Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വയനാട്ടിലും ഇടുക്കിയിലും ദുരന്തം വിതച്ച് വീണ്ടും കനത്ത മഴ; ഇടുക്കി ഡാമിൽ ജലനിരപ്പ് കുറയുന്നതിൽ ആശ്വാസം കണ്ട് സർക്കാർ; മാനന്തവാടി തലപ്പുഴ നാൽപ്പത്തിയൊന്നാം മയിലിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു; ഉത്തരേന്ത്യയും മഴ ഭീഷണിയിൽ; തോരാ മഴയിൽ ഉടുതുണി മാത്രമായി വീടുവിട്ടറങ്ങിയവർക്ക് ദുരിതാശ്വാസ ക്യാമ്പിൽ ദുരിത ജീവിതം; മണ്ണിടിയാനും ഉൾപൊട്ടാനും ഇനിയും സാധ്യത; മഴപ്പേടിയിലേക്ക് വീണ്ടും കേരളം

വയനാട്ടിലും ഇടുക്കിയിലും ദുരന്തം വിതച്ച് വീണ്ടും കനത്ത മഴ; ഇടുക്കി ഡാമിൽ ജലനിരപ്പ് കുറയുന്നതിൽ ആശ്വാസം കണ്ട് സർക്കാർ; മാനന്തവാടി തലപ്പുഴ നാൽപ്പത്തിയൊന്നാം മയിലിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു; ഉത്തരേന്ത്യയും മഴ ഭീഷണിയിൽ; തോരാ മഴയിൽ ഉടുതുണി മാത്രമായി വീടുവിട്ടറങ്ങിയവർക്ക് ദുരിതാശ്വാസ ക്യാമ്പിൽ ദുരിത ജീവിതം; മണ്ണിടിയാനും ഉൾപൊട്ടാനും ഇനിയും സാധ്യത; മഴപ്പേടിയിലേക്ക് വീണ്ടും കേരളം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: വയനാട്ടിലും ഇടുക്കിയിലും ദുരന്തം വിതച്ച് കനത്ത മഴ തുടരുകയാണ്. വയനാട്ടിൽ മാനന്തവാടി, വൈത്തിരി താലൂക്ക്കളിലാണ് ശക്തമായ മഴ തുടരുന്നത്. മാനന്തവാടി തലപ്പുഴ നാൽപ്പത്തിയൊന്നാം മയിലിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. കേരളം അടക്കം 16 സംസ്ഥാനങ്ങളിൽ കനത്ത മഴ ഉണ്ടാകുമെന്ന് ദേശീയ ദുരന്തനിവാരണ അഥോറിറ്റി മുന്നറിയിപ്പ് നൽകി. കേരളം, തമിഴ്‌നാട്, കർണാടകയുടെ തീര മേഖല, ആന്ധ്രാപ്രദേശിന്റെ തീരമേഖല, മേഘാലയ, അരുണാചൽ പ്രദേശ്, ഒഡിഷ, ജാർഖണ്ഡ്, ബിഹാർ, ഛത്താസ്ഗഡ്, ഉത്തർപ്രദേശ്, ഹിമാചൽ പ്രദേശ്, സിക്കിം, പശ്ചിമ ബംഗാൾ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ അതി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഏഴ് സംസ്ഥാനങ്ങളിൽ ഉണ്ടായ മഴക്കെടുതിയിൽ 718 പേരാണ് മരിച്ചത്. 

അതേസമയം ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് കുറഞ്ഞു. 2399.52 അടിയാണ് ഇപ്പോൾ ഡാമിലെ ജലനിരപ്പ്. അതേസമയം വൃഷ്ടിപ്രദേശങ്ങളിൽ മഴ വീണ്ടും ശക്തിപ്രാപിച്ചു. ഇന്നലെ മഴ അൽപം ശമിച്ചെങ്കിലും ഇന്ന് വീണ്ടും ശക്തി പ്രാപിക്കുകയായിരുന്നു. ഡാമിൽ നിന്നും പുറത്തേക്ക് ഒഴുക്കുന്ന ജലത്തിന്റെ അളവ് കുറച്ചിട്ടില്ല. അളവ് കുറക്കേണ്ടതില്ലെന്ന തീരുമാനത്തിലെത്തിയിരിക്കുകയാണ് ജില്ല ഭരണകൂടം. ഇടമലയാർ അണക്കെട്ടിലും ജലനിരപ്പ് താഴ്ന്ന് തുടങ്ങി. 168.93 മീറ്ററാണ് ഇപ്പോൾ ജലനിരപ്പ്. 169 മീറ്ററാണ് ഡാമിന്റെ പരമാവധി സംഭരണ ശേഷി. 200 ഘനമീറ്റർ വെള്ളമാണ് ഒഴുക്കി കളയുന്നത്. രണ്ട് ഷട്ടറുകൾ ഒരോ മീറ്റർ ഉയർത്തിയിട്ടുണ്ട്.

മഴ തുടരുമെന്ന കാലവസ്ഥ പ്രവചനവും മണ്ണിടിച്ചിൽ ഭീഷണിയും കണക്കിലെടുത്ത് അടിമാലിയിൽ അഞ്ച് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. ഇന്ന് രാവിലെ മുതൽ മേഖലയിൽ മഴ ശക്തമായിട്ടുണ്ട്. കനത്ത മഴയെത്തുടർന്നുള്ള മണ്ണിടിച്ചിലിൽ ഇവിടെ നാല് ജീവനുകൾ നഷ്ടപ്പെട്ടരുന്നു. ദുരന്തം വിതച്ച ദിവസത്തേതിന് സമാനമാണ് ഇപ്പോൾ ഈ മേഖലയിൽ പെയ്തിറങ്ങുന്നത്. ഇതാണ് നാട്ടുകാരിൽ ഭീതി വർദ്ധിക്കുന്നതിന് പ്രധാന കാരണം .ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഇവിടം കേന്ദ്രീകരിച്ച് ജില്ലാ ഭരണകൂടം ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്.

351 പേരാണ് വിവിധ മേഖലകളിൽ തുറന്നിട്ടുള്ള ദുരിതാശ്വാസ കേന്ദ്രങ്ങളിൽ കഴിഞ്ഞ് കൂടുന്നത്.അപ്രതീക്ഷിതമായി ഉണ്ടായ ദുരിതത്തിന്റെ ആഘാതത്തിൽ നിന്നും അടിമാലി മേഖലയിലെ പല കുടുംബങ്ങളും ഇനിയും മുക്തമായിട്ടില്ല. കൺമുന്നിലുണ്ടായ മണ്ണിടിച്ചിലിലും ഉരുൾപൊട്ടലിലും ജീവൻ തിരിച്ചു കിട്ടിയതിന്റെ ആശ്വാസത്തിലാണ് പല കുടുംബങ്ങളും ദുരിതാശ്വാസ കേന്ദ്രങ്ങളിൽ കഴിഞ്ഞു കൂടുന്നത്.തോരാതെ മഴ പെയ്തിറങ്ങിയ രാത്രിയിൽ ഉടുതുണിമാത്രമായി വീടു വിട്ടിറങ്ങിയവരാണ് പലരും.

മനസ്സില്ലാ മനസ്സോടെ റവന്യൂ ഉദ്യോഗസ്ഥരുടെ നിർബന്ധത്തിന് വഴങ്ങി ദുരിതാശ്വാസ കേന്ദ്രങ്ങളിൽ എത്തിയവരും ഉണ്ട്.വീടുകൾക്ക് ഏതെങ്കിലും വിധത്തിലുള്ള കേടുപാടുകൾ സംഭവിച്ചവരേയും വീണ്ടും മഴ പെയ്താൽ മണ്ണിടിയാനും ഉരുൾപൊട്ടാനും സാധ്യതയുള്ള ഇടങ്ങളിലെ ആളുകളേയുമാണ് കൂടുതലായി മാറ്റിപാർപ്പിച്ചിട്ടുള്ളത്.

അടിമാലി,കുരങ്ങാട്ടി സർക്കാർ സ്‌കൂളുകൾ,പ്ലാമല, പെട്ടുമുടി,തലമാലി തുടങ്ങിയ ഇടങ്ങളിലാണ് അടിമാലി ഗ്രാമപഞ്ചായത്തിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുള്ളത്.അടിമാലിയിൽ 89 പേരും കുരങ്ങാട്ടിയിൽ 90 പേരും പെട്ടിമുടിയിൽ 73 പേരും ക്യാമ്പുകളിൽ കഴിഞ്ഞ് വരുന്നു.ഔദ്യോഗിക ക്യാമ്പുകൾക്ക് പുറമേ കൂമ്പൻപാറ പള്ളിക്ക് സമീപമുള്ള കെട്ടിടത്തിൽ 40 പേരും മാറി താമസിക്കുന്നുണ്ട്.ക്യാമ്പുകളിൽ വേണ്ട എല്ലാ സൗകര്യങ്ങളും ആളുകൾക്ക് ഒരുക്കി നൽകിയിട്ടുണ്ടെന്ന് റവന്യൂ ഉദ്യോഗസ്ഥർ പറഞ്ഞു.

അടിമാലി മേഖലയിലെ സന്നദ്ധ പ്രവർത്തകരും യുവജന സംഘടനകളും വ്യാപാരികളും ദുരിതമനുഭവിക്കുന്നവർക്ക് കൈതാങ്ങായി ഒപ്പമുണ്ട്.അപ്രതീക്ഷിതമായി പെയ്തിറങ്ങിയ ദുരന്തത്തെ തുടർന്ന് അടിമാലിയിൽ നടത്താനിരുന്ന സ്വാതന്ത്ര ദിനാഘോഷം പേരിനുമാത്രമായി ചുരുക്കിയതായും സംഘാടകർ അറിയിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP