർ വ്യക്തമാക്കി. നോട്ട് അസാധുവാക്കിയതോടെ ചാക്കുകളിൽ പണം കേരളത്തിലെ ജൂലറികളിലെത്തിച്ചു. അത് സ്വർണ്ണമാക്കി കടയുടമകൾ മാറ്റി നൽകി. ഇതിലൂടെ കള്ളപ്പണം തടയുകയെന്ന കേന്ദ്ര സർക്കാർ ലക്ഷ്യം തന്നെ അടിതെറ്റി. കുഴൽപ്പണ മാഫിയയെ ഇല്ലായ്മ ചെയ്യാൻ കൂടിയായിരുന്നു ഇത്. എന്നാൽ ഫോറിൻ എക്‌സ്‌ചേഞ്ച് സ്ഥാപനങ്ങൾ ഇതും അട്ടിമറിച്ചു. സംസ്ഥാനത്ത് 2,000 രൂപ നോട്ടുകൾ സുലഭമാണെന്ന വിവരത്തേത്തുടർന്ന് ന്യൂ ജനറേഷൻ ബാങ്കുകളും നിരീക്ഷണത്തിലാണ്. നോട്ട് മാറ്റിയെടുക്കുന്നതുമായി ബന്ധപ്പെട്ട് വൻ ഇടപാടുകൾ നടക്കുന്നതായും വിവരമുണ്ട്. വൻകിട സ്ഥാപനങ്ങൾ വ്യാജ മേൽവിലാസങ്ങളിൽ നടത്തുന്ന ഇടപാടുകൾ പിടികൂടാനാണു നിർദ്ദേശം.

കറൻസി ക്ഷാമത്തിനു പിന്നാലെ എൻഫോഴ്‌സ്‌മെന്റ് പരിശോധനയ്ക്ക് എത്തിയതോടെ മിക്കവാറും ഫോറെക്‌സ് സ്ഥാപനങ്ങൾ കറൻസി ഇടപാടുകൾ നിർത്തിവച്ചു. ബാങ്കുകളിൽനിന്ന് കൂടുതൽ പണം മാറ്റിയെടുക്കാൻ സാധിക്കാത്ത അവസ്ഥയിലാണ് ഫോറെക്‌സ് സ്ഥാപനങ്ങൾ. മാറ്റിയെടുക്കാനും പിൻവലിക്കാനും അനുവാദമുള്ളത് ദിവസവും ഇടപാടിന് ആവശ്യമായ പണത്തിന്റെ വളരെ ചെറിയ ശതമാനം മാത്രമായതിനാൽ ഇടപാടുകൾ നടത്തേണ്ടെന്ന് ഫോറെക്‌സ് സ്ഥാപനങ്ങൾ തീരുമാനിക്കുകയായിരുന്നു. രാജ്യത്തെ 67 ഫോറെക്‌സ് സ്ഥാപനങ്ങളാണ് എൻഫോഴ്‌സ്‌മെന്റിന്റെ നിരീക്ഷണത്തിലുള്ളത്. ഇവർ 500, 1000 നോട്ടുകൾ ഉപയോഗിച്ച് വൻതോതിൽ കള്ളപ്പണം വെളുപ്പിക്കുന്നുണ്ടോ എന്നാണു പരിശോധിക്കുന്നത്.

സഹകരണ ബാങ്കുകളിലും നിരീക്ഷണം ശക്തമാക്കും. ഒരു ലക്ഷം രൂപയിൽ കൂടുതൽ നിക്ഷേപമുള്ളവരുടെ പൂർണ വിവരങ്ങളാണ് ആദായനികുതി വകുപ്പ് ആവശ്യപ്പെടുക. നിക്ഷേപകരുടെ വിവരങ്ങൾ, നിക്ഷേപത്തുക, നിക്ഷേപ കാലയളവ്, മുൻ നിക്ഷേപം എന്നീ വിവരങ്ങളും ശേഖരിക്കും. പ്രാഥമിക വായ്പാ സഹകരണ സംഘങ്ങൾ, പ്രാഥമിക സഹകരണ കാർഷിക ഗ്രാമവികസന ബാങ്കുകൾ, പ്രാഥമിക കാർഷിക സഹകരണ ബാങ്കുകൾ എന്നിവിടങ്ങളിൽ അടക്കം നേരത്തെ സംസ്ഥാനത്തെ 2,664 ബാങ്കുകൾക്കാണ് ആദായ നികുതി വകുപ്പ് പരിശോധനാ നോട്ടീസ് നൽകിയിരുന്നത്.

മലബാറിലുള്ള ജുവല്ലറികളിൽ ഇന്നലെ ആരംഭിച്ച റെയ്ഡ് തുടരുകയാണ്. വകുപ്പിന്റെ പ്രത്യേക ഇന്റലിജൻസ് സ്‌ക്വാഡാണു റെയ്ഡിനു നേതൃത്വം നൽകുന്നത്. ജൂവലറികളിൽ വ്യാപകമായി കള്ളപ്പണം വരുന്നുണ്ടെന്ന വിവരം നേരത്തെ കിട്ടിയതിന്റെ പശ്ചാത്തലത്തിലാണു റെയ്ഡ് നടത്തിയത്. ഇവിടങ്ങളിൽ നികുതിവെട്ടിപ്പിനായി പല പദ്ധതികളും നടത്തുന്നുവെന്ന ആരോപണം നേരത്തെ ഉയർന്നിരുന്നു. വിവിധ നിക്ഷേപ പദ്ധതികളിലൂടെ കള്ളപ്പണം വെളുപ്പിക്കുകയാണു ജുവലറികൾ എന്ന വാർത്തകളും പുറത്തുവന്നിരുന്നു.

ഇപ്പോൾ നോട്ടുകൾ അസാധുവാക്കിയ സാഹചര്യത്തിൽ കള്ളപ്പണം വെളുപ്പിക്കുന്നതിനായി ഇത്തരത്തിൽ അക്കൗണ്ടുകൾ ഉപേക്ഷിച്ചവരുടെ പേരുകൾ ഉപയോഗിക്കുന്നുവെന്ന സംശയം ഉയർന്നിരുന്നു. നികുതിവകുപ്പിന്റെ പരിശോധനയിൽ ഇത്തരത്തിൽ മറ്റുള്ളവരുടെ പേരിൽ തട്ടിപ്പു നടത്തി കള്ളപ്പണം വെളുപ്പിക്കാൻ ശ്രമിച്ചതായി വിവരം ലഭിച്ചുവെന്നാണു സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP