Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാത്രി മുഴുവൻ നിർത്താതെ മഴ പെയ്തു; ഇപ്പോഴും കനത്ത മഴ തുടരുന്നു; ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം കേരളത്തിന് വീണ്ടും ഉൾക്കിടിലമാകുന്നു; രണ്ട് ദിവസം നിലച്ച മഴ വീണ്ടും സജീവമായതോടെ അണക്കെട്ടുകൾ വീണ്ടും നിറഞ്ഞ് കവിയുമെന്ന് ഭയന്ന് കേരളം; വെള്ളം ഇറങ്ങിയ ആലുവയും പരിസരപ്രദേശങ്ങളിലും വീണ്ടും ദുരിതം; മഴ ഇല്ലാത്ത ദിവസങ്ങളിലും കുട്ടനാട്ടിലേക്ക് ജല പ്രവാഹം തന്നെ; മഴ ദുരിതം മാറാതെ മലയാളികൾ

രാത്രി മുഴുവൻ നിർത്താതെ മഴ പെയ്തു; ഇപ്പോഴും കനത്ത മഴ തുടരുന്നു; ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം കേരളത്തിന് വീണ്ടും ഉൾക്കിടിലമാകുന്നു; രണ്ട് ദിവസം നിലച്ച മഴ വീണ്ടും സജീവമായതോടെ അണക്കെട്ടുകൾ വീണ്ടും നിറഞ്ഞ് കവിയുമെന്ന് ഭയന്ന് കേരളം; വെള്ളം ഇറങ്ങിയ ആലുവയും പരിസരപ്രദേശങ്ങളിലും വീണ്ടും ദുരിതം; മഴ ഇല്ലാത്ത ദിവസങ്ങളിലും കുട്ടനാട്ടിലേക്ക് ജല പ്രവാഹം തന്നെ; മഴ ദുരിതം മാറാതെ മലയാളികൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: രണ്ടുദിവസമായി ശക്തികുറഞ്ഞ മഴ ഇന്നു മുതൽ വീണ്ടും തീവ്രമാകുമെന്ന കാലാവസ്ഥാ മുന്നറിയിപ്പിനെത്തുടർന്നു കേരളം വീണ്ടും അതീവജാഗ്രതയിൽ. ഇടുക്കിയും വയനാടും എറണാകുളുവും ആശങ്കയിലാണ് ഇപ്പോഴും. ഇടുക്കി ഡാമിലെ ജലനിരപ്പ് നിയന്ത്രണ വിധേയമാണെങ്കിലും മഴ തുടരുന്നത് ദുരിതത്തിന് സാധ്യത കൂട്ടും. ഉരുൾപൊട്ടലും ഉണ്ടാകാൻ സാധ്യത ഏറെയാണ്. അതുകൊണ്ട് തന്നെ ജനങ്ങളോട് കരുതലെടുക്കാൻ ഭരണകൂടം വീണ്ടും നിർദ്ദേശിച്ചിട്ടുണ്ട്. ഇതോടെ മലയാളികൾ വീണ്ടും ഭീതിയിലാവുകയാണ്. പത്തനംതിട്ടയിലും മറ്റും ഡാമുകൾ നിറയുമ്പോൾ കുട്ടനാട്ടും പ്രളയ ഭീതിയിലാണ്. വെള്ളം കൂടുതലായി കുട്ടനാട്ടിൽ ഇരച്ചു കയറുമെന്നാണ് വിലയിരുത്തൽ.

ഒഡീഷ തീരത്തെ ന്യൂനമർദം ശക്തി പ്രാപിക്കുന്നതിനാൽ കേരളത്തിൽ പടിഞ്ഞാറൻ കാറ്റിന്റെ വേഗം വർധിക്കാനും ഇന്നും നാളെയും കനത്ത മഴ പെയ്യാനും സാധ്യതയുണ്ടെന്നാണു മുന്നറിയിപ്പ്. 15നും കനത്ത മഴ പെയ്‌തേക്കും. മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റു വീശാനും കടൽ പ്രക്ഷുബ്ധമാകാനും സാധ്യതയുള്ളതിനാൽ മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദ്ദേശമുണ്ട്. ഉരുൾ പൊട്ടാനും ജലാശയങ്ങളിൽ വെള്ളമുയരാനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഇടുക്കിയിൽ ജലനിരപ്പ് താഴുന്നുവെന്നത് ആശ്വാസമാണ്. ഇതോടെ ഇടുക്കിയിൽ നിന്ന് പുറത്തു വിടാനുള്ള വെള്ളത്തിന്റെ അളവ് കുറയ്ക്കും.

പക്ഷേ നിർത്താതെ പെയ്യുന്ന മഴ കാര്യങ്ങളെ അട്ടിമറിക്കുമോ എന്ന ഭയവുമുണ്ട്. ബാണാസുര സാഗർ അണക്കെട്ടിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തേണ്ടിവരുമെന്നു മുന്നറിയിപ്പ് വയനാടിനേയും ദുരിതത്തിലാക്കും. നീരൊഴുക്ക് വർധിച്ചതോടെ ഇടമലയാറിൽ നാലു ഷട്ടറുകൾ ഉയർത്തിയതും മഴ മാറുന്നില്ലെന്നതിന് തെളിവാണ്. മഴക്കാലം തുടങ്ങിയ ജൂൺ മുതൽ മരിച്ചവർ 191 പേരാണ്. രണ്ടരമാസത്തിനകം ഇത്രയേറെ മരണം അസാധാരണമെന്നാണ് വിലയിരുത്തൽ. ഇരുപതിനായിരത്തോളം വീടുകളും പതിനായിരത്തോളം കിലോമീറ്റർ റോഡും തകർന്നു. അങ്ങനെ തീരാ ദുരിതമാണ് കാലവർഷം കേരളത്തിന് നൽകിയത്.

ഇടമലയാർ അണക്കെട്ടിന്റെ നാലാമത്തെ ഷട്ടറും ഇന്നു വൈകിട്ടോടെ തുറന്നു. 4,00,000 ലീറ്റർ വെള്ളമാണ് നാലു ഷട്ടറുകളിലൂടെ ഡാമിൽ നിന്നു പുറത്തേക്ക് ഒഴുകുന്നത്. നിലവിൽ 168.88 മീറ്ററാണ് ഡാമിലെ ജലനിരപ്പ്. ഇടമലയാർ ഡാമിന്റെ പരമാവധി ശേഷിയായ 169 മീറ്ററിൽ താഴെ ജലനിരപ്പ് നിർത്തുക ലക്ഷ്യമാക്കിയാണു നാലാമത്തെ ഷട്ടറും തുറന്നത്. മൂന്നാമത്തെ ഷട്ടർ ഇന്ന് ഉച്ചകഴിഞ്ഞ് തുറന്നിരുന്നു. ചെറുതോണി അണക്കെട്ടിന്റെ എല്ലാം ഷട്ടറുകളും തുറന്നതോടെ ചെറുതോണി പാലം വെള്ളത്തിനടിയിലായി. ചെറുതോണി ടൗണിലും ബസ് സ്റ്റാൻഡിലും വെള്ളം കയറി. ചെറുതോണി വഴി കട്ടപ്പനയിലേക്കുള്ള ഗതാഗതം നിയന്ത്രിച്ചിട്ടുണ്ട്. പെരിയാറിലെ ജലനിരപ്പിൽ കുറവുണ്ടായിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. മഴയും നീരൊഴുക്കും നോക്കിയേ ഷട്ടർ അടയ്ക്കുന്നതു തീരുമാനിക്കൂ. വരും ദിവസങ്ങളിൽ കനത്ത മഴയ്ക്കു സാധ്യത നിലനിൽക്കുന്നതിനാൽ ഉടനെ ഷട്ടർ അടയ്‌ക്കേണ്ടെന്നാണ് ധാരണ.

വൈത്തിരിയിൽ പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്‌സ് കെട്ടിടം പൂർണമായി തകർന്നടിഞ്ഞു. കഴിഞ്ഞ ദിവസം കനത്ത മഴയിൽ ഒരു നില പൂർണമായി മണ്ണിനടിയിലേക്കു പോയ കെട്ടിടത്തിന്റെ അവശേഷിക്കുന്ന ഭാഗം ഇന്നലെ താഴ്ന്നു. കെട്ടിടത്തിനു മുകളിലെ വാട്ടർ ടാങ്ക് മാത്രം കാണാം. മുകളിലായുള്ള വീടുകളും അപകടഭീഷണിയിലാണ്.

ചെറുതോണിയിലും മഴ മാറുന്നില്ല

ഇടുക്കി ഡാമിന്റെ വൃഷ്ടിപ്രദേശത്തെ മഴയും നീരൊഴുക്കും കുറഞ്ഞതോടെ ഇടുക്കി അണക്കെട്ടിന്റെ ജലനിരപ്പ് കാര്യമായി കുറഞ്ഞു. മണിക്കൂറിനുള്ളിൽ 1.4 അടിയുടെ കുറവാണ് ജലനിരപ്പിൽ ഉണ്ടായത്. ഒഴുകിയെത്തുന്നതിനെക്കാൾ കൂടുതൽ വെള്ളം ഷട്ടറുകളിലൂടെ ഒഴുക്കുന്നതും മൂലമറ്റത്ത് വൈദ്യുതോത്പാദനം പൂർണ തോതിൽ നടത്തുന്നതിനാലുമാണ് ഡാമിലെ ജലനിരപ്പ് ഗണ്യമായി കുറയുന്നത്. തിങ്കളാഴ്ട പുലർച്ചെ അഞ്ചിന് 2397.94 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. ചിലപ്പോൾ വെയിലുണ്ടാകുന്നുണ്ടെങ്കിലും ഇടയ്ക്കിടെ ശക്തമായ മഴ പെയ്യുന്നുണ്ട്. ഞായറാഴ്ച വൈകുന്നേരവും ചെറുതോണിയിൽ ശക്തമായ മഴ പെയ്തു.

ചെറുതോണി അണക്കെട്ടിലെ അഞ്ച് ഷട്ടറുകൾ തുറന്നുകിടക്കുകയാണ്. ഒന്നും അഞ്ചും ഷട്ടറുകൾ ഓരോ മീറ്റർ വീതവും രണ്ട്, മൂന്ന്, നാല് ഷട്ടറുകൾ 1.8 മീറ്ററുമാണ് ഉയർത്തിയിരിക്കുന്നത്. ഇതിലൂടെ സെക്കൻഡിൽ 7.5 ലക്ഷം ലിറ്റർ വെള്ളം പുറത്തേക്ക് ഒഴുക്കുന്നുണ്ട്. രണ്ട് ദിവസമായി ഇതേ അളവിലാണ് വെള്ളം പുറത്തേക്ക് ഒഴുക്കുന്നത്. സെക്കൻഡിൽ 6.81 ലക്ഷം ലിറ്റർ വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്.

മഴയും നീരൊഴുക്കും നോക്കിയശേഷം മാത്രമേ അണക്കെട്ടിന്റെ ഷട്ടറുകൾ അടയ്ക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കൂ. നീരൊഴുക്ക് ഗണ്യമായി കുറഞ്ഞാൽ ഒന്നും അഞ്ചും ഷട്ടറുകൾ അടയ്ക്കും.

മൂലമറ്റം പവർഹൗസിലെ അഞ്ച് ജനറേറ്ററുകളും പൂർണതോതിൽ പ്രവർത്തിക്കുകയാണ്. 14.938 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ശനിയാഴ്ച ഉത്പാദിപ്പിച്ചത്. സെക്കൻഡിൽ 116 ലക്ഷം ലിറ്റർ വെള്ളം ഇതിനായി കൊണ്ടുപോകുന്നുണ്ട്.

വയനാടും ഇടുക്കിയിലും റെഡ് അലർട്ട്

സംസ്ഥാനത്ത് മിക്ക ജില്ലകളിലും ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ട കനത്തമഴ തുടരും. ചിലയിടങ്ങളിൽ 12 മുതൽ 20 സെന്റീ മീറ്റർവരെയുള്ള ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. വയനാട്, ഇടുക്കി ജില്ലകളിൽ ദുരന്തനിവാരണ അഥോറിറ്റി ചൊവ്വാഴ്ചവരെ റെഡ് അലർട്ടും ബുധനാഴ്ച ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ തിങ്കളാഴ്ചയും റെഡ് അലർട്ട് തുടരും. ഈ ജില്ലകളിൽ ചൊവ്വാഴ്ച ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 135.20 അടിയാണ്. ഇവിടെ നിന്ന് തമിഴ്‌നാട് പരമാവധി വെള്ളം കൊണ്ടു പോകുന്നുണ്ട്. എന്നാൽ മഴ കൂടുമ്പോൾ കാര്യങ്ങൾ കൈവിടുമോ എന്ന സംശയമുണ്ട്. മുല്ലപ്പെരിയാറിൽ ജലനിരപ്പ് കൂടുന്നതാണ് ഇതിന് കാരണം. അതിനിടെ കൊല്ലം തെന്മല പരപ്പാർ അണക്കെട്ടിലെ ജലനിരപ്പ് കുറഞ്ഞതിനെത്തുടർന്ന് ഷട്ടറുകൾ 15 സെന്റീമീറ്റർ താഴ്‌ത്തി. രണ്ടര അടിയാണ് ഇപ്പോൾ തുറന്നിട്ടുള്ളത്. പത്തനംതിട്ട പമ്പാ ഡാമിൽ തുറന്നിരുന്ന ആറു ഷട്ടറുകളിൽ രണ്ടെണ്ണം താഴ്‌ത്തി. 985.40 മീറ്ററാണ് ഡാമിലെ ജലനിരപ്പ്- സംഭരണിയുടെ 94.87 ശതമാനം ജലമുണ്ട്. ഒരടി ഉയർത്തിയിരുന്ന ആനത്തോട് ഡാമിലെ ഷട്ടർ അരയടിയാക്കി. മൂഴിയാറിലെ രണ്ടു ഷട്ടറുകൾ തുറന്നിട്ടിരിക്കുകയാണ്. എറണാകുളത്ത് ഭൂതത്താൻകെട്ടിലെയും ജലനിരപ്പ് കുറഞ്ഞു. പാലക്കാട് മലമ്പുഴയിൽ നാലു ഷട്ടറുകളും ഒൻപത് സെന്റിമീറ്റർ ഉയർത്തിയിരിക്കുകയാണ്. വൃഷ്ടിപ്രദേശങ്ങളിൽ മഴ തുടരുന്നതിനാൽ ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞിട്ടില്ല.

കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ പടിഞ്ഞാറ്് ദിശയിൽനിന്ന് മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർവരെ വേഗത്തിൽ കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. ചിലയവസരങ്ങളിൽ കാറ്റിന്റെ വേഗം 60 കിലോമീറ്ററിലെത്താം. അറബിക്കടലിന്റെ മധ്യഭാഗത്തും തെക്കുപടിഞ്ഞാറ് ഭാഗത്തും കടൽ പ്രക്ഷുബ്ധമോ അതിപ്രക്ഷുബ്ധമോ ആകും. ഇതും മഴ ഇനിയും തുടരുമെന്നതിന്റെ സൂചനയാണ്.

വയനാട്ടിൽ പതിനായിരങ്ങൾ ദുരിതത്തിൽ

വയനാട്ടിലെ മാനന്തവാടി, വൈത്തിരി താലൂക്കുകളിലെ താഴ്ന്ന പ്രദേശങ്ങളിൽ ജീവിച്ചിരുന്നവരുടെ അവസ്ഥയാണിത്. ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ പ്രളയക്കെടുതിക്കാണ് ഇത്തവണ വയനാട് സാക്ഷ്യം വഹിച്ചത്. മഴയ്ക്കു നേരിയ ശമനമുണ്ടായിട്ടും പതിനായിരത്തിലേറെ പേർ ദുരിതാശ്വാസ ക്യാമ്പുകളിൽ തുടരുകയാണ്. ഇത്തവണ കാലവർഷം ആരംഭിച്ചശേഷം മൂന്നാം വട്ടമാണ് വയനാട്ടിൽ പ്രളയമുണ്ടാകുന്നത്. ഉരുൾപൊട്ടൽ സാധ്യത കണക്കിലെടുത്ത് പല കുടുംബങ്ങളും നേരത്തേ വീടൊഴിഞ്ഞതിനാൽ മരണസംഖ്യ നാലിലൊതുങ്ങി. 20 ലേറെ പ്രദേശങ്ങളിലാണ് ഉരുൾപൊട്ടലുണ്ടായത്. െ

കോട്ടത്തറ പഞ്ചായത്തിലെ ജനങ്ങൾക്ക് ഇപ്പോഴും ആശ്രയം ബോട്ടുകളാണ്. കുന്നിൻപുറങ്ങളിൽ ആളുകൾ ഒറ്റപ്പെട്ട് കഴിയുന്നു. ബാണാസുരസാഗർ അണക്കെട്ടിന്റെ നാലു ഷട്ടറുകളും പരമാവധി ഉയരത്തിൽ തുറന്നുവിട്ടതാണ് പ്രളയക്കെടുതി രൂക്ഷമാക്കിയത്. വെള്ളം കവിഞ്ഞൊഴുകുന്ന അവസ്ഥ ഉണ്ടായപ്പോഴാണ് മുന്നറിയിപ്പ് നൽകാൻ പോലും നൽകാൻ കഴിയാതെ ഷട്ടറുകൾ പരമാവധി ഉയർത്തിയതെന്നു കെ.എസ്.ഇ.ബി. അധികൃതർ അനൗദ്യോഗികമായി സമ്മതിക്കുന്നു.

കഴിഞ്ഞആഴ്ച രാത്രിയിൽ അണക്കെട്ടിലെ ജലനിരപ്പ് നിരീക്ഷിക്കുന്നതിൽ കെ.എസ്.ഇ.ബി. അധികൃതർ അനാസ്ഥ കാട്ടിയെന്നു നാട്ടുകാർ ആരോപിക്കുന്നു. ബാണാസുരസാഗറിന്റെ വൃഷ്ടി പ്രദേശത്ത് മഴ കാര്യമായി കുറഞ്ഞിട്ടില്ല. നിലവിൽ 90 സെന്റീമീറ്റർ ഉയർത്തിയിരിക്കുന്ന നാലു ഷട്ടറുകൾ കൂടുതൽ ഉയർത്തേണ്ടി വരുമെന്നാണ് സൂചന. ഇതോടെ വീണ്ടും പ്രളയഭീതിയിലാണ് വയനാട്.

കുട്ടനാട് വെള്ളത്തിൽ

പമ്പ, കക്കി ഡാമുകളുടെ ഷട്ടറുകൾ തുറന്നതിനെ തുടർന്നുണ്ടായ വെള്ളപ്പൊക്കം കൂട്ടനാട്ടിൽ കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിക്കുകയാണ്. പ്രധാന റോഡുകളെല്ലാം വെള്ളത്തിലായി. രണ്ടുദിവസം കൊണ്ട് ജലനിരപ്പ് ഒന്നരയടിയോളം ഉയർന്നു. മഴ മാറി നിൽക്കുമ്പോഴും കുട്ടനാട്ടിൽ കൂടുതൽ വെള്ളം ഒഴുകിയെത്തുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. എ.സി റോഡിൽ അഞ്ചോളം ഭാഗങ്ങളിൽ വെള്ളം കയറിയതിനെ തുടർന്ന് ഇന്നലെ രാത്രി ഏഴിന് ശേഷം കെ.എസ്.ആർ.ടി.സി ബസ് സർവീസുകൾ നിർത്തിവച്ചു. എ.സി റോഡിൽ നിന്നും എടത്വാ ഭാഗത്തേക്കുള്ള സർവീസുകൾ രണ്ടുദിവസം മുൻപ് വെട്ടികുറച്ചിരുന്നു.

മുട്ടാർ, രാമങ്കരി, വെളിയനാട്, പുളിങ്കുന്ന് കൈനകരി എന്നീ പഞ്ചായത്തുകളിലാണ് വെള്ളപ്പൊക്കം രൂക്ഷമായിക്കൊണ്ടിരിക്കുന്നത്. മുട്ടാർ തലവടി പഞ്ചായത്തുകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിക്കുകയും കൈനകരി പഞ്ചായ ത്തിലെ ക്യാമ്പുകൾ നിലനിർത്തുകയും ചെയ്തിട്ടുണ്ട്. കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കലക്ടർ ഇന്ന് അവധി നൽകിയിട്ടുണ്ട്. എന്നാൽ മഴകുറഞ്ഞതും അപ്പർ കുട്ടനാട്ടിൽ നിന്നും വെള്ളം ഇറങ്ങി തുടങ്ങിയതും മാത്രമാണ് പ്രതീക്ഷ. അപ്പർ കുട്ടനാട്ടിൽ മുട്ടാർ, തലവടി, എടത്വാ, വീയപുരം, പാണ്ടി പോച്ച പ്രദേശങ്ങളിലാണ് വെള്ളപ്പൊക്കം സർവനാശം വിതച്ചത്.

ഒട്ടുമിക്ക വീടുകളിലും വെള്ളം കയറി. നദികളുടെ ഇരുകരകളിലും താമസിക്കുന്നവർക്കാണ് കടുത്തദുരിതം അനുഭവപ്പെടുന്നത്. കലങ്ങി മറിഞ്ഞെത്തുന്ന കിഴക്കൻ വെള്ളം വീടിനുള്ളിൽ കയറുന്നതു മൂലം കടുത്ത ദുരിതത്തിലാണ് വീട്ടുകാർ. മലിനജലം ഒഴുകി എത്തിയതോടെ കുടിവെള്ള ക്ഷാമം രൂക്ഷമായി അനുഭവപ്പെടാൻ തുടങ്ങി. വൻ കൃഷിനാശമാണ് ഇക്കുറി സംഭവിച്ചത്. നെൽക്കൃഷിക്കു പുറമേ വാഴ, കപ്പ, പച്ചക്കറിക്കൃഷിയുടെ അവസ്ഥയും വ്യത്യസ്ഥമല്ല. ഓണം സീസണിൽ വിളവെടുപ്പിന് നിർത്തിയതെല്ലാം നഷ്ടമായി.

വെള്ളപ്പൊക്കത്തിൽ സർവവും തകർന്ന കുടുംബങ്ങൾ ഇന്നലെ മുതൽ വീടുകളിൽനിന്ന് പലായനം ചെയ്യാൻ തുടങ്ങി. കിഴക്കൻ വെള്ളത്തിന്റെ ഒഴുക്ക് അല്പം ശമിച്ചെങ്കിലും അപ്പർ കുട്ടനാട്ടിൽ ജലനിരപ്പ് ഉയരുകയാണ്. ഒറ്റപ്പെട്ട ശക്തിയായ മഴ പെയ്യുന്നതിനാൽ കുട്ടനാട് സാധാരണ നിലയിലെത്താൻ ദിവസങ്ങൾ വേണ്ടിവരും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP