Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വാഗൺ ട്രാജഡി ചിത്രീകരിച്ച ചുമർചിത്രം തിരൂർ സ്റ്റേഷനിൽ നിന്ന് നീക്കിയ സംഭവം: പ്രതിഷേധം ശക്തമാകുന്നു; റെയിൽവെ നടപ്പാക്കിയത് സംഘപരിവാർ അജണ്ട; ചിത്രം മാറ്റാൻ തീരുമാനിച്ചത് ദേശവിരുദ്ധ നടപടി; റെയിൽവെ തിരുത്തണമെന്ന് പിണറായി വിജയൻ

വാഗൺ ട്രാജഡി ചിത്രീകരിച്ച ചുമർചിത്രം തിരൂർ സ്റ്റേഷനിൽ നിന്ന് നീക്കിയ സംഭവം: പ്രതിഷേധം ശക്തമാകുന്നു; റെയിൽവെ നടപ്പാക്കിയത് സംഘപരിവാർ അജണ്ട; ചിത്രം മാറ്റാൻ തീരുമാനിച്ചത് ദേശവിരുദ്ധ നടപടി; റെയിൽവെ തിരുത്തണമെന്ന് പിണറായി വിജയൻ

എം പി റാഫി

മലപ്പുറം: വാഗൺ ട്രാജഡി ചരിത്ര ചിത്രങ്ങൾ നീക്കം ചെയ്ത സംഘ്പരിവാർ, റെയിൽവേ നടപടിക്കെതിരെ ഇന്നും തിരൂരിൽ പ്രതിഷേധമിരമ്പി. ജനപ്രതിനിധികളും സാഹിത്യകാരുമടക്കം വിവിധ കോണുകളിൽ നിന്നുള്ളവർ നടപടിയിൽ പ്രതിഷേധിച്ച് രംഗത്തെത്തി. മുഖ്യമന്ത്രി പിണറായി വിജയനും സംഭവത്തിൽ സംഘ്പരിവാരിനെയും കേന്ദ്ര നിലപാടിനെയും ശക്തമായി എതിർത്ത് രംഗത്തെത്തിയതോടെ പ്രതിഷേധം കൂടുതൽ ചൂടുപിടിച്ചിരിക്കുകയാണ്. വാഗൺ ട്രാജഡി ചിത്രം നീക്കിയ സംഭവം സ്വാതന്ത്ര്യസമരത്തെ അവഹേളിക്കലാണെന്നും നടപടി തിരുത്താൻ റെയിൽവേയോട് ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി ഫേസ് ബുക്ക് പോസ്റ്റിൽ പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ:

ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രത്തിലെ പ്രധാന ഏടായ വാഗൺ ട്രാജഡി ചിത്രീകരിക്കുന്ന ചുമർ ചിത്രം തിരൂർ റെയിൽവെ സ്റ്റേഷനിൽ നിന്ന് നീക്കിയ നടപടി അത്യന്തം ഹീനമാണ്. നമ്മുടെ സ്വാതന്ത്ര്യസമരചരിത്രത്തെ അവഹേളിക്കലാണിത്. ദേശാഭിമാനികളും ജനാധിപത്യവിശ്വാസികളുമായ ജനങ്ങൾ ഇതിനെതിരെ പ്രതിഷേധമുയർത്തണം.

റെയിൽവെ സ്റ്റേഷനുകൾ ഭംഗിയാക്കാൻ ഇന്ത്യൻ റെയിൽവെ ദേശീയതലത്തിൽ നടപ്പാക്കുന്ന പരിപാടിയുടെ ഭാഗമായാണ് ചരിത്രസംഭവങ്ങളും സാംസ്‌കാരിക മുന്നേറ്റങ്ങളും അടയാളപ്പെടുത്താനുള്ള തീരുമാനമുണ്ടായത്. ദേശീയമായും പ്രാദേശികമായും പ്രാധാന്യമുള്ള ചരിത്ര സംഭവമെന്ന നിലയിൽ തിരൂർ റെയിൽവെ സ്റ്റേഷനിൽ വാഗൺ ട്രാജഡിയുടെ ചുവർ ചിത്രവും ഭാഷാപിതാവായ തുഞ്ചത്ത് എഴുത്തച്ഛന്റെ ചിത്രവും വരച്ചിരുന്നു. എന്നാൽ ചില സംഘപരിവാർ ഗ്രൂപ്പുകളുടെ പ്രതിഷേധത്തെ തുടർന്ന് ചിത്രം നീക്കാൻ റെയിൽവെയുടെ ഉന്നത അധികാരികൾ തീരുമാനിക്കുകയാണുണ്ടായത്.

വാഗൺ ട്രാജഡി ചിത്രം സംഘപരിവാറിനെ ഇത്രയും വിറളിപിടിപ്പിക്കുന്നതു എന്തുകൊണ്ടാണെന്ന് നാം തിരിച്ചറിയണം. ബ്രിട്ടീഷുകാർക്കെതിരെ 1921-ൽ നടന്ന മലബാർ കലാപത്തിൽ പങ്കെടുത്ത നൂറോളം പേരെ തടവുകാരായി പിടിച്ചശേഷം ഗൂഡ്‌സ് വാഗണിൽ കുത്തിനിറച്ച് കോയമ്പത്തൂരിലെ പോത്തന്നൂർ ജയിലിലേക്ക് കൊണ്ടുപോവുകയാണുണ്ടായത്. പോത്തന്നൂരിൽ എത്തിയപ്പോൾ ജയിലിൽ സ്ഥലമില്ലെന്ന് പറഞ്ഞ് തിരിച്ചയച്ചു. അടച്ചുമൂടിയ വാഗണിൽ ശ്വാസം കിട്ടാതെ 67 പേരാണ് മരിച്ചത്. ബ്രിട്ടീഷുകാർക്കെതിരെ ദേശീയതലത്തിൽ വലിയ പ്രതിഷേധമുയർത്തിയ സംഭവമായിരുന്നു ജാലിയൻ വാലാബാഗിനെ അനുസ്മരിപ്പിക്കുന്ന വാഗൺ ട്രാജഡി.

കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും ഭരണാധികാരം ഉപയോഗിച്ച് ഇന്ത്യയുടെ ചരിത്രം വികൃതമായി മാറ്റിയെഴുതാൻ ആർ.എസ്.എസ്. നടത്തുന്ന ശ്രമങ്ങൾ നമുക്കറിയുന്നതാണ്. ഇപ്പോൾ സ്വാതന്ത്ര്യസമരം എന്ന് കേൾക്കുന്നതു തന്നെ ഇക്കൂട്ടർക്ക് അലർജിയായി മാറിയിരിക്കുന്നു. സ്വാതന്ത്ര്യ സമരത്തിൽ ആർ.എസ്.എസ്സിന് ഒരു പങ്കുമില്ലെന്നത് ചരിത്ര സത്യമാണ്. സന്ദർഭം കിട്ടിയപ്പോഴെല്ലാം ബ്രിട്ടീഷുക്കാർക്കു വേണ്ടി വിടുവേല ചെയ്ത പാരമ്പര്യമാണ് ആർ.എസ്.എസ്സിനുള്ളത്. ഇത്തരം ആളുകൾ ദേശീയ സ്വാതന്ത്ര്യസമരചരിത്രത്തിലെ സുവർണ ഏടുകൾ ഓർക്കാൻ തന്നെ ഭയപ്പെടുന്നതിൽ അത്ഭുതമില്ല. എന്നാൽ ഇന്ത്യൻ റെയിൽവെ പോലുള്ള ഒരു പൊതുസ്ഥാപനം സംഘപരിവാറിന്റെ താൽപര്യത്തിന് വഴങ്ങി വാഗൺ ട്രാജഡി ചിത്രം മാറ്റാൻ തീരുമാനിച്ചത് ദേശവിരുദ്ധ നടപടിയായിട്ടേ കാണാൻ കഴിയൂ. ഈ നടപടി തിരുത്തണമെന്ന് റെയിൽവെയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

തിരുത്തും വരെ സമരം

ചിത്രം നീക്കിയതിനെതിരെ ഇന്ന് വ്യത്യസ്ത സമരമുറകളുമായി റെയിൽവേ സ്റ്റേഷനു മുന്നിൽ വിവിധ സംഘടനകളെത്തി. പ്രതിഷേധ കൊടുങ്കാറ്റ് ഇന്നും അടിച്ചു വീശി.

മായ്ച്ചു കളഞ്ഞ ചിത്രങ്ങൾ പുനഃസ്ഥാപിക്കണമെന്ന് ലീഗ് ജനപ്രതിനിധികളുടെ റെയിൽവേ മാർച്ചിൽ അഡ്വ. എൻ ഷംസുദ്ദീൻ എംഎൽഎ ആവശ്യപ്പെട്ടു. തുഞ്ചൻ പറമ്പും തിരുനാവായായിലെ മാമാങ്ക സ്മാരകവും വാഗൺ ട്രാജഡിയും തിരൂരിന്റെ ചരിത്ര പൈതൃകങ്ങളാണെന്നും ഇവ സംരക്ഷിക്കപ്പെടേണ്ടത് ചരിത്രത്തോടുള്ള നീതിയാണെന്നും അദ്ദേഹം പറഞ്ഞു. നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് പി.സൈതലവി മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി വെട്ടം ആലിക്കോയ, കൊക്കോടി മൊയ്തീൻ കുട്ടി ഹാജി, പ്രസംഗിച്ചു. മണ്ഡലം ഭാരവാഹികളായ പി.സി.ഇസ്ഹാഖ്, മയ്യേരി കഞ്ഞഹമ്മദ് മാസ്റ്റർ, കെ.പി.ഹുസൈൻ, കണ്ടാത്ത് കുത്തിപ്പ, ഉസ്മാൻ പറവണ്ണ, കെ.ടി.ആസാദ്, പഞ്ചായത്ത് പ്രസിഡന്റ് മാരായ എൻ.കുഞ്ഞാപ്പു (കൽപകഞ്ചേരി) ഇസ്മായിൽ എന്ന കുഞ്ഞുട്ടി (ആ തവനാട് ) പി.പി.മെഹറുന്നീസ (വെട്ടം) പി.സി.അഷ്റഫ് ,ഏ.കെ.സൈതാലിക്കുട്ടി, സി.കെ.ഹമീദ് നിയാസ്, കെ.ഐ.അബ്ദുന്നാസർ, അടിയാട്ടിൽ അബ്ദുൽ ബഷീർ, കോട്ടയിൽ കരീം, പി.ടി.അബു, പി.വി.സമദ്, സി.എം.ആലിഹാജി, കെ.സലാം മാസ്റ്റർ എം.മുഹമ്മദ്,കെ കെ മുഹമ്മദ് തുടങ്ങിയർ നേതൃത്വം നൽകി.

ദേശീയ സമര ഭാഗമായ വാഗൺ ട്രാജഡി രക്ത സാക്ഷികളുടെ ചിത്രാവിഷ്‌കാരം വർഗ്ഗീയ ശക്തിക്കൾക്ക് വിധേയപ്പെട്ട് നീക്കം ചെയ്ത റയിൽവെ നടപടിയിൽ പ്രതിഷേധിച്ച് നാഷണൽ യൂത്ത് ലീഗ് മലപ്പുറം ജില്ല കമ്മറ്റി തിരൂർ റയിൽവെ സ്റ്റേഷൻ പരിസരത്ത് പ്രധിഷേധ സംഗമം നടത്തി.റയിൽവെയുടെ നടപടി ദേശീയ സമരത്തെ അനാദരിക്കുന്നതും രക്തസാക്ഷികളെ അവമതിക്കുന്നതുമാണെന്ന് എൻ.വൈ.എൽ കുറ്റപ്പെടുത്തി.നൗഫൽ തടത്തിൽ ആധ്യക്ഷത വഹിച്ചു.എൻ.വൈ.എൽ സ്റ്റേറ്റ് പ്രസിഡന്റ് അഡ്വ: ഷമീർ പയ്യനങ്ങാടി ഉദ്ഘാടനം ചെയ്തു. സി .പി അബ്ദുൽ വഹാബ്, മുജീബ് പുള്ളാട്ട്, റഹീം വട്ടപ്പാറ, യാസർ പട്ടർകുളം, റഫീഖ് പെരുന്തല്ലൂർ, എ.കെ സിറാജ് എന്നിവർ പ്രസംഗിച്ചു.

സ്വാതന്ത്ര്യ സമര ചരിത്രം ഇല്ലാതാക്കാനുള്ള സംഘപരിവാർ നീക്കത്തിൽ പ്രതിഷേധിച്ച് മുസ് ലിം യൂത്ത് ലീഗ് തിരൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ സംഗമവും പ്രതീകാത്മക ചിത്രരചനാ മൽസരവും നടത്തി. സാഹിത്യകാരൻ പി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിന്റെ ജ്വലിക്കുന്ന സ്മരണയാണ് വാഗൺ ട്രാജഡിയെന്നും ചരിത്രം സംരക്ഷിക്കാൻ നാം ഇടപെട്ടില്ലങ്കിൽ ചരിത്രം നമ്മെ വിഡിയാക്കുമെന്നും ് അദ്ദേഹം പറഞ്ഞു. യൂത്ത് ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് പി വി സമദ് അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ഫൈസൽ ബാബു തിരൂർ മുഖ്യപ്രഭാഷണം നടത്തി. വെട്ടം ആലിക്കോയ, വി.കെ.എം ഷാഫി, എംപി മജീദ്, സെയ്ത് കരിപ്പോൾ, മൻസൂർ പുല്ലൂർ, ഷിഹാബ് മാസ്റ്റർ, ലത്തീഫ് പറവണ്ണ, സുലൈമാൻ ഏഴൂർ പ്രസംഗിച്ചു.

വാഗൺ ട്രാജഡി ചുമർ ചിത്രങ്ങൾ നീക്കം ചെയ്ത റെയ്ൽവേ നടപടിയിൽ പ്രതിഷേധിച്ച് റെയിൽവേ സ്റ്റേഷനിലേക്ക് എസ്.വൈ.എസ് തിരൂർ സോൺ കമ്മിറ്റി പ്രതിഷേധ മാർച്ച് നടത്തി. ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നും ആരംഭിച്ച മാർച്ച് റെയിൽവേ പരിസരത്ത് പൊലീസ് തടഞ്ഞു.
മാർച്ചിന് ഹമീദ് ഓവുങ്ങൽ, കെ.പി അബ്ബാസ് മോൻ, സാജിർ പെരുന്തല്ലൂർ, അൻവർ ചമ്രവട്ടം, ഇസ്മായീൽ സഖാഫി, യഅഖൂബ് ഹാജി കുറ്റൂർ എന്നിവർ നേതൃത്വം നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP